Tuesday , April   23, 2019
Tuesday , April   23, 2019

മിഅ്‌റാജ് രാവിലെ കാറ്റേ ... മരുഭൂ തണുപ്പിച്ച കാറ്റേ... എരഞ്ഞോളി മൂസ ഇവിടെയുണ്ട്..  

കഴിഞ്ഞ ആറര പതിറ്റാണ്ട് കാലത്തിലേറെയായി മാപ്പിളപ്പാട്ടു രംഗത്ത് നിലാവു പോലെ നിറഞ്ഞു നിൽക്കുന്ന സംഗീത പ്രതിഭ. താൻ മരിച്ചിട്ടില്ലെന്നും ഈയിടെ സോഷ്യൽ മീഡിയയിലൂടെ തന്നെ 'കൊലപ്പെടുത്തിയ' ആളെ കൈയോടെ പിടികൂടി പോലീസിലേൽപ്പിച്ചുവെന്നും പറയുന്ന എരഞ്ഞോളി മൂസയുമായി നടത്തിയ കൂടിക്കാഴ്ച

എന്തെല്ലാം വർണങ്ങൾ...എന്തെല്ലാം ഗന്ധങ്ങൾ...
ഏതെല്ലാം പൂക്കളീയുദ്യാനത്തിൽ...അതുപോൽ, 
ഏതെല്ലാം ജാതിക്കാർ ഭാരതത്തിൽ...
എന്ന വരികളിൽ മൈലാഞ്ചി മൊഞ്ചുള്ള മാപ്പിളപ്പാട്ടിന്റെ മാധുര്യവും മനോഹാരിതയും മാത്രമല്ല, മതമൈത്രിയുടെ മഹത്വവും മൂല്യവും കൂടിയാ ണ് വന്നു നിറയുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് മലയാള മാപ്പിളപ്പാട്ട് ലോ കത്തെ ഗന്ധർവ സാന്നിധ്യമായ എരഞ്ഞോളി മൂസാക്ക ഈ അഭിമുഖത്തിന് തുടക്കമിട്ടത്. മതേതരത്വത്തിനു മേലെ മതഭ്രാന്തിന്റെ മതിൽക്കെട്ടുകളുയ രുന്ന മാറിയ കാലത്തെ ഓർത്ത് വേദനിക്കുന്ന ഒരു മനസ്സ് ആ വാക്കുകളിൽ കാണാം. അപ്പോഴും ഒരു കലാകാരൻ എന്ന നിലയിൽ തന്റെ കർത്തവ്യം ക ലയിലൂടെ സാമൂഹിക നൻമയ്ക്കായി പുതിയ പ്രാർഥനകൾ ഉരുക്കഴിക്കലാണ് എന്നദ്ദേഹം കരുതുന്നു. തുടർന്ന് ബാക്കി വരികൾ കൂടി അദ്ദേഹം പാടുന്നു-
പലപ്പോഴും ജാതി-മത ചിന്തകൾക്കപ്പുറം മനുഷ്യനെ ഒന്നായി കാണുന്ന സർഗസൗന്ദര്യമാണ് സംഗീതം എന്ന വാദവും മൂസാക്ക മുന്നോട്ട് വെക്കുന്നു. അത് ഒരു അനുഭവത്തിലൂടെ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെ:
ഏതാനും വർഷം മുമ്പാണ്. ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് കോഴിക്കോട്ട് ഒരു മഠത്തിൽ സംഗീത പരിപാടിക്കായി സംഘാടകർ മൂസാക്കയെ ബുക്ക് ചെയ്തു. ഹൈന്ദവ ഭക്തിഗാനങ്ങളും മലയാളം-തമിഴ്-ഹിന്ദി പാട്ടുകളുമായി അദ്ദേഹവും സംഘവും സ്റ്റേജിൽ കയറി. നല്ലൊരു ഭക്തിഗാനത്തോടെ പരിപാടി തുടങ്ങി. അതുകഴിഞ്ഞ ഉടനെ സംഘാടകർ മൂസാക്കയെ വിളിച്ചിട്ട് പറഞ്ഞു, ഞങ്ങൾ താങ്കളെ ക്ഷണിച്ചത് ഇവിടെ മാപ്പിളപ്പാട്ട് പാടാനാണ്. അദ്ദേഹം ഒരുനിമിഷം അന്തംവിട്ടു നിന്നു. മഠത്തിനകത്ത് തിങ്ങിനിറഞ്ഞു നിൽക്കുന്ന ഹൈന്ദവ ഭക്തരുടെ മുന്നിൽ മാപ്പിളപ്പാട്ടു പാടുകയോ? തടി കേടാകില്ലേ എന്ന് ചോദിച്ചപ്പോൾ സംഘാടകരുടെ ചിരിയോടെയുള്ള മറുപടി-മാപ്പിളപ്പാട്ട് പാടിയില്ലെങ്കിൽ ചിലപ്പൊ അവര് നിങ്ങളുടെ തടി കേടാക്കും! 
ജീവിതത്തിൽ മനസ്സ് നിറഞ്ഞു പാടിയ വേദികളിൽ ഒന്ന് അതായിരുന്നു എന്ന് മൂസാക്ക ഇന്നും ആഹ്ലാദത്തോടെ ഓർക്കുന്നു. ആ ഓർമകളിലൂ ടെ ഇന്നലേകളിലേക്ക് അദ്ദേഹം പിൻതിരിഞ്ഞു നടക്കാൻ ശ്രമിക്കുകയാണ്. അപ്പോൾ കാണാം തലശ്ശേരിയിലെ, എരഞ്ഞോളിയിൽ വലിയേടത്ത് അബ്ദുവിന്റെയും വലിയകത്ത് ആസ്യയുടെയും മകനായി ജനിച്ച മൂസയുടെ നിറപ്പകിട്ടില്ലാത്ത ബാല്യകാലം. നാടും വീടും ദാരിദ്ര്യത്തിന്റെ വറുതിയിൽ പൊറുതിമുട്ടിയ സമയം. വീട്ടിൽ പട്ടിണി സമൃദ്ധം! പഠിക്കണമെന്ന് തോന്നിയപ്പോൾ പാറാൽ മാപ്പിള സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നു. പഠിച്ച് വലിയ കേമനാകണം എന്നായിരുന്നു മോഹം. പക്ഷെ, പഠിപ്പ് കൊണ്ട് പട്ടിണി മാറില്ലെന്ന് മ നസ്സിലായപ്പോൾ ഒന്നാം ക്ലാസിൽ തന്നെ പഠനം നിർത്തി. സ്വയം വിശപ്പുമാറ്റാനും കുടുംബത്തിന് കൈത്താങ്ങാകാനുമായി വീട്ടിനടുത്തുള്ള കോട്ടപ്പാറ കരിങ്കൽ ക്വാറിയിൽ കല്ല് ചുമക്കാൻ ഇറങ്ങുമ്പോൾ മൂസാക്ക് വയസ് 11. കൂലി ദിവസം 25 പൈസ! പിന്നെ ഒരു തീപ്പെട്ടിക്കമ്പനിയിലായി ജോലി. അതുകഴിഞ്ഞ് ചുമടെടുക്കാൻ പോയി. കൈവണ്ടി വലിച്ചു...


ജീവിക്കാനുള്ള ഈ പരക്കംപാച്ചിലിനിടയിലെപ്പൊഴോ ആണ് സംഗീത ഭ്രമം അദ്ദേഹത്തെ ആവേശിക്കുന്നത്. അറബി മലയാളത്തിലുള്ള സബീനപ്പാട്ടുകൾ ഭംഗിയായി പാടുന്ന ഉമ്മയാണ് ആദ്യ പ്രചോദനം. പാടിത്തുടങ്ങിയപ്പോൾ മനസ്സിലായി പട്ടിണി മാറ്റാനുള്ള ദിവ്യൗഷധം കൂടിയാണ് സംഗീതം എന്ന്. കാരണം പാടുമ്പോൾ വിശപ്പ് മറന്നുപോകും. വിശന്ന് പൊരിഞ്ഞ് പാട്ടു പഠിച്ചു എന്നാണ് മൂസാക്ക പറയുന്നത്. ചുറ്റുവട്ടത്ത് ധാരാളമുള്ള ഹൈന്ദവ വീടുകളിൽ കല്യാണത്തലേന്ന് മംഗലപ്പാട്ടുകൾ പാടാൻ പോകും. 
കല്ല്യാണവീടുകളിലും തലേന്ന് ഇങ്ങനെ പാട്ട് പരിപാടിയുണ്ട്. നാടക ഗാനങ്ങളും നാടൻ പാട്ടുകളും അപൂർവം സിനിമാ ഗാനങ്ങളുമാണ് പാടുക. കൂലി-ഭക്ഷണം. അക്കാലത്ത് ജാതി-മതഭേദമന്യേ ധാരാളം കൂട്ടുകാരുണ്ടായിരുന്നു. ജാതിയും മതവുമൊന്നും ആർക്കും ഒരു പ്രശ്‌നമായി അന്ന് തോന്നിയിരുന്നില്ല. എല്ലാവർക്കും എല്ലാ വീടുകളിലേക്കും കയറിച്ചെല്ലാം. 
അങ്ങനെയുള്ള ഒരുകാലത്ത് ആ സമൂഹത്തിനൊപ്പം ജീവിക്കാൻ കഴിഞ്ഞു എന്നത് വലിയൊരു ഭാഗ്യമായിട്ടാണ് മൂസാക്ക കരുതുന്നത്.
അങ്ങനെ ഒരു വിവാഹവീട്ടിൽ പാടുമ്പോഴാണ് മൂസാക്ക, എരഞ്ഞോളി ഗ്രാമീണ കലാസമിതിക്കാരുടെ കണ്ണിൽപ്പെടുന്നത്. നാട്ടിലെ അറിയപ്പെടുന്ന ഒരുകൂട്ടം കലാകാരൻമാരുടെ സംഗമവേദിയാണത്. അവിടെ പാട്ടു പരിശീലിക്കാൻ അദ്ദേഹത്തിന് സൗകര്യം കിട്ടി; പ്രത്യേകിച്ചും മാപ്പിളപ്പാട്ടുകൾ. അന്ന് എസ്.എം. കോയയുടെ മാപ്പിളപ്പാട്ടുകൾ വളരെ പ്രസിദ്ധമാണ്. ഗ്രാമഫോണുകളിലൂടെ അവ ഒഴുകിവരുന്നത് വലിയ തറവാട്ടു വീടുകളുടെ പിറകിൽ ഒളിച്ചിരുന്ന് കേൾക്കും. ഒന്നാം ക്ലാസിൽ പഠനം നിർത്തിയതു കൊണ്ട് എഴുത്തും വായനയും അറിയില്ല. അതിനാൽ വരികൾ മനപ്പാഠമാക്കുകയാണ് പതിവ് (വളരെ അടുത്ത കാലത്താണ് മൂസ എഴുത്തും വായനയും പഠിച്ചത്. അത് വലിയ പൊല്ലാപ്പായി എന്നദ്ദേഹം പറയും. എല്ലാം എഴുതിവെക്കാൻ തുടങ്ങിയതോടെ ഓർമശക്തി കുറഞ്ഞു പോയത്രെ!)


മൂസാക്കക്ക് മാപ്പിളപ്പാട്ടു പാടാൻ ആദ്യം ഒരു പൊതുവേദിയിൽ അവസരം നൽകിയതും എരഞ്ഞോളി ഗ്രാമീണ കലാസമിതിക്കാരായിരുന്നു. നാട്ടിനടുത്തുള്ള അരങ്ങേറ്റുപറമ്പിലെ ശ്രീനാരായണഗുരു മഠത്തിൽ. ഗുരുജയന്തിയോടനുബന്ധിച്ചുള്ള ഒരു വേദിയിലായിരുന്നു അത്. ഗ്രാമഫോണിലൂടെ പലവട്ടം കേട്ട് ഹൃദിസ്ഥമാക്കിയ എസ്.എം.കോയയുടെ തന്നെ പാട്ടാണ് പാടിയത്.
അരിമുല്ലപ്പൂ മണം നല്ലോളെ, 
അഴകിലേറ്റം ഗുണമുള്ളോളെ...
ആ വേദിയും പാട്ടും മൂസക്കക്ക് ജീവിതത്തിൽ ഒരു വഴിത്തിരിവായി. നല്ല സ്വരമുള്ള ആ പാട്ടുകാരനെ പലരും പാട്ടുപാടാൻ വിളിച്ചു തുടങ്ങി. പ്രധാനമായും കല്യാണ വീടുകളിൽ. പ്രതിഫലമൊന്നുമില്ല. പക്ഷെ, കുശാലായി ഭ ക്ഷണം കിട്ടി. ഒരു നേരം വയറു നിറച്ച് ആഹാരം സ്വപ്നം കണ്ടിരുന്ന ആൾ ക്കാണ് മൂന്നുനേരവും നല്ല ശാപ്പാടു കിട്ടുന്നത് (താനങ്ങനെ തടിച്ച്‌കൊഴുത്തു എന്ന് മൂസാക്ക തമാശ പറഞ്ഞു. ആ തമാശയിലും വിശപ്പിന്റെ വിളികേട്ട് നടന്നു തളർന്ന ബാല്യകാലത്തിന്റെ സുഖകരമല്ലാത്ത ഓർമകളും, ഉണങ്ങാത്ത കണ്ണീരിന്റെ ഉപ്പുരസവുമുണ്ടെന്ന് തോന്നി) ആയിടയ്ക്കാണ് അദ്ദേഹം തലശ്ശേരി ടൗണിൽ ജോലി അന്വേഷിച്ചെത്തുന്നത്. അവിടെ ചുമട്ടു തൊഴിലാളിയും കൈവണ്ടി വലിക്കാരനുമായി(നല്ല തണ്ടും തടിയുമുള്ള ഒന്നാംതരം കൂലിപ്പണിക്കാരൻ എന്നാണ് മൂസാക്ക ആ നാളുകൾ ഓർത്തുകൊണ്ട് പറഞ്ഞത്) പകൽ മുഴുവൻ കഠിനമായി പണിയെടുക്കും. രാത്രിയിൽ പാട്ടു പരിശീലനവും പാട്ടു പാടലുമായി നടക്കും. സംഗീതം അപ്പൊഴേക്കും മൂസാക്കക്ക് ആത്മാവിൽ ആവാഹിക്കപ്പെട്ട ഒരു കലയായി തീർന്നിരുന്നു 


തലശ്ശേരിയിലെ അന്നത്തെ പ്രസിദ്ധമായ ടെലിച്ചറി മ്യൂസിക്ക് ക്ലബ്ബുകാ ർ മൂസക്കയുടെ ഒരു സംഗീത പരിപാടി കേട്ടു. അവരദ്ദേഹത്തെ അവിടേക്ക് ക്ഷണിച്ച് സംഗീത പരിശീലനം നൽകി. വലിയ ഓർക്കസ്ട്രയും മറ്റുമായി ന ല്ല നിലയിൽ നടക്കുന്ന ഒരു വമ്പൻ ക്ലബ്ബായിരുന്നു അത്. പി.കെ.അബൂട്ടി എ ന്നയാളായിരുന്നു ക്ലബ്ബിന്റെ സാരഥി. ഒരു തികഞ്ഞ കലാകാരൻ. ഏത് പാട്ടി നും ഭംഗിയായി ട്യൂണിടാൻ മിടുക്കൻ. ഒരുവിധപ്പെട്ട സംഗീതോപകരണങ്ങ ളൊക്കെ അസ്സലായി വായിക്കും. അദ്ദേഹവും മൂസക്കയും അടുത്ത സുഹൃത്തുക്കളായി. ഒരു ദിവസം മൂസാക്ക പാട്ട് പരിശീലിക്കുന്നത് അവിടെ എത്തി യ ഒരു അതിഥിയുടെ ശ്രദ്ധയിൽപ്പെട്ടു. നല്ല വെളുത്ത ജുബ്ബയും മുണ്ടും ധരി ച്ച, വീട്ടിക്കറുപ്പുള്ള മനുഷ്യൻ. പാട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം മൂസാക്കയെ അടുത്തേക്ക് വിളിച്ചിട്ടു പറഞ്ഞു-നല്ല ശബ്ദം. അതിനൊത്തെ ഭാവങ്ങളും. ആകാശവാണിയിൽ പാടാൻ ശ്രമിച്ചു കൂടെ?
പറഞ്ഞ ആളെ മൂസാക്ക ക്ലബ്ബിൽ ചിലപ്പോൾ കണ്ടിട്ടുണ്ട്. പക്ഷെ, പരിചയമൊന്നുമില്ല. അയാൾ തന്നെ ശരിക്കും അഭിനന്ദിച്ചതാണോ? അതോ ഒന്ന് ആക്കിയതാണോ? മൂസക്കക്ക് സംശയമായി. ആകാശവാണിയിലൊക്കെ പാ ടുക എന്നത് അന്ന് പുതിയ ഗായകർക്ക് സ്വപ്നം കൂടി കാണാൻ കഴിയാത്ത കാര്യമാണ്. അതുകൊണ്ടു തന്നെ അയാൾ തന്നെ കളിയാക്കിയതായിരിക്കും എന്നു കരുതി അദ്ദേഹം അക്കാര്യം വിട്ടു. അയാളെ കുറിച്ച് ക്ലബ്ബിൽ ആരോ ടും ചോദിച്ചുമില്ല. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ക്ലബ്ബിലെത്തി. മൂസക്കക്ക് ഒരു ഫോം നീട്ടിയിട്ട് പറഞ്ഞു -ഇതൊന്ന് പൂരിപ്പിക്കൂ, ആകാശവാണിയിൽ വോയ്‌സ് ടെസ്റ്റിനുള്ള അപേക്ഷയാണ്. മൂസാക്ക അന്തംവിട്ടു. അതുകണ്ട് അയാളൊരു ചെറുചിരിയോടെ പറഞ്ഞു-വേഗം വേ ണം, എനിക്ക് ഇപ്പോൾ തന്നെ കോഴിക്കോട്ടേക്ക് തിരിക്കാനുള്ളതാണ്. അപ്പോൾ ഒരു നേർത്ത ചമ്മലോടെ മൂസാക്ക പറഞ്ഞു-എനിക്ക് എഴുതാനും വായിക്കാനുമറിയില്ല. 
അതുകേട്ട് ഒരു നിമിഷം അയാൾ വല്ലാതെയായി. പിന്നെ ഒന്നും പറയാതെ സ്വയം ഫോം പൂരിപ്പിക്കാൻ തുടങ്ങി. പേര് ചോദിച്ചു. വലിയകത്ത് മൂസ എന്ന് മറുപടി. നാട്? എരഞ്ഞോളി എന്ന് ഉത്തരം. എങ്കിൽ എരഞ്ഞോളി മൂസ എന്നാകട്ടെ നിന്റെ പേര് എന്നായി അയാൾ. മൂസാക്ക മറുത്തൊന്നും പറഞ്ഞില്ല. പക്ഷെ, പിൽക്കാലത്ത് മാപ്പിളപ്പാട്ടിന്റെ ചരിത്രപഥങ്ങളിൽ തങ്കലിപികളിൽ കൊത്തിവെക്കപ്പെട്ട നാമമായി അത് മാറുന്നത് വലിയ ആഹ്ലാദത്തോടെ അദ്ദേഹം നോക്കി നിന്നു. അദ്ദേഹത്തിന് എരഞ്ഞോളി മൂസ എന്നു പേരിട്ട ആളെ നമുക്കറിയാം. അദ്ദേഹം കോഴിക്കോട് ആകാശവാണിയിൽ പ്രോഗ്രാം ഡയറക്ടറായിരുന്നു. മലയാള സിനിമാ സംഗീത ലോകത്തെ നാ ടൻ പാട്ടുകളും നാട്ടുശീലുകളും വടക്കൻപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും കൊ ണ്ട് പുതുക്കിപ്പണിത് ധന്യമാക്കിയ പ്രസിദ്ധനായ കെ. രാഘവൻ മാഷ്! (തനിക്ക് വേണ്ടി ഫോം പൂരിപ്പിച്ചത് ഇത്രയും വലിയ മനുഷ്യനാണ് എന്ന് പിന്നീട് മനസ്സിലായപ്പോൾ മൂസാക്കക്ക് ഉണ്ടായ അമ്പരപ്പ് ചില്ലറയായിരുന്നില്ലെ്രത!)


അതെന്തായാലും മൂസാക്ക ആകാശവാണിയുടെ ഓഡിഷൻ ടെസ്റ്റ് പാസായി. ടെലിച്ചറി മ്യൂസിക് ക്ലബ്ബിലെ പി.കെ.അബൂട്ടി ട്യൂണിട്ട നാലു മാപ്പിളപ്പാട്ടുകൾ സുന്ദരമായി പാടിക്കൊണ്ട് ആകാശവാണിയിൽ അദ്ദേഹം ഒരു ഗായകനായി തുടക്കം കുറിച്ചു. അത് എരഞ്ഞോളി മൂസ എന്ന ഗായകന്റെ ഉയർച്ചയിലേക്കുള്ള കുതിച്ചു കയറ്റത്തിന്റെ ആരംഭമായിരുന്നു. തലശ്ശേരിയിലും പരിസരങ്ങളിലും മാത്രം അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സ്വരം കോഴിക്കോട് റേഡിയോ നിലയത്തിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിത്തുടങ്ങി. താമസിയാതെ എരഞ്ഞോളി മൂസ ആന്റ് പാർട്ടി എന്ന പേരിൽ സ്വന്തമായി ഒരു മ്യൂസിക്ക് ട്രൂപ്പ് ഉണ്ടായി. കേരളത്തിന്റെ മുക്കിലും മൂലയിലും അദ്ദേ ഹം മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചു മുന്നേറി. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും പരിപാടികളുമായി അദ്ദേഹമെത്തി. മാപ്പിളപ്പാട്ടിനെ മ ലയാളികളുടെ ഇടയിൽ, അവരുള്ള ഇടങ്ങളിലൊക്കെ ജനകീയമാക്കി മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മൂസാക്കയുടെ പാ ട്ടുകളുടെ ഖ്യാതി പതുക്കെ ഗൾഫ് രാജ്യങ്ങളിലും പരക്കാൻ തുടങ്ങി.
1974 ഡിസംബറിലാണ് എരഞ്ഞോളി മൂസയും സംഘവും ആദ്യമായി ഗൾഫിലേക്ക് യാത്രയാകുന്നത്- അബുദാബിയിലേക്ക്. പിന്നീടിങ്ങോട്ട് യുഎഇയും ഖത്തറും ബഹറൈനും കുവൈത്തും സൗദിയുമുൾപ്പെടെ മിക്കവാറും എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിപാടി അവതരിപ്പിച്ചിട്ടു ണ്ട്. ഒരിക്കലല്ല, പല തവണ. ഗൾഫ് രാജ്യങ്ങളിൽ ആയിരത്തിലധികം വേദികളിൽ അദ്ദേഹം പാടിക്കഴിഞ്ഞു. ആയിരത്തൊന്ന് രാവ് എന്ന പേരിൽ അത് വലിയ ആഘോഷമാക്കിയിരുന്നു. സംഗീത പരിപാടിക്കായി മാത്രം 468-ലേ റെ തവണ മൂസാക്ക ഗൾഫിലേക്ക് പറന്നിട്ടുണ്ട്. ഇന്ത്യയിൽ തന്നെ മറ്റൊരു പാട്ടുകാരനും പാട്ടുപാടാനായി ഇത്രയേറെ തവണ ഗൾഫിൽ പോയിട്ടില്ല എന്നാണ് മൂസാക്കയുടെ വാദം.  


11-ാമത്തെ വയസിലാണ് മൂസാക്ക പാടിത്തുടങ്ങുന്നത്. ഒരു ഊഹംവെച്ചു പറഞ്ഞാൽ കഴിഞ്ഞ 67 വർഷമായി അദ്ദേഹം പാടുന്നു. കേരളത്തിലും പുറത്തും ഗൾഫിലുമൊക്കെയായി ഈ കാലയളവിനുള്ളിൽ പതിനായിരത്തി ലധികം വേദിയിലെങ്കിലും അദ്ദേഹം പാടിയിരിക്കും(കൃത്യമായ ഒരു കണക്ക് കൈയിലില്ലെങ്കിലും അത് ശരിയായിരിക്കും എന്നാണ് മൂസാക്കയുടെ അഭിപ്രായവും). ഗിന്നസ് ബുക്കിലേക്ക് അല്ലെങ്കിൽ ലിംകാ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ കയറിപ്പറ്റാൻ ഒന്നു ശ്രിമിച്ചു കൂടെ എന്ന് ചോദിച്ചപ്പോൾ പൊട്ടിച്ചിരിയോടെ ഉത്തരമെത്തി-അല്ലാഹുവിന്റെ റെക്കോർഡ് പുസ്തകത്തിൽ ഞാൻ കയറിപ്പറ്റിയിട്ടുണ്ട്. എനിക്കതുമതി.
എന്താണ് എരഞ്ഞോളി മൂസ എന്ന മാപ്പിളപ്പാട്ടു ഗായകന്റെ അസാധാരണ പ്രശസ്തിക്ക് പിന്നിലെ രഹസ്യം? കഠിനാധ്വാനം? സംഗീതത്തോടുള്ള ആത്മസമർപ്പണം? ആകർഷണീയമായ ശബ്ദം? ഭാവങ്ങൾ?-എന്ന് ചോദിച്ച പ്പോൾ മൂസാക്കയുടെ ഉത്തരം കൃത്യമായ വന്നു. അർഥസമ്പുഷ്ടമായ വാ ക്കുകളിലൂടെ വരികളെ ഭാവതീവ്രമാക്കിയ പി.ടി.അബ്ദുറഹ്മാൻ, കാനേഷ് പൂനൂര്, ജമാൽ കൊച്ചങ്ങാടി, പി.എം.അബ്ദുൾ ജബ്ബാർ, ഹംസ വളാഞ്ചേരി തുടങ്ങിയ ഗാനരചയിതാക്കൾ. പി.കെ.അബൂട്ടി, ചാന്ദ്പാഷ, കെ.രാഘവൻ മാഷ്, കണ്ണൂർ രാജൻ തുടങ്ങി ആ വരികളുടെ അർഥവും ആത്മാവുമറിഞ്ഞ് സംഗീത സാന്ദ്രമാക്കിയവർ. അല്ലാഹുവിന്റെ കാരുണ്യത്തിൽ അവർക്കെല്ലാമൊപ്പം ചേർന്ന് നിന്ന് പാടാൻ കിട്ടിയ അവസരം, അതാണ് എന്നെ ഇന്ന ത്തെ എരഞ്ഞോളി മൂസയാക്കിയത്. പ്രശസ്തിയുടെ അത്യുന്നതങ്ങളിൽ തി ളങ്ങി, വിളങ്ങി നിൽക്കുമ്പോൾ ആ എളിമ കാത്തു സൂക്ഷിക്കുന്ന എത്ര ഗായകർ നമുക്കുണ്ട് എന്നത് ചിന്തനീയമാണ് (ചാനൽ മത്സരങ്ങളിൽ നാല് മാപ്പിളപ്പാട്ട് പാടിയ ഒരാളെ തന്റെ ഒരു പരിപാടിയിൽ ഉൾപ്പെടുത്താൻ വിളിച്ചപ്പോൾ അയാൾ കാണിച്ച ജാട കണ്ട്, ചോദിച്ച പ്രതിഫലം കേട്ട് കണ്ണ് തള്ളിപ്പോയ അനുഭവം മൂസാക്ക തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്).


ഇക്കാലമത്രയുമുള്ള പാട്ടു ജീവിതത്തിനിടയിൽ ആയിരത്തിലധികം പാട്ടുകൾ പാടാൻ മൂസാക്കക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പാടിയതിൽ മിക്കതും ഹിറ്റുക ളും സൂപ്പർ ഹിറ്റുകളുമായി. ഇതാ അവയിൽ ചിലത്-
അഹദോന്റെ തിരൂ നാമം...
അരിമുല്ലപ്പൂമണം നല്ലോളെ, അഴകിലേറ്റം ഗുണമുള്ളോളെ...
മിസിരിലെ രാജൻ, അസീസിന്റാരംഭ സൗജത്ത്...
മൈലാഞ്ചിയരച്ചല്ലൊ മലർക്കൈയിൽ പതിച്ചല്ലോ...
മിഅ്‌റാജ് രാവിലെ കാറ്റേ...മരുഭൂ തണുപ്പിച്ച കാറ്റേ...
കുഞ്ഞയിഷു കുഞ്ഞിമോളെ, നിന്നെയോർത്ത് ഞാനീ...
സമാനിൻ കൂരിരുൾ കാട്ടിൽ, സബാഹിൻ പൂവിടരുമ്പോൾ...
മക്കാമണൽത്തട്ടിൽ ഞാൻ ചെന്നിട്ടില്ലേലും... 
അസർമുല്ല മണം വീശും കാറ്റേ...
ആകാശഭൂമിക്കധിപതിയായ...
പാടിയ പാട്ടുകളിൽ മൂസാക്കക്ക് ഏറെ ഇഷ്ടം ഏത് പാട്ടിനോടാണ് എന്നു ചോദിച്ചപ്പോൾ ആ മുഴങ്ങുന്ന പൊട്ടിച്ചിരി ഒരിക്കൽ കൂടി കേട്ടു. തന്ത്രപൂർവം ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാണ്. പക്ഷെ, വിടാതെ ഒന്ന് കൂടി കുത്തിച്ചോദിച്ചപ്പോൾ അദ്ദേഹം ഈ വരികൾ അറിയാതെ ഒന്നു മൂളി-
മിഅ്‌റാജ് രാവിലെ കാറ്റേ...മരുഭൂ തണുപ്പിച്ച കാറ്റേ...
ഈയിടെ വിവാദത്തിനിടയായ ഒരു അഡാർ ലവ്വിലെ ഗാനം-മാണിക്യമലരായ പൂവി/മഹതിയാം ഖദീജ ബീവി...വർഷങ്ങൾക്ക് മുമ്പ് പാടി ഹിറ്റാക്കിയത് എരഞ്ഞോളി മൂസയാണ് എന്ന് ഇന്ന് എത്രപേർക്കറിയാം? അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം പാടിക്കൊണ്ട് യുവതലമുറയിലെ പല ഗായകരും ഇന്ന് സംഗീത പരിപാടികൾ വിജയകരമായി നയിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. മൂസാക്കയുടെ പാട്ടുകൾക്ക് ഇന്നും ആസ്വാദകരെ അത്ഭുതകരമാംവിധം ആവേശഭരിതരാക്കാനുള്ള ആസാധാരണ ആകർഷണീയതയുണ്ട് എന്നാണ് അത് കാണിക്കുന്നത്. ഈ 78-ാം വയസിലും, എരഞ്ഞോളി മൂസ എന്ന ഗായകന്റെ, വേദികളിൽ നിന്ന് വേദികളിലേക്ക് കിതപ്പില്ലാതെ കുതിക്കാനുള്ള കെൽപ്പ് എന്നത് കാണികൾ കാണിക്കുന്ന ഈ ആവേശമല്ലാതെ മറ്റെന്താണ്!

Latest News