Saturday , April   20, 2019
Saturday , April   20, 2019

ചർമത്തിൽ തിളങ്ങും സൗന്ദര്യം

സൗന്ദര്യ സംരക്ഷണത്തിൽ ചർമ സംരക്ഷണം അതിപ്രധാനമാണ്. അതുകൊണ്ടു തന്നെ ചർമത്തിനുവരുന്ന ഏത് രോഗവും ഏത് പ്രായക്കാരെയും വിഷമിപ്പിക്കും. മുഖ സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൗന്ദര്യ ചികിത്സയെക്കുറിച്ചും ചിലതൊക്കെ അറിയാം.

മുഖക്കുരു

മുഖക്കുരു രോഗമല്ലെങ്കിലും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന എല്ലാവരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുഖക്കുരു. ഇതുമൂലമുണ്ടാകുന്ന പാടുകൾക്കും കുഴികൾക്കുമാണ് ചികിത്സ ആവശ്യമായി വരുന്നത്. ഇതിനുള്ള ലേപനങ്ങളും ഗുളികകളും ഇന്ന് ലഭ്യമാണ്.

വലിയ മുഖക്കുരു, ഇടയ്ക്ക് വലുതാവുകയും ചെറുതാവുകയും ചെയ്യുന്ന മുഖക്കുരു ഇത്തരത്തിലുള്ളവയ്ക്ക് സാധാരണ മരുന്നുകൾ ഫലപ്രദമല്ല. ഇതിനായി റെറ്റിനോയിഡ് ഗുളികയാണ് ഉപയോഗിക്കുന്നത്. മൂന്ന് മാസത്തെ ചികിത്സ കൊണ്ട് മുഖക്കുരു നിശ്ശേഷം മാറ്റാൻ കഴിയും. വീണ്ടും മുഖക്കുരു ഉണ്ടാവാതിരിക്കാനും ഇത് ഒരു പരിധി വരെ സഹായിക്കും.

മുഖത്തെ പാടുകളും കുഴികളും

മുഖക്കുരു വന്നതിനു ശേഷമുള്ള പാടുകളും കുഴികളും മാറാൻ പീലിംഗ് സഹായിക്കും. പത്ത് ദിവസം ഇടവിട്ട് മൂന്ന് മുതൽ ആറ് പ്രാവശ്യം വരെ പീലിംഗ് ചെയ്യേണ്ടിവരും. എ.എച്ച്.എ (ആൽഫ ഹൈഡ്രോക്‌സി ആസിഡ്) പീൽ ആണ് ഇതിനുപയോഗിക്കുന്നത്.

ഇത് മറ്റുള്ള ചികിത്സകളെ അപേക്ഷിച്ച് കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണ്. ലേസർ ചികിത്സയും ഇപ്പോൾ പ്രചാരത്തിലുണ്ട്. 20 മുതൽ 30 മിനിറ്റ് കൊണ്ട് ലേസർ ചികിത്സ ചെയ്തു കഴിയും. മൂന്നോ നാലോ ദിവസങ്ങൾ കൊണ്ട് മാറ്റങ്ങൾ തിരിച്ചറിയാനും സാധിക്കും. 

അരിമ്പാറ

അരിമ്പാറ സാധാരണയായി ചർമ രോഗമാണ്. ആൺപെൺ വ്യത്യാസമില്ലാതെ അരിമ്പാറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതൊരു സൗന്ദര്യ പ്രശ്‌നം കൂടിയാണ്. ഇത് നീക്കം ചെയ്യാൻ പല മാർഗങ്ങളും നിലവിലുണ്ട്. 
ലിക്വിഡ് നൈട്രജൻ ക്രയോ തെറാപ്പിയിലൂടെ അരിമ്പാറ ഫ്രീസ് ചെയ്ത് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വേദന രഹിത ചികിത്സയാണ്. പാർശ്വഫലങ്ങൾ ഉണ്ടാവുകയുമില്ല.

കുട്ടികളിൽ ഉണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാൻ ഏറ്റവും അനുയോജ്യമായ മാർഗം ഇതാണ്. ചില അരിമ്പാറകൾ വീണ്ടും ഉണ്ടാവാറുണ്ട്. ഇങ്ങനെ ആവർത്തിച്ചുണ്ടാകുന്ന അരിമ്പാറ നീക്കം ചെയ്യാൻ ലേസർ ചികിത്സ ചെയ്യേണ്ടിവരും.

രോമ വളർച്ചയും മുടി കൊഴിച്ചിലും

അമിത രോമ വളർച്ചയും മുടികൊഴിച്ചിലും പലരും നേരിടുന്ന പ്രശ്‌നമാണ്. പാരമ്പര്യം ഇതിന് പ്രധാന ഘടകമാണെങ്കിലും കൃത്യമായ കാരണം കണ്ടെത്തിയുള്ള ചികിത്സയാണ് അഭികാമ്യം. മാനസിക സമ്മർദം, ഹോർമോൺ തകരാറുകൾ, പോഷകാഹാരക്കുറവ്, ഡയറ്റ്, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയാണ് മുടി കൊഴിച്ചിലിന് പ്രധാന കാരണം.
അമിത രോമ വളർച്ചയുടെ കാരണങ്ങൾ ഹോർമോൺ തകരാറും പാരമ്പര്യവുമാണ്. കൃത്യമായ കാരണങ്ങൾ കണ്ടെത്തിയാണ് ചികിത്സ നടത്തേണ്ടത്. 
ഇലക്‌ട്രോലൈസ്, ലേസർ ചികിത്സകൾ അമിത രോമ വളർച്ച തടയാൻ സഹായിക്കും. എന്നാൽ ഒറ്റത്തവണത്തെ ചികിത്സ കൊണ്ട് രോമ വളർച്ച തടയാനാവില്ല.
മാസത്തിൽ ഒരു പ്രാവശ്യം എന്ന നിലയിൽ ആറ് മുതൽ എട്ട് പ്രാവശ്യം വരെ ലേസർ ചികിത്സ ചെയ്യേണ്ടിവരും. ഇലക്‌ട്രോലൈസ് ആണെങ്കിൽ രണ്ടാഴ്ചയിലൊരിക്കലും. ഇത് ആറ് മാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കാം. ഹോർമോൺ തകരാറാണ് രോമ വളർച്ചയ്ക്ക് കാരണമെങ്കിൽ മരുന്നുകൾ കൊണ്ട് മാറ്റിയെടുക്കാൻ കഴിയും.

കറുത്ത പാടുകൾ

മുഖത്തെ കറുത്ത പാടുകളെക്കുറിച്ച് പലർക്കും തെറ്റിദ്ധാരണ പോലും ഉണ്ട്. മുഖത്തെ കറുത്ത പാടുകൾ സമയദോഷം കൊണ്ട് ഉണ്ടാകുന്നതാണെന്ന് പലരും കരുതുന്നു.
എന്നാൽ ഇതിൽ യാതൊരു സത്യവുമില്ലെന്ന് വേണം കരുതാൻ. കറുത്ത പാടുകൾ വേഗം ചികിത്സിച്ച് മാറ്റാൻ കഴിയുന്ന ഒന്നല്ലെങ്കിലും ഇതിന് പരിഹാരമുണ്ട്.
ചെറിയ തോതിലുള്ള പാടുകൾ ക്രീം ഉപയോഗിച്ച് മാറ്റാനാകും. സൺ സ്‌ക്രീൻ ഇതിൽ പ്രധാനമാണ്. പീൽ ചെയ്യുന്നതും ലേസർ ചികിത്സയും കറുത്ത പാടുകൾ മാറുന്നതിന് സഹായിക്കും. കറുത്തപാടുകൾ, വെയിലേറ്റ് ഉണ്ടാകുന്ന പാടുകൾ, കാക്കപ്പുള്ളി ഇവ മാറാൻ ലേസർ ചികിത്സ ചെയ്യാം.
 

Latest News