Thursday , April   25, 2019
Thursday , April   25, 2019

മുന്‍ ഇന്ത്യന്‍ താരം വെന്റിലേറ്ററില്‍, കുടുംബം നെട്ടോട്ടത്തില്‍

രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ബറോഡ ടീമില്‍ അംഗമായിരുന്ന ബാറ്റ്‌സ്മാന്‍ ജേക്കബ് മാര്‍ടിന്റെ ജീവന്‍ രക്ഷിക്കാന്‍ കുടുംബം നെട്ടോട്ടത്തില്‍. ഡിസംബര്‍ 28 നുണ്ടായ വാഹനാപകടത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മാര്‍ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ശ്വാസകോശത്തിനും കരളിനും ഗുരുതരമായ പരിക്കുണ്ട്. 
ബി.സി.സി.ഐ അഞ്ച് ലക്ഷം രൂപയും ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി ബില്‍ മാത്രം ഇതിനകം 11 ലക്ഷം കടന്നു. ഒരു ഘട്ടത്തില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് മരുന്ന് നല്‍കുന്നത് ആശുപത്രി നിര്‍ത്തിവെച്ചിരുന്നുവെന്ന് ബി.സി.സി.ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. 
ജേക്കബ് മാര്‍ടിന്‍ 1999 സെപ്റ്റംബറിനും 2001 ഒക്ടോബറിനുമിടയില്‍ ഇന്ത്യക്കു വേണ്ടി 10 ഏകദിനം കളിച്ചിരുന്നു. 2000-2001 ല്‍ ആദ്യമായി ബറോഡയെ രഞ്ജി കിരീടത്തിലേക്ക് നയിച്ചു. റെയില്‍വേസിനു വേണ്ടിയും കളിച്ചിരുന്നു. 2009 ഡിസംബറിലാണ് അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്. 2011 ല്‍ മനുഷ്യക്കടത്തിന് ദല്‍ഹി പോലീസ് മാര്‍ടിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ബറോഡയുടെ ജൂനിയര്‍ കളിക്കാരെ പരിശീലിപ്പിക്കുകയായിരുന്നു.