Saturday , April   20, 2019
Saturday , April   20, 2019

അരങ്ങൊഴിയുന്ന തീക്ഷ്ണാനുഭവങ്ങൾ

കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവത്തിന്റെ പതിനൊന്നാം പതിപ്പ് ജനുവരി 20 മുതൽ 26 വരെ തൃശൂർ സംഗീത നാടക അക്കാദമിയിൽ നടന്നു. പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചെലവു ചുരുക്കി സംഘടിപ്പിച്ച നാടകോത്സവത്തിൽ 13 നാടകങ്ങൾ മാത്രമാണ് അവതരിപ്പിച്ചത്. അവയിൽ ആറെണ്ണം വിദേശ നാടകങ്ങളും നാലെണ്ണം മലയാള നാടകങ്ങളും മൂന്നെണ്ണം മറ്റ് ഇന്ത്യൻ നാടകങ്ങളുമായിരുന്നു. 

ചെറിയ രീതിയിലുള്ള നാടകോത്സവം എന്ന മുൻകൂർ ജാമ്യം നിലനിന്നിരുന്നതിനാൽ തന്നെ കാര്യമായൊന്നും പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നില്ല. എടുത്തുപറയത്തക്ക അവതരണങ്ങളൊന്നും ഉണ്ടായതുമില്ല. എങ്കിലും ചില നാടകങ്ങൾ ശരാശരി നിലവാരം പുലർത്തിയെന്നത് പ്രേക്ഷകർക്ക് ആശ്വാസമായി. 
പൊതുവിൽ ആവിഷ്‌കാര സ്വാതന്ത്ര്യമോ കലാവിഷ്‌കാരങ്ങളോ കാര്യമായി നിലനിൽക്കുന്നില്ല എന്നു പറയപ്പെടുന്ന ഇറാനിൽ നിന്നുള്ള രണ്ടു നാടകങ്ങളാണ് ഏറ്റവും ശ്രദ്ധേയമായത് എന്നതാണ് നാടകോത്സവവുമായി ബന്ധപ്പെട്ട് എടുത്തു പറയേണ്ട സംഗതി. മരണാനന്തരം കണ്ടുമുട്ടുന്ന ദമ്പതികൾ ഓർത്തെടുക്കുന്ന ജീവിതത്തിലെ പ്രണയവും രാഷ്ട്രീയവുമാണ് ദി വെൽ എന്ന നാടകത്തെ നീറുന്ന അനുഭവമാക്കിയത്. കവിയും അധ്യാപകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ഖലീലിനെ ഭരണകൂടം നിരന്തരം വേട്ടയാടിയിരുന്നു. ഖലീലിനെ തൂക്കിലേറ്റി എന്നു കേട്ട അയാളുടെ പ്രേയസി മറിയം കിണറ്റിൽ ചാടി മരണം വരിക്കുകയായിരുന്നു. ജയിലിൽ നിന്നു തിരിച്ചുവന്ന ഖലീലും അവരെ പിന്തുടരുന്നു. പുനഃസമാഗമത്തിലെ സംഭാഷണങ്ങൾ ഇറാനിലെ സാമൂഹിക ജീവിത്തിന്റെ നേർകാഴ്ചയും ഇരുവരുടേയും പ്രണയത്തിന്റെ തീവ്രതയും പ്രേക്ഷക ഹൃദയത്തിൽ കോറിയിടുന്നു. കാര്യമായ രംഗസജ്ജീകരണമൊന്നുമില്ലാതെ അവതരിപ്പിച്ച നാടകം ഇരുവരുടെയും അഭിനയ മികവിലാണ് അവിസ്മരണീയാനുഭവമായത്. 


ഷേയ്ക്‌സിപയറിന്റെ വിഖ്യാതമായ മിഡ് സമ്മർ നൈറ്റ്‌സ് ഡ്രീം എന്ന നാടകത്തെ തങ്ങളുടേതായ രീതിയിൽ ഇറാനിൽ നിന്നുള്ള മൊസ്താഗൽ തിയേറ്റർ അവതരിപ്പിച്ചതും കയ്യടി നേടി. ഏഥൻസിൽ സ്വതന്ത്രമായി പ്രണയിക്കാൻ കഴിയാതെ കാട്ടിലേക്കു പോയ നാലുപേർ നേരിട്ട പ്രതിസന്ധികളാണ് നാടകത്തിന്റെ പ്രമേയം. തികച്ചും നവീനമായ അവതരണ ശൈലിയാണ് നാടകത്തെ ശ്രദ്ധേയമാക്കിയത്. 


ശ്രീലങ്കയിൽ നിന്നുള്ള തിത്ത കഹാത്ത (കയ്‌പേറിയ അമൃത്) ആയിരുന്നു നാടകോത്സവത്തിലെ ഉദ്ഘാടന നാടകം. സിംഹള / തമിഴ് ഭാഷയിലുള്ള ഈ നാടകം നേരിട്ട് രാഷ്ട്രീയം പറയുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ശ്രീലങ്കയിലെ ചായത്തോട്ടങ്ങളിലേക്ക് അടിമകളെ പോലെ പണിയെടുക്കാൻ കൊണ്ടുപോയ പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളുടെ പരമ്പര ഇപ്പോഴും അനുഭവിക്കുന്ന പീഡനങ്ങളാണ് നാടകത്തിന്റെ പ്രമേയം. ഇന്നും തുടരുന്ന മനുഷ്യക്കടത്തുകൾ നാടകത്തിന്റെ സമകാലീന പ്രസക്തിയെ സൂചിപ്പിക്കുന്നു. പലപ്പോഴും മൂന്നാറിലെ തൊഴിലാളികളെയും നാടകം ഓർമിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രീലങ്കൻ സന്ദർശനം ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ചത് കൈയടി നേടി. 
വിയറ്റ്‌നാമിൽ നിന്നുള്ള ദി മെയ്ഡ്‌സ് ആയിരുന്നു മറ്റൊരു വിദേശ നാടകം. തങ്ങളുടെ സംഘർഷങ്ങൾ അതിജീവിക്കാൻ വീട്ടിൽ ഉടമസ്ഥരില്ലാത്ത നേരത്ത് ഉടമസ്ഥരായി പകടർന്നാടുന്ന രണ്ടു വീട്ടുജോലിക്കാരുടെ ജീവിതമാണ് ഈ നാടകം. ആ സംഘർഷം എത്തിച്ചേരുന്നത് കൊലപാതകത്തിലേക്കായിരുന്നു. ജനനം, ജീവിതം, മരണം എന്നീ അവസ്ഥകൾ സൂചിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളിലൂടെ ഒരു സ്ത്രീയും പുരുഷനും യാത്ര ചെയ്യുന്നതാണ് ദി റിച്വൽ എന്ന ഇറ്റാലിയൻ നാടകം രംഗത്തവതരിപ്പിച്ചത്. 


വിയറ്റ്‌നാമീസ് ഗ്രാമീണ ജനതയുടെ ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും നേർകാഴ്ചയായി മാറിയിട്ടുള്ള ജലപാവകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു വാട്ടർ പപ്പറ്ററി. വിയറ്റ്‌നാമിൽ കെയ്ത്തുൽസവത്തിന്റെ ഭാഗമായി ആരംഭിച്ച ഈ കലാരൂപം ഇന്ന് ലോക പ്രസിദ്ധമാണ്. വർണശബളമായ വേഷങ്ങളോടെയും ജീവിത ഗന്ധിയായ ഭാവങ്ങളോടെയുമുള്ള പാവകൾ ജലത്തിൽ നടത്തിയ പ്രകടനങ്ങൾ പ്രേക്ഷകരിൽ ഭൂരിഭാഗത്തിനും ആദ്യാനുഭവമായി. 
കാര്യമായ രംഗസജ്ജീകരണങ്ങളോ സാങ്കേതിക വിദ്യകളോ പ്രയോഗിക്കാതെയാണ് മിക്കവാറും വിദേശ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടതെങ്കിൽ ഇന്ത്യൻ നാടകങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇരുണ്ട കാലത്തു ജീവിക്കുന്ന മനുഷ്യരെ കുറിച്ചും യുദ്ധത്തെ കുറിച്ചും പലായനത്തെ കുറിച്ചും അഭയാർത്ഥികളെ കുറിച്ചുമൊക്കെ പറയുന്ന ഡാർക്ക് തിംഗ്‌സ് തന്നെ ഒരുദാഹരണം. ഇറ്റ്‌ഫോക്കിൽ ശ്രദ്ധേയമായ പല നാടകങ്ങളും ചെയ്തിട്ടുള്ള ദീപൻ ശിവരാമനും അനുരാധാ കപൂറുമാണ് സംവിധായകർ. ആധുനിക മൂലധനത്തിനു മുന്നിൽ നിസ്സഹായരാകുന്ന മനുഷ്യരെയാണ് നാടകത്തിലൂടെ അവതരിപ്പിക്കാൻ ശ്രമിച്ചത്. പോണ്ടിച്ചേരിയിൽ നിന്നുള്ള കറുപ്പ് എന്ന നാടകമാകട്ടെ ദ്രാവിഡ സംസ്‌കാരത്തിന്റെ ജൈവികതയിലൂടെ പുരുഷനും പ്രകൃതിയും തമ്മിലുള്ള സംഗമവും അകൽച്ചയും പുനഃസംഗമവുമാണ് അവതരിപ്പിച്ചത്. ശരീരം എങ്ങനെയെല്ലാം ഉപയോഗിക്കാനാവുമെന്ന് ഈ നാടകം വ്യക്തമാക്കി. പ്രൈവസി എന്ന ഹിന്ദി നാടകമാകട്ടെ, സ്വകാര്യതയിൽ നിന്നു പുറത്തു വന്ന് ലോകം കാണുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. 


ശശിധരൻ നടുവിൽ സംവിധാനം ചെയ്ത ഹിഗ്വിറ്റ, ചന്ദ്രഹാസന്റെ ശാകുന്തളം, ജോയ് പി.പി സംവിധാനം ചെയ്ത അലി ബിയോണ്ട് ദി റിംഗ്, ജിനോ ജോസഫിന്റെ നൊണ എന്നിവയായിരുന്നു അവതരിക്കപ്പെട്ട മലയാളം നാടകങ്ങൾ. എൻ.എസ്. മാധവന്റെ പ്രശസ്ത ചെറുകഥയായ ഹിഗ്വിറ്റ തന്നെയാണ് പന്തുകളി ഗ്രൗണ്ടിൽ ശശിധരൻ നാടക രൂപത്തിൽ അവതരിപ്പിച്ചത്. ബിഷപ്പ് ഫ്രാങ്കോയുടെ കാലത്ത് ഗീവർഗീസച്ചനെ പോലുള്ള പുരോഹിതനെ ഓർമിപ്പിക്കാൻ നാടകം സഹായിച്ചു. ശാകുന്തളം നാടകം പ്രേക്ഷകരുടെ കൂക്കുവിളിയോടെയാണ് അവസാനിച്ചത്. 
ലോകപ്രശസ്ത ബോക്‌സർ മുഹമ്മദലിയുടെ ജീവിതം തന്നെയാണ് അലി ബിയോണ്ട് ദി റിംഗിന്റെ പ്രമേയം. 'നൊണ'യാകട്ടെ നുണ പ്രചാരണങ്ങളിലൂടെ സംഘപരിവാർ പടുത്തുണ്ടാക്കാൻ ശ്രമിക്കുന്ന വർഗീയ രാഷ്ട്രീയത്തെ കടന്നാക്രമിക്കുന്നു. ഓർമയിൽ തങ്ങിനിൽക്കാൻ കാര്യമായൊന്നുമില്ലാതിരുന്ന പതിനൊന്നാമത് ഇറ്റ്‌ഫോക് ശരാശരി നിലവാരം കാഴ്ചവെച്ചു എന്നു പറയാം. മുതിർന്ന കന്നഡ സംവിധായകൻ പ്രസന്നയുടെ സാന്നിധ്യമാണ് ഉദ്ഘാടന സമ്മേളനത്തെ അർത്ഥവത്താക്കിയത്. നാടകോത്സവത്തിന്റെ ഭാഗമായി മലയാളത്തിലെ പെണ്ണരങ്ങ്, ഇന്ത്യൻ തിയേറ്ററിന്റെ  വർത്തമാനം, ആവിഷ്‌കാരത്തിന്റെ രാഷ്ട്രീയം തുടങ്ങി പല വിഷയങ്ങളെ കേന്ദ്രീകരിച്ച സെമിനാറുകളും മീറ്റ് ദി ഡയറക്ടേഴ്‌സ് പരിപാടികളും സംഗീതാവിഷ്‌കാരങ്ങളും നടന്നു. അനൗപചാരികമായി പ്രേക്ഷകരിൽ നിന്നുണ്ടായ പല ആവിഷ്‌കാരങ്ങളും നാടകോത്സവത്തിന്റെ ഭാഗമായി. സംവിധായകൻ പ്രിയനന്ദനനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള പരിപാടികളും നാടകോത്സവ വേദിയിൽ നടന്നു. 

Latest News