Monday , February   18, 2019
Monday , February   18, 2019

പ്ലാച്ചിമട വീണ്ടും പോരാട്ടത്തിന്

ഭോപ്പാലിൽ കൂട്ടക്കൊല നടത്തി യൂണിയൻ കാർബൈഡും മാവൂരിൽ ആദിത്യ ബിർളയും രക്ഷപ്പെട്ട പോലെ കൊക്കക്കോള ഭീമൻ രക്ഷപ്പെടാൻ അനുവദിച്ചുകൂട.അതിനായുള്ള പോരാട്ടങ്ങൾ വീണ്ടും തുടരേണ്ട സമയത്താണ് പുതിയ സംരംഭവുമായി കൊക്കക്കോള വീണ്ടും രംഗപ്രവേശം ചെയ്യുന്നതായുള്ള വാർത്ത വന്നിരിക്കുന്നത്.

ഐതിഹാസികമായ പോരാട്ടത്തിലെ ലോകകുത്തകഭീമനായ കൊക്കക്കോളയെ മുട്ടുകുത്തിച്ച പാലക്കാട് ജില്ലയിലെ പ്ലാച്ചിമട നിവാസികൾക്ക് വീണ്ടും ഭീഷണി. കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് മറ്റൊരു വ്യവസായ സംരംഭത്തിന് കമ്പനി ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. എന്തു കമ്പനിയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. എന്നാൽ ജലം ധാരാളം ഉപയോഗിക്കുന്നതോ ഭൂഗർഭ ജലം ഉപയോഗിക്കുന്നതോ ആയ ഒരു കമ്പനിയും അവിടെ അനുവദിക്കില്ലെന്ന് പ്രധാനമായും ആദിവാസികളും ദരിദ്രരുമായ നാട്ടുകാർ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രധാനമായും മാമ്പഴ ഉൽപ്പാദന മേഖലയാണ് പ്ലാച്ചിമടയും പരിസരങ്ങളുമെന്നതിനാൽ മാമ്പഴ ജ്യൂസ് നിർമ്മാണ യൂണിറ്റാകും കൊക്കക്കോളയുടെ മനസ്സിലെന്നു കരുതാം. ഒരിക്കൽ അത്തരമൊരു വാർത്തയും പുറത്തുവന്നിരുന്നു. 
തദ്ദേശീയർക്ക് ജോലി എന്ന പതിവു അവകാശവാദവുമായിട്ടായിരിക്കും വീണ്ടും കൊക്കക്കോള രംഗത്തു വരാൻ സാധ്യത. എന്നാൽ ഫാക്ടറിയുടെ സ്വഭാവമറിയാതെ അത്തരത്തിലുള്ള വഞ്ചനയിൽ ഇനി തങ്ങൾ വീഴില്ല എന്നാണ് നാട്ടുകാരുടെ തീരുമാനം. മറ്റൊരു പ്രധാന പ്രഖ്യാപനവും അവർ നടത്തുന്നു. കൊക്കക്കോള കമ്പനി പൂട്ടിയെങ്കിലും കമ്പനിയുടെ പ്രവർത്തനഫലമായി മേഖലയിലുണ്ടായിട്ടുള്ള പാരിസ്ഥിതിക നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകാതെ ഒരു തരത്തിലുള്ള സംരംഭവും അനുവദിക്കില്ല എന്നതാണത്. 2011ൽ നിയമസഭ പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കിയ ശേഷം മാത്രം മതി ഇനിയൊരു സംരംഭം എന്നാണ് നാട്ടുകാരുടെ തീരുമാനം.
ലോകസമരചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയ പ്ലാച്ചിമട സമരം കേവലമൊരു പരിസ്ഥിതി സമരമായിരുന്നില്ല. മറിച്ച് ചൂഷണത്തിലൂടെ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ  നിഷേധിച്ച ഒരു ആഗോള കുത്തക കമ്പനിക്കെതിരെ ഒരുപറ്റം പാവപ്പെട്ട മനുഷ്യരുടെ അവകാശപോരാട്ടമായിരുന്നു. ആ പോരാട്ടത്തിലൂടെ പ്ലാച്ചിമട എന്ന ഗ്രാമം ചരിത്രത്തിലിടം നേടി. 
ശിവഗംഗ, ഈറോഡ്,  മെഹ്ദിഗഞ്ച്, പൂന, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ കോളക്കെതിരായ  സമരങ്ങൾക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടി. അതേസമയം കൊക്കക്കോള പ്ലാച്ചിമടയിൽ നിന്നും പിൻവാങ്ങിയെങ്കിലും കമ്പനി അവിടത്തെ ജനങ്ങൾക്കും പരിസ്ഥിതിക്കും വരുത്തിവെച്ച നഷ്ടങ്ങൾ ഇന്നും അതുപോലെ നിലനിൽക്കുന്നു.  നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയർന്നതിനെ തുടർന്ന് 2009ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കൊക്കക്കോള കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്ന് ശുപാർശ ചെയ്യുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള നിയമസഭ 2011ൽ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണൽ ബില്ല് പാസ്സാക്കുകയും രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. കൊക്കക്കോള കമ്പനിയുടെ പ്രവർത്തനം മൂലം സംഭവിച്ച പരിസ്ഥിതിനാശം, മലിനീകരണം, ആരോഗ്യനഷ്ടം തുടങ്ങിയവ കണക്കിലെടുത്ത് പ്രദേശവാസികൾക്ക് കമ്പനിയിൽനിന്ന് 216.25 കോടി രൂപ നഷ്ടപരിഹാരമായി ഈടാക്കാൻ നിർദ്ദേശിക്കുന്നതാണ് ബിൽ. എന്നൽ ബില്ല് കേന്ദ്ര ആഭ്യന്തര വകുപ്പ് സംസ്ഥാന സർക്കാറിന് തിരിച്ചയക്കുകയായിരുന്നു. കേന്ദ്രം ഉന്നയിച്ച കാര്യങ്ങൾക്ക് 2011ൽ തന്നെ സംസ്ഥാന സർക്കാർ മറുപടി നൽകി.  ഏപ്രിൽ, മെയ് മാസങ്ങളിലായി കേന്ദ്രഗ്രാമവികസന വകുപ്പ്, കൃഷിവകുപ്പ്, നിയമ വകുപ്പ്, പരിസ്ഥിതി വകുപ്പ് എന്നിവയെല്ലാം ബില്ലിന് അംഗീകാരം നൽകി. എന്നാൽ ആഭ്യന്തര വകുപ്പാണ് തടസ്സം നിന്നത്. 
ആഭ്യന്തര മന്ത്രിയായിരുന്ന പി. ചിദംബരത്തിനു കൊക്കക്കോളയുമായുള്ള ബന്ധം പരസ്യമാണ്. തുടർന്നുവന്ന അരുൺ ജെറ്റ്‌ലിയും കോളകമ്പനികൾക്കായി കേസുകൾ വാദിച്ചിട്ടുണ്ട്. 
2011 ജൂലൈയിൽ കൊക്കക്കോളയുടെ വാദങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തരവകുപ്പ് ബിൽ സംസ്ഥാന സർക്കാരിന് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് ഇതിനുള്ള മറുപടി നൽകിയെങ്കിലും കേന്ദ്ര ആഭ്യന്തര വകുപ്പ് അംഗീകരിച്ചില്ല. ഒടുവിൽ അംഗീകരിക്കാനാകില്ലെന്ന രാഷ്ട്രപതിയുടെ തീർപ്പോടുകൂടി ബില്ല് 2015 ഡിസംബറിൽ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് തിരിച്ചയച്ചു. മാത്രമല്ല, പകരം കോളക്ക്  5.26 കോടി നികുതിയിളവ് നൽകുകയും ചെയ്തു. പിന്നീട് സംസ്ഥാന സർക്കാർ ഇക്കാര്യം വീണ്ടും പരിഗണിക്കുകയോ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തി പുനരവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രപതി തിരിച്ചയച്ചതോടെ ബില്ലിൽ ഭേദഗതി വരുത്തി നിയമസഭ വീണ്ടും പാസാക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ സർക്കാർ അനങ്ങാപ്പാറനയം തുടരുകയാണ്. എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ ട്രൈബ്യൂണൽ ബിൽ വീണ്ടും പാസ്സാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പിൽനിന്ന് സർക്കാർ പിന്നോട്ട് പോവുകയാണുണ്ടായത്. തുടർന്ന് കൊക്കക്കോള വിരുദ്ധ സമരസമിതി 2017 ഏപ്രിൽ 22 മുതൽ പാലക്കാട് അനിശ്ചിതകാല സത്യഗ്രഹം നടത്തി. 
പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുക, പ്ലാച്ചിമടയിലെ ഇരകൾക്കു സർക്കാർ അടിയന്തരമായി ഇടക്കാല സാമ്പത്തികസഹായം അനുവദിക്കുക, പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമപ്രകാരം എടുത്ത കേസിൽ കോളക്കമ്പനി ഉടമകളെ അറസ്റ്റ് ചെയ്യുകയും കൊക്കക്കോളയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്ലാച്ചിമട സമരത്തിന്റെ 15ാം വാർഷികദിനമായ ഏപ്രിൽ 22ന് സമരമാരംഭിച്ചത്. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പിൽ പിന്നീട് സമരം പിൻവലിക്കുകയായിരുന്നു. 
എന്തായാലും ഇരകളുടെ ഈ ആവശ്യം കൂടി അംഗീകരിക്കാതെ പ്ലാച്ചിമട സമരം പൂർണമായും വിജയിച്ചു എന്നു പറയാനാകില്ല. ഭോപ്പാലിൽ കൂട്ടക്കൊല നടത്തി യൂണിയൻ കാർബൈഡും മാവൂരിൽ ആദിത്യ ബിർളയും രക്ഷപ്പെട്ട പോലെ കൊക്കക്കോള ഭീമൻ രക്ഷപ്പെടാൻ അനുവദിച്ചുകൂട. അതിനായുള്ള പോരാട്ടങ്ങൾ വീണ്ടും തുടരേണ്ട സമയത്താണ് പുതിയ സംരംഭവുമായി കൊക്കക്കോള വീണ്ടും രംഗപ്രവേശം ചെയ്യുന്നതായുള്ള വാർത്ത വന്നിരിക്കുന്നത്. ഒരിക്കൽ കൂടി ഒരു ജീവന്മരണ പോരാട്ടത്തിന് ഇറങ്ങേണ്ടി വന്നാൽ ഇറങ്ങുമെന്നുതന്നെയാണ് പ്ലാച്ചിമട നിവാസികളുടെ തീരുമാനം.

Latest News