Thursday , April   25, 2019
Thursday , April   25, 2019

ജോര്‍ദാനെ ഞെട്ടിച്ച് വിയറ്റ്‌നാം

വിയറ്റ്‌നാം 1-ജോര്‍ദാന്‍ 1
(ഷൂട്ടൗട്ട്: 4-2)
തായ്‌ലന്റ് 1-ചൈന 2


ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ നോക്കൗട്ടില്‍ ഇടംപിടിച്ച ആദ്യ ടീമായ ജോര്‍ദാനെ അവസാനം പ്രി ക്വാര്‍ട്ടറിലെത്തിയ വിയറ്റ്‌നാം അട്ടിമറിച്ചു. നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് വെടിക്കെട്ടിന് തിരികൊളുത്തിയ ജോര്‍ദാനെ ഷൂട്ടൗട്ടിലാണ് വിയറ്റ്‌നാം മറികടന്നത്. 
തായ്‌ലന്റിനെതിരെ ഉജ്വലമായി തിരിച്ചുവന്ന് ചൈനയും ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ജപ്പാനോ സൗദി അറേബ്യയോ ആയിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ വിയറ്റ്‌നാമിന്റെ എതിരാളികള്‍. ചൈനക്ക് ഓസ്‌ട്രേലിയയെയോ ഉസ്‌ബെക്കിസ്ഥാനെയോ നേരിടണം. 
ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പതിനാറാമത്തെയും അവസാനത്തെയും ടീമായാണ് വിയറ്റ്‌നാം പ്രി ക്വാര്‍ട്ടറില്‍ കടന്നുകൂടിയത്. ലെബനോനും തുല്യ റെക്കോര്‍ഡായിരുന്നുവെങ്കിലും കുറവ് മഞ്ഞക്കാര്‍ഡ് കിട്ടിയതിനാല്‍ മാത്രം വിയറ്റ്‌നാമിന് നറുക്കുവീണു. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ അമ്പരപ്പിച്ച ടീമുകളിലൊന്നായിരുന്ന ജോര്‍ദാന്‍ ആദ്യമായി പ്രി ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയ ടീമായിരുന്നു. എന്നാല്‍ പ്രി ക്വാര്‍ട്ടറില്‍ വിയറ്റ്‌നാം ഒപ്പത്തിനൊപ്പം നിന്നു. എക്‌സ്ട്രാ ടൈമിലും 1-1 സമനിലയായതിനെത്തുടര്‍ന്ന് പ്രി ക്വാര്‍ട്ടര്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടു. ജോര്‍ദാന്റെ ബാഹ ഫൈസലിന്റെ ഷോട്ട് പോസ്റ്റിന് തട്ടിത്തെറിക്കുകയും അഹ്മദ് സമീറിന്റെ ഷോട്ട് ഗോളി വാന്‍ ലാം രക്ഷിക്കുകയും ചെയ്തതോടെ വിയറ്റ്‌നാമിന് മുന്‍തൂക്കം ലഭിച്ചിരുന്നു. എന്നാല്‍ മിന്‍ വുവോംഗിന്റെ ഷോട്ട് ജോര്‍ദാന്‍ ഗോളി അമര്‍ ശാഫി ഡൈവ് ചെയ്ത് രക്ഷിച്ചു. പക്ഷെ ബുയ് ടിയേന്‍ ഡുംഗ് വിയ്റ്റ്‌നാമിന്റെ നിര്‍ണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു. 
ഒരു ഗോളിന് പിന്നിലായ ശേഷമാണ് വിയറ്റ്‌നാം തിരിച്ചുവന്നത്. ഇടവേളക്ക് ആറ് മിനിറ്റ് ശേഷിക്കെ ജോര്‍ദാന്‍ അപൂര്‍വ ഫ്രീകിക്കില്‍ നിന്ന് ലീഡ് നേടി. എതിര്‍ കളിക്കാരനെതിരെ കാലുയര്‍ത്തിയതിനാണ് പെനാല്‍ട്ടി ഏരിയക്കുള്ളില്‍ റഫറി ഫ്രീകിക്ക് വിധിച്ചത്. രണ്ടാം പകുതിയുടെ ആറാം മിനിറ്റില്‍ വിയറ്റ്‌നാം ഗോള്‍ മടക്കി. കോംഗ് ഫുവോംഗാണ് ബോക്‌സില്‍ നിന്ന് ഗോള്‍ നേടിയത്.