Saturday , April   20, 2019
Saturday , April   20, 2019

ദയാബായിയെ ബാഹ്യശക്തിയാക്കുന്നവരോട് ഖേദപൂർവ്വം...

ജനകീയസമരങ്ങളെ അടിച്ചമർത്താൻ കേരള സർക്കാരും സിപിഎമ്മും സ്ഥിരമായി ആക്ഷേപിക്കാറുള്ളത് തീവ്രവാദി സാന്നിധ്യമായിരുന്നു. അത് വേണ്ടത്ര വിജയിക്കുന്നില്ല എന്നു കണ്ടപ്പോൾ ബാഹ്യശക്തികളാണ് സമരത്തിനു പുറകിൽ എന്ന ആരോപണമാരംഭിച്ചു. ഗെയ്ൽ വിരുദ്ധ സമരത്തിലും പുതുവൈപ്പിൻ സമരത്തിലുമൊക്കെ പ്രയോഗിച്ച ഈ തന്ത്രമാണ് ഇപ്പോൾ ആലപ്പാട് സമരത്തിലും എൻഡോസൾഫാൻ സമരത്തിലുമൊക്കെ പ്രയോഗിക്കുന്നത്. ബാഹ്യശക്തി എന്നിവർ ആക്ഷേപിക്കുന്നത് മറ്റു ജില്ലകളിൽ നിന്നുള്ളവരെയാണ് എന്നതാണ് തമാശ. ഒരു തരത്തിലുള്ള മറുപടി പോലുമർഹിക്കാത്ത തരംതാണ ഈ ആരോപണത്തെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് ജനാധിപത്യവിശ്വാസികൾ ചെയ്യേണ്ടത്.
പതിറ്റാണ്ടുകളായി നീതിക്കായി പോരാടുന്ന എൻഡോസൾഫാൻ ഇരകൾ പോയ വാരത്തിൽ സെക്രട്ടറിയേറ്റിനുമുന്നിൽ നടത്തിയ ജീവന്മരണ പോരാട്ടത്തേയും ബാഹ്യശക്തികളുടെ ഇടപെടൽ എന്നാരോപിച്ചത് സമരത്തിൽ സജീവമായുണ്ടായിരുന്ന ദയാബായിയെ ലക്ഷ്യമാക്കിയാണെന്നു വ്യക്തം. കേരളത്തിലാണ് ജനനമെങ്കിലും ഉത്തരേന്ത്യയിലെ ആദിവാസികൾക്കായി ജീവിതം മാറ്റിവെച്ച ഒരു സ്ത്രീയെയാണ് ഇവർ ബാഹ്യശക്തിയെന്നു പറഞ്ഞ് ആക്ഷേപിക്കുന്നത്. കേരളത്തിലെ സ്ത്രീകൾക്കല്ല, പുരുഷന്മാർക്കുപോലും സങ്കൽപ്പിക്കാനാവാത്ത ജീവിതമാണ്, ഇന്ന് വാർദ്ധക്യത്തിലെത്തിയ അവർ നയിച്ചത്.  എന്നാൽ കിണറ്റിലെ വെള്ളമാണ് സമുദ്രമെന്നു ധരിച്ചവരോട് എന്തു പറയാൻ?
'സംസ്‌കാരസമ്പന്നമായ കേരളം എന്നും എന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. 24കാരനായ സത്‌നാംസിംഗിനെ ഇല്ലാതാക്കിയ നാടിനുവേണ്ടി ഞങ്ങൾ മാപ്പുചോദിക്കുന്നു. ദൈവത്തിന്റെ നാട് എന്നത് പരസ്യവാചകത്തിൽ മാത്രമായെന്നു തോന്നുന്നു'. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിൽനിന്ന് പിടിക്കപ്പെട്ട് ദൂരൂഹസാഹചര്യത്തിൽ മരണമടഞ്ഞ സത്‌നാംസിംഗിന്റെ ബീഹാറിലെ വസതിയിലെത്തി, മാതാപിതാക്കളുടെ മുന്നിൽ തൊഴുകൈയോടെ നിന്ന്  ദയാബായി മാപ്പിരന്നത്  ഓരോ മലയാളിക്കും വേണ്ടിയായിരുന്നു. അവരാണ് ഇന്ന് ബാഹ്യശക്തി...!!!
കോട്ടയത്ത് ജനിച്ച് ബീഹാറിൽ കന്യാസ്ത്രീയാകാൻപോയ മേഴ്‌സി എന്ന പെൺകുട്ടിയാണ് ആദിവാസികളുടെ പ്രിയപ്പെട്ട ദയാബായി ആയി മാറിയത്. 'മനുഷ്യനായ ദൈവമാണ് എന്റെ മുന്നിലുള്ളത്. ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ അവനെ കണ്ടെത്തുന്നു. അവന്റെ സഹനങ്ങളെ, അനീതികൾക്കിരയായവനിലേക്കും പാവപ്പെട്ടവനിലേക്കും ദുരിതമനുഭവിക്കുന്നവനിലേക്കും എത്തുന്ന അവന്റെ തിരിച്ചറിവിനെ. അവൻ പിറന്നത് ഇവർക്കുവേണ്ടിയാണ്. അതുകൊണ്ട് എന്റെ ക്രിസ്മസ് ദാരിദ്രത്തിന്റെ ഉത്സവമാണ്'' എന്നു പറഞ്ഞ ദയാബായിയെയാണ് നമ്മൾ അതിരുകളിൽ ഒതുക്കുന്നത്. 
ഒരു വശത്ത് ഹസാരിബാഗിലെ ക്രിസ്ത്യൻ കോൺവെന്റിലെ ധാരാളിത്തത്തിലും പകിട്ടിലും രമിക്കുന്ന ക്രിസ്മസ്.. മറുവശത്ത് കോൺവെന്റ് മുറ്റത്ത് തമ്പടിച്ച ആദിവാസികളുടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടേയും ക്രിസ്മസ്.. അതേറെ നേരം കണ്ടുനില്ക്കാൻ 22കാരി ദയാബായിക്കു കഴിഞ്ഞില്ല. 
ആ ക്രിസ്മസ് രാത്രിയിൽ മദർ സൂപ്പീരിയറിന്റെ മുറിയിൽ മുട്ടി ദയാബായി പറഞ്ഞു.. മതി, എനിക്കവരുടെ കൂടെ പോണം. പരിശീലനം പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽക്കെയായിരുന്നു 1965ൽ അവർ കോൺവെന്റ് വിട്ടത്.  ബീഹാറിലെ പലോമ ജില്ലയിൽ പൂർണ്ണമായും ഗോത്രവർഗ്ഗമേഖലയായ മഹോഡ ഗ്രാമത്തിലെ ഹെസ്‌കൂളിൽ ഒന്നരകൊല്ലം അധ്യാപികയായി പ്രവർത്തിച്ചതോടെ കോൺവെന്റ് വിടാനുള്ള തന്റെ തീരുമാനം ശരിയായിരുന്നു എന്നവർ തിരിച്ചറിഞ്ഞു. 
ചൂഷണത്തിനും പീഡനത്തിനും വിധേയരായ മണ്ണിന്റെ യഥാർത്ഥ അവകാശികളുടെ ദുരന്തങ്ങൾ.. ഇവരോടൊപ്പം ജീവിക്കല്ലല്ലാതെ, ഇവർക്കുവേണ്ടി ജീവിക്കലല്ലാതെ മറ്റെന്താണ് ക്രിസ്തുവിലേക്കുള്ള പാത. അവിടെ അതിരുകൾക്കെന്തു പ്രസക്തി? വസ്ത്രധാരണം പോലും ദയാബായി മാറ്റി. തികച്ചും ആദിവാസി ശൈലിയിൽ. കഴുത്തിലും കൈകളിലും സ്റ്റീൽ റിങ്ങിട്ട്, വലിയൊരു പൊട്ടും തൊട്ട്, കടും നിറത്തിലുള്ള ഒരു പഴഞ്ചൻ കോട്ടൻ സാരി ചുറ്റിയെടുത്ത്.. കുളിക്കുമ്പോൾ ഒരു ആദിവാസി സ്ത്രീ, അണിഞ്ഞിരിക്കുന്ന ബ്രായെ കുറിച്ച് ചോദിച്ചപ്പോൾ അതും അവർ ഉപേക്ഷിച്ചു. ഒപ്പം ബ്രായണിയുന്നത് പഠിപ്പിച്ചുതരാമെന്നു പറഞ്ഞ് ആദിവാസി പെൺകുട്ടികളെ കൊണ്ടുപോയി ലൈംഗികചൂഷണം ചെയ്യുന്നവർക്കെതിരായ സമരവും ആരംഭിച്ചു. അതിനിടയിൽ ആദിവാസി വെൽഫെയർ ഓഫീസർമാർ മുതൽ പോലീസുകാരും എം.എൽ.എമാരുംവരെ എത്രയോ പേർ ദയാബായിക്കുനേരേയും അക്രമണത്തിനു മുതിർന്നു. എന്നാൽ ദയാബായിക്കുമുന്നിൽ അവരെല്ലാം തോറ്റു. അങ്ങനെ ദയാബായി അവർക്കു കുരക്കുന്ന പെൺപട്ടിയായി. എന്നാൽ ദളിതരുടെ കൊലപാതകങ്ങളടക്കമുള്ള സംഭവങ്ങളിൽ നീതി ലഭിക്കും വരെ പോരാടിയപ്പോൾ അവർ കടിക്കും പട്ടിതന്നെയാണെന്ന് സവർണ്ണവർഗ്ഗം തിരിച്ചറിഞ്ഞു. മലയാളി പക്ഷെ ഇനിയുമത് തിരിച്ചറിഞ്ഞിട്ടില്ല.
ദളിതരുടേയും ആദിവാസികളുടേയും കൂടെ കഴിയുകയും അവരുടെ രീതിയിൽ വസ്ത്രമണിയുകയും ചെയ്യുന്നതിന് സമൂഹത്തിലെ മാന്യന്മാരുടെ ഭാഗത്തുനിന്നു നേരിടേണ്ടിവന്ന അവഹേളനങ്ങൾ എത്ര. ഒരിക്കൽ ട്രെയിൻ യാത്രയിൽ മലയാളിയാണെന്നറിയാതെ മലയാളി ദമ്പതികൾ പറഞ്ഞ അധിക്ഷേപത്തിന്റെ വാക്കുകൾ ഉദ്ധരിക്കുന്ന ദയാബായി പാവപ്പെട്ടവനെ അധിക്ഷേപിക്കുന്ന കാര്യത്തിൽ ഇന്ത്യക്കാരന് ഭാഷ, ജാതി, മത, വർഗ്ഗ അന്തരങ്ങൾ ഇല്ലെന്നു പറയുന്നു. എന്നാൽ ഓരോ അനുഭവങ്ങൾ ഉണ്ടാകുമ്പോഴും തന്റെ ജീവിതദൗത്യത്തെ കൂടുതൽ കൂടുതൽ ഉറപ്പിക്കുകയായിരുന്നു ദയാബായി.
പെൻഷനുവേണ്ടിയല്ല സമരം ചെയ്തതെന്നുപറഞ്ഞ് സ്വാതന്ത്ര്യസമര പെൻഷൻ ഉപേക്ഷിച്ച പിതാവ് മാത്യു തന്നെയായിരുന്നു ദയാബായിയുടെ ആദ്യവഴികാട്ടി. പിന്നെ ലോകമെമ്പാടും പ്രത്യേകിച്ച് ലാറ്റിനമേരിക്കയിൽ ശക്തിപ്പെട്ട വിമോചന ദൈവശാസ്ത്രം. 
നിരവധി പ്രദേശങ്ങളിൽ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം അവരും നേരിട്ടു. 
എന്നാൽ മനുഷ്യനായി പരിവർത്തനം ചെയ്യുക എന്നതായിരുന്നു ദയാബായിയുടെ പോരാട്ടങ്ങളുടെ സന്ദേശം. ചിലപ്പോൾ ദയാബായിയെ നക്‌സലൈറ്റാക്കാനും അധികാരികൾ മടിച്ചില്ല. ആദിവാസികോളനികളിൽ മാത്രമായിരുന്നില്ല അവരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നത്. ഏറെ കാലം മുംബൈ ചേരികളിൽ, 1971ൽ ബംഗ്ലാദേശ് യുദ്ധകാലത്ത് കൽക്കട്ടയിൽ, വാതക ദുരന്തത്തെ തുടർന്ന് ഭോപ്പാലിൽ, കൊടുങ്കാറ്റും പേമാരിയും തകർത്താടിയ ആന്ധ്രയിൽ, വെള്ളപ്പൊക്ക ദുരന്തങ്ങളെ തുടർന്ന് ഹരിയാനയിൽ, സിക്കു വിരുദ്ധ കലാപങ്ങളെ തുടർന്ന് ഡൽഹിയിൽ, മേധാ പഠ്ക്കറോടൊപ്പം സർദാർ സരോവറിൽ, മുസ്ലിം കൂട്ടകൊലയെ തുടർന്ന് ഗുജറാത്തിൽ, മധ്യപ്രദേശിലെ ചിന്ത്വാഡയിൽ ബറൂൾ എന്ന ഗോത്രഗ്രാമത്തിൽ... പിതാവ് പോലും ഒരിക്കൽ ചോദിച്ചു, 'ഇത്രക്കുവേണോ മോളേ'' ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്രൂശിതനായ ക്രിസ്തുവിനെ ചൂണ്ടിക്കാട്ടി 'പപ്പാ, ഇത്രക്ക വേണമായിരുന്നോ' എന്നായിരുന്നു ദയാബായിയുടെ തിരിച്ചുള്ള ചോദ്യം.. തീർച്ചയായും ആ യഥാർത്ഥ ഗാന്ധിയൻ ഉള്ളാലെ അഭിമാനം കൊണ്ടിരിക്കും.
സാമൂഹ്യപ്രവർത്തനത്തിന് തന്നെ തേടിവന്ന മുഴുവൻ പുരസ്‌കാരങ്ങളും പെൻഷൻ നിരസിച്ച പിതാവിനെപോലെ അവരും നിരസിച്ചു. റോമിലെത്തിയപ്പോൾ ദയാബായി പോയത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലോ പോപ്പൽ പാലസിലോ ആയിരുന്നില്ല, മറിച്ച് ബുദ്ധിസ്റ്റ് മെഡിറ്റേഷൻ സെന്ററിലേക്കായിരുന്നു. ഫ്രാങ്ക്ഫർട്ടിലെ അന്താരാഷ്ട്ര മനുഷ്യാവകാശ സമ്മേളനത്തിലും വിയന്നയിലെ പരിസ്ഥിതി സമ്മേളനത്തിലും മുംബൈയിലെ വേൾഡ് സോഷ്യൽ ഫോറത്തിലും അവഗണിക്കപ്പെടുന്നവരുടെ ശബ്ദം ദയാബായിയിലൂടെ മുഴങ്ങി. അവിടേയും അവർ ആദിവാസിവേഷത്തിലായിരുന്നു.. ചിലരെങ്കിലും അപ്പോൾ അർദ്ധനഗ്‌നനായ ഫക്കീറിനെ ഓർത്തിരിക്കും. 
ജീവിതത്തിന്റെ സായാഹ്നത്തിലാണ് ഇന്നവർ. അവസാനകാലം അവർ നീക്കിവെക്കുന്നത് കേരളത്തിൽ നടക്കുന്ന ജനകീയ പോരാട്ടങ്ങൾക്കൊപ്പമാണ്. അതിന്റെ ഭാഗമായാണ് അവർ തിരുവനന്തപുരത്തുമെത്തിയത്. 
ബാഹ്യശക്തിയോ ആന്തരിക ശക്തിയോ എന്നു നോക്കാതെ പീഡിതർക്കുവേണ്ടി ഒരു ജന്മം മാറ്റിവെച്ച ഒരാളെയാണ് എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ശബ്ദിച്ചു എന്ന കാരണത്താൽ നമ്മൾ ബാഹ്യശക്തിയാക്കുന്നത്. ഹാ, കഷ്ടം എന്നല്ലാതെ എന്തു പറയാൻ..!!

Latest News