Saturday , April   20, 2019
Saturday , April   20, 2019

പൗരത്വ ഭേദഗതി ബിൽ ജനാധിപത്യ വിരുദ്ധം

പൗരത്വ ഭേദഗതി ബിൽ കേന്ദ്ര ഭരണം കയ്യാളുന്ന തീവ്രഹിന്ദുത്വ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. നിർദിഷ്ട ബിൽ രാജ്യത്തെ പൗരന്മാരെയും അല്ലാത്തവരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചിച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ബിൽ ഇന്നത്തെ രൂപത്തിൽ യാതൊരു കാരണവശാലും പാസാക്കാൻ അനുവദിക്കരുത്.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്ന നിർദിഷ്ട ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിക്കുന്ന ഒന്നാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ മത വിശ്വാസികളായ അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ലക്ഷ്യം വെച്ചുള്ളതാണ് ഈ നിയമ നിർമാണം. പൗരത്വം ലഭിക്കാൻ പതിനൊന്ന് വർഷക്കാലം ഇന്ത്യയിൽ താമസിക്കുന്ന ആളായിരിക്കണം എന്ന നിബന്ധന ആറ് വർഷമാക്കി ഇളവ് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. പ്രവാസി പൗരന്മാർ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ - ഒ.സി.ഐ) അവർ ഏതെങ്കിലും നിയമലംഘനം നടത്തിയാൽ പൗരത്വം റദ്ദാക്കാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യത മതമായി നിഷ്‌കർഷിക്കുക വഴി പ്രസ്തുത ബിൽ ഭരണഘടനയുടെ പതിനാലാം വകുപ്പ് ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണ്. 
പ്രവാസി പൗരത്വം നിസ്സാര കുറ്റകൃത്യങ്ങളുടെ പേരിൽ റദ്ദാക്കപ്പെടുമെന്ന ആശങ്കയും പ്രസക്തമാണ്. 1955 ലെ പൗരത്വ നിയമമനുസരിച്ച് ഇന്ത്യയിൽ സ്ഥിരം താമസക്കാരനായ ആർക്കും അച്ഛനമ്മമാരിൽ ആരെങ്കിലുമൊരാൾക്ക് ഇന്ത്യൻ പൗരത്വമുണ്ടെങ്കിലും പതിനൊന്നു വർഷമായി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ആർക്കും ഇന്ത്യൻ പൗരത്വത്തിന് അവകാശമുണ്ട്. ആവശ്യമായ യാത്രാരേഖകൾ കൂടാതെ രാജ്യത്ത് പ്രവേശിക്കുകയും അനുവദനീയമായതിൽ കൂടുതൽ കാലം താമസിക്കുകയും ചെയ്യുന്ന ആളുകളെയാണ് അനധികൃത കുടിയേറ്റക്കാർ എന്ന് നിയമം നിർവചിക്കുന്നത്.
നിർദിഷ്ട പൗരത്വ ഭേദഗതി ബില്ലിനെതിരായ രൂക്ഷ വിമർശനം അത് മതനിരപേക്ഷ രാഷ്ട്രമെന്ന ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തെ നിഷേധിക്കുന്നു എന്നതു കൊണ്ടു തന്നെയാണ്. മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരിൽ ആറ് മതവിഭാഗങ്ങളിൽ പെട്ടവർക്ക് മാത്രമായി പൗരത്വ അവകാശം പരിമിതപ്പെടുത്തുന്നതാണ് നിർദിഷ്ട നിയമം. മുസ്‌ലിം, ജൂതർ, ബഹായികൾ തുടങ്ങി മതവിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വ അവകാശത്തിനുള്ള അർഹത ഉണ്ടായിരിക്കില്ല. യാതൊരു മതത്തിലും ഉൾപ്പെടാൻ ആഗ്രഹിക്കാത്ത നാസ്തികർക്കും പൗരത്വ അവകാശം നിഷേധിക്കപ്പെടുന്നു. 
ഭരണഘടനാധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട രാഷ്ട്രത്തിന്റെ സവിശേഷത ജാതിമതവിശ്വാസ പരിഗണനകൾക്ക് അതീതമായി നിയമത്തിന്റെ മുമ്പിലുള്ള തുല്യതയാണ്. അത് നിഷേധിക്കുന്ന ഭേദഗതി ബിൽ ഫലത്തിൽ മതത്തിന്റെ പേരിലുള്ള വിവേചനമാണ്. അത് നഗ്നമായ മുസ്‌ലിം വിരോധത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. അത്തരമൊരു നിയമം പാസാക്കുകയെന്നാൽ അത് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ അടിത്തറയായിരിക്കും തോണ്ടുക. അത് രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്ന നടപടിയായിരിക്കും. 
അനധികൃത കുടിയേറ്റക്കാരെ അസമിൽ കുടിയിരുത്തുമെന്ന വ്യവസ്ഥ ആ സംസ്ഥാനത്തെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെ തകർക്കുമെന്നും അത് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാകെ അസ്വസ്ഥതയ്ക്ക് കാരണമാകുമെന്നുമുള്ള ആശങ്ക വ്യാപകമാണ്. അതിലുപരി 1985 ൽ നിലവിൽ വന്ന അസം ഒത്തുതീർപ്പ് വ്യവസ്ഥകളുടെ ലംഘനമായി പുതിയ ഭേദഗതി നിയമം മാറും. സുദീർഘവും അക്രമാസക്തവുമായ അസം പ്രക്ഷോഭത്തിന് അറുതിവരുത്തിയ കരാർ വ്യവസ്ഥകളുടെ അന്തഃസത്തയ്ക്ക് നിരക്കുന്നല്ല പൗരത്വ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ.
പൗരത്വ ഭേദഗതി ബിൽ കേന്ദ്രഭരണം കയ്യാളുന്ന തീവ്രഹിന്ദുത്വ ആശയങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. നിർദിഷ്ട ബിൽ രാജ്യത്തെ പൗരന്മാരെയും അല്ലാത്തവരെയും മതത്തിന്റെ അടിസ്ഥാനത്തിൽ വിവേചിച്ചു കാണാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി നിലനിൽക്കണമെങ്കിൽ ബിൽ ഇന്നത്തെ രൂപത്തിൽ യാതൊരു കാരണവശാലും പാസാക്കാൻ അനുവദിക്കരുത്.
മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ക്രമസമാധാന തകർച്ചക്കും വർഗീയ കലാപങ്ങൾക്കും വഴിതുറക്കും. പരിമിതമായ വിഭവശേഷി പങ്കിടുന്നതിൽ ഗുരുതരമായ അസന്തുലിതത്വം നിലനിൽക്കുന്ന രാജ്യമാണ് നമ്മുടേത്. വർഗീയ ലക്ഷ്യത്തോടെ പാസാക്കാൻ ശ്രമിക്കുന്ന ബിൽ ലഭ്യമായ വിഭവശേഷി പങ്കിടുന്നത് സംബന്ധിച്ച തർക്കങ്ങളിലേക്കും കലാപങ്ങളിലേക്കും പല സമൂഹങ്ങളെയും തള്ളിവിടും. അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച മാനുഷിക പരിഗണനയാണ് ലക്ഷ്യമെങ്കിൽ മതത്തിന്റെ പേരിലുള്ള വിവേചനത്തിൽ നിന്ന് മുക്തമായ നിയമനിർമാണത്തിനായിരിക്കണം സർക്കാർ മുതിരേണ്ടത്.
 

Latest News