Saturday , April   20, 2019
Saturday , April   20, 2019

'സന്ദീപ് പണ്ഡിറ്റ്' കേരളാവിലെ സൂപ്പർ സ്റ്റാർ 

അഞ്ച് ലക്ഷം രൂപ മതി ഒരു സിനിമ പിടിക്കാനെന്ന് തെളിയിച്ച കലാകാരനാണ് സന്തോഷ് പണ്ഡിറ്റ്. ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ രാത്രി ശുഭരാത്രി എന്ന പാട്ട് ഏതെങ്കിലും ടിവി സ്റ്റേഷനിൽ വിളിച്ച് ഡെഡിക്കേറ്റ് ചെയ്താൽ മതി. ടൈഗർ ബിസ്‌ക്കറ്റിൽ ടൈഗറുണ്ടാവുമെന്ന് കരുതിയോ എന്നത് പോലുള്ള ഡയലോഗുകൾ എത്ര പെട്ടെന്നാണ് ഹിറ്റായത്. യുട്യൂബിൽ പണ്ഡിറ്റ്ജിയുടെ സിനിമാ  രംഗങ്ങൾക്ക് കാണികളേറെയാണെന്നാണ് കണക്കുകകൾ സൂചിപ്പിക്കുന്നത്. ജിദ്ദയിലെ ഒരു പ്രവാസി ടെൻഷൻ വരുമ്പോഴൊക്കെ  പരിഹാരം കണ്ടെത്തുന്നത് വേസ്റ്റ് പിടിച്ചടക്കാൻ വരുന്ന സന്തോഷ് പണ്ഡിറ്റിന്റെ ഐ.പി.എസ് രംഗങ്ങൾ കണ്ടിട്ടാണത്രെ. അടുത്തിടെ അനന്തപുരിയിൽ ശബരിമല പ്രതിഷേധ സംഗമം ചേർന്ന വേളയിൽ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിലും സന്തുവിന്റെ സ്വാധീനമുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ അങ്ങിനെയങ്ങ് എഴുതി തള്ളാൻ വരട്ടെ. കൈരളി ടിവിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രദർശിപ്പിച്ച തലൈവ എന്ന തമിഴ് പടത്തിൽ വിജയും അമല പോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിജയിയുടെ ഡാൻസ് ട്രൂപ്പിൽ ചേർന്ന അമലയെ പ്രണയിക്കാൻ തോന്നുന്നത് വാണിജ്യ സിനിമയിൽ സ്വാഭാവികം. പാട്ടും നൃത്തവുമായി അനുരാഗ നദി കുതിക്കാൻ നിൽക്കുമ്പോൾ കഥാനായികയുടെ റെഡ് സിഗ്‌നൽ. ഒരാളുടെ സമ്മതമില്ലാതെ എനിക്ക് ഈ സാഹസത്തിന് നിൽക്കാനാവില്ല. അതാര് അഛനാണോ എന്നു മറുചോദ്യം. ഞാൻ മാരീഡാണെന്ന് പറഞ്ഞ നായിക ഉടൻ തന്നെ മിനി സ്‌ക്രീനിലെ ഗാന രംഗം കാണിച്ചു കൊടുത്തു. 
സന്ദീപ് പണ്ഡിറ്റ് എന്ന കേരളത്തിലെ സൂപ്പർ സ്റ്റാറിന്റെ ഗാനരംഗമാണ്  അമലു കാമുകന് കാണിച്ചു കൊടുത്തത്.  അതിനും ഉപയോഗപ്പെടുത്തിയത് രാത്രി ശുഭരാത്രി പാട്ട് സീൻ. ഭർത്താവ് ഈ രംഗം അഭിനയിച്ചത് തന്നെ മനസ്സിൽ ധ്യാനിച്ചാണെന്ന് അമല പോൾ പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്കും പാട്ടുകൾക്കും എന്തെന്ത് സാധ്യതകൾ?
സന്തോഷ് പണ്ഡിറ്റിനെ ചാനൽ മേധാവികൾ ക്ഷണിച്ചു വരുത്തി പരിഹസിക്കുന്ന ഒരു കാലം മലയാളത്തിലുണ്ടായിരുന്നു. അവരെല്ലാം തിരിച്ചറിയാതെ പോകുന്ന സഹജീവി സ്‌നേഹം കൊണ്ടു നടക്കുന്ന കലാകാരൻ കൂടിയാണ് സന്തു.  തിരുവനന്തപുരം പോത്തൻകോട് സ്വദേശി ദ്യുതി എന്ന കായികതാരത്തിന്റെ അവസ്ഥ തന്നെ നോക്കാം. ഒളിമ്പിക്‌സ് മോഹങ്ങളുമായി ധാരാളം മെഡലുകളുമായി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിന്ന ദ്യുതിക്ക് ആശ്വാസവുമായെത്തിയത് പണ്ഡിറ്റാണ്. സൈക്ലിങ്, സ്വിമ്മിങ്, റണ്ണിങ് എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടുണ്ട് ഈ പെൺകുട്ടി. കായികരംഗത്ത് നേട്ടങ്ങൾ സ്വന്തമാക്കിയ ദ്യൂതിക്ക് പണമില്ലാത്തതിനാൽ പരിശീലനത്തിനൊന്നും പോകാനാവാതെയായി. 'എല്ലാംമതിയാക്കിയാലോ എന്നാലോചിക്കുവാ...എന്നു വരെ ഈ കായികതാരം ഫേസ്ബുക്കിൽ കുറിച്ചിട്ടത് കണ്ണീരോടെയാണ് മലയാളികൾ വായിച്ചത്. ഈ പ്രതിഭയ്ക്ക്  വേണ്ട സഹായം ചെയ്യാൻ തയാറാണെന്ന് അറിയിച്ച സന്തോഷ് പണ്ഡിറ്റ് മലയാള സിനിമാ താരങ്ങൾക്കെല്ലാം മാതൃകയായി. 

***    ***    ***

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പലതും പറയും അതൊന്നും കാര്യമാക്കേണ്ടെന്ന മഹദ് വചനം ഓർമിയിലിരിക്കേയാണ് കേന്ദ്ര സർക്കാർ അടിപൊളി ബജറ്റ് അവതരിപ്പിച്ചത്. ഓരോ ഇന്ത്യക്കാരന്റേയും അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം നിക്ഷേപിക്കുമെന്ന വാഗ്ദാനം ആരും മറന്നിട്ടില്ല. 
ബജറ്റ് ദിവസം കേന്ദ്ര സർക്കാരിനെ അക്രമിക്കാൻ ഏഷ്യാനെറ്റ് അവരുടെ സകല പണ്ഡിതന്മാരേയും അണി നിരത്തുമെന്ന് സംഘി മുന്നറിയിപ്പുണ്ടായിരുന്നു. അപ്പോഴതാ വരുന്നു കർഷകന്റെ അക്കൗണ്ടിലേക്ക് പ്രതിമാസം ആറായിരം രൂപ. ഗർഭിണികൾക്ക് പണ്ട് പ്രഖ്യാപിച്ച തുക വേറെയുമുണ്ട്. ഇതെല്ലാം കൈവന്ന് സന്തോഷം കൊണ്ടിരിക്കാൻ വയ്യാത്ത പരുവത്തിലിരിക്കുമ്പോഴാണ് സാമ്പത്തിക പത്രമായ ഇക്കണോമിക് ടൈംസിൽ ഇന്ത്യയിലെ അതിസമ്പന്നനായ അംബാനി പാപ്പർസൂട്ട് ഫയൽ ചെയ്യാൻ പോകുന്നുവെന്ന് വാർത്ത. തനിക്ക് കിട്ടാനുള്ളത് നൽകാതെ മുങ്ങാൻ അനുവദിക്കരുതെന്ന് എറിക്‌സൺ.  ഈ വിദ്വാനെയാണ് മോഡിജി റഫേൽ വിമാനമുണ്ടാക്കാൻ ഏൽപിച്ചത്. ബോംബെയിലെ കുശുമ്പുകാരുടെ മുഴുവൻ അസൂയ പിടിച്ചു പറ്റി ചേട്ടന്റെ മോളുടെ കല്യാണം നടത്തിയപ്പഴേ കരുതിയതാ എന്തോ അത്യാപത്ത് വരാൻ പോകുന്നുവെന്ന്. കണ്ട ബ്ലേഡിൽ നിന്നെല്ലാം കടമെടുത്ത് എണ്ണൂറ്റിയമ്പത് കോടിയല്ലേ മംഗലത്തിന് പൊട്ടിച്ചത്. ഏതോ അമേരിക്കക്കാരി വന്ന് പാടിയതിനും കൊടുത്തു 25 കോടി. ഏഷ്യാനെറ്റിൽ ഞാൻ കോടീശ്വരൻ അവതരിപ്പിച്ച സുരേഷ് ഗോപി ഐ.പി.എസ് മൂന്ന് വർഷമായിട്ടും വാക്ക് പാലിച്ചില്ലെന്ന പരാതിയുമായി വീട്ടമ്മ എത്തിയെന്ന് റിപ്പോർട്ടർ ചാനൽ. ശനിയാഴ്ച ഉച്ചയ്ക്ക് റിപ്പോർട്ടറിലെ ന്യൂസ് ബുള്ളറ്റിൻ സംപ്രേഷണം ചെയ്തപ്പോൾ ന്യൂസ് റീഡറെ കാണാനുണ്ട്. ശബ്ദമില്ല. അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യൻ എക്‌സ്പ്രസ് പത്രം എഡിറ്റോറിയൽ കാലിയാക്കി ഒഴിച്ചിട്ട് പ്രതിഷേധിച്ചത് പോലെ. 

***    ***    ***

സത്യൻ അന്തിക്കാടിന്റെ ഇന്ത്യൻ പ്രണയ കഥയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച അയ്മനം സാജൻ നമുക്കിടയിൽ ജീവിക്കുന്ന സ്ഥാനമോഹികളിലൊരാളാണെന്ന് തിരിച്ചറിയുക തെരഞ്ഞെടുപ്പ് കാലം വരുമ്പോഴാണ്. കോൺഗ്രസ്  നേതാക്കൾ അടുത്തിടെ ഗൾഫ് പര്യടനത്തിനെത്തിയതണുപ്പുള്ള പാതിരാവിൽ അവരുടെ പ്രസംഗം ശ്രവിച്ചു. കൂട്ടത്തിലൊരാൾ പറഞ്ഞത് കോൺഗ്രസിന്റെ എം.എൽ.എയും മന്ത്രിയുമാവേണ്ടവരാണ് പ്രവാസികളിൽ ചിലരെന്നാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളിൽ പ്രധാന സ്ഥാനം വഹിച്ചവരെ പ്രവാസ ലോകത്ത് കാണാനിട വന്നപ്പോഴാണ് നേതാവിന്റെ ഈ പ്രയോഗം. ഈ വിഭാഗം കൂടി അണി നിരന്നാൽ സീറ്റ് തർക്കം തീർക്കാൻ ഐക്യ രാഷ്ട്രസഭ വരെ ഇടപെടേണ്ടി വരുമായിരിക്കും. കേരളത്തിൽ യു.ഡി.
എഫിന് ഏറ്റവും ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയുള്ള സീറ്റുകളിലൊന്നാണ് വയനാട്. ഈ സീറ്റിന് വേണ്ടി പലരും ചരട് വലി തുടങ്ങിയതായാണ് വാർത്ത. സംസ്ഥാന നേതാക്കൾക്ക് വരെ നോട്ടമുണ്ട്. അപ്പോഴാണ് അന്തരിച്ച നേതാവിന്റെ മകൾ ആമിനയെ സ്ഥാനാർഥിയാക്കാൻ മാധ്യമങ്ങളുടെ സഹായത്തോടെ ചിലരുടെ ഉത്സാഹം. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ ഇക്കഴിഞ്ഞ ജനുവരി 30ന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നതും ഈ സാഹചര്യത്തിലാണ്. എം ഐ ഷാനവാസിന് ആദരാജ്ഞലികൾ അർപ്പിച്ചു തുടങ്ങുന്ന പോസ്റ്റ് ആമിന ഷാനവാസിനെ അഭിസംബാധന ചെയ്താണ്. തനിക്ക് അർഹതപ്പെട്ട പലതും നഷ്ടപ്പെട്ട കാര്യങ്ങൾ വിവരിക്കുന്ന പോസ്റ്റ് അവസാനിപ്പിക്കുന്നത് വയനാട്ടിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥിയുടെ  വിജയത്തിന് പ്രവർത്തിക്കാൻ ക്ഷണിച്ചു കൊണ്ടാണ്. പല സർവേകളിലും കേരളത്തിൽ യു.ഡി.എഫിന് പതിനാറ് സീറ്റുകൾ വരെ ലഭിക്കാനിടയുണ്ടെന്ന ഫലം പുറത്തു വന്നതോടെ കോൺഗ്രസ് സീറ്റുകൾക്കായി തിക്കും തിരക്കും വർധിച്ചിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ ടൈംസ് നൗ സർവേയിലും ഇത് തന്നെയാണ് കണ്ടെത്തിയത്. ഒരു മാറ്റമുള്ളത് എൽ.ഡി.എഫ് മൂന്നിലേക്ക് ചുരുങ്ങുമെന്നും ഒരു സീറ്റ് ബി.ജെ.പി നേടുമെന്നുള്ളതുമാണ്. ഇത് പുറത്തു വന്നതോടെ താമര പാർട്ടിയിലും തലസ്ഥാനത്ത് മത്സരിക്കാൻ പലർക്കും ആവേശം കൂടിയിട്ടുണ്ട്. 

***    ***    ***

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ വനിതാ സെൽ എസ്പി ചൈത്ര തെരേസാ ജോൺ എസ്എഫ്‌ഐയുടെ പഴയ തീപ്പൊരി പ്രവർത്തകയെന്ന് മംഗളം റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ  ഉസ്മാനിയ സർവകലാശാലയിൽ ബിരുദ വിദ്യാർഥിയായിരിക്കേ പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്നു ചൈത്ര. ചൈത്രയുടെ എസ്എഫ്‌ഐ ബന്ധം വൈകിയാണ് സിപിഎം നേതൃത്വം തിരിച്ചറിഞ്ഞത്. ഈ സാഹചര്യത്തിൽ യുവ ഐപിഎസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി മയപ്പെടുത്തണമെന്നും വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യം പാർട്ടിയിൽ ഉയർന്നു കഴിഞ്ഞതായും മംഗളം റിപ്പോർട്ടിലുണ്ട്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ചൈത്രയ്‌ക്കെതിരെ നടപടി വേണമെന്ന വാശിയുമായി മുന്നോട്ട് പോകുന്നത്. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നാണു ജില്ലാ ഘടകത്തിന്റെ ആവശ്യം.

***    ***    ***

പെട്രോളിന് അടിക്കടി വില കൂടുന്നതായിരുന്നു കുറച്ചു മുമ്പ് വരെ വലിയ പ്രശ്‌നം. സമാധാനമായത് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ വിശദീകരണം പുറത്തു വന്നപ്പോഴാണ്. ഇങ്ങിനെ വില കൂട്ടി കൂട്ടി ഇന്ത്യാ രാജ്യമെങ്ങും ശോചനാലയം പണിയുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം മനസ്സിലാക്കി തന്നു. മലയാളിയുടെ ഡിഎൻഎയിലടങ്ങിയ പാരവെപ്പാണ് നമ്പി നാരായണന്റെ പുരസ്‌കാര ലബ്ധിയിൽ വിമർശനമുയരാൻ ഹേതുവെന്ന് അദ്ദേഹം കണ്ടു പിടിച്ചു. കൈരളി പീപ്പിൾ ഇക്കഴിഞ്ഞ ശനിയാഴ്ച സന്ധ്യയ്ക്ക് ഇത് ചർച്ച ചെയ്തു. നമ്പി നാരായണന് പത്മ പുരസ്‌കാരം നൽകിയതിനെ സെൻകുമാർ വിമർശിച്ചതും അൽഫോൻസ് കണ്ണന്താനം മലയാളിയുടെ മൊത്തം ഡിഎൻഎ പ്രശ്‌നമായി വിമർശനത്തെ അവതരിപ്പിച്ചതുമായിരുന്നു ചർച്ചയുടെ വിഷയം. സെൻകുമാറിനെയും കണ്ണന്താനത്തെയും വിമർശിക്കുകയെന്നതാണ്  ചർച്ച സംഘടിപ്പിച്ചവർ ഉദ്ദേശിച്ചത്. അതിന് തക്ക രീതിയിലായിരുന്നു പാനൽ. ടെലിഫോൺ ലൈനിൽ പി.എസ് റംഷാദ് എന്ന മാധ്യമ പ്രവർത്തകനെയും പങ്കെടുപ്പിച്ചു. 
സെൻകുമാർ ആദ്യമായി തന്റെ സംഘി മനസ്സ് വെളിപ്പെടുത്തിയത് സമകാലിക മലയാളം വാരികയിൽ പ്രസിദ്ധപ്പെടുത്തിയ ഇദ്ദേഹവുമായുള്ള അഭിമുഖ സംഭാഷണത്തിലൂടെയായിരുന്നു. അഭിമുഖം ഏറെ വിവാദമായതുമാണ്. മാധ്യമ പ്രവർത്തകനെ സംസാരിക്കാൻ അനുവദിക്കാതെ പാനലിലെ രാഷ്ട്രീയ നേതാവിന് യഥേഷ്ടം ബഹളം വെക്കാൻ അനുവദിച്ചതിലൂടെ ചർച്ച സമ്പൂർണ തമാശ പരിപാടിയായി മാറുകയായിരുന്നു. സി.പി.എം പ്രതിനിധി റഹീം തുടരുന്നതിനിടെ അവതാരകൻ മാധ്യമ പ്രവർത്തകനെ ഉപേദശിക്കുകയും ചെയ്തു. '
റംഷാദ്, ഇതൊന്നുമല്ല ചർച്ച ചെയ്യേണ്ടത്. സെൻകുമാറും കണ്ണന്താനവും പറഞ്ഞത് മ്ലേഛമാണ്'' വെറുതെയല്ല, മലയാളി പ്രേക്ഷകർ തട്ടീം മുട്ടീം, ഉള്ളത് പറഞ്ഞാൽ പോലുള്ള പരിപാടികൾ കാണാൻ താൽപര്യപ്പെട്ടു തുടങ്ങിയത്.  

 

Latest News