Saturday , April   20, 2019
Saturday , April   20, 2019

സംവാദത്തിന്റെ രണ്ടാം ചുവട്

അറേബ്യൻ മണ്ണിൽ ഒരു മാർപാപ്പ ആദ്യമായി കാൽകുത്തുമ്പോൾ അത് മറ്റൊരു വലിയ സന്ദേശത്തിന്റെ തുടർച്ചയാണ്. 2007 ൽ സൗദിയിലെ അബ്ദുല്ല രാജാവ് വത്തിക്കാനിലെത്തി ബെനഡിക്ട് പതിനാറാമനെ സന്ദർശിച്ചതിന്റെ തുടർച്ച. സ്വത്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും സർഗാത്മകമായ സങ്കലനത്തിന്റെ ആവിഷ്‌കാരം സാധ്യമാകുമെന്നാണ് ഈ കൂടിക്കാഴ്ചയുടെ പാഠം

അർജന്റീനയിലെ ബ്യൂനസ് അയേഴ്‌സിൽ ജനിച്ച ജോർജ് മരിയോ ബെർഗോഗ്ലിയോ എന്ന പോപ്പ് ഫ്രാൻസിസ് തന്റെ പിൻഗാമികളിൽനിന്നെല്ലാം വ്യത്യസ്തനാകുന്നത് പാവങ്ങളോട് കരുണയുള്ള, മതസംവാദ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നയാൾ എന്ന നിലയിലാണ്. ലാളിത്യത്തിന്റെ ആചാര്യനാണ് അദ്ദേഹം. രാഷ്ട്ര നേതാവ് എന്ന നിലയിലുള്ള പല ആഡംബരങ്ങളും യു.എ.ഇ സന്ദർശനത്തിനിടയിൽ അദ്ദേഹം നിരസിക്കുകയുണ്ടായി. അബുദാബിയിലെ റോയൽ വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കയറിപ്പോയത് ഒരു വാനിലായിരുന്നു. തനിക്ക് ആഡംബര വാഹനങ്ങൾ വേണ്ടെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു. വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസ് താമസിക്കുന്നത് ആഡംബരപൂർണമായ പേപ്പൽ അപ്പാർട്ട്‌മെന്റിലല്ല. സാധാരണ ഗസ്റ്റ് ഹൗസിലാണ്. പാവങ്ങളോട് കരുണ കാണിക്കുന്നവൻ, അവർക്കായി നിലകൊള്ളുന്നവൻ പ്രസംഗത്തിൽ മാത്രമല്ല, ജീവിതത്തിലും മാതൃകയാവണമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 
തീവ്രവാദവും ഭീകരപ്രവർത്തനങ്ങളും നാശം സൃഷ്ടിക്കുന്ന പുതുലോകത്ത്, വിശ്വാസത്തിന്റെ പേരിൽ രക്തമൊഴുക്കാൻ മടിയില്ലാത്തവരുടെ കാലത്ത്, അറേബ്യൻ ഉപദ്വീപിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഒരു ഗെയിം ചെയ്ഞ്ചർ ആകുമോ എന്നതാണ് ലോകം നിരീക്ഷിക്കുന്നത്. 'സംസ്‌കാരങ്ങളുടെ സംഘട്ടനം' എന്ന അനിവാര്യവും രക്ഷപ്പെടാനാവാത്തതുമായ വലിയൊരു അപകടത്തിന്റെ മധ്യത്തിലാണ് ലോകമെന്ന വിശ്വാസത്തിന് ഇളക്കം തട്ടിക്കാൻ ഈ സന്ദർശനത്തിന് കഴിയുമോ എന്നതാണ് അതിന്റെ രാഷ്ട്രീയ ഉള്ളടക്കം. അറബ് ലോകം സങ്കീർണമായ പല പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന കാലത്താണ് ഈ സന്ദർശനമെന്നത് പോപ്പ് മാത്രമല്ല, അദ്ദേഹത്തിന്റെ ആതിഥേയരും നൽകുന്ന സന്ദേശത്തിന്റെ ശക്തി കൂട്ടുന്നു. 
അദ്ദേഹത്തിന്റെ യു.എ.ഇ സന്ദർശനം അറേബ്യൻ മണ്ണിൽ ഒരു പോപ്പ് ആദ്യമായി കാൽകുത്തി എന്ന നിലക്ക് ആഘോഷിക്കപ്പെട്ടുവെങ്കിലും അതിന്റെ രാഷ്ട്രീയവും മതപരവുമായുള്ള പ്രതിഫലനങ്ങളെക്കുറിച്ച് വേണ്ട രീതിയിൽ ചർച്ച ചെയ്തു കണ്ടില്ല. അബുദാബിയിലെ പോപ്പിന്റെ ഓരോ ചലനങ്ങളും സസൂക്ഷ്മം ഒപ്പിയെടുത്ത മലയാളത്തിലേതടക്കമുള്ള മാധ്യമങ്ങൾ പൈങ്കിളിവത്കരണത്തിനപ്പുറത്തേക്ക് കടന്നുചെന്നിട്ടില്ലെന്നതാണ് വാസ്തവം. 
2007 ൽ നടന്ന സമാനമായ മറ്റൊരു സന്ദർശനം ഉയർത്തിയ ചർച്ചയുടേയും താൽപര്യങ്ങളുടേയും തുടർച്ചയാണ് പോപ്പ് ഫ്രാൻസിന്റെ യു.എ.ഇ സന്ദർശനം എന്നതാണ് വാസ്തവം. ഇരുപത് വർഷത്തെ ഇടവേളക്ക് ശേഷമാണ് 2007 ൽ ഇസ്‌ലാമിന്റെ ആധ്യാത്മിക കേന്ദ്രങ്ങളുടെ പരിപാലകനായി വിശേഷിപ്പിക്കപ്പെടുന്ന, അന്നത്തെ സൗദി അറേബ്യൻ ഭരണാധികാരി അബ്ദുല്ല രാജാവ്, വത്തിക്കാനിൽ ലോക കത്തോലിക്കാസഭയുടെ പരമോന്നത നേതാവായ പോപ്പ് ബെനഡിക്ട് പതിനാറാമനെ സന്ദർശിച്ചത്. പോപ്പുമായുള്ള ചർച്ചയിൽ സംസ്‌കാരങ്ങളുടെ സംവാദത്തെക്കുറിച്ച് അബ്ദുല്ല രാജാവ് ഊന്നിപ്പറയുകയുണ്ടായി. ഏറ്റവും ശക്തമായ പരസ്പര സംഘട്ടനത്തിന്റെ രണ്ട് പ്രഭവ കേന്ദ്രങ്ങളായി സാമുവൽ ഹണ്ടിംഗ്ടൺ വിശദീകരിച്ച ഇസ്‌ലാമിക-ക്രൈസ്തവ നാഗരികതകൾ സമന്വയത്തിന്റേയും സംവാദത്തിന്റേതുമായ പുതിയ പാതകൾ തേടുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. മതതീവ്രവാദത്തിന്റെ വക്താക്കൾക്കും അധിനിവേശത്തിന്റെ പ്രയോക്താക്കൾക്കും ഇതിൽ വലിയ പാഠങ്ങളും സന്ദേശങ്ങളുമുണ്ട്. അൽ അസ്ഹർ സർവകലാശാലയുടെ ഗ്രാൻഡ് ഇമാം അബുദാബിയിൽ പോപ്പ് ഫ്രാൻസിസിന് ഹസ്തദാനം ചെയ്യുമ്പോൾ സംസ്‌കാര സംഘട്ടനത്തിന്റെയല്ല, സംസ്‌കാര സങ്കലനത്തിന്റെ സന്ദേശമാണ് തെളിയുന്നത്. 
സ്വാമി വിവേകാന്ദന്റെ പ്രസംഗത്തിലൂടെ വിഖ്യാതമായ 1893 ലെ ചിക്കാഗോ ലോക മത സമ്മേളനത്തിന്റെ ശതാബ്ദി വർഷത്തിലാണ് ഹവാർഡിൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ദ ഫോറിൻ അഫയേഴ്‌സ് എന്ന പ്രശസ്തമായ ജേണലിന്റെ സ്ഥാപക പത്രാധിപരായ സാമുവൽ പി. ഹണ്ടിംഗ്ടൺ ആഗോള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിർവചിച്ചും പ്രവചിച്ചും, പ്രസിദ്ധമായ 'സംസ്‌കാരങ്ങളുടെ സംഘട്ടനം' എന്ന സിദ്ധാന്തം പുറത്തുവിട്ടത്.  ശീതയുദ്ധാനന്തര കാലഘട്ടത്തിലെ ലോക രാഷ്ട്രീയത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ മുന്നോട്ടുവെച്ച സാധ്യതകളെ നിരാകരിച്ചുകൊണ്ടാണ് രാജ്യാന്തര ബന്ധങ്ങളുടെ പ്രയാണം ഇനി സംസ്‌കാരത്തിന്റേയും നാഗരികതകളുടേയും ഏറ്റുമുട്ടലുകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഹണ്ടിംഗ്ടൺ പ്രവചിച്ചത്. ഭൂമിശാസ്ത്രപരമായ അതിർത്തികൾ അപ്രസക്തമാകുകയും, എല്ലാറ്റിനേയും ഉൾക്കൊള്ളുകയും എല്ലാറ്റിനേയും തള്ളിക്കളയുകയും ചെയ്യുന്ന വിരുദ്ധ സംസ്‌കാരങ്ങളുടെ സംഘർഷങ്ങൾ ഭാവിയുടെ ഗതി നിർണയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വാദിച്ചു. 
ലോകത്ത് ആധിപത്യം ചെലുത്തുന്ന പാശ്ചാത്യ സംസ്‌കാരങ്ങൾക്ക് ഏറ്റവും കടുത്ത വെല്ലുവിളി ഉയർത്തുന്നത് അറബ്, മുസ്‌ലിം ലോകം പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിക നാഗരികതയും ചൈനയുടെ നേതൃത്വത്തിൽ സിനോ സംസ്‌കാരവുമായിരിക്കുമെന്ന് ഹണ്ടിംഗ്ടൺ ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ അമേരിക്കയുടെ നേത്വതൃത്തിൽ നടന്ന സകല അധിനിവേശങ്ങളും യുദ്ധങ്ങളും സംസ്‌കാര സംഘട്ടനങ്ങളുടെ സ്വാഭാവിക പരിണതിയാണെന്ന് ഹണ്ടിംഗ്ടണെ വ്യാഖ്യാനിച്ച് പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. ഗൾഫ് യുദ്ധങ്ങൾ, സെപ്റ്റംബർ 11 ആക്രമണം, അഫ്ഗാനിലെയും ഇറാഖിലെയും അധിനിവേശങ്ങൾ, ഇസ്രായിൽ-ലെബനോൻ യുദ്ധം തുടങ്ങി ഇറാനെതിരായ അമേരിക്കയുടെ യുദ്ധ സന്നാഹങ്ങൾ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ഒരർഥത്തിൽ പാശ്ചാത്യ അധിനിവേശത്തിന് സൈദ്ധാന്തിക നീതീകരണം ഉണ്ടാക്കി വെക്കുകയാണ് ഹണ്ടിംഗ്ടൺ ചെയ്തത്. ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് കുരിശുയുദ്ധങ്ങളെ അനുസ്മരിക്കുകയും ഇസ്‌ലാമും ക്രൈസ്തവതയുമായുള്ള പോരാട്ടമായി അതിനെ വിശേഷിപ്പിക്കുകയും ചെയ്തത് സ്മരണീയമാണ്. 
കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങൾ ആഗോള രാഷ്ട്രീയത്തിൽ വലിയ ദിശാമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. അവിശ്വാസത്തിന്റേയും കുറ്റാരോപണങ്ങളുടേയും കാലഘട്ടം. ലോകമഹായുദ്ധങ്ങളുടെ തിക്താനുഭവങ്ങളിൽനിന്ന് മനുഷ്യരാശി പാഠം പഠിച്ചില്ലെന്ന് ഈ കാലം തെളിയിക്കുന്നു. ലോക സമാധാനത്തിന്റെ സന്ദേശവുമായി രംഗത്തു വന്ന ഐക്യരാഷ്ട്ര സഭ, പാശ്ചാത്യ മൂല്യങ്ങളുടെ സംരക്ഷണത്തിനായി രൂപം കൊണ്ട ഏജൻസി മാത്രമായി പരിണമിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. മാരകായുധങ്ങൾ വികസിപ്പിച്ചും ജനാധിപത്യ മര്യാദകളെ കാറ്റിൽ പറത്തിയും വൻ ശക്തികൾ നടത്തിയ മനുഷ്യവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ സംഘട്ടനത്തിന്റേതായ അന്തരീക്ഷം രൂപമെടുത്തത് ലോകത്ത് കൂടുതൽ അശാന്തി വിതക്കാനേ കാരണമായുള്ളൂ. സംവാദത്തെക്കുറിച്ച ചർച്ചകൾ സജീവമായിരുന്നപ്പോഴും സംഘട്ടനത്തിന്റെ ദിനങ്ങൾ അധികരിക്കുകയായിരുന്നു. അബ്ദുല്ല രാജാവിന്റെ വത്തിക്കാൻ സന്ദർശനം അതിനാൽ തന്നെ സംവാദത്തിന്റെ പുതിയ മേഖലകൾ തുറന്നിട്ടു. പോപ്പും രാജാവും പ്രദർശിപ്പിച്ച പരസ്പര ബഹുമാനവും സ്‌നേഹവും രണ്ട് വ്യക്തികൾ പരസ്പരം നൽകിയ പരിഗണനയായല്ല, രണ്ട് സംസ്‌കാരങ്ങൾ പരസ്പരം കൈമാറുന്ന ആദരവിന്റെ പ്രതീകമായാണ് ലോകത്തിന് അനുഭവപ്പെട്ടത്. 
സ്വത്വഭാവം നിലനിർത്തിക്കൊണ്ടു തന്നെ മതങ്ങൾക്കും സംസ്‌കാരങ്ങൾക്കും സർഗാത്മകമായ സങ്കലനത്തിന്റെ ആവിഷ്‌കാരം സാധ്യമാകുമെന്നാണ് ഈ കൂടിക്കാഴ്ചയുടെ പാഠം. ലോകത്തെ ഏറ്റവും ശക്തമായ രണ്ട് ജനസമൂഹങ്ങൾ ദൃഢവിശ്വാസത്തോടെ പരസ്പരം അടുക്കുന്നത് സംഘർഷത്തിന്റെ ലോകക്രമം തിരുത്തിയെഴുതാൻ ഇടയാക്കും. സംഘർഷരഹിതമായ നവ ലോകസൃഷ്ടി സാധ്യമാക്കാൻ പോപ്പ് ഫ്രാൻസിസിന്റെ അറേബ്യൻ സന്ദർശനത്തിന് കഴിഞ്ഞാൽ അതേക്കാൾ വലിയൊരു സംഭാവന മറ്റെന്തുണ്ട്?
 

Latest News