Monday , February   18, 2019
Monday , February   18, 2019

തോറ്റ ഫെദരര്‍ക്ക് വാശി, ഫ്രഞ്ച് ഓപണില്‍ കളിക്കും

ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടറില്‍ പുറത്തായത് റോജര്‍ ഫെദരര്‍ക്ക് വാശിയായി. കഴിഞ്ഞ മൂന്നു വര്‍ഷം വിട്ടുനിന്ന ക്ലേ കോര്‍ട് സീസണില്‍ ഇത്തവണ കളിക്കുമെന്നും ഫ്രഞ്ച് ഓപണില്‍ തിരിച്ചുവരുമെന്നും ഫെദരര്‍ പ്രഖ്യാപിച്ചു. ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റ്‌സിപാസാണ് ഫെദരറെ അട്ടിമറിച്ചത്. 
ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടറിലെ മൂന്ന് അട്ടിമറികളിലൊന്നാണ് ഫെദരറുടേത്. രണ്ടാം സീഡും മൂന്ന് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയുമായ എയ്ഞ്ചലിക് കെര്‍ബറെ സീഡില്ലാത്ത അമേരിക്കക്കാരി ഡാനിയേല്‍ കോളിന്‍സ് 6-0, 6-2 ന് കശക്കിവിട്ടു. ഇതിനു മുമ്പ് ഗ്രാന്റ്സ്ലാമുകളില്‍ കളിച്ച അഞ്ച് മത്സരങ്ങളും തോറ്റ കോളിന്‍സ് ഓസ്‌ട്രേലിയന്‍ ഓപണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംപിടിച്ചു. മുന്‍ റൗണ്ടുകളില്‍ പതിനാലാം സീഡ് ജൂലിയ ജോര്‍ജസിനെയും പത്തൊമ്പതാം സീഡ് കരൊലൈന്‍ ഗാര്‍ഷ്യയെയും കോളിന്‍സ് തോല്‍പിച്ചിരുന്നു.
മുന്‍ ചാമ്പ്യന്‍ മരിയ ഷരപോവയെ ആതിഥേയ താരം അഷ്‌ലെയ് ബാര്‍ടി മൂന്നു സെറ്റില്‍ കെട്ടുകെട്ടിച്ചു (4-6, 6-1, 6-4). 2009 നു ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപണില്‍ ആതിഥേയ വനിത ക്വാര്‍ട്ടറിലെത്തുന്നത്.
ടോപ് സീഡ് റഫായേല്‍ നദാല്‍, ഇരുപത്തൊന്നാം ജന്മദിനമാഘോഷിക്കുന്ന ഫ്രാന്‍സസ് തിയാഫൂ, പെട്ര കവിറ്റോവ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 

Latest News