Saturday , April   20, 2019
Saturday , April   20, 2019

ലീഗിന് മൂന്നാം സീറ്റ്  'വേണ്ടണം' 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദുബായിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. തുടക്കം ഗംഭീരമായിരുന്നു. ഇന്ത്യയുടെ അടുത്ത പ്രധാന മന്ത്രിയെന്ന നിലയ്ക്കുള്ള സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഞങ്ങൾ അധികാരത്തിലേറിയാൽ നിങ്ങളുടെ അടുക്കളകളിൽ നിരീക്ഷണമുണ്ടാവില്ല. ഇഷ്ടമുള്ള ആഹാരം കഴിക്കാം. ഇന്ത്യക്കാരോട് ഞങ്ങളാരും നാട് വിട്ടു പോകാൻ ആവശ്യപ്പെടില്ല. ഇതിലടങ്ങിയ രാഷ്ട്രീയം മതി വോട്ടർമാരെ സ്വാധീനിക്കാൻ. അടുത്ത ദിവസമതാ കേരളത്തിൽ നിന്നുള്ള നേതാക്കളുമായി കൂടിക്കാഴ്ച. അത് കഴിഞ്ഞ് രാഹുൽ ഗാന്ധി ശബരിമല സ്ത്രീ പ്രവേശത്തിൽ മുൻ നിലപാട് തിരുത്തി. ഷാരൂഖ് ഖാൻ റാണി മുഖർജിയ്ക്കും കാജോളിനുമിടയിൽ കഷ്ടപ്പെടുന്ന കുച്ച് കുച്ച് ഹോതാ ഹൈ എന്ന ബോളിവുഡ് ചിത്രത്തിലെ ത്രികോണ പ്രണയ ഗാന രംഗമുൾപ്പെടുത്തി വരെ ട്രോളുകളിറങ്ങി. ഈ സമയം മോഡിജിയും വെറുതെ ഇരുന്നില്ല. ഹിമാലയത്തിൽ കൊടും തണുപ്പിലുറങ്ങിയത് മുതൽ ദീപാവലിയ്ക്ക് നടത്തുന്ന കാട് വിസിറ്റുമൊക്കെയായി മൂപ്പരും രംഗം കൊഴുപ്പിച്ചു. ഇത് മൂന്ന് മാസത്തിനപ്പുറമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറ്റൊരു രീതിയാണെന്ന് തിരിച്ചറിയാതെ ജനം ഫോർവേഡ് ചെയ്തു രസിച്ചു. കാട്ടിലെ മൈന പാട്ടു പഠിപ്പിച്ച മോഡിജിയും ലൈംലൈറ്റിൽ നിറഞ്ഞാടി. കേരളത്തിൽ  മുന്നണികൾ സീറ്റ് പങ്ക് വെക്കാൻ തുടങ്ങി. ബി.ജെ.പി സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് നാല് സീറ്റുകളാണ് മത്സരിക്കാൻ നൽകിയത്. അത് പോട്ടെയെന്ന് വെക്കാം. ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിൽ ബി.ഡി.ജെ.എസിനെ ട്രോളിയത് ഏതായാലും ശരിയായില്ല. ഏഷ്യാനെറ്റ് റിപ്പോർട്ടിൽ കേട്ടത് ബിഡിജെഎസ് എട്ട് സീറ്റ് ചോദിച്ചത് അധിക പ്രസംഗമാണ്. അത്രയും സീറ്റുകളിൽ സ്ഥാനാർഥികളാക്കാൻ ബി.ഡി.ജെ.എസിൽ ആളുണ്ടോയെന്ന് വരെ യോഗത്തിൽ ചോദ്യമുയർന്നുവെന്നൊക്കെയാണ്. മുസ്‌ലിം ലീഗിന് മത്സരിക്കാൻ പൊന്നാനിയ്ക്കും മലപ്പുറത്തിനും പുറമേ ഒരെണ്ണം കൂടി വേണമെന്ന് യൂത്ത് ലീഗും മറ്റും ആവശ്യപ്പെടുന്നു. ചരിത്രബോധമില്ലാത്തവരാണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുക. 2009ലെ തെരഞ്ഞെടുപ്പിൽ വടകര പാർലമെന്റ് സീറ്റ് ലീഗിന് നൽകിയ മൂന്നാം സീറ്റായിരുന്നില്ലേ. അതിലല്ലേ കുഞ്ഞാപ്പ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ആദ്യം ഇല്ലാതിരുന്ന മുല്ലപ്പള്ളിയെ നിർത്തി ഇടതു കോട്ട പിടിച്ചെടുത്തത്. 2014ലും ഇതേ സീറ്റിൽ കോൺഗ്രസ് വിജയിച്ചു. ലീഗിന് വേണമെങ്കിൽ മൂന്നാമത്തെയോ നാലാമത്തെയോ സീറ്റിന് ആവശ്യമുന്നയിക്കാം. പകരം അഞ്ചാം മന്ത്രി കാലത്തെ പോലെ അനാവശ്യ വിവാദങ്ങൾക്ക് വഴിയൊരുക്കി ദൃശ്യ മാധ്യമങ്ങളുടെ സമയം പാഴാക്കുന്നത് ഉചിതമല്ല. ആ പുതുപ്പള്ളിയാത്രയും താക്കോൽ നായരുമൊന്നും ഓർക്കാനേ വയ്യ. 
*** *** ***
സുരേഷ് ഗോപി, മോഹൻലാൽ, മഞ്ജു വാരിയർ തുടങ്ങിയ താരങ്ങളെ പലേടത്തും മത്സരിപ്പിക്കാനുള്ള തിരക്കാണ്. മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ കണ്ടാൽ തോന്നും ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പല്ല താരനിശയാണ് നടക്കുന്നതെന്ന്. നിലവിൽ രാജ്യസഭാംഗമായ സുരേഷ് ഗോപിയെ കൊല്ലത്താണ് ബിജെപി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. മോഹൻലാൽ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാർത്ഥിയായേക്കുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്. മെഗാ സ്റ്റാർ മമ്മുട്ടിയുടെ കാര്യമാണ് മഹാ കഷ്ടം. പൊതുസമ്മതനായ വ്യക്തിയെ നിർത്തിയാൽ വിജയം പ്രതീക്ഷിക്കാവുന്ന  സീറ്റൂകളിലേക്ക് സെലിബ്രിറ്റി  സ്ഥാനാർത്ഥികളെ തേടുകയാണ് പാർട്ടികൾ. ചാലക്കുടിയിൽ കഴിഞ്ഞ തവണ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കിയ സിപിഎം തന്ത്രം വിജയം കണ്ടിരുന്നു. മോഹൻലാലിനെയും സുരേഷ് ഗോപിയേയും ബിജെപി നോട്ടമിടുമ്പോൾ സിപിഎം ലക്ഷ്യം വെക്കുന്നത് മമ്മൂട്ടിയെ ആണ്. ഓരോ തെരഞ്ഞെടുപ്പ് കാലത്തും  മമ്മൂട്ടിയുടെ  സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ചർച്ചകൾ ഉയർന്നുവരാറുണ്ടെങ്കിലും അതൊന്നും യാഥാർഥ്യമാവാറില്ല. എറണാകുളം സീറ്റിൽ മമ്മൂട്ടിയെ മത്സരിപ്പിക്കാനാണ് നീക്കമെന്നാണ് പറയുന്നത്.  കൈരളി ചാനൽ ചെയർമാൻ കൂടിയാണ് അദ്ദേഹം. 
*** *** ***
ദേശീയ ചാനലുകൾ പലതും പാർലമെന്റ് തെരഞ്ഞെടുപ്പ് സർവേകൾ തയാറാക്കി പ്രസിദ്ധപ്പെടുത്തുന്ന തിരക്കിലാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എന്ത് സംഭവിക്കുമെന്ന രീതിയിലുള്ള പ്രവചനങ്ങൾക്ക് മൂന്ന് മാസങ്ങൾ കഴിയുമ്പോൾ പ്രസക്തിയെന്തെന്ന് സംശയിക്കുന്നവരുണ്ട്. ഏതായാലും റിപ്പോർട്ടർ, ഏഷ്യാനെറ്റ് ചാനലുകൾ വെള്ളിയാഴ്ച സർവേ ഫലത്തെ ആധാരമാക്കിയാണ് സായാഹ്ന സംവാദം നടത്തിയത്. കേരളത്തിൽ ശബരിമല വിഷയം കത്തി നിന്ന നാളുകളിൽ റിപ്പബ്ലിക് ടി.വി ഒരു സർവേ നടത്തിയിരുന്നു. ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ ഇടക്കിടെ കേരളം സന്ദർശിച്ചതു കൊണ്ടൊന്നും കാര്യമില്ലെന്നും സംസ്ഥാനത്ത് യു.ഡി.എഫിനായിരിക്കും മേൽക്കൈ എന്നാണ് കണ്ടെത്തിയത്. ഇതു തന്നെയാണ് കേരള വിഷയത്തിൽ വ്യാഴാഴ്ച പുറത്തു വന്ന സർവേകളിലും. 
കേരളത്തിൽ യുഡിഎഫിന് വൻജയം ഉണ്ടാകുമെന്നും, കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 16ലും യുഡിഎഫ് ജയിക്കുമെന്നുമാണ് 
എബിപി ന്യൂസ് സീവോട്ടർ സർവേയിൽ കണ്ടെത്തിയത്. ശബരിമല വിഷയം മുൻനിർത്തി തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്ന ബിജെപിക്ക് കേരളത്തിൽ ഇക്കുറിയും അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും സർവേ പറയുന്നു. തമിഴ്‌നാട്ടിൽ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ -കോൺഗ്രസ് സഖ്യം തൂത്തുവാരുമെന്നും പ്രവചനമുണ്ട്.  
ബിജെപിക്കും എൻഡിഎയ്ക്കും തിരിച്ചടി പ്രവചിക്കുന്നതാണ്  ഇന്ത്യാ ടുഡേ കാർവി മൂഡ് ഓഫ് ദ നാഷൻ പോൾ. ബിജെപിക്ക് ഇത്തവണ 99 സീറ്റ് കുറയുമെന്നാണ് ഇന്ത്യാ ടുഡേയുടെ പ്രവചനം. 
*** *** ***
തൊണ്ണൂറുകളിലെ ഭാഗ്യ ജോഡിയായിരുന്നു രോഹിണിയും റഹ്മാനും. അക്കാലത്ത് നിരവധി ഗോസിപ്പുകളും അവരെക്കുറിച്ച് പ്രചരിച്ചിരുന്നു. രോഹിണിയും റഹ്മാനും പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്നൊക്കെയായിരുന്നു പ്രചാരണങ്ങൾ.
എന്നാൽ, താനും റഹ്മാനും തമ്മിൽ നല്ല സൗഹൃദം മാത്രമായിരുന്നെന്നും മാധ്യമങ്ങളാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും രോഹിണി പറഞ്ഞു. കൈരളി പീപ്പിൾ ടിവിയിലെ ജെബി ജംഗ്ഷനിലാണ് രോഹിണി പഴയ കാര്യങ്ങളെ കുറിച്ച് മനസ് തുറന്നത്. ഷൂട്ടിംഗ് ഇടവേളകളിൽ റഹ്മാൻ തന്റെ മുറിയിൽ വരുമായിരുന്നെന്നും അങ്ങനെ ഒന്നിച്ച്  പോകുമ്പോൾ ഇവർ തമ്മിൽ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകൾ ഉണ്ടായതെന്നും രോഹിണി പറഞ്ഞു. കാലക്രമേണ, ഗോസിപ്പുകളെ അതിന്റേതായ വഴിക്ക് വിടാൻ താൻ പഠിച്ചെന്നും രോഹിണി പറഞ്ഞു.
*** *** ***
നഴ്‌സ് ലിനിക്ക് കേരള സർക്കാരിന്റെ ആദരം. നിപ വൈറസ് ബാധയേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെയാണ് അവർ  മരണമടഞ്ഞത്.  സംസ്ഥാനത്തെ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ആദര സൂചകമായി ലിനിയുടെ പേരിൽ ഏർപ്പെടുത്തി. 'സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്' എന്ന പേരിലായിരിക്കും പുരസ്‌കാരം അറിയപ്പെടുക. ലോകാരോഗ്യ സംഘടനയും ഇക്കണോമിസ്റ്റ് മാസികയും ലിനിയുടെ സേവനത്തെ നേരത്തെ അംഗീകരിച്ചിരുന്നു. ലിനിയുടെ ഭർത്താവിന് ആരോഗ്യവകുപ്പിന്റെ കീഴിൽ എൽഡി ക്ലാർക്കായി സർക്കാർ ജോലി നൽകിയിരുന്നു. പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു ലിനി. തന്റെ ജീവന് വില കൽപിക്കാതെ നിപാ ബാധിതരെ പരിചരിച്ച ലിനിയുടെ ജീവനെടുത്തതും നിപാ വൈറസ് ആയിരുന്നു. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. വിദേശത്തായിരുന്ന ലിനിയുടെ ഭർത്താവ് സജീഷ് സ്ഥലത്തെത്തിയിരുന്നെങ്കിലും ദൂരെ നിന്ന് ലിനിയെ ഒരു നോക്ക് കാണാൻ മാത്രമേ കഴിഞ്ഞുള്ളു. അടുത്ത ബന്ധുക്കൾ മാത്രമാണ് മൃതശരീരം കണ്ടത്. കുട്ടികൾക്ക് അമ്മയെ അവസാനമായി ഒരു നോക്ക് കാണാനായിരുന്നില്ല.ആയിരം പത്മ പുരസ്‌കാരങ്ങളേക്കാൾ തിളക്കമേറിയതായി ഈ അംഗീകാരം. 
*** *** ***
വീട്ടുജോലിക്കാരിയായ പതിനാലുവയസുകാരിയെ ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് നടി ഭാനുപ്രിയയ്‌ക്കെതിരെ കേസ്. ആന്ധ്രപ്രദേശ് സ്വദേശിയായ പ്രഭാവതിയാണ് പതിനാലു വയസുകാരിയായ തന്റെ മകളെ കാണാൻ നടി അനുവദിക്കുന്നില്ലെന്നും പറഞ്ഞുറപ്പിച്ച ശമ്പളം മകൾക്ക് നൽകുന്നില്ലെന്നും ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്.10,000 രൂപ മാസ ശമ്പളത്തിന് ഏജന്റ് വഴിയാണ് മകളെ ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടിലേക്ക് അയച്ചത്. കഴിഞ്ഞ പതിനെട്ട് മാസമായി പെൺകുട്ടിക്ക് പറഞ്ഞുറപ്പിച്ച തുക നൽകുന്നില്ലെന്നും മാസങ്ങളായി പെൺകുട്ടിയുമായി ബന്ധപ്പെടാൻ നടി അനുവദിക്കുന്നില്ലെന്നുമാണ് പ്രഭാവതിയുടെ പരാതി. സമാൽകോട്ട് പോലീസ് സ്‌റ്റേഷനിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് പരാതി നൽകിയിരിക്കുന്നത്. ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ മകളെ ഉപദ്രവിച്ചതായി അജ്ഞാത സന്ദേശം ലഭിച്ചെന്നും മകളെ കാണാൻ ചെന്നൈയിലെത്തിയ കുടുംബത്തിനെ ഗോപാലകൃഷ്ണൻ ഭീഷണിപ്പെടുത്തിയെന്നും പ്രഭാവതി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഭാനുപ്രിയ പൂർണമായും തള്ളി. പെൺകുട്ടി ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ വീട്ടിൽനിന്നും മോഷ്ടിച്ചുവെന്നും പരാതിയുമായി മുന്നോട്ട് നീങ്ങുമെന്ന് കുടുംബത്തിനെ അറിയിച്ചതിനെ തുടർന്നുമാണ് അവർ വ്യാജ പരാതി നൽകിയതെന്നാണ് ഭാനുപ്രിയ പറയുന്നത്. പെൺകുട്ടിയുടെ വയസ് തനിക്കറിയില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. എന്തായാലും സെലിബ്രിറ്റി ഉൾപ്പെട്ട കേസ് അല്ലേ, തെന്നിന്ത്യയിലെ മാധ്യമങ്ങൾക്കെല്ലാം ഇത് വാർത്തയായി. 
*** *** ***
ഇക്കഴിഞ്ഞ 23 ബുധനാഴ്ച കൈരളി ചാനലിലെ പ്രഭാത ബുള്ളറ്റിൻ ആരംഭിക്കുന്നു. ന്യൂസ് റീഡർ ദേശീയ, സംസ്ഥാന പ്രാധാന്യമുള്ള വിഷയങ്ങളും കായികരംഗവമുൾപ്പെടുത്തി ഹെഡ് ലൈൻസ് വായിച്ചു. വിശദമായ വാർത്തകളിലേക്ക് കടക്കുകയാണെന്ന് കരുതിയ പ്രേക്ഷകർ ആദ്യം ശ്രവിച്ചത് ഇങ്ങിനെ: ആലത്തൂർ കോടതി വളപ്പിൽ പാർട്ടി പ്രവർത്തകന് വെട്ടേറ്റു. ഏത് പാർട്ടി? ബോസ്റ്റൺ ടീ പാർട്ടിയോ? ഇതൊരു മാതിരി ചില സമുദായ പ്രസിദ്ധീകരണങ്ങളിലെ വിവാഹ പരസ്യങ്ങളിൽ പ്രസ്ഥാന ബന്ധുവിന് വിവാഹ ബന്ധം ക്ഷണിക്കുന്നുവെന്നുള്ളത് പോലുള്ള വായനയായി പോയല്ലോ. നിസ്സഹകരണ പ്രസ്ഥാനമോ ചേരിചേരാ പ്രസ്ഥാനമോ എന്നറിയാതെ പൊതു വായനക്കാർ പ്രയാസപ്പെടാറുണ്ടെന്നത് വേറെ കാര്യം. കൈരളി ചാനലിന് ബുള്ളറ്റിൻ തയാറാക്കിയ ശേഷം ലഭിച്ച വാർത്തയാണിതെന്ന് കരുതുക. എന്നാൽ പ്രാധാന്യം വെച്ചു നോക്കുമ്പോൾ ഓപ്പൺ ചെയ്യുന്നിടത്ത് തന്നെ ഉൾപ്പെടുത്തുകയും വേണം. എങ്കിൽ ഇപ്പോൾ കിട്ടിയ വാർത്ത എന്ന ആമുഖത്തോടെ വായിക്കുന്നതല്ലേ ഉചിതം?
 

Latest News