Saturday , April   20, 2019
Saturday , April   20, 2019

തമ്പുകളിലെ നൊമ്പരം

നല്ല ശമ്പളമില്ലാതെ, താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ, വർഷങ്ങളോളം വീട്ടിൽ പോകാൻ കഴിയാതെ സർക്കസ് കലാകാരന്മാർ / കലാകാരികൾ പലരും തമ്പുകളിൽ നരകിച്ചു ജീവിച്ചു. കളിക്കിടയിൽ അപകടം പറ്റിയാലോ അംഗഭംഗം വന്നാലോ മരിച്ചാലോ അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കില്ല. അവർക്ക് ഇൻഷൂറൻസ് പരിരക്ഷയില്ല. കാണികളെ പൊട്ടിച്ചിരിയുടെ അലകളിൽ ആറാടിക്കുന്ന കോമാളികളിൽ പലരും ഉള്ളിൽ ഹൃദയം തകർന്ന് വിങ്ങിക്കരയുന്നത് ആരുമറിഞ്ഞില്ല. മലയാളി അഭ്യാസികൾ അങ്ങനെ നൊമ്പരത്തോടെ കൂടാരങ്ങളുടെ പടിയിറങ്ങി. 

അഡോൾഫ് ഹിറ്റ്‌ലറും ബെനിറ്റോ മുസ്സോളിനിയും!
ലോകം വിറപ്പിച്ച രണ്ടു സ്വേച്ഛാധിപതികൾ. മനുഷ്യത്വം എന്നത് തൊട്ടുതീണ്ടാത്ത നരാധമന്മാർ. പക്ഷെ, അവരുടെ പോലും സ്‌നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിഞ്ഞ മനുഷ്യരുണ്ടായിരുന്നു എന്നു പറഞ്ഞാലോ? അതിശയിക്കേണ്ട, സംഗതി സത്യമാണ്. സർക്കസ് ലോകത്ത് മലയാളിയുടെ എക്കാലത്തേയും വലിയ അഭിമാനസ്തംഭമായി തീർന്ന കണ്ണൻ ബോംബായോ അവരിൽ ഒരാളാണ്. ബ്രിട്ടനിലെ ജോർജ് ആറാമൻ ചക്രവർത്തിക്കും അമേരിക്കൻ പ്രസിഡണ്ട് റൂസ്‌വെൽറ്റിനും കൂടി പ്രിയപ്പെട്ടവനായിരുന്നു ഈ അതുല്യ സർക്കസ് കലാകാരൻ.
കേരളീയ സർക്കസ് കലയുടെ കുലപതി, കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ബന്ധുവും അരുമ ശിഷ്യനുമായിരുന്നു കണ്ണൻ ബോംബായോ. 14 -ാം വയസ്സിലായിരുന്നു അഭ്യാസി എന്ന നിലയിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം. പിന്നീട് വൈറ്റ്‌വെ സർക്കസിൽ ചേർന്നു. കളിയിലെ കറകളഞ്ഞ കർമശേഷിയും മെയ്‌വഴക്കവും ആത്മാർഥതയുമായിരുന്നു കണ്ണന്റെ കൈമുതൽ. ചുരുങ്ങിയ കാലത്തിനുള്ളിൽ പടിപടിയായി ഉയർന്ന് അദ്ദേഹം സർക്കസിലെ മിന്നുന്ന താരമായി. പ്രഗദ്ഭനായ റോപ്ഡാൻസറായി അവിടെ കത്തി നിൽക്കുമ്പോഴാണ് കണ്ണൻ ലണ്ടനിലെ പ്രസിദ്ധമായ ബർട്രാം മിൽസ് സർക്കസിലേക്ക് ചാടിയത്. 
കണ്ണൻ, കണ്ണൻ ബോംബായോ ആകുന്നതും ലോകപ്രസിദ്ധനായ സർക്കസ് കലാകാരനായി വളരുന്നതും അവിടെ നിന്നാണ്. ബർട്രാം മിൽസ് സർക്കസ് ജർമനിയും ഇറ്റലിയും ഉൾപ്പെടെ യൂറോപ്പിലാകമാനം പര്യടനം നടത്തുകയുണ്ടായി. ആ സമയത്താണ് കണ്ണൻ ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ഒക്കെ ശ്രദ്ധയിൽപ്പെടുന്നത്. 
അഭ്യാസപ്രകടനങ്ങളിൽ അഗ്രഗണ്യനായ അദ്ദേഹത്തെ ഇടക്കാലത്ത് അമേരിക്കയിലെ റിങഌങ് ബ്രദേഴ്‌സ് സർക്കസ് റാഞ്ചിക്കൊണ്ടു പോയി. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സർക്കസ് കമ്പനിയായിരുന്നു അന്ന് റിങഌങ് ബ്രദേഴ്‌സ്. അവിടെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി ഉയരാനും അദ്ദേഹത്തിന് കഴിഞ്ഞു.
പക്ഷെ, താമസിയാതെ കണ്ണൻ ബർട്രാം മിൽസ് സർക്കസിലേക്കു തന്നെ തിരിച്ചുവന്നു. കണ്ണൻ വിട്ടുപോയതോടെ അക്ഷരാർഥത്തിൽ പ്രഭ മങ്ങിപ്പോയ ബർട്രാം മിൽസിന് അദ്ദേഹത്തിന്റെ തിരിച്ചുവരവ് വലിയ ഉണർവും ഊർജവും നൽകി. അതോടെ അദ്ദേഹത്തിന് അവിടെ പ്രത്യേക പദവിയും പരിഗണനയും ലഭിച്ചു. അദ്ദേഹത്തിന്റെ താരപരിവേഷവും വർധിച്ചു. 
സർക്കസ് റിംഗിലേക്ക് ആനപ്പുറത്തായിരുന്നു അദ്ദേഹം ആനയിക്കപ്പെട്ടത്. കണ്ണൻ അണിഞ്ഞ അത്യാകർഷകമായ അംഗവസ്ത്രങ്ങൾ ഉയർത്തിപ്പിടിക്കാനായി മാത്രം രണ്ടു നിരയായി ഒമ്പതു വീതം യുവതികൾ നിരന്നുനിൽക്കുമായിരുന്നുവത്രെ. സായിപ്പിന്റെ സർക്കസിൽ പോലും വിഐപി പരിഗണന കിട്ടിയിരുന്നു, മലയാളിയായ കണ്ണൻ ബോംബായോവിന് എന്ന് സാരം! 
ഇന്ത്യയിൽ സർക്കസ് ജനശ്രദ്ധ പിടിച്ചുപറ്റി പ്രസിദ്ധമായി തീരുന്നത് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ഇന്ത്യയിലെ പ്രധാന സർക്ക സുകളുടെ കേന്ദ്രം അന്ന് മഹാരാഷ്ട്രയായിരുന്നു. ബംഗാളും കർണാടകയും തൊട്ടു പിന്നിലുണ്ട്. മിക്കവാറും ഈ സർക്കസുകളുടെ ഉടമകൾ മറാത്തികളോ ഉത്തരേന്ത്യക്കാരോ ആയിരുന്നു. പക്ഷെ, മലയാളികളായിരുന്നു സർക്കസിലെ നല്ലൊരു വിഭാഗം കളിക്കാർ. സർക്കസുകളുടെ വിജയം നിർണയിക്കുന്ന മുഖ്യ അഭ്യാസപ്രകടനങ്ങളിൽ പ്രധാനികളും അവർ തന്നെ. 
അവരിൽ പുരുഷൻമാരും സ്ത്രീകളുമുണ്ട്. അക്കാലത്ത് ഇന്ത്യൻ സർക്കസുകളിലെ പ്രധാന ആകർഷണം തന്നെ മലയാളി വനിതകളായിരുന്നു. ഇന്ത്യൻ സർക്കസിലെ ആദ്യത്തെ മലയാളി വനിതതാരം മലബാറുകാരിയായ കുന്നത്ത് യശോദയായിരുന്നു. സാഹസിക കലയായ സർക്കസിലേക്ക് അന്ന് സ്ത്രീകൾ ഏറെയൊന്നും ആകർഷിക്കപ്പെട്ടിരുന്നില്ല. എങ്കിലും മലയാളി വനിതകൾ സധൈര്യം ആ രംഗത്തേക്ക് കടന്നു വന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 
കേരളത്തിൽ സർക്കസിന്റെ ഈറ്റില്ലം എന്ന വിശേഷണം തലശ്ശേരിക്ക് മാത്രം സ്വന്തമാണ്. തലശ്ശേരിയുടെ തനത് കളരിപാരമ്പര്യം അതിനൊരു കാരണമായി തീർന്നു. മറ്റൊന്ന് സർക്കസ് ആചാര്യനും തലശ്ശേരിക്കാരനുമായ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനവും. 
തികഞ്ഞ കളരി അഭ്യാസിയായ കീലേരി, തലശ്ശേരി ബിഇഎംപി ഹൈസ്‌കൂളിലെ ജിംനാസ്റ്റിക് അധ്യാപകനായിരുന്നു. തലശ്ശേരിയിലെ ചിറക്കരയിൽ ലോകത്തിലാദ്യമായി ഒരു സ്ഥിരം സർക്കസ് കളരിക്ക് രൂപം നൽകിയതും അദ്ദേഹമാണ്. കീലേരി സ്വയം ഒരു സർക്കസ് കളിക്കാരനായിരുന്നില്ല. 
അതേ സമയം ഒരു സർക്കസ് കണ്ടാൽ അതിലെ കളികളെ സൂക്ഷ്മമായി നിരീക്ഷിച്ച് അതിന് തന്റേതായ ചില പൊടിക്കൈകൾ പ്രയോഗിച്ച് ഒരു പ്രത്യേക ഐറ്റം ആക്കിയെടുക്കാൻ അദ്ദേഹം മിടുക്കനായിരുന്നു. അദ്ദേഹത്തിന്റെ കളരിയിൽ അഭ്യാസങ്ങൾ പയറ്റിത്തെളിഞ്ഞവരാണ് പിന്നീട് പല ഇന്ത്യൻ സർക്കസുകളുടെയും അരങ്ങിലും അണിയറയിലും പ്രധാന അലങ്കാരവും ആകർഷണവുമായി മാറിയത്. ഹൊറിസൊണ്ടൽ ബാർ, വളയിൽ ചാട്ടം, ഫഌയിങ് ട്രപ്പീസ്, സൈക്കിളഭ്യാസം, ഭാരോദ്വഹനം, റോപ്പ്‌വാക്ക്, സിംഗിൾ ട്രപ്പീസ്, സമ്മർസാൾട്ട് തുടങ്ങി നിരവധി ഐറ്റങ്ങൾ അവർ കാഴ്ചെവച്ചു. 
കാണികൾ അന്നേവരെ കാണാത്ത, അവിശ്വസനീയമായ, അസാധ്യമായ, അത്ഭുതകരമായ, അഭ്യാസപ്രകടനങ്ങളായിരുന്നു പലതും. അതുകണ്ട് കാഴ്ചക്കാർ മതിമറന്നു. സർക്കസ് കാണാൻ ആളുകൂടണമെങ്കിൽ മലയാളി താരങ്ങൾ നിർബന്ധമാണെന്ന നിലയുണ്ടായി. സർക്കസ് കമ്പനിക്ക് പ്രശസ്തി കിട്ടാനും ഉടമകൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനും മലയാളി തന്നെ വേണമെന്ന സ്ഥിതിയും വന്നു ചേർന്നു. 
ഇത് സർക്കസിൽ മലയാളികളുടെ ശക്തിയും സാന്നിധ്യവും നിർണായകമാ ക്കി. അതുവഴി ഇന്ത്യയിൽ സർക്കസിനെ മലയാളി ഒരു ജനകീയ കലയാക്കി മാറ്റി.  പ്രത്യേക വാദ്യഘോഷങ്ങളുടെ താളലയങ്ങളുമായി എത്തുന്ന സംഗീത സാന്ദ്രമായ അന്തരീക്ഷവും വൈവിധ്യമാർന്ന വെളിച്ചങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭാപൂരത്തിൽ കുളിച്ചു നിൽക്കുന്ന ആകർഷകമായ പശ്ചാത്തലവുമുള്ള സർക്കസ്സിനെ അടുത്തറിയുമ്പോൾ മാത്രമെ ഇത് അടിമുടി സാഹസികതയുടെ സംഗമവേദിയാണ് എന്ന് മനസ്സിലാവുകയുള്ളൂ. മരണം നിഴലുപോ ലെ ഓരോ സർക്കസ് കളിക്കാരനൊപ്പവും സദാ സഞ്ചരിച്ചു കൊണ്ടിരിന്നു. 
മരണഭീതിയില്ലാത്തവനും ധീരനും മാത്രം കരുത്തോടെ കൈയാളാൻ കഴിയു ന്ന കായിക കലയാണിത്. അത്തരക്കാർക്ക് മാത്രമേ ഇവിടെ പിടിച്ചുനിൽ ക്കാനും ശോഭിക്കാനും കഴിയൂ. കഠിനമായ പരിശീലനവും സഹനശേഷിയും അർപ്പണമനോഭാവവും കൂടി സർക്കസ് കലാകാരന് അത്യാവശ്യമാണ്. അവ യെല്ലാം അണുവിട തെറ്റാതെ ആത്മാവിൽ അനുഷ്ഠാനം പോലെ പ്രതിഷ്ഠിച്ചു കൊണ്ട് ഇന്ത്യൻ സർക്കസിന്റെ അവിഭാജ്യഘടകമായി തീർന്നവരാണ് ഒ രു കാലത്ത് മലയാളികൾ. സാഹസികതയോടുള്ള ആഭിമുഖ്യം മാത്രമായിരുന്നോ മലയാളിയെ സർക്കസിനോട് അടുപ്പിച്ചത്? അല്ല. 
അന്നത്തെ വടക്കേ മലബാറിലെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകളും അതിന് കാരണമായിട്ടുണ്ട്. കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നവരുമായിരുന്നു ജനതയിൽ ഭൂരിഭാഗവും. മാത്രമല്ല, കുടുംബങ്ങളിൽ ദാരിദ്ര്യത്തിന്റെ വറുതിയിൽ പൊറുതി മുട്ടിക്കുന്ന അവസ്ഥയും. 
അതിൽ നിന്ന് രക്ഷ തേടിയാണ് അന്ന് പലരും സർക്കസിൽ ചേരുന്നത്. ധർമടം, അണ്ടലൂര്, കതിരൂര്, പാലയാട്, മേലൂര്, വടക്കുമ്പാട്, പിണറായി, പൊന്ന്യം, എരഞ്ഞോളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള തീയ്യസമുദായത്തിൽ പെട്ടവരായിരുന്നു അവരിൽ ഏറെയും. അവരുടെ വരവ് ഇന്ത്യൻ സർക്കസിന്റെ വളർച്ചയിലെ വസന്തകാലമായി.
സർക്കസിലെ ഉത്തരേന്ത്യൻ താരാധിപത്യത്തിന് മലയാളികൾ വലിയ വെല്ലുവിളികൾ സൃഷ്ടിച്ചു. 
ചെറിയ ചെറിയ കായിക അഭ്യാസങ്ങളുമായി നാ ടുചുറ്റി നടന്നവർ മലയാളികളുടെ അസാധാരണവും അത്ഭുതകരവുമായ പ്ര കടനങ്ങൾക്ക് മുന്നിൽ അന്തംവിട്ട് നിഷ്പ്രഭരായി തീർന്നു. അവരുടെ സർക്ക സ്സുകളിൽ അതുവരെ പലയിനം മൃഗങ്ങളും അവയുടെ പ്രകടനങ്ങളുമായിരു ന്നു മറ്റൊരു പ്രധാന ആകർഷകത്വം. മലയാളികളുടെ വരവോടെ അതൊ ക്കെ രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. 
കീലേരിയുടെ സർക്കസ് കളരിയിൽ നിന്നും പതിനെട്ടടവും പഠിച്ചിറങ്ങിയ അഭ്യാസികൾ ഇന്ത്യൻ സർക്കസ് കൂടാരങ്ങൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്. സർക്കസിൽ മലയാളി താരങ്ങളില്ലെങ്കിൽ ഗ്യാലറിയിൽ കാണികളില്ലെ ന്നുവരെയായി അവസ്ഥ. എന്നുമാത്രമല്ല, മലയാളികളായ കളിക്കാരില്ലാത്തതിനാൽ വരുമാനം കുറയുകയും സർക്കസ് തന്നെ പൂട്ടേണ്ടി വരികയും ചെയ്ത സംഭവങ്ങളും ഉണ്ടായി.  
ഇന്ത്യൻ സർക്കസിൽ താരങ്ങളായി മാത്രമല്ല മലയാളി വെന്നിക്കൊടി പാറിച്ചത് എന്നതും ശ്രദ്ധേയമാണ്. അവരിൽ പലരും പല കാലത്തായി പല പ്രമുഖ സർക്കസ് കമ്പനികളുടെയും ഉടമകളായി തീരുകയും അതുവഴി പ്രശസ്തരാവുകയും ചെയ്തു. ഒരേസമയം ഒന്നിലധികം സർക്കസ് കമ്പനികളുടെ ഉടമകളായി വിലസി വിരാജിച്ചവരും അക്കൂട്ടത്തിലുണ്ട്. 1904-ൽ രൂപം കൊണ്ടതും പരിയാലി കണ്ണന്റെ ഉടമസ്ഥതയിലുള്ളതുമായ പരിയാലീസ് മലബാർ ഗ്രാന്റ് സർക്കസാണ് ആദ്യത്തേത്. മലയാളിയുടെ ആദ്യ സർക്കസ് സംരംഭവുമാണത്. 
കുഞ്ഞിക്കണ്ണൻ എന്നയാളുടെ നേതൃത്വത്തിലുള്ള വൈറ്റ്‌വേ, കല്ലൻ ഗോപാലന്റെ റെയ്മൺ, ഒ.കെ. അപ്പയുടെ വെസ്റ്റ്‌വേ, കണാരന്റെ വെ സ്റ്റേൺ, എം. കൃഷ്ണന്റെ ജൂബിലി, കീലേരി രാഘവന്റെ ഇംപീരിയൽ, പൂച്ചാ ലി ബാലന്റെ രാജ്കമൽ എന്നിവ അവയിൽ ചിലതാണ്. കല്ലൻ ഗോപാലൻ രണ്ടു സർക്കസുകളുടെ ഉടമയായിരുന്നു - റെയ്മൺ, നാഷണൽ എന്നിവയുടെ. കാലാന്തരത്തിൽ ഈ സർക്കസുകളിൽ പലതും തകരുകയും അപ്രത്യക്ഷമാവുകയും ചെയ്തു. പകരം പുതിയ കൂടാരങ്ങളുയർന്നു. 
ജെമിനി, ജംബോ എന്നിവയാണ് ഇന്ത്യയിൽ ഇന്ന് ഏറ്റവും പ്രസിദ്ധമായ മലയാളി സർക്കസുകൾ. ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ ഷോമാനായ ജെമിനി ശങ്കരനാണ് ഈ സർക്കസുകളുടെ ഉ ടമസ്ഥൻ. മലയാളിയുടെ സർക്കസ് ആചാര്യൻ കീലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരേ ഒരു ശിഷ്യനും അദ്ദേഹമാണ്. 
കൊൽ ക്കത്തയിലെ ബോസ്‌ലിയൻ സർക്കസ്, മലയാളിയായ കല്ലൻ ഗോപാലന്റെ ഉടമസ്ഥതയിലുള്ള റെയ്മൺ സർക്കസ് എന്നിവയിലൂടെയാണ് ശങ്കരന്റെ വരവ്. ഹൊറിസൊണ്ടൽ ബാറിലും ഫഌയിങ് ട്രപ്പീസിലും അതിവിദഗ്ധനായിരു ന്നു അദ്ദേഹം. 
ഈ രണ്ടു വിഭാഗങ്ങളിലും പ്രഗൽഭരായവർക്കായിരുന്നു അന്ന് സർക്കസിൽ ഏറ്റവും വലിയ താരമൂല്യവും പ്രതിഫലവും. 1951-ൽ അദ്ദേഹം ജെമിനി സർക്കസ് സ്ഥാപിക്കുകയും അങ്ങനെ ജെമിനി ശങ്കരനായി തീരുകയും ചെയ്തു. തുടർന്ന് 1977-ൽ ജെമിനി നിലനിർത്തി കൊണ്ടു തന്നെ അദ്ദേഹം ജംബോ സർക്കസിന് രൂപം നൽകി. 
ആദ്യകാലത്തൊക്കെ സർക്കസിലെത്തുന്ന മലയാളികളായ കളിക്കാർക്ക് നല്ല സ്വീകരണവും സൗകര്യവും നൽകിയിരുന്നു. പ്രത്യേകിച്ചും മലയാളികളുടെ ഉടമസ്ഥതയിലുള്ള സർക്കസുകളിൽ. പലർക്കും അന്നത്തെ നിലയിൽ തെറ്റില്ലാത്ത ശമ്പളവും കിട്ടിയിരുന്നു. 
മിക്കവാറും സർക്കസ് മുതലാളിമാരും കളിക്കാരും മലബാറിൽ നിന്നുള്ളവരായിരുന്നു. സർക്കസ് ഉടമയും ക ളിക്കാരും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സ്‌നേഹ സൗഹാർദ്ദങ്ങ ൾ പങ്കിട്ടു. സർക്കസ് മുതലാളി നാട്ടിൽ ലീവിനെത്തുമ്പോൾ കളിക്കാരുടെ ഭ വനം സന്ദർശിക്കുകയും കുശലം പറയുകയും ഒരു തുക വീട്ടുകാരെ ഏൽപ്പിക്കുകയും ചെയ്യുന്ന സമ്പ്രദായവും അന്നുണ്ടായിരുന്നു. 
പക്ഷെ, കാലക്രമത്തിൽ ആ ബന്ധങ്ങളിൽ പ്രകടമായ മാറ്റമുണ്ടാവുകയും അതിലേക്ക് ഉടമ-അടിമ എന്ന മനോഭാവം കടന്നുവരികയും ചെയ്തു. പ്രത്യേകിച്ചും സർക്കസ് മുതലാളിമാരുടെ രണ്ടാം തലമുറയിലായിരുന്നു ഇത് ശക്തമായത്. അമ്പരപ്പിക്കുന്ന പ്രകടനങ്ങളിലൂടെ കാണികളെ കൂട്ടി സർക്കസ് കമ്പനിക്ക് സ്വത്തും സമ്പത്തും വർധിപ്പിക്കുന്ന കലാകാരന്മാരെ അവർ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങി. 
കളിക്കാരെ കണ്ണിൽ ചോരയില്ലാതെ ചൂഷണം ചെയ്ത് എങ്ങനെയും പണമുണ്ടാക്കുക മാത്രമായി ഈ മുതലാളിമാരുടെ ലക്ഷ്യം. ഒരു കാലത്ത് പെൺകുട്ടികൾക്ക് ഏറ്റവും സുരക്ഷിത ഇടമായിരുന്ന സർക്കസിൽ പിന്നീട് അവരുടെ മാനം പോലും പട്ടാപ്പകൽ ചവിട്ടിമെതിക്കപ്പെട്ടു. മലയാളികളായ കളിക്കാരുടെ കുടുംബത്തിലെ സാമ്പത്തിക ശോച്യാവസ്ഥ അറിഞ്ഞിട്ടും പലർക്കും സർക്കസ് മുതലാളിമാർ തുലോം തുച്ഛമായ ശമ്പളമാണ് നൽകിയത്. പുറമെ അഞ്ചും പത്തും വർഷത്തേക്ക് ആ ചെറിയ ശ മ്പളത്തിൽ പണിയെടുക്കണമെന്നും കമ്പനി വിട്ടു പോകരുത് എന്നുമുള്ള ബോണ്ടുകളിലും അവർക്ക് കൈയ്യൊപ്പ് വെക്കേണ്ടിവന്നു. നിരക്ഷരരായിരു ന്നു പലരും എന്നതിനാൽ ആ രേഖകളൊന്നും വായിച്ചു മനസ്സിലാക്കാനും അവർക്ക് കഴിഞ്ഞില്ല. ശരിക്കും അവരെയൊക്കെ മുതലാളിമാർ കെണിയിൽ പെടുത്തുകയായിരുന്നു. ചെറിയ ശമ്പളമായിട്ടും അതുപോലും പലർക്കും കൃ ത്യമായി കിട്ടിയില്ല.
നല്ല ശമ്പളമില്ലാതെ, നല്ല താമസ സൗകര്യമോ ഭക്ഷണമോ ഇല്ലാതെ, വർഷങ്ങളോളം വീട്ടിൽ പോകാൻ കഴിയാതെ പലരും തമ്പുകളിൽ നരകിച്ചു ജീവിച്ചു. കളിക്കിടയിൽ അപകടം പറ്റിയാലോ അംഗഭംഗം വന്നാലോ മരിച്ചാ ലോ അവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം ലഭിക്കില്ല. ഗ്രാറ്റുവിറ്റിയും ഇൻഷൂറൻസും ഒന്നും അവർക്കില്ലായിരുന്നു. സർക്കസ് ഒരു അസംഘടിത മേഖലയും ഇന്ത്യൻ തൊഴിൽ നിയമത്തിന്റെ കീഴിൽ വരാത്ത ഇടവുമായതിനാൽ ഈ ഹതഭാഗ്യർക്ക് അത്തരത്തിലുള്ള പരിരക്ഷയും കിട്ടിയില്ല. കാണികളെ പൊട്ടിച്ചിരിയുടെ അലകളിൽ ആറാടിക്കുന്ന കോമാളികളിൽ പലരും ഉള്ളിൽ ഹൃദയം തകർന്ന് വിങ്ങിക്കരയുന്നത് ആരും അറിഞ്ഞില്ല. 
കാലം പോകെ നാട്ടിൽ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരുടെ എണ്ണം പെരുകുകയും ഒപ്പം തൊഴിൽ ക്ഷാമം വർധിക്കുകയും ചെയ്തു. അപ്പോൾ മുൻഗാമികളുടെ ചുവടുപിടിച്ച് അവരിൽ പലരും തൊഴിൽ തേടി സർക്കസിലേക്ക് കുടിയേറി. മുതലാളിമാർ ഒപ്പിട്ടുവാങ്ങുന്ന ബോണ്ടുകളിലെ അപകടങ്ങൾ അവർ തിരിച്ചറിഞ്ഞു. 
സർക്കസിലെ വേതനം, താമസം, ഭക്ഷണം, കഠിനാധ്വാനം ഒക്കെ മനുഷ്യത്വത്തിന് നിരക്കാത്തതാണ് എന്നവർ മനസിലാക്കി. പതുക്കെ സർക്കസ് മുതലാളിമാരുടെ അസഹ്യമായ ചൂഷണത്തിനെതിരെ അവർ സംഘടിക്കാൻ തുടങ്ങി. 
മലയാളികളാണ് അതിന് മുൻകൈ എടുത്തത്. തൊഴിലാളികളുടെ ന്യായമായ അവകാശ സംരക്ഷണത്തിനായി അവർ ശക്തമായ സമരങ്ങൾ സംഘടിപ്പിച്ചു. 
കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു അത്. സർക്കസ് മുടങ്ങാതെ നടത്തിക്കൊണ്ടു പോകാൻ ഉടമകൾ തൽക്കാലം സമരത്തിന് മുന്നിൽ മുട്ടുമടക്കി. അത് സർക്കസ് കലാകാരന്മാരുടെ വിജയമായിരുന്നു. 
എന്നാൽ പക്ഷെ, പരാജയപ്പെട്ട മുതലാളിമാർ പതുക്കെ പ്രതികാര നടപടികൾ തുടങ്ങി. പല കാരണങ്ങൾ പറഞ്ഞും അവർ സർക്കസിൽനിന്ന് മലയാളികളെ ഒഴിവാക്കാൻ ആരംഭിച്ചു. പകരം നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ചൈന എന്നിവിടങ്ങളിൽനിന്ന് അവർ കുറഞ്ഞ വേതനത്തിന് കളിക്കാരെ ഇറക്കുമതി ചെയ്തു. അതോടെ സർക്കസിന്റെ രംഗവേദിയിൽ നിന്നും മലയാളി പടിയിറങ്ങുന്നതിന്റെ തുടക്കമായി. പിന്നീടത് ഒരു തു ടർക്കഥയായി.
23 വർഷത്തിലേറെക്കാലം ട്രപ്പീസ് കളിക്കാരനായും പി.ആർ.ഒ ആയും വിവിധ സർക്കസുകളിൽ ജീവിച്ച ആളാണ് ശ്രീധരൻ ചമ്പാട്. സർക്കസ് തമ്പിലെ അഭിനേതാക്കളുടെ ആത്മനൊമ്പരങ്ങൾക്ക് അനേകം കഥകളിലൂടെ ജീവൻ പകർന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആത്മകഥയാണ് തമ്പ് പറഞ്ഞ ജീവിതം. 
കൂടാരങ്ങളിൽ നിന്ന് കുടിയിറങ്ങുന്ന മലയാളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അതിലദ്ദേഹം ഇങ്ങനെ കുറിക്കുന്നു-'സർക്കസുകാരൻ! അങ്ങനെ പറയുന്നതിലും പറഞ്ഞു കേൾക്കുന്നതിലും അഭിമാനമുണ്ട്. 
ഇനിയൊരു ജന്മമുണ്ടെങ്കിൽ സർക്കസുകാരനായിത്തന്നെ ജീവിക്കണമെന്നാണ് മോഹം. ജനിക്കുന്നത് പക്ഷേ ഇന്ത്യാ മഹാരാജ്യത്ത് ആകരുതേ എന്ന പ്രാർഥനയും!'

Latest News