Saturday , April   20, 2019
Saturday , April   20, 2019

നാസ് വക്കം കനിവിന്റെ കിഴക്കൻ കാറ്റ് 

ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ 35 വർഷത്തിനിടക്ക് നാസ് വക്കം എന്ന മനുഷ്യസ്‌നേഹിയുടെ കൈകളിലൂടെ മറവ് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഇദ്ദേഹത്തിന്റെ സേവനം ലഭിക്കുന്നു. മതിയായ രേഖകളില്ലാത്ത നിരവധി പേരാണ് നാസിന്റെ കാരുണ്യത്താൽ എക്‌സിറ്റ് അടിച്ചു നാടണഞ്ഞിട്ടുള്ളത്. ജീവകാരുണ്യ രംഗത്തെ മാനവികതയുടെ മുഖം - അതാണ് വക്കത്തുകാരൻ നാസ്. 

മയ്യിത്തുകളുടെ മിത്രം എന്ന് പലരും തമാശരൂപേണ വിളിക്കുമ്പോഴും അതിലൊട്ടും പരിഭവപ്പെടാതെ, സദാ മന്ദസ്‌മേരനായി തന്റെ കർമമണ്ഡലത്തിൽ പതറാതെ നീങ്ങുകയാണ് നാസ് വക്കം.
സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് ഇദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. മൂന്നര പതിറ്റാണ്ട് കാലം ദമാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാസിന്റെ ജീവകാരുണ്യ മേഖല അതിവിപുലമാണ്. പതിനേഴാം വയസ്സിൽ തുടങ്ങിയ പ്രവാസം. താഴെ തലം മുതൽ പല തരത്തിലുള്ള ബിസിനസ് മേഖലയിലും കൈവെച്ചെങ്കിലും എങ്ങനെയൊക്കെയോ ഓരോ ദിവസവും കൊഴിഞ്ഞുപോയി എന്ന് മാത്രം. 
പരുക്കനായ ശബ്ദമെങ്കിലും ആകർഷകമായ പെരുമാറ്റം കൊണ്ട് തന്നെ സമൂഹത്തിൽ ഏറെ വ്യത്യസ്തനായ ഇദ്ദേഹം അപരന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ ജാഗ്രത പുലർത്തുന്നു. 
മതമോ ജാതിയോ ദേശമോ നോക്കാതെ വീണു കിടക്കുന്നവന് കൈത്താങ്ങ് നൽകാൻ ഒരു വൈമുഖ്യവും കാണിച്ചിട്ടില്ല ഇന്നോളം. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് അദ്ദേഹത്തിനുള്ളത്. ആ അനുഭവങ്ങളത്രയും കടലോളം ആഴത്തിലുള്ളതാണ്. തിരമാലകൾ കണക്കെ ചിലപ്പോൾ അത് വീശിയടിക്കാറുണ്ട്, ഹൃദയ താളങ്ങളായി.


ചില അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ കണ്ണുകൾ ഈറനണിയുന്നത് കേട്ടിരിക്കുന്നവരെപ്പോലും മനസ്സലിയിക്കാറുണ്ട്. ചങ്കൂറ്റത്തോടെ ഓരോ വിഷയങ്ങളെ സമീപിക്കുമ്പോഴും നേരത്തെ നമ്മുടെ മുൻപിൽ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ തേങ്ങിയ ആൾ തന്നെയാണോ എന്ന് സംശയിച്ചു പോകും. ഈ കാലയളവിനകത്ത് ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹങ്ങളാണ് നാസ് വക്കം എന്ന മനുഷ്യസ്‌നേഹിയുടെ കൈകളിലൂടെ മറവു ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തെ വിവിധ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ സേവനം ലഭിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാത്ത നിരവധി പേർ ഇദ്ദേഹത്തിന്റെ കാരുണ്യത്താൽ എക്‌സിറ്റ് അടിച്ചു നാടണഞ്ഞു. 
കഴിഞ്ഞ നിതാഖാത്ത് കാലത്ത് പഴയ തർഹീലിൽ ഓരോ സെല്ലിലും നൂറു കണക്കിനാളുകൾ കിടന്നിരുന്നെങ്കിലും കടുത്ത രോഗികളെയും വാർധക്യം പിടികൂടിയവരെയും തന്റെ കൈകൾ കൊണ്ട് വാരിയെടുത്ത് വിദഗ്ധ ചികിത്സകൾക്കായി ആശുപത്രികൾ കേറിയിറങ്ങിയിരുന്നു ഇദ്ദേഹം. ഈ നല്ല പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ഈ രാജ്യത്തെ അധികാരികൾ പൂർണ പിന്തുണ നൽകി നാസിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടേയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ഒരു വടവൃക്ഷമായി പന്തലിച്ച നാസിന്റെ മുമ്പിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ ഓഫീസുകളുടെ വാതായനങ്ങൾ എല്ലായ്‌പ്പോഴും തുറന്നിട്ടിരിക്കയാണ്. ഒരാളുടെയും ശുപാർശ കൂടാതെ എവിടെയും കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം അധികൃതർ തന്നെ നാസിന് നൽകുകയായിരുന്നു.
സമൂഹത്തിലെ പല ഉന്നതരും ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇരയായിട്ടുണ്ട്. പലരും പ്രതിഫലങ്ങളും പാരിതോഷികങ്ങളും നൽകുമ്പോഴും സ്‌നേഹത്തോടെ അവയൊക്കെ നിരസിക്കുന്ന ഇദ്ദേഹം ചിലപ്പോൾ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഞാൻ എന്റെ കർമമണ്ഡലത്തെ വിപുലപ്പെടുത്തുന്നത് ദൈവകൃപ മാത്രം കാംക്ഷിച്ചു കൊണ്ടാണ്. ഇതിനു പ്രതിഫലമായി ഞാനിത് സ്വീകരിച്ചാൽ പിന്നെ നാസ് വക്കം എന്ന ഈ പേരിനു പോലും അർഥമില്ലെന്ന് പറഞ്ഞു നിർത്തി. ഒരു നിരാലംബനായ മനുഷ്യന്റെ വിഷയം വന്നു പെട്ടാൽ അവിടെ നാസ് വക്കം ഒരു സഹായിയായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ തഴുകുന്നത് നമുക്ക് കാണാം. വിവിധ ആശുപത്രികളിൽ അവശ നിലയിൽ കിടക്കുന്ന രോഗികളെ നാസ് തന്റെ കൈക്കുള്ളിൽ ഒതുക്കി ശുശ്രൂഷിക്കുന്നത് കണ്ടു നിൽക്കുന്ന ഓരോ മനുഷ്യനും അത്ഭുതാദരങ്ങളോടെ മൂക്കിൽ കൈവെക്കും. 
ഒരിക്കൽ ദമാം എയർപോർട്ടിൽ മൂന്നു മയ്യിത്തുകൾ നാട്ടിലേക്കയക്കാൻ നാസ് വക്കത്തോടൊപ്പം പോയപ്പോൾ സുഹൃത്തായ എമിറേറ്റ്‌സ് മാനേജർ ബാംഗ്ലൂർ സ്വദേശിയായ ഹംസയെ കണ്ടുമുട്ടി. കുശലങ്ങൾ പറഞ്ഞു തുടങ്ങി അവസാനം അദ്ദേഹം ഏതാണ്ട് ഒസ്യത്ത് രൂപേണ പറഞ്ഞു: 
നാസ്, ഞാൻ ഇവിടെ വെച്ച് മരണമടഞ്ഞാൽ ഒട്ടും സമയം കളയാതെ എന്നെ ഈ നാട്ടിൽത്തന്നെ ഖബറടക്കാൻ വേണ്ടത് ചെയ്യണം എന്നായിരുന്നു. അപ്പോഴത് തമാശയായി എടുത്തെങ്കിലും രണ്ടാഴ്ച കഴിഞ്ഞപ്പോൾ കേട്ടത് ആ സുഹൃത്തിന്റെ മരണ വാർത്തയായിരുന്നു. വ്യാഴാഴ്ച രാത്രി ഒൻപതു മണിക്കാണ് വാർത്ത കേട്ടത്. നാസ് വക്കം അൽകോബാർ അൽ മന ആശുപത്രിയിലേക്ക് ഓടിയെത്തി. മയ്യിത്ത് മറവു ചെയ്യാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. മണിക്കൂറുകൾക്കകം മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി അർധരാത്രി ഇന്ത്യൻ എംബസിയിൽ നിന്നും എൻ.ഒ.സി നേടി പിറ്റേന്ന് ജുമുഅക്ക് ശേഷം മയ്യിത്ത് തുഖ്ബ ഖബർസ്ഥാനിൽ മറവു ചെയ്തു. 
ഇതിനു സമാനമായി തന്നെയായിരുന്നു മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായി നാസറിന്റെ മൃതദേഹവും ഖബറടക്കിയത്. ഇത് പോലെ നിരവധി പേരുടെ മൃതദേഹങ്ങൾ താമസംവിനാ മറവ് ചെയ്യുന്നതിനോ, നാട്ടിലയക്കുന്നതിനോ ആവശ്യമായ രേഖകളുടെ ക്രമീകരണത്തിന് ഇപ്പോഴും നാസ് കൈമെയ് മറന്ന് പ്രവർത്തിക്കുന്നു. ഇങ്ങനെ സേവനനിരതനായ ഈ മലയാളിയെ ദമാം മേഖലയിലെ പോലീസ് അധികൃതർ തന്നെ പലപ്പോഴും ആദരിക്കുന്നു. 
ഒരിക്കൽ സിഹാത്ത് പള്ളിയിലെ ബാത്ത്‌റൂമിൽ മരിച്ചു കിടന്ന തൃശൂർ സ്വദേശിയുടെ മയ്യിത്തിൽ പുഴുവരിച്ച കാഴ്ച വിവർണനാതീതമാണ്. ഏഴു ദിവസം ബാത്ത്‌റൂമിൽ കിടന്ന് ചീഞ്ഞളിഞ്ഞ മൃതദേഹം വാരിയെടുത്തതോടെ ചുറ്റും കൂടി നിന്നവർ മൂക്ക് പൊത്തി മാറി നിന്നപ്പോഴും മുഖത്ത് യാതൊരു സങ്കോചവുമില്ലാതെ നാസ് വക്കം തന്റെ കർത്തവ്യത്തിൽ മുഴുകി. 


കർമനിരതനായി കിഴക്കൻ പ്രവിശ്യയിലെ വിവിധ മേഖലകളിൽ കഴിയുമ്പോഴും നാളെയെന്ന കരുതലിനെ കുറിച്ച് അദ്ദേഹം ചിന്തിക്കാറില്ല. 
അന്യന്റെ ദുഃഖം സംഗീതം പോലെ ആസ്വദിക്കുന്നത് ശരിക്കും അന്വർഥമാക്കുന്നത് നാസ് വക്കമായിരിക്കും. അശരണരുടെ പ്രശ്‌നങ്ങൾക്കൊപ്പം സഞ്ചരിക്കാനും അവർക്ക് ആശ്വാസം നൽകി തന്റെ വേദനകളെ ഇല്ലായ്മ ചെയ്യാനുമാണ് ഇദ്ദേഹം ശ്രമിക്കുന്നത്. ഇവിടെ മരണമടയുന്നവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി അവർക്ക് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും ഇദ്ദേഹത്തിന്റെ ഇടപെടലിലൂടെ ചെക്കായി തന്നെ സ്വീകരിച്ചു ആ കുടുംബത്തിലെത്തിച്ചേ അദ്ദേഹം വിശ്രമിക്കൂ. 
മരണം മുഖാമുഖം കണ്ട അനുഭവത്തിന് സാക്ഷിയാകാൻ ഈ ലേഖകനും കഴിഞ്ഞു. രണ്ടു വർഷം മുൻപാണ് - ഉംറക്കുള്ള യാത്രയിൽ നാസ് വക്കം കാർ ഓടിക്കുന്നു. മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴയും 
ഞാനും എന്റെ ഭാര്യയും പിൻസീറ്റിൽ ഇരിക്കുന്നു. തായിഫ് അടുക്കാറായ സമയം വിജനമായ മരുഭൂമിക്കിടയിൽ രണ്ടുവരിപ്പാതയിൽ രാവിലെ ഏഴു മണിക്ക് ഞങ്ങളെല്ലാം ഒന്ന് മയങ്ങിയതേയുള്ളൂ. വാഹനം തെന്നിമാറി റോഡിനു വെളിയിൽ മണലിൽ ഇറങ്ങിയതോടെ നിയന്ത്രണം വിട്ട ജീപ്പ് പമ്പരം തിരിയുന്നത് പോലെ തിരിഞ്ഞ് ഒടുവിൽ പിറകിൽ വന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ തെറിച്ചു വീണത് ഇരു റോഡിനെയും വേർതിരിക്കുന്ന കമ്പി വേലിയിലായിരുന്നു. ആ കാറിലുണ്ടായിരുന്നത് യെമനി സ്വദേശികളായ നിറവയറോടെയുള്ള സ്ത്രീയും ഭർത്താവും. ഞങ്ങളുടെ വാഹനത്തിലുള്ളവർ സുരക്ഷിതരാണ് എന്ന് മനസ്സിലാക്കിയ നാസ് വക്കം ആ കാറിലേക്ക് പാഞ്ഞടുത്തു.
അവരെ കാറിൽ നിന്നും പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു പ്രഥമശുശ്രൂഷ നൽകി. യെമനിയുടെ വാഹനം പൂർണമായും നശിച്ചത് കാരണം കൊണ്ട് തന്നെ ആ കുടുംബത്തെയും ഞങ്ങളുടെ കൂടെ കൂട്ടി മക്കയിൽ ഉംറ നിർവഹിച്ചു അവരെ റിയാദിൽ തിരിച്ചെത്തിച്ചു. വിവാഹം കഴിഞ്ഞു 17 വർഷത്തിനു ശേഷം ഗർഭിണിയായ ആ യെമനി കുടുംബിനിയെപ്പറ്റിയായിരുന്നു അന്നേരം നാസ് കൂടുതൽ ശ്രദ്ധിച്ചത്. 
കടുത്ത അസുഖം കാരണം നിരാലംബനായി ഇരു കാലുകളും പ്രമേഹം വന്നു പഴുത്തു നടക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടന്നിരുന്ന കൊല്ലം സ്വദേശിയെ തർഹീലിൽ എത്തിച്ചാണ് എക്‌സിറ്റ് അടിച്ചത്. സ്‌പോൺസറുടെ നിസ്സഹകരണം കാരണം തർഹീലിൽ നേരിട്ട് എത്തിച്ചത് നാസ് വക്കം അദ്ദേഹത്തെ തന്റെ തോളിൽ ചുമന്നു കൊണ്ടാണ്. ഇതിനു സമാനമായി നൂറുകണക്കിന് കഥകളാണ് നാസ് വക്കത്തിന് പറയാനുള്ളത്. 
ആതുര സേവന രംഗത്ത് രണ്ടര പതിറ്റാണ്ട് പ്രവർത്തിച്ചു വരുന്ന ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ ബദർ അൽ റാബി മെഡിക്കൽ ഗ്രൂപ്പിന്റെ സ്‌പോൺസർഷിപ്പിൽ അതിന്റെ മാർക്കറ്റിംഗ് വിഭാഗത്തിലുള്ള ജോലിക്കൊപ്പം പ്രവാസി സമൂഹത്തിന്റെ ആശ്രയവും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ അഹമ്മദ് പുളിക്കൽ എന്ന വല്യാപ്പുക്കയുടെ തണലിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്നതിനും നാസ് വക്കത്തിന് കഴിയുന്നു. വിവിധ സംഘടനകൾ നിരവധി പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ടെങ്കിലും തനിക്കു കിട്ടിയ ഏറ്റവും വലിയ ബഹുമതി നിരാലംബരായ ആളുകളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും ലഭിക്കുന്ന പ്രാർഥനയും സ്‌നേഹവുമാണെന്ന് നാസ് പറയുന്നു. 
പ്രസവത്തെത്തുടർന്ന് മരണമടഞ്ഞ ഹൈദരാബാദ് സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാസ് വക്കത്തിന്റെ ഇടപെടൽ ഏറെ ചർച്ച ചെയ്യപ്പട്ടതാണ.് ഒരു വയസ്സായ മൂത്ത കുട്ടിയും കൈക്കുഞ്ഞുമായി മൃതദേഹത്തെ അനുഗമിക്കുന്ന ഭർത്താവിനെ യാത്രയാക്കുമ്പോൾ എയർപോർട്ടിൽ കൈക്കുഞ്ഞിനെ കയ്യിലേന്തി കണ്ണീർ പൊഴിക്കുന്ന നാസ് വക്കം മുന്നോട്ടു വെക്കുന്ന മാനവികതക്ക് പകരം വെക്കാൻ പ്രവാസ ലോകത്ത് ഒന്നും അവശേഷിച്ചിട്ടില്ല. അരയ്ക്ക് താഴെ തളർന്നു മാസങ്ങളോളം ഖത്തീഫ് ആശുപത്രിയിൽ കഴിഞ്ഞ യെമനി സ്വദേശിയെ നാട്ടിലെത്തിക്കുന്നതിന് ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ എല്ലാ നിയമക്കുരുക്കുകളും അഴിച്ച് റിയാദ് വരെ അദ്ദേഹത്തെ അനുഗമിച്ച് അവിടെ നിന്നും യെമനിലേക്ക് അയക്കുകയായിരുന്നു. വളരെ ഏറെ കുരുക്കുള്ള പല കേസുകളും റിയാദിലെ ഇന്ത്യൻ എംബസിയിലെത്തിയാൽ അത് നേരെ ദമാമിലേക്കയക്കുകയും നാസ് വക്കത്തിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുണ്ട്. 
നാസ് താമസിക്കുന്ന ഖലീജിലെ വില്ല തന്നെ തർഹീലിന്റെ മറ്റൊരു ഷെൽട്ടർ ആയാണ് അറിയപ്പെടുന്നത്. വിവിധ കേസുകളിൽ തർഹീലിൽ എത്തി അവശരായ ആളുകളെ അവിടെ നിന്നും സ്വന്തം ജാമ്യത്തിൽ എടുത്തു അദ്ദേഹത്തിന്റെ കൂടെ തന്നെ താമസിപ്പിക്കുന്നു. ഇരുപത്തഞ്ചോളം ആളുകൾ ഏതു കാലത്തും ഇവിടെയുണ്ടാവും. അവർക്കുള്ള ഭക്ഷണവും മറ്റും നൽകി ഇദ്ദേഹം തന്റെ കൂടപ്പിറപ്പുകളെ പോലെ പരിപാലിക്കുന്നു. നാടൻ കോഴികൾ, തത്തകൾ, ലവ് ബേഡ്‌സ്, താറാവ്, കാട ഇതെല്ലം അദ്ദേഹത്തിന്റെ വീട്ടിലെ അന്തേവാസികളാണ്. ഭൂമിക്കു താഴെയുള്ള എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്‌നേഹിക്കുന്നു, നാസ്. 

Latest News