Wednesday , April   24, 2019
Wednesday , April   24, 2019

വെറുതേ ശബ്ദമുണ്ടാക്കാൻ ചിലർ

പ്രസംഗം തുടങ്ങുന്നതിനു മുമ്പേ സദസ്സിൽനിന്ന് ചോദ്യങ്ങൾ വർഷിച്ചു. കോൺഗ്രസ് ബിർളയുടെ പാർട്ടിയല്ലേ? ഒട്ടും കൂസാതെ പനമ്പിള്ളി പറഞ്ഞു: 'ആയിരിക്കാം. ആർക്കും കോൺഗ്രസിൽ ചേരാം. അതുകൊണ്ട് അവരുടെ പാർട്ടിയാവുന്നില്ല കോൺഗ്രസ്. വിക്കുകയോ മുടന്തുകയോ ചെയ്യുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടെങ്കിൽ പാർട്ടി മുടന്തനോ വിക്കനോ ആവില്ലല്ലോ.' പിന്നെ ചോദ്യങ്ങൾ നിലച്ചു. പിണറായിയുടേതിൽനിന്നു വ്യത്യസ്തമായ ശൈലിയിൽ പനമ്പിള്ളി പ്രസംഗം തുടർന്നു.

'കൊല്ലം കണ്ടവന് ഇല്ലം വേണ്ട' എന്നു പറയുന്ന ഉത്സാഹത്തോടെ അവകാശപ്പെടാവുന്നതായിരുന്നു കൊല്ലം കണ്ടതിൽ ഏറ്റവും വലിയ കഴിഞ്ഞ ചൊവ്വാഴ്ചത്തെ യോഗം. പീരങ്കി മൈതാനത്ത്  തടിച്ചുകൂടിയ ജനാവലിയിൽ മിക്കവരും ജനിച്ചിരുന്നില്ല,
അവരെ സാക്ഷിയാക്കി അന്നു വൈകുന്നേരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ബൈപാസിന്റെ പണി തുടങ്ങുമ്പോൾ. പതിമൂന്നര കിലോ മീറ്റർ വരുന്ന കുറുക്കുവഴി വെട്ടിത്തുടങ്ങിയിട്ട് നാൽപതു കൊല്ലം കഴിഞ്ഞിരിക്കുന്നു. ആ അർഥത്തിലും കൊല്ലത്തെ ആ യോഗം ചരിത്രം കുറിക്കുന്നതായി.
മുഖ്യമന്ത്രിയായിരുന്നു സ്വാഭാവികമായും അധ്യക്ഷൻ. പ്രധാനമന്ത്രിക്കുവേണ്ടി മാത്രം ഇംഗ്ലീഷിൽ എഴുതി വായിക്കാതെ, ഇംഗ്ലീഷറിയാത്ത നാട്ടുകാരെ മനസ്സിൽ കണ്ട് അദ്ദേഹം മലയാളത്തിൽ പ്രസംഗിച്ചു. ഓരോ പദ്ധതിയിലും വന്നുകൂടുന്ന അമാന്തമായിരുന്നു, പ്രധാനമന്ത്രിയുടേതു പോലെ, മുഖ്യമന്ത്രിയുടെ പ്രസംഗത്തിലേയും അക്ഷമയോടെയുള്ള ഊന്നൽ. അമാന്തം ഒഴിവാക്കുമെന്ന് താൻ കൊടുത്തിരുന്ന വാക്ക് പാലിച്ചുപോരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ നേരേ നോക്കി പറഞ്ഞു. അഭിമാനം നിറഞ്ഞ ആ നിമിഷങ്ങളെ ആഭാസമാക്കാൻ കാത്തിരിക്കുകയായിരുന്നു 'വെറുതേ ശബ്ദമുണ്ടാക്കാൻ വന്ന ചിലർ.' 
മറ്റാരുമല്ല, മുഖ്യമന്ത്രി തന്നെ സമ്മാനിച്ചതാണ് ആ വിശേഷണം, വെറുതേ ശബ്ദമുണ്ടാക്കാൻ ചിലർ. അവർ ചെയ്തത് അവർ ചെയ്യുമെന്ന് ആരും കരുതിക്കാണില്ല. പ്രധാനമന്ത്രി മുഖ്യാതിഥിയായ യോഗം. മുഖ്യമന്ത്രിയും വേറെ പല വിശിഷ്ടാതിഥികളും സന്നിഹിതരായ യോഗം. മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയതേയുള്ളു,
എവിടെനിന്നെല്ലാമോ ഒച്ച ഉയരാൻ തുടങ്ങി. മാധ്യമങ്ങളിൽനിന്നു മനസ്സിലായി, അത് ഒരുതരം 'നാമജപം' ആയിരുന്നു. മുഖ്യമന്ത്രിയുടെ ശബ്ദം കേൾക്കാൻ വയ്യാതാക്കിയില്ലെങ്കിലും അദ്ദേഹത്തോടുള്ള പ്രതിഷേധം യോഗത്തെ അലങ്കോലമാക്കുകയായിരുന്നു.
കൗതുകവും ആവേശവും ആരാധനയും നിറഞ്ഞ ജനതതി ഏതു പ്രസംഗകനെയും പുളകം കൊള്ളിക്കും, മണിക്കൂറുകളോളം നാവിട്ടടിക്കാൻ പ്രേരിപ്പിക്കും.  പാട്ടും പ്രാസവും പരിഹാസവുമായി അവർ പറഞ്ഞതു തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും. ജനം കയ്യടിക്കും. ജനനായകർ കൈവീശി പ്രോത്സാഹിപ്പിക്കും. നെഹ്‌റുവിനെപ്പറ്റി പറയാറുണ്ട്, ജനമാണ് അദ്ദേഹത്തിന്റെ ശക്തിയുടെ പ്രഭവം.  നേതാവായ നേതാവിനെപ്പറ്റിയെല്ലാം അങ്ങനെ പറയാം: ആയിരങ്ങൾ തന്റെ പിന്നിൽ അണിനിരന്നിരിക്കുന്നുവെന്ന വിശ്വാസം ജനനായകന്റെ ആത്മബോധം ത്രസിപ്പിക്കുന്നു.
പ്രസംഗം തുറന്നുവിടുന്ന ധോരണികൊണ്ടോ തിരികൊളുത്തുന്ന പൊട്ടിത്തെറികൊണ്ടോ ആളുകളെ പിടിച്ചിരുത്തുന്ന വാഗ്മിയല്ല മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ തമ്മിലുള്ള അകലവും ആശയങ്ങളുടെ അടുക്കും ഏതാണ്ടൊരുപോലിരിക്കും. ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ, അംഗചലനത്തിന്റെ ചാരുത അതൊന്നും
അലസനായ ഒരു കേൾവിക്കാരനെയും ആകർഷിച്ചെന്നുവരില്ല.  മിതത്വം പാലിക്കാത്ത ഭർത്സനം പലപ്പോഴും നിഷ്പക്ഷരായ പലരുടെയും നെറ്റി ചുളിപ്പിക്കുകയും ചെയ്യും. അതാണദ്ദേഹത്തിന്റെ വ്യക്തിത്വം എന്നു കരുതിയാൽ മതി. അതോടൊപ്പം ചേർത്തു കാണണം എതിർപ്പിനെയും വെല്ലുവിളിയെയും അദ്ദേഹം നേരിടുന്ന രീതിയെ. അതിന്റെ ശബ്ദായമാനമായ ഉദാഹരണമായിരുന്നു പീരങ്കി മൈതാനത്തെ യോഗം.
ജനക്കൂട്ടത്തെ വിറകൊള്ളിക്കാൻ പോന്നവർ നേതാക്കൾ. വൈലോപ്പിള്ളി പരിഹസിച്ചു പറഞ്ഞ 'ജനകീയക്കവലയിൽ' അവർ തിളങ്ങിനിൽക്കുന്നു. ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നവരാണവർ.  ഉത്തിഷ്ഠതഃ ജഗ്രതഃ പ്രാപ്യവരാൻ നിബോധതഃ എന്ന വചനം സ്വായത്തമാക്കിയവർ. മുഷിഞ്ഞിരിക്കുന്ന
കൂട്ടത്തെ പിരികയറ്റുമായിരുന്നു ജിന്നയുടെ വാക്കുകൾ. അതിന്റെ നേരേ എതിരേ നിൽക്കും ഉറക്കം വരുത്തുന്ന വാക്കുകളുടെ വാലിയക്കാർ.  പേരുകേട്ട ഒരു ഉദാഹരണം ബ്രിട്ടനിലെ ഡാവൺപോർട്ടിലെ പ്രഭു. അദ്ദേഹത്തിന്റെ കന്നിപ്രസംഗത്തിനിടെ അദ്ദേഹം തന്നെ ഉറങ്ങിപ്പോയെന്നത്രേ കഥ.
ഉറക്കം തൂങ്ങുന്നവരെ ഉണർത്താനും ഉശിരു പിടിപ്പിക്കാനും ജനഹൃദയത്തിന്റെ സ്പന്ദനം അറിഞ്ഞിരിക്കണം. അതിനെക്കാൾ കൂടുതലായി പലതും മനസ്സിലാക്കിയിരിക്കണം കയർക്കാനിരിക്കുന്ന ജനതതിയെ മെരുക്കിയെടുക്കണമെങ്കിൽ. അക്ഷമരോ രോഷാകുലരോ ആയ ആളുകളെ നേരിടാൻ ചില്ലറ ചങ്കുറപ്പൊന്നും പോരാ.  ബഹളം വെക്കുന്ന കേൾവിക്കാരുടെ മുന്നിൽ ഏതു പ്രസംഗകനും ചൂളിപ്പോകും. പ്രസംഗം മതിയാക്കാനോ പ്രേക്ഷകരോടു കെഞ്ചാനോ ആയിരിക്കും മിക്കവരുടെയും പ്രേരണ. ആ 'മിക്കവരി'ലും പെടുന്ന ആളല്ല പിണറായി വിജയൻ.
പീരങ്കി മൈതാനത്തെ യോഗം കലക്കാൻ ആരൊക്കെയോ പരിപാടി ഇട്ടിരുന്നു.  പിണറായി വിജയന്റെ പ്രസംഗം തുടങ്ങിയപ്പോഴേ പരിപാടി പോലെ ചിലർ പെരുമാറി. 'ജപം' ഉയർന്നു. പ്രസംഗകൻ എതിർപ്പിനു മുന്നിൽ എങ്ങനെ പെരുമാറുമെന്നായിരുന്നു ശങ്കയും ആശങ്കയും. പ്രതിഷേധത്തിന്റെ സ്വരം കേട്ടില്ലെന്നു നടിക്കാതെ, അദ്ദേഹം അതേറ്റു പിടിച്ചു.  മൂന്നേ മൂന്നു വാചകത്തിൽ 'ശബ്ദമുണ്ടാക്കാൻ വന്ന ചിലരെ' അദ്ദേഹം ഒതുക്കി ഒച്ചയില്ലാത്തവരാക്കി. ഒരാളുടെ ഉറച്ച സ്വരത്തിനു മുന്നിൽ ഒരു ജനക്കൂട്ടം ഒതുങ്ങുന്നതുപോലെയായി. പിണറായി വിജയന്റെ വിമർശം ഏശാതെ വരിക, ജനക്കൂട്ടത്തിന്റെ ജപം തുടരുക എന്നാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കുക.
ക്രുദ്ധമായ ജനതതിയെ നേരിട്ട് വരുതിയിൽ വരുത്തുകയാണ് ജനനായകന്റെ സിദ്ധി.  കാഷ്യസും ബ്രൂട്ടസും കൂടി സീസറെ കൊന്നതിനു ശേഷം രൂപം കൊണ്ട പൗരാവലി മാർക് ആന്റണിക്ക് അനുകൂലമായിരുന്നില്ല. അന്യാപദേശത്തിന്റെയും ആക്രോശത്തിന്റെയും വഴിയിലൂടെ അതിനെ ആന്റണി വശത്താക്കിയത് പഴയ റോമാസാമ്രാജ്യത്തിലെ
കഥ.  അതിനെക്കാൾ എനിക്ക് ഹരം തരുന്നു നമ്മുടെ കൊച്ചുപൊന്നാനിയിൽ ഒരു കുറിയ മനുഷ്യൻ കാട്ടിയ ധീരതയുടെ ഇതിവൃത്തം.
മലബാർ കലാപം പൊരിഞ്ഞുകൊണ്ടിരിക്കുമ്പോൾ കത്തിയും വാളുമായി കറങ്ങിനടന്നിരുന്ന ഒരു കൂട്ടം പൊന്നാനിയെ ലക്ഷ്യമാക്കി നീങ്ങി. അതുവരെ ശാന്തമായിരുന്ന പൊന്നാനി അവർ കേറിയാൽ കൊലക്കളമാകുമായിരുന്നു.  അവരെ ഒറ്റക്കു നേരിടാൻ അവിടത്തെ ഒരു സ്‌കൂൾ അധ്യാപകൻ, പൊക്കം കുറഞ്ഞ ഒരു അഭ്യാസി, മുന്നോട്ടു വന്നു. ആയുധധാരികളെ അഭിസംബോധന ചെയ്യാൻ തക്ക പൊക്കമില്ലാത്തതുകൊണ്ട് കെ.വി ബാലകൃഷ്ണ മേനോൻ എന്ന സഹപ്രവർത്തകന്റെ ചുമലിൽ ചവിട്ടിനിന്ന് അദ്ദേഹം പറഞ്ഞു: ' നിങ്ങൾ ഇങ്ങോട്ടു കടക്കരുത്. കടന്നാൽ കലാപമാകും. കടന്നേ തീരൂ എങ്കിൽ, എന്നെ കൊന്നിട്ടാകട്ടെ.'
കെ. കേളപ്പന്റെ ആ വാക്കുകൾക്ക് ജനരോഷത്തിന്റെ തിരമാലകൾ തടഞ്ഞു നിർത്താനുള്ള കരുത്തുണ്ടായിരുന്നു. 
ഇളകിയ ജനത്തെ ഒതുക്കുക എളുപ്പമല്ലെങ്കിൽ, അതിനെ ഇളക്കി വിടുന്നതും പഴയ തന്ത്രം തന്നെ. എതിർ ചേരിയുടെ യോഗം കലക്കാൻ ഗൃഹപാഠം ചെയ്തവരാണ് വിജയന്റെ പല പിന്മുറക്കാരും. പനമ്പിള്ളിയുടെ യോഗം കലക്കാൻ അന്തിക്കാട്ടെ സഖാക്കൾ നോക്കിയ കഥ എന്റെ മേലധികാരി പെരുന്ന കെ. എൻ. നായർ പറഞ്ഞു കേട്ടതോർക്കുന്നു.
അന്ന് നാമജപമായിരുന്നില്ല പ്രതിഷേധത്തിന്റെ ശബ്ദം. പ്രസംഗം തുടങ്ങുന്നതിനു മുമ്പേ സദസ്സിൽനിന്ന് ചോദ്യങ്ങൾ വർഷിച്ചു. കോൺഗ്രസ് ബിർളയുടെ പാർട്ടിയല്ലേ? 
ഒട്ടും കൂസാതെ പനമ്പിള്ളി പറഞ്ഞു: 'ആയിരിക്കാം. ആർക്കും കോൺഗ്രസിൽ ചേരാം. അതുകൊണ്ട് അവരുടെ പാർട്ടിയാവുന്നില്ല കോൺഗ്രസ്. വിക്കുകയോ മുടന്തുകയോ ചെയ്യുന്നവർ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുണ്ടെങ്കിൽ പാർട്ടി മുടന്തനോ വിക്കനോ ആവില്ലല്ലോ.' പിന്നെ ചോദ്യങ്ങൾ നിലച്ചു.  പിണറായിയുടേതിൽനിന്നു വ്യത്യസ്തമായ ശൈലിയിൽ പനമ്പിള്ളി പ്രസംഗം തുടർന്നു.
യോഗം തടസ്സപ്പെടുത്തുന്നത് സർഗാത്മകമല്ലാത്ത പഴയ പതിവു തന്നെ.  ഗാന്ധിയുടെ യോഗം പോലും കലക്കാൻ നോക്കിയിരുന്നു. ഗുരുവായൂർ സത്യഗ്രഹം കഴിഞ്ഞതേയുള്ളു. സത്യഗ്രഹത്തിനെതിരെ അഭിപ്രായം രൂപീകരിക്കാൻ ശ്രമിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു വാരിയത്ത് ഗോപാലമേനോൻ. അദ്ദേഹത്തിനു താങ്ങായിവന്ന ചില ഉത്തരേന്ത്യൻ സനാതനികൾ സത്യഗ്രഹം പൊളിക്കാൻ ഒരു യോഗം പോലും നടത്തിയെന്ന് സി.എച്ച്. കുഞ്ഞപ്പ തന്റെ സ്മരണകളിൽ രേഖപ്പെടുത്തുന്നു. എന്തായാലും കേളപ്പൻ നയിച്ച സത്യഗ്രഹത്തിനുശേഷം ഒരു നാൾ ഗുരുവായൂർ ദർശിക്കാൻ ഗാന്ധി എത്തി.  അദ്ദേഹത്തിന്റെ യോഗം കലക്കാനും ആരൊക്കെയോ
ഉണ്ടായി. പക്ഷേ വെറുതേ ശബ്ദമുണ്ടാക്കാൻ വരുന്ന ചിലർക്ക് കലക്കാവുന്നതല്ല ഏതു യോഗവും എന്ന് അന്നും തെളിയുകയുണ്ടായി.