Saturday , April   20, 2019
Saturday , April   20, 2019

സമയ സാക്ഷരതയുടെ മധുര ഫലങ്ങൾ

നിത്യേന എൺപത്തിയാറായിരത്തിനാനൂറ്  രൂപ ക്രെഡിറ്റ് ആവുന്ന ചില സവിശേഷതകളുള്ള ഒരു ബാങ്ക് അക്കൗണ്ട് നമുക്ക്  ഉണ്ടെന്ന് സങ്കൽപിക്കുക. നാളേക്ക് ബാലൻസ് വെക്കാൻ കഴിയാത്തതിനാൽ ഈ  അക്കൗണ്ടിലെത്തുന്ന തുക അന്നന്ന് ചെലവഴിച്ചേ മതിയാവൂ എന്ന് മാത്രമല്ല, ഇത് ദിവസം വരെ ഈ തുക ഇത് പോലെ  ലഭിക്കുമെന്ന  ഒരുറപ്പുമില്ലാത്ത ഒരു അക്കൗണ്ട്. അങ്ങനെയുള്ള ഒരു അക്കൗണ്ടിലെ ഓരോ രൂപയും നാം എന്തു ചെയ്യും? ഒരു രൂപ പോലും  നഷ്ടപ്പെടുത്താതെ പരമാവധി സൂക്ഷ്മമായി പിൻവലിക്കും. സൂക്ഷിച്ചു ഉപയോഗപ്പെടുത്തും. അല്ലേ? ഇത്തിരി നേരം ആലോചിച്ചാൽ ഇതൊരു കേവല സാങ്കൽപിക  ബാങ്ക് അക്കൗണ്ടിന്റെ കഥയല്ലെന്നു ആർക്കും ബോധ്യപ്പെടും. ആബാലവൃദ്ധം ജനങ്ങൾക്കും യാതൊരു വിവേചനവുമില്ലാതെ നൽകിയിരിക്കുന്ന ഈ അക്കൗണ്ട് നമുക്ക് അനുദിനം അനുവദിക്കപ്പെടുന്ന സമയമാണ്. ഓരോ നിമിഷത്തിനും ഒരു രൂപ വിലയിട്ടാൽ നമ്മുടെ അക്കൗണ്ടിൽ ഒരു ദിവസം അത്രയും രൂപക്ക് സമാനമായ നിമിഷങ്ങൾ  ക്രെഡിറ്റ് ആവുന്നുണ്ട് എന്ന് മനസ്സിലാവും. 
ഈ വിലപ്പെട്ടതും പരിമിതവുമായ  സമയത്തെ വിവേകപൂർവം ഉപയോഗിക്കുന്നവർ നമ്മിൽ എത്ര പേരുണ്ട്? ഇത്രയും അളവിൽ നമുക്ക് ലഭിക്കുന്ന ഈ സമയത്തെ നാം എങ്ങനെ  എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്ന് ഒരു ദിവസമെങ്കിലും സൂക്ഷ്മമായി ഒരേകദേശ കണക്കു എടുത്തു നോക്കാൻ നാം ബാധ്യസ്ഥരല്ലേ? ഓരോ ദിവസത്തിലും ലഭ്യമാവുന്ന ഈ നിമിഷങ്ങളെ എങ്ങനെയാണ്   ചിലവഴിക്കുന്നത് എന്നതാശ്രയിച്ചിരിക്കും ഓരോരുത്തരുടെയും  ജീവിത നിലവാരവും ജീവിത വിജയവും. 
ലോക ചരിത്രത്തിൽ പലതരം ജീവിതങ്ങൾ ജീവിച്ചു വിജയികളായി അറിയപ്പെടുന്നവർ ശാരീരികം, സാമൂഹ്യം, ബുദ്ധിപരം ആത്മീയം എന്നീ നാല്  സവിശേഷ മേഖലകളിൽ പ്രത്യേക ശ്രദ്ധ പുലർത്തിയവരാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.പേരുകളിൽ ചില മാറ്റങ്ങൾ ഉണ്ടാവാമെങ്കിലും ഏറെക്കുറെ ഈ നാല് മണ്ഡലങ്ങളിലെയും  മുന്നേറ്റങ്ങൾക്ക് മുൻഗണന നൽകി അനുദിനം സ്വയം നവീകരിക്കുന്നവർക്ക് സമയം എന്ന ഖജനാവിൽ ദിനേന വന്നു വീഴുന്ന 'നിമിഷങ്ങൾ' എന്ന അമൂല്യ നാണയങ്ങളെ പാഴാക്കുകയില്ലെന്ന് മാത്രമല്ല, അവർ സമയത്തെ പരമാവധി കാര്യക്ഷമമായി ഉപയോഗപ്പെടുത്തി ജീവിതാനന്ദം അനുഭവിക്കുന്നവരായിരിക്കും. 
നേരമില്ല, തിരക്കാണ് എന്ന് പറഞ്ഞു സദാ നെട്ടോട്ടമോടുന്ന ചിലരെയെങ്കിലും നാം ഇടയ്ക്കിടെ കണ്ടുമുട്ടാറില്ലേ? അവരുടെ തിരക്ക് കണ്ടാൽ തിരക്ക് പോലും പേടിച്ചു പോവും! അസ്വസ്ഥരും അസംതൃപ്തരുമാണവർ. അവരിൽ ചിലർക്ക് പണവും പദവിയുമൊക്കെ ഉണ്ടാവും. എന്നാലും  ദിനരാത്രങ്ങളെ  കലാപരമായും ശാസ്ത്രീയമായും ഉപയോഗപ്പെടുത്താനും ഉല്ലസിച്ചാസ്വദിക്കാനും  കഴിയാത്തവരാണവർ എന്നതാണ് യാഥാർഥ്യം. എന്നാലോ, മറ്റു ചിലർ അവർ ചെയ്യുന്നതിനേക്കാൾ എത്രയോ ഭംഗിയായി കാര്യങ്ങൾ ചെയ്യുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റുകയും ചെയ്ത് ജീവിതം മനോഹരമായി കൊണ്ടാടുന്നു. എമ്പാടും  ധനികരല്ലെങ്കിലും ധന്യരാണവർ. വലിയ പ്രശസ്തരല്ലെങ്കിലും വിശ്വസ്തരാണവർ. ധനികരിലും പ്രശസ്തരിലും ജീവിതം ആസ്വദിക്കുന്നവർ ഇല്ലെന്നു ഇതിനർഥമില്ല. 
വിവേകപൂർവം സമയത്തെ ചെലവഴിക്കാത്തവർ അപ്രധാനങ്ങളായതോ അടിയന്തരമായതോ അല്ലെങ്കിൽ  അടിയന്തര സ്വഭാവമില്ലാത്തതോ ആയ  കാര്യങ്ങളിലായിരിക്കും പലപ്പോഴും സമയം ചെലവഴിക്കുക. പല പ്രധാന കാര്യങ്ങളും മാറ്റി വെച്ച് അപ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർക്ക് പൊതുവെ ഒന്നിനും സമയമില്ല എന്ന പരാതിയായിരിക്കും. ഇവരിൽ 'ഹറി സിക്‌നെസ്സ്' എന്ന രോഗ സാധ്യത കൂടുതലായിരിക്കും. അതായത് ഇവർക്ക് ആവശ്യത്തിനു സമയം മതിയാവില്ലെന്ന് മാത്രമല്ല, അതിനെക്കുറിച്ചുള്ള പരിഭവം പറച്ചിലും   താരതമ്യേന കൂടുതലായിരിക്കും. കൂടാതെ  എല്ലാ കാര്യവും അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ അടിയന്തര സ്വഭാവമുള്ളതായിത്തീരുന്നത്  വരെ ഇവർ   ഒടുവിലേക്ക് മാറ്റിവെക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ അതീവ പ്രാധാന്യമുള്ള കാര്യങ്ങൾക്ക് വേണ്ടി,  ഉദാഹരണത്തിന്, ആരോഗ്യ പരിപാലനം, കുടുംബ ബന്ധങ്ങൾ പരിപാലിക്കൽ, ബാധ്യതകൾ നിറവേറ്റുക   തുടങ്ങിയവക്ക്  ചെലവഴിക്കാൻ ഇവർക്ക് സമയം ലഭിക്കാതെ വരുന്നു. ഇവർ വികലമായി  നിർമിച്ചെടുക്കുന്നതോ അല്ലെങ്കിൽ ഉണ്ടായിത്തീരുന്നതോ ആയ  അടിയന്തര സ്വഭാവമുള്ള കാര്യങ്ങളുടെ പിന്നാലെ പാഞ്ഞു വിശ്രമത്തിന്റെ സുഖം പോലും ഇവർ അറിയാതെ പോവുന്നു. അക്കാരണത്താൽ തന്നെ ഇവർ ക്ഷമയില്ലാത്തവരും ക്ഷിപ്രകോപികളുമായി കാണപ്പെടുന്നു. ഇവരുടെ പരസ്യ ജീവിതത്തിൽ ഇവർ കേമന്മാരായി കാണപ്പെടുമെങ്കിലും  ഇവരുടെ സ്വകാര്യ ജീവിതം ആകെ തകരാറിലായിരിക്കും.  
ശാരീരികാരോഗ്യത്തിനും  കായിക ക്ഷേമത്തിനുമാവശ്യമായ വ്യായാമം ചെയ്യുന്നതിനും വൈകാരിക സുസ്ഥിതിക്കാവശ്യമായ ഊഷ്മള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ധൈഷണിക വളർച്ചക്കാവശ്യമായ വായനയും പഠനവും സാധ്യമാക്കുന്നതിനും ആധ്യാത്മിക അനുഭൂതികൾക്കുതകുന്ന പ്രാർഥനയിലും  സേവന കാരുണ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നതിനും സമയം ഫലപ്രദമായി കണ്ടെത്തി കാര്യക്ഷമമായി ചെലവഴിക്കുന്നവരാണ് വിജയികൾ. അവർ സമയത്തെ പഴിക്കില്ല. അലസരാവാൻ അവർക്ക് കഴിയില്ല. ഉത്തരവാദിത്തങ്ങൾ സമയ ബന്ധിതമായി ചെയ്തു തീർക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുമവർ. അവരുടെ  ജീവിതത്തിലാകമാനം തികച്ചും മാതൃകാപരമായ സമയനിഷ്ഠയും ക്രിയാത്മകമായ കർമചാരുതയും കൊതിപ്പിക്കുന്ന ഉല്ലാസ മുഹുർത്തങ്ങളും കാണാം. അവരുടെ ഉറക്കും ഉണർവും ഒരേപോലെ ആരാധനയും അർപ്പണവുമായിത്തീരുന്നു. വേലയും വിശ്രമവും അസൂയാവഹമായ തരത്തിൽ അവർക്ക് ആനന്ദഭരിതമായി  മാറുന്നു. അവരത്രെ യഥാർഥ സമയ സാക്ഷരതയുള്ളവർ; അതിന്റെ മധുരഫലങ്ങൾ  നുകരുന്നവർ.
 

Latest News