Saturday , April   20, 2019
Saturday , April   20, 2019

ഹലാല്‍ ബിസിനസിലുടെ മുസ്ലിം നിക്ഷേപകരെ കബളിപ്പിച്ച നൗഹീറയുടെ കഥ

നൗഹീറക്കെതിരെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഐ.പി.എസുകാരന്റെ പോസ്റ്റ്
 ദുബായ് ബിസിനസ് മീറ്റിൽ പുരസ്‌കാരം ഏറ്റ് വാങ്ങുന്ന നൗഹീറ. 
തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യുന്നു. 

നിക്ഷേപത്തട്ടിപ്പിലൂടെ 500 കോടി തട്ടിയ നൗഹീറാ ശൈഖ് ഇപ്പോൾ അഴിയെണ്ണുന്നു

പർദ്ദയ്ക്ക് വെളിയിൽ കാണുന്ന വെളുത്ത മുഖത്ത് വശ്യമായ പുഞ്ചിരി. ആകർഷകമായ സംസാരവും, പെരുമാറ്റവും. കോടികൾ വെട്ടിപ്പ് നടത്തിയ ഹലാൽ ബിസിനസിന്റെ മസ്തിഷ്‌കം ആന്ധ്ര സ്വദേശിനി നൗഹീറാ ശൈഖ് എന്ന നാൽപത്തിരണ്ടുകാരിയെ (42) തെലങ്കാനയിലെ സൈബരാബാദ് പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്ത് അന്വേഷണത്തിനായി ഹൈദരാബാദിലെത്തിച്ചു. ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന ഇവരെ അറസ്റ്റ് രേഖപ്പെടുത്തിയാണ് ഹൈദരാബാദിലെത്തിച്ചത്. 
'പലിശരഹിത ലോകത്തേക്ക്' എന്ന മുദ്രാവാക്യവുമായി നൗഹീറ ശൈഖിന്റെ ഹീറാഗ്രൂപ്പ് കമ്പനി മുസ്‌ലിം നിക്ഷേപകരെയാണ് വ്യാപകമായി വലവീശിപ്പിടിച്ചത്. അമിതപലിശ (ഹലാൽ ബിസിനസിന്റെ ഭാഷയിൽ ലാഭവിഹിതം) വാഗ്ദാനം ചെയ്ത് കൊണ്ട് 20,000 കോടി രൂപ നൗഹീറശൈഖ് തട്ടിപ്പ് നടത്തിയതായാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. 
കേരളത്തിൽ പാലക്കാട് മുതൽ വടക്ക് ദക്ഷിണ കന്നഡ വരെയുള്ള നിക്ഷേപകരിൽനിന്ന് തട്ടിയത് മാത്രം 500 കോടി രൂപയാണ്. നൗഹീറയുടെ പുഞ്ചിരിയിൽ അകപ്പെട്ട കേരളത്തിലെ നിക്ഷേപകരിൽ ഏറിയ പങ്കും മുസ്‌ലിംകളുമാണ്.

ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 5000 രൂപ വരെ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഇവർ നിക്ഷേപകരെ വലയിലാക്കിയത്.
അമേരിക്കയിൽ കുടിയേറിയ ചാൾസ് സ്‌പോൺസി എന്ന ഇറ്റലിക്കാരൻ  1920-കളിൽ പോസ്റ്റേജ് സ്റ്റാമ്പുകൾക്ക് പകരം 'ഇന്റർനാഷണൽ റിപ്ലെ കൂപ്പണുകൾ' വിറ്റ് നിക്ഷേപകരുടെ പണം തട്ടിയെടുത്തതോടെ, സമാനമായി അരങ്ങേറിയ എല്ലാ നിക്ഷേപ തട്ടിപ്പു പദ്ധതികളും 'സ്‌പോൺസി സ്‌കീം' എന്നാണ് അറിയപ്പെട്ട് തുടങ്ങിയത്. 
ലാഭ നേട്ടങ്ങളും കമ്പനി വരച്ച് കാട്ടുന്ന ഉയർന്ന ലാഭക്കണക്കുകളും  പ്രചരിക്കുന്നതോടെ ഇയ്യാംപാറ്റ കണക്കെ ഈ തട്ടിപ്പ് വലയിൽ ഇരകൾ വന്ന് വീഴുന്നു. ആവശ്യത്തിന് പണം കയ്യിലാകുന്നതോടെ സ്‌കീമിന്റെ ഉപജ്ഞാതാക്കൾ മുങ്ങും. നിക്ഷേപകർ പെരുവഴിയിലുമാകും. പിന്നിട്ട രണ്ടര പതിറ്റാണ്ടിനിടയ്ക്ക് എത്രയോ നിക്ഷേപ തട്ടിപ്പുകൾ കേരളത്തിലരങ്ങേറി. ഒരാളുടെ പക്കൽ നിന്ന് പണം വാങ്ങി അത് മറ്റൊരാൾക്ക് നൽകി വീണ്ടും വീണ്ടും ദ്രുതഗതിയിൽ ആളെ ചേർക്കുന്ന ഈ തട്ടിപ്പ് പദ്ധതി പൊളിയാൻ കൂടുതൽ സമയം വേണ്ട. മലബാർ മേഖലയിൽ ഹലാൽ ബിസിനസെന്ന പേരിലാണ് ഒട്ടുമിക്ക നിക്ഷേപത്തട്ടിപ്പുകളും പിറവിയെടുക്കുന്നതെങ്കിൽ, തെക്കൻ കേരളത്തിൽ 'ടോട്ടൽ ഫോർ യു' മോഡൽ തട്ടിപ്പുകളാണ് ആവിഷ്‌ക്കരിക്കപ്പെട്ടത്. ഇത്തരം തട്ടിപ്പുകൾക്ക് കേരളത്തിൽ നല്ല വളക്കൂറുണ്ടെന്ന് തെളിയിച്ച് കൊണ്ട് തട്ടിപ്പുകാരും, എത്രതന്നെ കണ്ടാലും കൊണ്ടാലും പഠിക്കില്ലെന്ന മട്ടിൽ ഇരകളും പെരുകുന്നു.

ഹലാൽ ബിസിനസ്
പലിശയോട് വിയോജിപ്പുള്ളവരെ ഉദ്ദേശിച്ചാണ് ഹലാൽ ബിസിനസ് എന്ന കെണി ഒരുക്കുന്നത്. പണമുണ്ടായിട്ടും പലിശ ഹറാമായതിനാൽ പണം ബാങ്കിൽ നിക്ഷേപിക്കാത്തവരേയും, സ്വന്തമായി ബിസിനസ് ചെയ്യാൻ പ്രാപ്തിയില്ലാത്തവരേയും ലക്ഷ്യമിട്ട് മലബാറിൽ ബീജാവാപം ചെയ്തതാണ് ഹലാൽ ബിസിനസ് എന്ന ആശയം. ഇതിന്റെ മറ പറ്റി നിക്ഷേപ തട്ടിപ്പിന് പുതിയ രൂപവും ഭാവവും പിൽക്കാലത്ത് കൈവരികയും ചെയ്തതോടെ, ഈ കെണിയിലേക്ക് അതിവേഗം ഇരകൾ ആകർഷിക്കപ്പെടുകയും ചെയ്തു. 'പോൺസി സ്‌കീമു'കൾ എന്ന ഓമനപ്പേരിലറിയപ്പെടുന്ന നിക്ഷേപ പദ്ധതികളുടെ പ്രചാരണം ഇപ്പോൾ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെയാണ് പ്രചരിക്കുന്നത്. ഓഹരികൾ, വസ്തുവകകൾ, വാഹനങ്ങൾ തുടങ്ങി വിവിധ നിക്ഷേപങ്ങളാണ് മോഹന ലാഭ വാഗ്ദാനങ്ങളുമായി വിളംബരം ചെയ്യപ്പെടുന്നത്. മറ്റാർക്കും ലഭ്യമല്ലാത്ത രഹസ്യ ഫോർമുലകളാണ് ഇത്തരം നിക്ഷേപ തട്ടിപ്പുകളുടെ വളർച്ചയുടെ അടിസ്ഥാനം. തുടക്കത്തിൽ നിക്ഷേപകർക്ക് കണ്ണഞ്ചിക്കും വിധത്തിൽ ലാഭവിഹിതം നൽകുന്നതോടെ പിന്നീട് ഇരകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടാവുകയും ചെയ്യും. നിനച്ചിരിക്കതെ ഒരു ദിനം പൊടുന്നനെ അപ്രത്യക്ഷമാകാനുള്ള മാന്ത്രിക ശേഷിയും ഇത്തരം തട്ടിപ്പുകൾക്ക് രൂപം നൽകുന്നവർക്കുണ്ട്. 


നൗഹീറയെന്ന ഹൂറി
ആന്ധ്രയിലെ ചിറ്റൂർ സ്വദേശിനിയാണ് നൗഹീറാ എന്ന നൗഹീറാ ശൈഖ്. ആരേയും ആകർഷിക്കുന്ന സുന്ദരി. ചെറിയ തോതിലുള്ള പച്ചക്കറിക്കച്ചടക്കാരനായിരുന്നു നൗഹീറയുടെ പിതാവ്. ദാരിദ്ര്യം കാരണം സ്‌കൂൾ വിദ്യാഭ്യാസം പൂർത്തീകരിക്കാതെ, ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച നൗഹീറ വീടിനടുത്തുള്ള മദ്രസയിൽ ചെറിയ കുട്ടികൾക്ക് മതപഠനം നൽകി വരികയായിരുന്നു. ഇതിൽ നിന്ന് കാര്യമായ വരുമാനമൊന്നുമുണ്ടായിരുന്നില്ല. പഴയ തുണിത്തരങ്ങൾ ശേഖരിച്ച് ഡ്രൈക്ലീനിംഗ് നടത്തിയ ശേഷം അവ പാവപ്പെട്ട വീടുകളിൽ കൊണ്ട് പോയി വിൽപന നടത്തിയാണ് നൗഹീറ ബിസിനസ് രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഈ ബിസിനസിനിടയിൽ പരിചയപ്പെട്ട വീട്ടമ്മമാർക്ക്, സ്വർണപ്പണിക്കാരിൽനിന്ന് ചെറിയ സ്വർണാഭരണങ്ങൾ നേരിയ കമ്മീഷൻ പറ്റി എത്തിച്ച് കൊടുക്കുന്ന ഏർപ്പാടും നൗഹീറ തുടർന്ന് വന്നു. 90-കളുടെ അവസാനത്തിൽ സ്വന്തം നാട്ടിൽ സ്ത്രീകളുടെ ഒരു സംഘം രൂപീകരിച്ച്, മറ്റ് ചില സ്ത്രീകളേയും കൂട്ടിയാണ് ആഭരണ ബിസിനസ് തുടർന്നത്. വരുമാനത്തിൽ ഒരു പങ്ക് പാർട്ണർമാർക്കും നൽകി. കുറേക്കാലം ചെറിയ തോതിൽ തുടർന്ന് കൊണ്ടിരുന്ന നൗഹീറയുടെ ബിസിനസ്സ് വിപുലമായിത്തുടങ്ങി.
കച്ചവടത്തിന്റെ തന്ത്രങ്ങൾ പെട്ടെന്ന് വശത്താക്കിയ നൗഹീറ ഇംഗ്ലീഷ്, ഉർദു, ഹിന്ദി, തെലുങ്ക് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാവീണ്യം നേടിയതോടൊപ്പം,  ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും കരസ്ഥമാക്കി. തന്റെ ചെറിയ ബിസിനസിൽ ഏറെക്കുറെ മര്യാദ പുലർത്തിയ നൗഹീറ, ബിസിനസിന്റെ വളർച്ചയ്‌ക്കൊപ്പം  തികഞ്ഞ മതവിശ്വാസവും, ഇസ്‌ലാമിക ജീവിത രീതിയുമാണ് പുറമേക്ക് പുലർത്തി വന്നത്. പ്രാദേശികമായി ഇവർക്ക് വ്യക്തിഗത മതിപ്പുണ്ടാകാനും ഇത് കാരണമായി. 2010-ൽ ഹൈദരാബാദ് ആസ്ഥാനമാക്കി 'ഹിരാ കാപ്പിറ്റൽ ഇന്ത്യ ലിമിറ്റഡ്' എന്ന പേരിൽ ഒരു കമ്പനിക്ക് നൗഹീറ തുടക്കമിട്ടു. തുടർന്ന് 'ഹലാൽ ബിസിനസ്' എന്ന പേരിൽ മുസ്‌ലിംകളിൽനിന്ന് നിക്ഷേപം സ്വീകരിക്കാനും തുടങ്ങി. ഒരു ലക്ഷം രൂപക്ക് 36 ശതമാനം വരെ ലാഭവിഹിതം എന്നായിരുന്നു നൗഹീറയുടെ വാഗ്ദാനം. 


ആത്മീയ പരിവേഷത്തോടെയാണ് നൗഹീറാ ശൈഖ് നിക്ഷേപ തട്ടിപ്പിൽ വിഹരിച്ചത്. ഹീര ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, ഇസ്‌ലാമിക് നാഷണൽ സ്‌കൂൾ, ഇന്റർനാഷണൽ ദഅ്‌വാ സെന്റർ, ഹീര ഗോൾഡ്, ഹീര ജ്വല്ലേഴ്സ്, ഹീര ടെക്സ്റ്റയിൽസ്, ഹീര ഡെവലപ്പേഴ്സ്, ഭക്ഷ്യോൽപന്നങ്ങൾ, റിയൽ എസ്റ്റേറ്റ്, നിർമാണ വസ്തുക്കളുടെ വ്യാപാരം, ടൂർസ് ആന്റ് ട്രാവൽസ് എന്നിങ്ങനെ സമസ്ത വ്യാപാരവും ഹീരാ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്. നൗഹീറയുടെ കൂർമബുദ്ധി - അതൊന്ന് മാത്രമായിരുന്നു ഈ അത്ഭുത വളർച്ചക്ക് പിന്നിൽ. വിവിധ ഗോൾഡ് സ്‌കീമുകളിലായാണ്
കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്. 2011-ൽ ഹീരാ ഗ്രൂപ്പ് മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും നൗഹീറയുടെ ബിസിനസ് പടർന്ന് പന്തലിച്ചത് അതിവേഗത്തിലായിരുന്നു. ഹൈദരാബാദിലെ ബഞ്ജാരാ ഹിൽസിൽ താമസിച്ച് കൊണ്ടാണ് നൗഹീറ ബിസിനസിന്റെ കടിഞ്ഞാൺ കൈയിലേന്തിയത്. ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ കൂടി കമ്പനിക്ക് ഓഫീസുകൾ തുറന്നതോടെ, നിരവധി പ്രവാസികളും നൗഹീറയുടെ കെണിയിലകപ്പെട്ടു. 2010-ൽ കേവലം 27 ലക്ഷം രൂപ വരുമാനമുണ്ടായിരുന്ന ഹീരാ ഗ്രൂപ്പ് തീർത്തും അവിശ്വസനീയം എന്ന മട്ടിൽ 2011-2013 വർഷത്തിനിടയിൽ 800 കോടിയുടെ വരുമാനത്തിലേക്കുയർന്നു. മുഖ്യമായും സ്വർണക്കട്ടിയുടെ വ്യാപാരമാണ് ഹീരാ ഗോൾഡ്  നടത്തുന്നതെന്നാണ് ഇവരുടെ വെബ്‌സൈറ്റുകളിൽ കാണിച്ചിരുന്നത്.
ഇന്ത്യയിലും, ഗൾഫ് നാടുകളിലും ബ്രാഞ്ചുകൾ സ്ഥാപിച്ച് വലിയ ബന്ധങ്ങളുണ്ടാക്കി വിശ്വാസ്യതയുണ്ടാക്കിയ ഇവർ കോഴിക്കോട് ഇടിയങ്ങരയിലാണ് ഓഫീസ് തുറന്നത്. സ്വർണക്കട്ടികളും സ്വർണത്തരികളും ഇറക്കുമതി-കയറ്റുമതി ചെയ്യുന്ന ബിസിനസാണെന്ന് അവകാശപ്പെട്ട് കൊണ്ടാണ് ഇവരുടെ 'ഹീര ഗോൾഡ് എക്‌സ്‌പോർട്ട് ആൻഡ് ഇംപോർട്ട്‌സ്' കോഴിക്കോട്ട് പ്രവർത്തനം തുടങ്ങുന്നത്. വളരെ പെട്ടെന്ന് വിശ്വാസ്യത നേടിയ ഈ സ്ഥാപനം നിക്ഷേപകരിൽ നിന്ന് വ്യാപകമായ ധനസമാഹരണവും നടത്തി. സ്ഥാപനത്തിന്റെ വളർച്ച അലാവുദ്ദീന്റെ അത്ഭുത വിളക്കിന്റെ മാന്ത്രിക ശക്തി പോലെയായിരുന്നു.
ഒരു ലക്ഷം രൂപയ്ക്ക് 3000 മുതൽ 5000 രൂപ വരെയായിരുന്നു കേരളത്തിലെ നിക്ഷേപകർക്ക് വാഗ്ദാനം നൽകിയത്. മൂന്ന് മാസം കൂടുമ്പോൾ ലാഭവിഹിതം കൃത്യമായി നൽകുകയും ചെയ്തു. മാനവരാശിയെ സഹായിക്കുന്ന ഒട്ടനവധി ജീവകാരുണ്യ പ്രവൃത്തികൾ നടത്തി വരുന്നായും കമ്പനി അവകാശപ്പെട്ടിരുന്നു. പലിശരഹിത സംരംഭം എന്ന നിലയിൽ മുസ്‌ലിംകളിൽനിന്ന് മാത്രം നിക്ഷേപം സ്വീകരിക്കുന്ന രീതിയായിരുന്നു നൗഹീറാ ശൈഖിന്റെ പ്രധാന ബിസിനസ് തന്ത്രം. തുടക്കത്തിൽ കൃത്യമായ ലാഭവിഹിതം നൽകി കൊണ്ടിരുന്ന ഹീറാ ഗ്രൂപ്പ് കഴിഞ്ഞ മെയ് മാസത്തോടെ ലാഭവിഹിതം നൽകുന്നത് അവസാനിപ്പിച്ചു.

നൗഹീറയുടെ രാഷ്ട്രീയ വലയം
സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെയാണ് നൗഹീറ കൂടുതൽ പ്രശസ്തയായത്. കർണാടക തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് 'മുസ്‌ലിം വനിതാ ശാക്തീകരണ'മെന്ന ലക്ഷ്യം അവകാശപ്പെട്ട് 'മുസ്‌ലിം 
മഹിളാ ആന്ദോളൻ' എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ നൗഹീറാ ശൈഖിന്റെ പാർട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 225 സീറ്റുകളിൽ 221 സീറ്റിലും മത്സരിച്ചിരുന്നു. മത്സരിച്ച മുഴുവൻ സീറ്റിലും സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. ബി.ജെ.പിക്ക് വേണ്ടിയാണ് നൗഹീറാ ശൈഖ് പാർട്ടിയുണ്ടാക്കിയതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപദാനങ്ങൾ വാഴ്ത്തി ഇവരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ കർണാടകയിലെ മുസ്‌ലിം പോക്കറ്റുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ് ഇവരുടേതെന്നും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയായിലൂടെ ഇവർക്കെതിരെ പ്രമുഖർ ഉൾപ്പടെയുള്ളവർ രൂക്ഷമായ പ്രതികരണവും നടത്തിയിരുന്നു. 
ബി.ജെ.പിയെ സഹായിക്കുന്നതിനായി കോൺഗ്രസിന് വിജയ സാധ്യതയുള്ള സീറ്റുകളിൽ മുസ്‌ലിം വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതായിരുന്നു നൗഹീറാ ശൈഖ് വിഭാവനം ചെയ്ത രാഷ്ട്രീയതന്ത്രം. പാർട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചവരിൽ എഴുപത് ശതമാനവും ബി.ജെ.പിയുടെ 'മുസ്‌ലിം മഞ്ചി'ൽ പ്രവർത്തിച്ചിരുന്ന പുരുഷന്മാരായിരുന്നു. 
തെരഞ്ഞെടുപ്പിന് ശേഷം ഇവരുടെ പാർട്ടിയിൽ മത്സരിച്ച ഏഴ് സ്ഥാനാർത്ഥികൾ വഞ്ചനാകുറ്റത്തിന് നൗഹീറയുടെ പേരിൽ കേസ് ഫയൽ ചെയ്തതോടെ കാര്യങ്ങൾ തകിടം മറിയാൻ തുടങ്ങി. മുൻകൂർ ജാമ്യം നേടിയ നൗഹീറയുടെ രാഷ്ട്രീയ പാർട്ടി പൊളിയുകയും ചെയ്തു. തുടർന്ന് 'എച്ച് ന്യൂസ്' എന്ന പേരിൽ പുതിയ മാധ്യമ സംരംഭത്തിന് തുടക്കം കുറിച്ച നൗഹീറാ ശൈഖിന് ഇതിന്റെ പേരിൽ തൊഴിൽ ചൂഷണം നടത്തിയതിനെതിരെ ഇവരുടെ ബംഗളൂരുവിലെ താവളത്തിൽ രഹസ്യമായി കടന്ന് ചെന്ന് സ്റ്റിങ്ങ് ഓപ്പറേഷൻ വാർത്ത 'ദ വയർ' പുറത്ത് വിട്ടിരുന്നു. ഓൾ ഇന്ത്യാ മജ്‌ലിസ് ഇത്തിഹാദുൽ മുസ്‌ലിമീൻ അധ്യക്ഷനും എം.പിയുമായ അസദുദ്ദീൻ ഉവൈസി 2012-ൽ നൗഹീറയ്‌ക്കെതിരെ ഫയൽ ചെയ്ത കേസിലെ നടപടികൾ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. 

ഹീരയുടെ വലക്കണ്ണികൾ കേരളത്തിൽ 
ഹൈദരാബാദിലെ ഹീരാ ഗോൾഡ് ഓഫീസിന് മുന്നിൽ 200 നിക്ഷേപകർ ദിവസങ്ങളോളം നടത്തിയ സമരത്തെ തുടർന്ന് ഹൈദരാബാദ് പോലീസ് നൗഹീറാ ശൈഖിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇവർ അറസ്റ്റിലാകുന്നത്. ഹീരാ ഗ്രൂപ്പിന്റെ കേരളത്തിലെ ഏക ഓഫീസ് സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ഇടിയങ്ങരയിലാണ്. നൗഹീറ തന്നെ നേരിട്ടെത്തിയാണ് കോഴിക്കോട്ട് നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ലാഭവിഹിതം കിട്ടായതോടെയാണ് നിക്ഷേപകർ ആശങ്കയിലാകുന്നത്. ഇതിനിടെ ഹൈദരാബാദ് പോലീസ് നൗഹീറയെ അറസ്റ്റ് ചെയ്തതോടെ മലബാറിലെ നിക്ഷേപകർ പരാതിയുമായി പോലീസിലെത്തുകയായിരുന്നു. എന്നാൽ നൗഹീറയുടെ സ്ഥാപനത്തിൽ പരിശോധന നടത്താൻ  ചെമ്മങ്ങാട് പോലീസ് തയാറായില്ല. തുടർന്ന് മലബാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് പരാതിക്കാരുടെ എണ്ണം വർധിച്ചതോടെയാണ് വിഷയം പോലീസ് ഗൗരവത്തിലെടുക്കുന്നത്. അപ്പോഴേക്കും കോഴിക്കോട് കേസുകളിൽ നൗഹീറാ ശൈഖ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. ചെമ്മങ്ങാട് സ്റ്റേഷനിൽ നൗഹീറ ശൈഖിനെതിരെ പതിനേഴ് പേരാണ് വ്യക്തമായ രേഖകൾ സഹിതം പരാതി നൽകിയത്. നൗഹീറയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കോടതി വഴി അപേക്ഷ നൽകുമെന്ന് ചെമ്മങ്ങാട് പോലീസ് വ്യക്തമാക്കി. 
വൻ ലാഭവിഹിതം മോഹിച്ച് എഴുപത് ലക്ഷം നിക്ഷേപിച്ച തലശ്ശേരി സ്വദേശിയായ നൗഷാദാണ് നൗഹീറക്കെതിരെ ആദ്യ പരാതി പോലീസിൽ നൽകുന്നത്. തുടർന്ന് മറ്റുള്ളവരും പരാതിയുമായെത്തുകയായിരുന്നു. രേഖാമൂലം പോലീസിൽ പരാതി സമർപ്പിച്ചവരിൽ 17 പേർ നൗഹീറക്കെതിരായ കേസിലെ സാക്ഷികളാണ്. അതേസമയം പരാതി നൽകിയതിന്റെ മൂന്നിരട്ടി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് പോലീസിലുള്ള വിവരം. സമൂഹത്തിലെ നിലയും വിലയും നഷ്ടപ്പെടുമെന്ന് കരുതി പല പ്രമുഖ നിക്ഷേപകരും ഇപ്പോൾ നിശ്ശബ്ദരാണ്. പോലീസ് അന്വേഷണത്തിൽ ഏകോപനമില്ലായ്മയും നടപടികൾ കാര്യക്ഷമമല്ലാത്തത് കൊണ്ടുമാണ് കേരളത്തിലെ നിക്ഷേപകരുടെ പരാതിയിൽ നൗഹീറയ്ക്ക് മുൻകൂർ ജാമ്യം ലഭിയ്ക്കാൻ ഇട വന്നതെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. പുതിയ പരാതി സ്വീകരിക്കാൻ പോലീസ് തയാറാവുന്നില്ലെന്നും നിക്ഷേപകർ പറയുന്നു. 
വൻ സാമ്പത്തിക തട്ടിപ്പ് കേസായതിനാൽ അന്വേഷണം ഏത് ഏജൻസി നടത്തണമെന്ന ആശയക്കുഴപ്പവും പോലീസിനുണ്ട്. നിയമ നടപടികൾ ശക്തമായില്ലെങ്കിൽ കണ്ടുകെട്ടാൻ കഴിയുന്ന വസ്തു വകകൾ പോലും നഷ്ടപ്പെടുമെന്ന ആധിയിലാണ് 'ഹലാൽ നിക്ഷേപകർ'. നിക്ഷേപിച്ച പണം ഇന്ന് കിട്ടും നാളെ കിട്ടും എന്ന വിശ്വാസത്തിൽ കഴിയുകയാണ് തട്ടിപ്പിനിരയായവർ. മലബാർ മേഖലയിലെ എല്ലാ ജില്ലകളിൽനിന്നുമുള്ള 167 നിക്ഷേപകർ സംഘടിച്ച് നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനമായതിനാൽ കമ്പനിക്കെതിരെ പോലീസ് നടപടി ഇഴയുകയാണെന്നും അന്വേഷണം മറ്റേതെങ്കിലും ഏജൻസിക്ക് കൈമാറണമെന്നുമാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിലും നൗഹീറാ ശൈഖിനെതിരെ നിരവധി കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവിടങ്ങളിലെല്ലാം തന്നെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയാണ് കേസ് കൈകാര്യം ചെയ്യുന്നതും. നിക്ഷേപം തിരിച്ച് കിട്ടിയാൽ മതിയെന്നാണ് പരാതിക്കാരുടെ ആവശ്യവും. പോലീസ് ഹീരാഗ്രൂപ്പിന്റെ ഇടിയങ്ങരയിലുള്ള കമ്പനി ഓഫീസ് സീൽ ചെയ്ത് താഴിട്ടിരിക്കുകയാണിപ്പോൾ.

കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ
എത്രതന്നെ കണ്ടാലും, കൊണ്ടാലും പഠിക്കില്ല എന്നതാണ് കേരളീയ സമൂഹത്തിന്റെ പൊതുരീതി. റിയൽ എസ്റ്റേറ്റ് ബിസിനസാണ് നിക്ഷേപത്തട്ടിപ്പിന് ഏറ്റവും സ്‌കോപ്പുള്ള ഒരു മേഖല. കൃഷിഭൂമി വാണിജ്യ ഉപയോഗങ്ങൾക്കായി മാറ്റിയെടുത്താൽ കിട്ടുന്ന അതി ഭീമമായ ലാഭം ഉപയോഗിച്ച് നിക്ഷേപകർ മുടക്കുന്ന പണം ആറു മാസത്തിനുള്ളിൽ ഇരട്ടിയാക്കി തിരിച്ചു നൽകുന്ന മാന്ത്രിക ബിസിനസാണിത്. നിക്ഷേപകർ മുടക്കുന്ന പണം ആറു മാസത്തിനുള്ളിൽ ഇരട്ടിയാക്കി തിരിച്ചു നൽകുമെന്ന ഇത്തരം സ്വപ്‌നപദ്ധതിയിൽ പലരും കബളിപ്പിക്കപ്പെടുന്നു. 
വൻ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിലുള്ള കൃഷിഭൂമി തുഛമായ വിലയ്ക്ക് നിക്ഷേപകരുടെ പേരിൽ വാങ്ങിക്കുന്ന പദ്ധതി പൊട്ടിപ്പോകുന്നതും കണ്ണ് തുറന്നടയ്ക്കുന്ന സമയം കൊണ്ടാണ്. ഇതിലെല്ലാം മുഖ്യഇരകളായി അകപ്പെടുന്നത് പ്രവാസി മലയാളികളാണ്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് കാറുകൾ വാങ്ങുകയും, അത് വാടകയ്ക്ക് നൽകി മാസം തോറും മുടക്കിയ തുകക്ക് 150 ശതമാനത്തിലധികം പലിശ മാസത്തവണകളായി തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതിയിലും ഒരു പാട് പ്രവാസികൾ കബളിപ്പിക്കപ്പെട്ടു. റിസർവ് ബാങ്കിന്റേയോ, സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡിന്റേയോ അംഗീകാരത്തിലോ നിയന്ത്രണത്തിലോ അല്ലാത്ത സ്ഥാപനങ്ങളിൽ പണം മുടക്കാൻ നാം മലയാളികൾ രണ്ട് വട്ടം ആലോചിക്കുക പോലുമില്ല. യുക്തിരഹിതമായ ഉയർന്ന പലിശ നിരക്കുകൾ അസംഭവ്യമാണെന്ന് തിരിച്ചറിയുന്നുമില്ല. കേരളം വളരുന്നതിനനുസരിച്ച് നിക്ഷേപത്തട്ടിപ്പ് പ്രസ്ഥാനങ്ങളും വളർന്നു കൊണ്ടേയിരിക്കുന്നു.
 

Latest News