Saturday , April   20, 2019
Saturday , April   20, 2019

'പോസിറ്റീവ്' ജീവിതം

അവനവന്റെ നല്ല ഗുണങ്ങളെ ഉപയോഗിച്ച് സ്വാർഥ താൽപര്യങ്ങൾക്കപ്പുറത്ത് മറ്റുള്ളവരുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക. ഇതിലൂടെ ജീവിതത്തിന് പുതിയൊരു അർത്ഥം കൈവരുന്നു. സമ്പൂർണ ജീവിതത്തിലേക്കുള്ള മഹത്തായ ചുവടുെവപ്പാണിത്.

1930 ൽ അമേരിക്കയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസികളായ ശരാശരി 22 വയസ്സു പ്രായമുള്ള 180 കന്യാസ്തീകളോട്, തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി 300 വാക്കുകൾക്കുള്ളിൽ നിൽക്കുന്ന ലേഖനമെഴുതാൻ മദർ സുപ്പീരിയർ ആവശ്യപ്പെട്ടു. തങ്ങളുടെ ജനന സ്ഥലം, ബാല്യകാല അനുഭവങ്ങൾ, മാതാപിതാക്കൾ, സ്‌കൂൾ ജീവിതം, കന്യാസ്ത്രീ മഠത്തിൽ ചേരാനിടയായ സാഹചര്യങ്ങൾ, മതപഠന കാലം, കന്യാസ്ത്രീ മഠത്തിലെ അനുഭവങ്ങൾ എന്നിവയൊക്കെ ആ ലേഖനത്തിലുൾപ്പെടുത്താനായിരുന്നു മദറിന്റെ്  നിർദേശം. ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം 2001 ൽ, കെന്റക്കി സർവകലാശാലയിലെ മനഃശാസ്ത്ര ഗവേഷകനായ  ഡെബൊറ ഡാനർ, വർഷങ്ങൾക്ക് മുൻപ് രചിക്കപ്പെട്ട ആ 180 ലേഖനങ്ങളും പഠന വിധേയമാക്കി. 
ലേഖനങ്ങളിൽ വളരെ സന്തോഷകരമായ പോസിറ്റീവ് പരാമർശങ്ങൾ കൂടുതലായുൾപ്പെടുത്തിയ കന്യാസ്ത്രീകൾ, നെഗറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവരേക്കാൾ ശരാശരി 10 വർഷം കൂടുതൽ ജീവിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ പോസിറ്റീവ് പരാമർശങ്ങൾ കൂടുതൽ നടത്തിയവർ വാർധക്യത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ ആരോഗ്യവതികളായിരുന്നുവെന്നും ഈ പഠനം കണ്ടെത്തുകയുണ്ടായി. മനസ്സിന്റെ സന്തോഷവും ശാരീരിക ആരോഗ്യവും വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന കണ്ടെത്തലിലേക്കാണ് ഈ പഠനം ഗവേഷകരെ നയിച്ചത്. 
1996 ൽ അമേരിക്കയിലെ മനശ്ശാസ്ത്രജ്ഞന്മാരുടെ സംഘടനയായ അമേരിക്കൻ സൈക്കേളാജിക്കൽ അസോസിയേഷന്റെ അധ്യക്ഷനായിരുന്ന മാർട്ടിൻ സെലിഗ്മാൻ ആണ് 'പോസിറ്റീവ് സൈക്കോളജി' എന്ന ആശയം വികസിപ്പിച്ചെടുത്തത്. മനശ്ശാസ്ത്രം എന്ന വിഷയം മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ചികിത്സാ മാർഗമെന്നതിലുപരി ഒരു വ്യക്തിയുടെ മനസ്സിനെ ആഹ്ലാദത്തിലേക്കു നയിക്കുന്ന ഒന്നാകണമെന്ന കാഴ്ചപ്പാടായിരുന്നു ഇതിനു പിന്നിലുള്ള പ്രചോദനം. പട്ടികളെ ഉപയോഗിച്ച് സെലിഗ്മാൻ നടത്തിയ ചില പരീക്ഷണങ്ങളാണ് ഇതിലേക്കുള്ള വഴി തുറന്നത്. സെലിഗ്മാൻ രണ്ട് കൂടുകളിലായി പട്ടികളെ അടച്ചിട്ടു; എന്നിട്ട് ഈ കൂടുകളിലൂടെ വൈദ്യുതി കടത്തിവിട്ടു. ആദ്യത്തെ കൂട്ടിലെ പട്ടിക്ക് വൈദ്യുതിയിൽനിന്ന് രക്ഷപ്പെടാൻ മാർഗമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ രണ്ടാമത്തെ കൂട്ടിൽ ഒന്നമർത്തിയാൽ വൈദ്യുതി പ്രസരണം നിർത്താൻ സഹായിക്കുന്ന ഒരു ചുവന്ന ബട്ടണുണ്ടായിരുന്നു. ആദ്യത്തെ കൂട്ടിലെ പട്ടി ഇലക്ട്രിക് ഷോക്ക് ലഭിക്കുമ്പോൾ ആദ്യമൊക്കെ വെപ്രാളം പ്രകടിപ്പിച്ചിരുന്നെങ്കിലും, രക്ഷപ്പെടാൻ മാർഗമൊന്നുമില്ലാത്തതിനാൽ പിന്നെ പിന്നെ ഷോക്കടിക്കുമ്പോൾ നിശ്ശബ്ദമായി സഹിച്ചു തുടങ്ങി. 
രണ്ടാമത്തെ കൂട്ടിലെ പട്ടി ഷോക്കേൽക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി അതിന്റെ മുഖം കൊണ്ട് ചുവന്ന ബട്ടണമർത്തുകയും അതോടെ ഷോക്കില്ലാതാകുന്നത് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് എപ്പോൾ കറന്റടിച്ചാലും  ഉടൻ തന്നെ ബട്ടണമർത്തി ഷോക്കിൽനിന്ന് രക്ഷപ്പെടാൻ ആ പട്ടിക്ക് കഴിഞ്ഞു. എന്നാൽ ആദ്യത്തെ കൂട്ടിൽ കിടന്ന് നിരവധി തവണ ഷോക്കേറ്റ പട്ടിയെ പിന്നീട് രണ്ടാമത്തെ കൂട്ടിലേക്കു മാറ്റിനോക്കി. പക്ഷേ, ഷോക്കിൽനിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ബട്ടണമർത്താൻ ആ പട്ടി ശ്രമിക്കുന്നതേയുണ്ടായിരുന്നില്ല. രക്ഷപ്പെടാൻ മാർഗമുണ്ടായിട്ടും നിശ്ശബ്ദനായി ഷോക്ക് സഹിക്കുക മാത്രമാണ് ആ പട്ടി ചെയ്തത്.  
പലപ്പോഴും മനുഷ്യരുടെ ജീവിതാവസ്ഥകളും മേൽപറഞ്ഞ പരീക്ഷണത്തിനു സമാനമാകാറുണ്ട്. ബാല്യത്തിലും കൗമാരത്തിലും വിഷമകരമായ അനുഭവങ്ങളിലൂടെ തുടർച്ചയായി കടന്നുപോകേണ്ടി വരുന്ന മനുഷ്യർ, ഒരു പരിധി കഴിയുമ്പോൾ, 'ഇതെന്റെ തലയിലെഴുത്താണ്. 
ഞാനെന്തു ചെയ്താലും ഈ കഷ്ടകാലം മാറില്ല' എന്നൊരു സമീപനത്തിലേക്കെത്താറുണ്ട്. പിൽക്കാലത്ത് ജീവിതത്തിൽ നല്ല നിലയിലെത്താനുള്ള അവസരങ്ങൾ ലഭിച്ചാലും ആ അവസരങ്ങളെ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നതിൽ ഇവർ പരാജയപ്പെട്ടേക്കും. ഇത്തരത്തിൽ ജീവിതാനുഭവങ്ങളിലൂടെ 'പഠിച്ചെടുക്കുന്ന നിസ്സഹായാവസ്ഥ'യാണ് (ലേർനെഡ് ഹെൽപ്‌ലസ്‌നസ്) ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ സംഭവിക്കുന്നതിന് ഏറ്റവും വലിയ വിലങ്ങുതടിയായി നിൽക്കുന്നത്.
പോസിറ്റീവ് സൈക്കോളജി സിദ്ധാന്തങ്ങൾ പ്രകാരം സന്തോഷകരമായ ജീവിതത്തിന് മൂന്നു തലങ്ങളുണ്ട്. ഘട്ടംഘട്ടമായി ഈ മൂന്നു തലങ്ങളും പിന്നിടുന്നതോടെയാണ് ജീവിതം സമ്പൂർണമാകുന്നത്.

പ്രസാദാത്മക ജീവിതം 
ജീവിതാനുഭവങ്ങളെ ആസ്വദിക്കുകയും അവയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. കഴിഞ്ഞുപോയ അനുഭവങ്ങളെക്കുറിച്ചു സംതൃപ്തിയും അഭിമാനവും ശാന്തതയും മനസ്സിൽ വളർത്തിയെടുക്കുകയാണ് ആദ്യ പടി. 
നിലവിലുള്ള ജീവിത സാഹചര്യങ്ങളെ പൂർണമായും ആസ്വദിക്കുകയാണടുത്തത്. ഭാവിയെക്കുറിച്ചു പ്രതീക്ഷയും ശുഭാപ്തി വിശ്വാസവുമുണ്ടാകേണ്ടതും അനിവാര്യമാണ്.
ശുഭ ജീവിതം 
ചെയ്യുന്ന പ്രവൃത്തിയിൽ പൂർണമായും കേന്ദ്രീകരിച്ചു, ഒരു തടസ്സവുമില്ലാതെ, വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള ജീവിതം. ഒരു തരത്തിലുള്ള പ്രലോഭനങ്ങളും നമ്മെ ലക്ഷ്യത്തിൽനിന്ന് തടസ്സപ്പെടുത്തുന്നില്ല. നമ്മുടെ വ്യക്തിത്വത്തിലുള്ള നല്ല ഗുണങ്ങൾ കണ്ടെത്തി അവ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന അവസ്ഥയാണിത്.
അർഥപൂർണമായ ജീവിതം 
അവനവന്റെ നല്ല ഗുണങ്ങളെ ഉപയോഗിച്ച് സ്വാർഥ താൽപര്യങ്ങൾക്കപ്പുറത്ത് മറ്റുള്ളവരുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുക. ഇതിലൂടെ ജീവിതത്തിന് പുതിയൊരു അർത്ഥം കൈവരുന്നു. സമ്പൂർണ ജീവിതത്തിലേക്കുള്ള മഹത്തായ ചുവടുെവപ്പാണിത്.

ഡോ. അരുൺ ബി. നായർ
(അസി. പ്രൊഫ. മെഡിക്കൽ കോളേജ്, തിരുവനന്തപുരം)
 

Latest News