Monday , February   18, 2019
Monday , February   18, 2019

പതിനഞ്ചുകാരിയെ കുഴിച്ചിട്ട കേസില്‍ പ്രതിയെ റിമാന്റ് ചെയ്തു; ഏതാനും പേര്‍ നിരീക്ഷണത്തില്‍

പ്രതി അജേഷിനെ കൊലപാതകം നടന്ന സ്ഥലത്ത് പോലീസ് തെളിവെടുപ്പിന് കൊണ്ടുവരുന്നു.

കോട്ടയം - അയര്‍ക്കുന്നത്ത് പതിനഞ്ചുകാരിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടിപ്പര്‍ ഡ്രൈവര്‍ മണര്‍കാട് മാലം ചേലക്കുന്നേല്‍ അജേഷി (31) നെയാണ് കോട്ടയം പോക്‌സോ പ്രത്യേക കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷക സംഘം ഉടന്‍ അപേക്ഷ നല്‍കുമെന്ന് അറിയുന്നു.

വ്യാഴാഴ്ച കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ശനിയാഴ്ച മണര്‍കാട് അരീപ്പറമ്പിലെ ഹോളോ ബ്രിക്‌സ് സ്ഥാപനത്തോടു ചേര്‍ന്ന പുരയിടത്തിലെ വാഴക്കൂട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡന ശ്രമം എതിര്‍ത്തപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അജേഷ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കഴുത്തില്‍ കൈകൊണ്ട് അമര്‍ത്തിയും ചുരിദാറിന്റെ ഷാളുപയോഗിച്ചും  കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ബലാത്സംഗവും നടന്നിട്ടുണ്ട്. കഴുത്തില്‍ മുറിവുമുണ്ട്. ശരീരം അഴുകിയതിനാല്‍ പരിക്കുകളുടെ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്ന് ലഭിച്ചിട്ടില്ല.
പോലീസ് പ്രതിയുമായി സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ചോരക്കറ പുരണ്ട വസ്ത്രങ്ങളടക്കം സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വസ്തുക്കള്‍ കൂടുതല്‍ പരിശോധനക്കായി തിരുവനന്തപുരത്തെ ഫോറന്‍സിക്  ലാബിലേക്കയച്ചു.
ഏതാനും മാസങ്ങളായി പെണ്‍കുട്ടിയുമായി അജേഷിന് ബന്ധമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ സുഹൃത്തായ പ്രതി, പല ആവശ്യങ്ങള്‍ക്കായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് പരിചയം സ്ഥാപിച്ചത്. മൊബൈല്‍ ഫോണിലൂടെ ഇയാള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെടാറുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ വശീകരിച്ച് ടിപ്പറില്‍ കയറ്റി ഹോളോ ബ്രിക്‌സ് കമ്പനിയോട് ചേര്‍ന്ന് പ്രതി താമസിച്ചിരുന്ന ഷെഡ്ഡില്‍ എത്തിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ കൊലപ്പെടുത്തുകയും ചെയ്തതായാണ് കേസ്. ഇയാള്‍ പെണ്‍കുട്ടിയെ ഷെഡ്ഡില്‍ കൊണ്ടുവന്നതു സംബന്ധിച്ച് പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണ്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന സംശയത്തില്‍ സമീപത്തെ മറ്റു ചിലരും നിരീക്ഷണത്തിലാണ്.


 

 

 

Latest News