Saturday , April   20, 2019
Saturday , April   20, 2019

നിധി പ്രയാസ് പദ്ധതിയിൽ  മേക്കർ വില്ലേജും 

കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിന് വൻ കുതിപ്പിന് വഴിവെക്കാൻ സഹായിക്കുന്ന കേന്ദ്രസർക്കാരിന്റെ നിധി പ്രയാസ് പദ്ധതിയിൽ രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഹാർഡ് വെയർ ഇൻകുബേറ്ററായ കൊച്ചിയിലെ മേക്കർ വില്ലേജിനെയും ഉൾപ്പെടുത്തി. ഹാർഡ് വെയർ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് തുടക്കത്തിൽ പത്തു ലക്ഷം രൂപ വരെ ധനസഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ ഡെവലപ്പിംഗ് ആന്റ് ഹാർനെസിംഗ് ഇന്നൊവേഷൻസ് എന്നാണ് നിധി പദ്ധതിയുടെ പൂർണരൂപം. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലാണ് പദ്ധതി വരുന്നത്.  വിജ്ഞാന സംബന്ധിയായ സംരംഭങ്ങളെയും സ്റ്റാർട്ടപ്പുകളെയും പരിപോഷിപ്പിക്കാനാണ് പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചത്. യുവാക്കളായ സംരംഭരെ പ്രോത്സാഹിപ്പിക്കുന്നതിനും ആശയങ്ങളെ മാതൃകകളാക്കി വികസിപ്പിക്കുന്നതിനും സഹായം നൽകുന്ന പദ്ധതിയാണിത്.
മികച്ച ആശയം കൈമുതലായിട്ടുണ്ടെങ്കിലും അത് മാതൃകയാക്കി മാറ്റാനുള്ള ധനസഹായം ലഭിക്കാനാണ് സംരംഭകർക്ക് ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത്. അർഹരായ സംരംഭകർക്ക് നിർണായക ഘട്ടത്തിൽ സഹായം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി.
മേക്കർ വില്ലേജിന് സുവർണാവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്ന് മേക്കർ വില്ലേജ് വൃത്തങ്ങൾ അറിയിച്ചു. ഇവിടെ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന സംരംഭകർക്ക് മികച്ച അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.
അടിസ്ഥാന സൗകര്യം, സാങ്കേതിക ഉപദേശം, വാണിജ്യ ഉപദേശം, മാതൃകാ നിർമാണത്തിനുള്ള സഹായം എന്നിവ അടങ്ങുന്നതാകും നിധി പ്രയാസ് കേന്ദ്രം. മേക്കർ വില്ലേജിലെ 5000 ചതുരശ്ര അടി സ്ഥലമാണ് നിധി പ്രയാസിനായി മാറ്റിവെച്ചിട്ടുള്ളത്. ഭാവന, രൂപകൽപന, മാതൃകാ നിർമാണം, പ്രതിഫലനം എന്നീ ഘട്ടങ്ങളിലൂടെ സംരംഭകർക്ക് കടന്നു പോകാൻ തക്ക വിധത്തിലുള്ള മേക്കർ ലാബ് ഇതിന്റെ ഭാഗമാണ്. മേക്കർ വില്ലേജിലെ മികച്ച സംരംഭകത്വത്തിന് മുതൽക്കൂട്ടാകും ഈ പദ്ധതി. തെരഞ്ഞെടുക്കപ്പെട്ട തുടക്കക്കാരായിട്ടുള്ള സംരംഭകർക്ക് പരമാവധി പത്തു ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക.  
 

Latest News