Saturday , April   20, 2019
Saturday , April   20, 2019

രാജേട്ടന്റെ നാവും വയനാട്ടിലെ 'സുരക്ഷാ പാളി'യും

എൺപത്തിയൊമ്പതു വയസ്സായ രാജേട്ടന് ഇനി ഒന്നും പേടിക്കാനില്ല. വി.എസ്. അച്യുതാനന്ദന്റെ വഴിയേ തന്നെ സംസാരിച്ചു നടക്കാം. നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസ്താവന കേട്ടാൽ അന്ധവിശ്വാസികൾ ഉത്തരത്തിലേക്ക് നോക്കും ഗൗളി അവിടെങ്ങാനം ഇരുന്നു ചിലയ്ക്കുന്നുണ്ടോ എന്നറിയാൻ. 'ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, ഈയിടെയെങ്ങാനും ഭരിക്കാനും പോകുന്നില്ല' എന്ന ആ പ്രയോഗത്തിന് കുറഞ്ഞതു രണ്ടർഥമുണ്ട്. ആദ്യത്തേത് സത്യം. രണ്ടാമത്തേത് ഒരു ശാപത്തിന്റെ വകുപ്പിൽ പെടും. രാജേട്ടൻ മുഖ്യനും ഉള്ളി സുരേന്ദ്രൻ ആഭ്യന്തരനുമായി അമരത്തിരുന്നു ഭരണം നടത്തുന്നതു സ്വപ്‌നം കണ്ടു നടക്കുന്ന ചില സംഘികളെങ്കിലുമുണ്ട്. അവരെയാണ് ഒറ്റയടിക്കു രാജേട്ടൻ തള്ളിപ്പറഞ്ഞത്. അബദ്ധവശാലാണ് നേമം സീറ്റു ജയിച്ചതെന്നും ഇനി അതുപോലും സ്വപ്‌നം കാണേണ്ടെന്നുമുള്ള ധ്വനിയുണ്ട് ആ വാക്കുകളിൽ എന്ന് ദോഷൈകദൃക്കുകൾ പറയും. ശബരിമലയിൽ  ഒരു കൈത്താങ്ങായി നിന്നുവെങ്കിലും രാഷ്ട്രീയത്തിന്റെ ലവലേശം പോലും അതിൽ ഇല്ലായിരുന്നുവെന്നാണ് പെരുന്നയിലെ പോപ്പ് സുകുമാരൻ നായർജി, കോടിയേരി സഖാവിന് അയച്ച മറുപടിക്കത്തിൽ വ്യക്തമാക്കിയത്. അതോടെ ആ പിന്തുണയും 'കയ്യാലപ്പുറത്തെ തേങ്ങ' പോലെയായി. കൂടെ നിൽക്കുന്ന ബി.ഡി.ജെ.എസ് ആകട്ടെ, ആരുടെ കയ്യിൽനിന്നും ബീഡി വാങ്ങി വലിക്കാൻ മടിയില്ലാത്തവരും. ചുരുക്കത്തിൽ ദീർഘവീക്ഷണ പടുവായ താപസൻ മാ രാ രാ… മാന്യശ്രീ രാജേട്ടന്റെ വാക്കുകൾ അറം പറ്റുകയോ, ഗുളികൾ നിന്ന നേരത്ത് ഉരുവിട്ടതായി മാറാനോ സാധ്യതയുണ്ടെന്ന് നാട്ടുകാർ ഒന്നടങ്കം ശങ്കിക്കുന്നുണ്ട്. എം.പി ഫണ്ടിൽനിന്നുള്ള പണം പോലും വിനിയോഗിക്കാൻ കഴിയാതെ സുരേഷ് ഗോപി നട്ടം തിരിയുന്നതും രാജേട്ടൻ കണ്ടു. അങ്ങോരുടെ സിനിമ പോലെ തന്നെ ഫണ്ടും. ആർക്കും താൽപര്യമില്ല. ഓസ്‌ട്രേലിയാ ഉപഭൂഖണ്ഡം പോലെ, അമ്പതു വയസ്സു കഴിഞ്ഞ നാരീമണിയെപ്പോലെ അത് പ്രകാശം മങ്ങിക്കഴിയുന്നു. അടുത്ത തവണ രാജേട്ടൻ ഒട്ടും മത്സരിക്കുകയുമില്ല. ഇത്തവണ ലോക്‌സഭാ സീറ്റിലേക്കും ഏട്ടനെ തന്നെ മത്സരിപ്പിച്ചാലോ എന്നു വെന്മണി ശ്രീധരൻ പിള്ളയും സംഘവും ആലോചിച്ചതാണ്. വെറുതെ നിർമലാ സീതാരാമനെ വിളിച്ചു കൊണ്ടുവന്ന് തിരുവനന്തുപുരത്ത് മത്സരിപ്പിക്കേണ്ടതുണ്ടോ? ഫലമറിയുമ്പോൾ അവരുടെ മുഖത്ത് നോക്കാൻ കഴിയാതെ എവിടെപ്പോയി ഒളിക്കാനാണ്? ഒരു പുലിവാലിനും പോകണ്ട. രാജേട്ടൻ വേണമെങ്കിൽ മത്സരിച്ചോട്ടെ. അങ്ങനെയങ്കിൽ പരാജയം പന്ത്രണ്ട് തികയ്ക്കാം. അതൊരു ലോക റെക്കോർഡ് ആയില്ലെങ്കിലും ഭാരത റെക്കോർഡ് ആകും. അതെങ്കിലും മറ്റൊരു പാർട്ടി അടിച്ചെടുക്കാതെ നോക്കാമല്ലോ. പിന്നെ, ഏട്ടൻ മത്സരിക്കില്ല എന്നും വാശിപിടിച്ചാലോ എന്ന്. ദോശയോടു ചോദിച്ചിട്ടാണോ ആരെങ്കിലും ദോശ തിന്നുന്നത് എന്നു ഇന്ദുലേഖയിൽ ചന്തുമേനോൻ പണ്ടേ കുറിച്ചിട്ടുണ്ടല്ലോ!

*** *** ***
മന്ത്രിസഭയിൽ ഒരു കൃഷ്ണൻ കുട്ടിയുണ്ടെന്ന് അറിയാൻ കഴിഞ്ഞത് നാട്ടുകാരുടെ ഭാഗ്യം! അതോ, നിർഭാഗ്യമോ? അതിയാൻ വാ തുറന്നത് ജനത്തിന്റെ വെള്ളം കുടി മുട്ടിക്കുന്ന വർത്തമാനവുമായാണ് എന്നതത്രേ ശങ്കയ്ക്കു കാരണം.
ജല അതിറോറ്റിയുടെ വക വെള്ളത്തിന് വില കൂട്ടാതിരിക്കാൻ കഴിയില്ല എന്നതാണ് മന്ത്രിയുടെ വിശിഷ്ടമായ ആ പ്രസ്താവന. ഇങ്ങനെ ജനസേവനത്തിനായി പ്രതിജ്ഞാവാചകം ചൊല്ലി കസേരയിൽ അമരുന്നവർ കുടിവെള്ളത്തിന് പോലും നികുതി ഏർപ്പെടുത്തുന്നതായിരിക്കും അടുത്ത  കാഴ്ച. തുടർന്നങ്ങോട്ടു അതു നീതീകരിക്കാനുള്ള യജ്ഞങ്ങളും യത്‌നങ്ങളും. അന്തരീക്ഷ മലിനീകരണം അസഹ്യമായതിനാൽ പുതിയ ശ്വാസകോശ രോഗങ്ങൾ പടരുന്നുവെന്നത് ഇപ്പോൾ ഒരു പുത്തൻ വാർത്തയല്ല. അതിനാൽ ഏറെ വൈകാതെ, കുപ്പിയിലോ, ട്യൂബിലോ ബലൂണിലോ അടച്ചു സീൽ ചെയ്തു ശുദ്ധവായുവും വിലയ്ക്കു വാങ്ങേണ്ടി വന്നേക്കാം. ഒരിക്കൽ തുടങ്ങുന്ന ബുദ്ധിമുട്ടേയുള്ളൂ, പിന്നെ വർഷം തോറും അതിനും വില കയറ്റാം. കുടിവെള്ള കുപ്പിയിന്മേൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കറിലെപ്പോലെ ഒരു ഐ.എസ്.ഐ മാർക്കോ, 901 ഐ.എസ്.ഓയോ ഹാൾമാർക്കോ എന്തെങ്കിലും ഒരു ആകർഷണത്തിനായി മുദ്രകുത്തി മാർക്കറ്റിലിറക്കാം. സ്വന്തം കിണറുള്ളവർ കിണറുവെള്ളത്തിനു നികുതി കൊടുക്കുന്ന കാലം വരും എന്നാണ് തോന്നുന്നത്. നമ്മൾ സംശയിക്കുന്ന മോശം കാര്യങ്ങളൊക്കെ യാഥാർഥ്യമായി തീരുന്നതാണ് നാട്ടിൽ കണ്ടുവരുന്നത്.

*** *** ***

ചോക്കലേറ്റു നായകന്മാരെയും നായികമാരെയും വല വീശിപ്പിടിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറക്കുന്ന ഏർപ്പാടിന്റെ കുത്തകപ്പാട്ടം കോൺഗ്രസിനും ബി.ജെ.പിക്കുമായിരുന്ന കാലം കഴിയുമോ? ഇത്തവണ കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെയും ഏക എം.പിയായ ജയദേവന്റെ സ്ഥാനത്ത് തൃശൂരിൽനിന്നും മത്സരിപ്പിക്കാൻ ആളെ തേടുകയാണ് സി.പി.ഐ. രണ്ടു സിനിമാക്കാരുണ്ടായിരുന്നു- ഒരാളെ പിടിച്ച് കൊല്ലം എമ്മെല്ലേയാക്കി. മുകേഷ് 'മീ ടൂ' ആരോപണത്തിൽ വഴുതി വീഴാതെ കഷ്ടിച്ചു രക്ഷപ്പെട്ടു നിൽക്കുന്നു. രണ്ടാമൻ സംവിധായകൻ വിനയൻ. കുറച്ചു 'മന്ത്രവാദപ്പടങ്ങ'ളൊക്കെ പിടിച്ച് കാശ് കൈയിലെത്തിയപ്പോഴേക്കും 'ഹോർട്ടികോപ്പിന്റെ' ചെയർമാനാക്കി. പിന്നെ കെ.പി.എ.സി ലളിത, ജഗദീഷ്…തീർന്നു പട്ടിക. കമ്യൂണിസ്റ്റുകാർക്ക് കലാകാരന്മാരുടെ പഞ്ഞം ഇത്രയധികം ഒരു കർക്കിടകത്തിലും അനുഭവപ്പെട്ടിട്ടില്ല. വളരെ മികച്ച ഒരാളെ തേടി നടക്കുന്ന കാനം രാജേന്ദ്രൻ ഒരു കേരള സംരക്ഷണ യാത്ര ഇതിലേക്കു സംഘടിപ്പിച്ചു കളയുമോ എന്നാണ് കാണേണ്ടത്. അല്ലെങ്കിൽ, വെറുതെ ഉച്ചവെയിൽ കൊള്ളേണ്ടതുണ്ടോ? നോം തന്നെ സ്ഥാനാർഥി എന്നു പ്രഖ്യാപിക്കുമോ എന്നും കണ്ടറിയണം.

*** *** ***

ഫെബ്രുവരി 20 നകം  സ്ഥാനാർഥി നിർണയം നടന്നിരിക്കും എന്നാണ് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലൂടെയും നടക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചത്. നിർണയം കഴിഞ്ഞു എന്നും ഇടയ്ക്ക് ഒരിക്കൽ പ്രസ്താവിക്കുകയും പിൻവലിക്കുകയും ചെയ്തു. ഒരു ആശ്വാസമുള്ളത് ഏത് ഫെബ്രുവരി മാസം എന്ന് വെളിപ്പെടുത്തിയിട്ടില്ല എന്നതാണ്. വരും വർഷങ്ങളിലും ഫെബ്രുവരി മാസമുണ്ട്. 
കേരള യാത്ര കാസർകോട്ടു നിന്നു തുടങ്ങിയ നിലയ്ക്ക് ഇടയ്ക്ക് കരിക്കിൻ വെള്ളം കുടിക്കാൻ കണ്ടെത്തുന്ന ഇടവേളകളിൽ സ്ഥാനാർഥി ചർച്ചകളും നടത്തും. അതിനാൽ മാനസിക പിരിമുറുക്കം കുറയ്ക്കാം. 
വയനാട് ജില്ലയാണ് ചർച്ചക്ക് ഏറ്റവും സുഗമവും ലളിതവുമായ അവസരം. ജില്ലയ്ക്ക് പുറത്തുനിന്ന് ആരെയും കെട്ടിയിറക്കാൻ അനുവദിക്കില്ല എന്ന് സ്ഥലം യൂത്ത് കോൺഗ്രസുകാർ തുറന്നടിച്ചിട്ടുണ്ട്. കെട്ടിയിറക്കുന്നത് തടയാനായി ജില്ലയുടെ ആകാശത്തിനു താഴെ നല്ല കട്ടിയുള്ള ഉരുക്കു പാളികൾ കൊണ്ട് മേൽക്കൂരയും തയാറാക്കി വരുന്നു.
നല്ലൊരു ലക്ഷണമാണത്. ഒരോ ജില്ലയിലും ഇത്തരം 'കെട്ടിയിറക്കാൻ നിരോധന'മുണ്ടായാൽ ശശി തരൂരിനെപ്പോലുള്ളവർ കാശിക്കു പോകേണ്ടിവരും. സ്ഥാനാർഥികൾ ആരായാലും പുതിയ വീരനായികയും ഇന്ദിരാജിയുടെ പുനരവതാരവുമായ പ്രിയങ്കയുടെ പടം വെച്ചു പൂജിക്കുകയും സ്‌തോത്രം പാടുകയും ചെയ്യേണ്ടിവരും. എന്നാലെന്ത്? കിഴവന്മാരെ ഓടിക്കാൻ കഴിയുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ?    

Latest News