Saturday , April   20, 2019
Saturday , April   20, 2019

ചിറകൊടിഞ്ഞ ദേശാടനക്കിളി

മൊയ്തു കിഴിശ്ശേരി
മൊയ്തു ഭാര്യ സഫിയയോടും മകൻ നാദിർഷാനിനോടുമൊപ്പം.
മൊയ്തു കിഴിശ്ശേരി
മൊയ്തു ഭാര്യ സഫിയയോടും മകൻ നാദിർഷാനിനോടുമൊപ്പം.
മൊയ്തുവിന്റെ പുരാവസ്തു ശേഖരം
മൊയ്തു കിഴിശ്ശേരി
മൊയ്തു കിഴിശ്ശേരി
ജെ.സി.ഐ 2009 അവാർഡ് മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റനും, എം.എസ്.പി കമാണ്ടന്റുമായ യു. ഷറഫലി മൊയ്തുവിന് സമ്മാനിക്കുന്നു.
മൊയ്തു കിഴിശ്ശേരി
പുരാവസ്തു വിദഗ്ധ ശ്രീലതയുടെ നേതൃത്വത്തിൽ മൊയ്തുവിന്റെ പുരാവസ്തു ശേഖരത്തിന്റെ മൂല്യനിർണയം നടത്തുന്നു. 

തീക്ഷ്ണമായ അനുഭവങ്ങളുടെ നെരിപ്പോടിൽ ഊതിക്കാച്ചി മിനുക്കിയെടുത്ത നിധികളെല്ലാം നീണ്ട ആലോചനയ്‌ക്കൊടുവിൽ മൊയ്തു സംസ്ഥാന സർക്കാറിന് വിൽപ്പന നടത്തി. പുരാവസ്തുവകുപ്പ് ഡയറക്ടർ എസ്. ഹേമചന്ദ്രന്റെ മേൽനോട്ടത്തിൽ പുരാവസ്തു വിദഗ്ധ ശ്രീലതയുടെ നേതൃത്വത്തിലാണ് ചരിത്രരേഖകൾ ഉൾപ്പടെയുള്ള മൊയ്തുവിന്റെ പുരാവസ്തു ശേഖരത്തിന്റെ മൂല്യനിർണയം നടത്തിയത്. വിവിധ ദേശങ്ങളിൽ പല കാലങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങൾ, കറൻസികൾ, സംഗീത ഉപകരണങ്ങൾ, പാത്രങ്ങൾ, എഴുത്താണികൾ, ആയുധങ്ങൾ, ഇംഗ്ലണ്ടിലെ ആദ്യകാല ടെലഫോൺ, പൗരാണിക ക്യാമറ, ജപ്പാനിലെ പൗരാണിക സ്പൂൺ സെറ്റ്, ഫ്രാൻസിൽ നിന്ന് സംഘടിപ്പിച്ച വൈദ്യുത ഗ്രാമഫോൺ, ജർമനിയുടെ പെട്രോമാക്‌സ്, ഒന്നാം ലോകമഹാ യുദ്ധത്തിൽ ഉപയോഗിച്ച ആയുധങ്ങൾ, 1921 കാലത്ത് ബ്രിട്ടീഷുകാരോട് മാപ്പിളമാർ നേർക്കുനേർ പോരാടാനുപയോഗിച്ച വിവിധ തരം ഉറുമിയും, വാളും തുടങ്ങി അത്യപൂർവ ചരിത്ര നിധികൾ. വിവിധ രാജ്യങ്ങളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരുപാടൊരുപാട് പുരാവസ്തുക്കൾ. കോടികൾ വില മതിക്കുമെങ്കിലും 65 ലക്ഷം രൂപയ്ക്കാണ് അതെല്ലാം മൊയ്തു സർക്കാരിന് കൈമാറിയത്. മൊയ്തുവിനെ പഠിച്ചും, അയാളുടെ കിസ്സകളിൽ അൽഭുതം കൂറുകയും ചെയ്ത മുൻ മന്ത്രിയും സി.പി.എം നേതാവുമായ അഡ്വ. ടി. കെ ഹംസയാണ് വിവരങ്ങൾ സാംസ്‌കാരിക വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തുന്നത്. ഇത് സംബന്ധിച്ച എഴുത്തുകുത്തുകളും മറ്റും സർക്കാരിലേക്ക് നടത്തിയതും അദ്ദേഹം തന്നെ.


കൊണ്ടോട്ടിയിലുള്ള മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമിയിലെ ചരിത്ര സാംസ്‌കാരിക മ്യൂസിയത്തിൽ ഈ പുരാവസ്തു ഗാലറിയുടെ ഉദ്ഘാടനം നടന്നത് ഈയിടെയാണ്. എല്ലാ ദിവസവും പ്രവർത്തിക്കുന്ന അക്കാദമിയിൽ കാലത്ത് പത്ത് മുതൽ വൈകിട്ട് നാല് വരെയുള്ള സമയത്ത് പുരാവസ്തു ഗാലറി പൊതുജനങ്ങൾക്ക് സന്ദർശിക്കാനാകും.
താൻ സ്വരുക്കൂട്ടി വെച്ചിരുന്നതെല്ലാം വിൽപ്പന നടത്താൻ മൊയ്തു ഒരിക്കലും തയ്യാറല്ലായിരുന്നു. ദാരിദ്ര്യത്തോട് പട പൊരുതാൻ ഒട്ടും മടിയില്ലാത്ത മൊയ്തു മെലിഞ്ഞുണങ്ങി അവശനായ ഒരു നിഴൽരുപം പോലെയാണിന്ന്. വൃക്കരോഗം പിടിപെട്ടതിനെ തുടർന്ന് നിരന്തരം ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ അനുഭവ പാഠങ്ങളുടേയും, അവയുടെ ഓർമകളിലൂടേയും മാത്രം ജീവിതം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് മൊയ്തു തിരിച്ചറിയുകയായിരുന്നു. അനാരോഗ്യം അയാളെ ചുറ്റിവരിയാൻ തുടങ്ങിയതോടെ തന്റെ നിധിശേഖരം വിൽപന നടത്തുക, അതൊന്ന് മാത്രമാണ് അയാളുടെ മുന്നിലുണ്ടായിരുന്ന പോംവഴി.

ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്യണം. അതിന്റെ ബലത്തിലാണ് ജീവിതം മുന്നോട്ട് നീങ്ങുന്നത്. വൃക്ക മാറ്റി വെക്കൽ ഒരു സാധ്യതയാണ്. അത് വേണ്ടെന്ന തീരുമാനത്തിലാണ് മൊയ്തു. ആയുസ്സിന്റെ വലിയൊരു ഭാഗം ലോകസഞ്ചാരം നടത്തിയ ഈ സഞ്ചാരി പല ദേശങ്ങളിൽ നിന്നാണ് പലതും ശേഖരിച്ചത്. അവയുടെ പുരാവസ്തു മൂല്യം കോടികൾ തന്നെയുണ്ടാകും. ലേലത്തിലും വൻതുക കിട്ടാനിടയുള്ള അത്യപൂർവ ശേഖരം.
   


വിചിത്രമായ ഊരുതെണ്ടൽ
മലപ്പുറം കൊണ്ടോട്ടിക്കടുത്ത കിഴിശ്ശേരി സ്വദേശിയായ മൊയ്തു അസാമാന്യ ധൈര്യശാലിയൊന്നുമല്ല. എന്നാൽ ഭീതിയില്ലായ്മയാണ് ധൈര്യത്തിന്റെ നിർവചനമെങ്കിൽ മൊയ്തുവെന്ന മനുഷ്യനെ നമുക്ക് ധൈര്യശാലിയെന്ന് തന്നെ വിശേഷിപ്പിക്കേണ്ടതായി വരും. സ്‌കൂളിൽ മൊയ്തു സാമൂഹ്യ പാഠം ഒട്ടും പഠിച്ചിട്ടില്ല. അതിന് അവസരവുമുണ്ടായതുമില്ല. പക്ഷേ മൊയ്തുവെന്ന മനുഷ്യൻ സാമൂഹ്യ പാഠങ്ങളുടെ വലിയൊരു ഗ്രന്ഥമാണിന്ന്. നാലാം ക്ലാസിൽ വെച്ച് സ്‌കൂൾ പഠനം അവസാനിപ്പിച്ച പത്ത് വയസ്സുകാരനായ മൊയ്തുവിന് ആകെക്കൂടി രണ്ട് മൂന്ന് സ്ഥലനാമങ്ങൾ മാത്രമേ അറിഞ്ഞിരുന്നുള്ളൂ. 'കോഴിക്കോടും, തൃശൂരും പാക്കിസ്ഥാനും'. അതിനപ്പുറം ലോകമില്ലെന്നായിരുന്നു മൊയ്തുവിന് അന്നുണ്ടായിരുന്ന അറിവും. തരക്കേടില്ലാത്ത വലിയ മാളികവീടായിരുന്നു കിഴിശ്ശേരിയിലെ ഇല്യൻ അഹമ്മദുകുട്ടി ഹാജിയുടേത്. അഹമ്മദുകുട്ടി-കദിയക്കുട്ടി ദമ്പതികളുടെ പന്ത്രണ്ട് മക്കളിൽ ഏഴാമനാണ് മൊയ്തു. ഒരു വിധം കഴിഞ്ഞ കൂടാനുള്ള വകയൊക്കെ ഈ കുടുംബത്തിനുണ്ടായിരുന്നു. പാക്കിസ്ഥാനിൽ വ്യാപാരമായിരുന്ന അഹമ്മദുകുട്ടി ഹാജിയെ പക്ഷാഘാതം ബാധിച്ചതും, അദ്ദേഹത്തിന്റെ വിയോഗവുമെല്ലാം പെട്ടെന്നായിരുന്നു. തുടർന്ന് ഇല്യൻവീട് എന്ന തറവാടിനെ പട്ടിണി മൂടിയപ്പോൾ, അന്നോളമുണ്ടായിരുന്ന ബന്ധുക്കൾ അകന്ന് തുടങ്ങി. ബാപ്പ പാക്കിസ്ഥാനിൽ നിന്നും കൊണ്ട് വരുന്ന സിൽക്ക് കുപ്പായവും, ടെട്രോൺ കുപ്പായവുമൊക്കെ ധരിച്ച് ചെത്തി നടന്നിരുന്ന മൊയ്തുവിന്റെ ബാല്യകാലം ക്രമേണ നിറം മങ്ങിത്തുടങ്ങി. നരച്ച് നിറം മങ്ങിയ കുപ്പായത്തിലേക്കും, പിഞ്ഞിക്കീറിയ കള്ളിമുണ്ടിലേക്കും തെന്നി മാറിയ മൊയ്തു സ്ലേറ്റും പുസ്തകവും വാങ്ങാൻ കാശില്ലാത്തത് കൊണ്ട് കയ്യും വീശിയായിരുന്നു സ്‌കൂളിലേക്കുള്ള പോക്ക്. അത് അധിക കാലം നീണ്ട് പോയതുമില്ല. നാലാം തരം പൂർത്തിയാക്കും മുമ്പെ സ്‌കൂളിനോട് വിട പറഞ്ഞു. തുടർന്ന് പള്ളി ദർസിൽ മതപഠനം തുടങ്ങിയ മൊയ്തുവിന് അതൊട്ടും ഹൃദ്യമായി തോന്നിയില്ല. പാഠങ്ങൾ ചൊല്ലി പഠിക്കുന്നതിൽ വീഴ്ച പറ്റിയാൽ ഉസ്താദിന്റെ ചൂരൽ പ്രയോഗമുണ്ടാകും. അത് ഭയന്ന് ഒരു ദിവസം പള്ളിയുടെ ഒതുക്കപടുവുകളിറങ്ങി.


1969 -ൽ 10 വയസ്സുള്ള ഇല്യൻ മൊയ്തുവെന്ന ഇത്തിരി പോന്ന ചെറുക്കൻ നാട് തെണ്ടാനിറങ്ങുമ്പോൾ, പള്ളി ദർസിൽ നിന്ന് കിട്ടാവുന്നതിലും വലിയ വിജ്ഞാനവും ജീവിതാനുഭവവും തേടിയായിരുന്നില്ല പുറപ്പാട്. കേട്ടറിവ് മാത്രമുള്ള 'കോഴിക്കോടും, തൃശൂരും, പാക്കിസ്ഥാനു' മൊക്കെ കാണുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ചുറ്റു കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോഴാണ് പ്ലാറ്റ്‌ഫോം ടിക്കറ്റില്ലാത്ത കാരണത്താൽ പിടിക്കപ്പെട്ടത്. മുന്നോട്ടുള്ള യാത്രയിൽ താൻ നേരിടാൻ പോകുന്ന പ്രതിസന്ധികളുടെ തുടക്കമാണതെന്ന് മൊയ്തു കരുതിയതുമില്ല. റെയിൽവേ പോലീസ് താക്കീത് നൽകി വിട്ടെങ്കിലും, പാളത്തിലൂടെ അരിച്ച് നീങ്ങിത്തുടങ്ങിയ നിസാമുദ്ദീൻ എക്‌സ്പ്രസ് ശ്രദ്ധയിൽ പതിഞ്ഞതോടെ, പിന്നെയൊട്ടും അമാന്തിച്ചില്ല. ഓടിച്ചെന്ന് അതിൽ കേറിപ്പറ്റി. മനസ്സിലെ ഒഴുക്കൻ ചിന്തകൾക്കനുസരിച്ച് എങ്ങോട്ടെന്നോ, എന്തിനെന്നോ ഒരു ധാരണയുമില്ലാത്ത ഒരു യാത്രയുടെ തുടക്കം. ഇന്ത്യയുടെ തെക്കേ അറ്റത്ത് നിന്ന് തുടങ്ങി വടക്കേ അറ്റം വരെ തുടർന്ന യാത്രയായിരുന്നു അത്. ഒരിടത്തെത്തുമ്പോൾ അതിനപ്പുറവും ലോകമുണ്ടെന്ന പാഠമായിരുന്നു മൊയ്തു ആദ്യം പഠിച്ചത്. 
ആന്ധ്രപ്രദേശിലേയും, ഒഡിഷയിലേയും, നാഗാലാന്റിലേയും ഉൾഗ്രാമങ്ങൾ. അലഹബാദും വാരാണസിയും പിന്നെ നൈനിറ്റാളും. ഡൽഹിയിലേയും, കശ്മീരിലേയും പുണ്യാത്മാക്കളുടെ മഖ്ബറകൾ. അസമിലെ കാമാഖ്യ ക്ഷേത്രം. വിവിധ മതക്കാരുടെ പരശ്ശതം ആരാധനാലയങ്ങൾ. തണുത്തുറഞ്ഞും വരണ്ടുണങ്ങിയും ഏഴ് വർഷം നാടുനീളെ അലഞ്ഞ് ഇന്ത്യാ മഹാരാജ്യത്തെ തൊട്ടറിഞ്ഞതോടെ ഒട്ടുമിക്ക ഭാഷകളും മൊയ്തു സ്വായത്തമാക്കിയിരുന്നു. ഡൽഹിയിൽ വെച്ച് ഒരു സന്യാസി ഗീതാരഹസ്യവും, ക്രിസ്ത്യൻ പാതിരിയുമായുള്ള ചങ്ങാത്തത്തിലൂടെ ബൈബിളും പരിചയപ്പെട്ടു. ദർസിൽ നിന്ന് പഠിച്ച ആത്മീയ ജ്ഞാനത്തിലൂടെ സൂഫിസത്തേയും അൽപ്പം തൊട്ടറിഞ്ഞു. കപ്പലണ്ടി വിറ്റും, ഹോട്ടൽവേല ചെയ്തും, മാലിന്യം കോരിയും അന്യദേശങ്ങളെ തൊട്ടറിഞ്ഞ് ദിക്കുകളും ദേശങ്ങളും അവയുടെ മുക്കും മൂലയും മൊയ്തു ഒരു പാട് കണ്ടു. അയാളുടെ സാമൂഹ്യ പഠനവും ഇതിലൂടെയായിരുന്നു. ഏഴാണ്ട് ഇന്ത്യാ മഹാരാജ്യത്ത് അലഞ്ഞ ശേഷമാണ് അതിർത്തി കടക്കാനുള്ള മോഹമുദിച്ചത്. പാക്കിസ്ഥാനിലെത്തണമെന്ന മോഹം നേരത്തെ തന്നെ ഉണ്ടായിരുന്നു. ദൈവത്തിന്റെ മണ്ണിൽ മനുഷ്യർ വരച്ചിട്ട  അതിർത്തികളെ മൊയ്തു കൂസിയില്ല.  അട്ടാരിയിൽവച്ച് സൈനികർ പിടികൂടി മർദിച്ചു. അവിടുന്ന് ഓടി രക്ഷപ്പെട്ടെങ്കിലും, മൊയ്തു പിന്തിരിഞ്ഞില്ല.
വിശാലമായ കൃഷിയിടങ്ങളല്ലാതെ ഒന്നും കാണാനുണ്ടായിരുന്നില്ല. അതിർത്തി പ്രദേശത്തുള്ള നാരകത്തോട്ടത്തിലൂടെ മരങ്ങളുടെ മറപറ്റി ഓടിമറഞ്ഞും ഒളിഞ്ഞും തെളിഞ്ഞും ഏതോ ഗ്രാമത്തിൽ വെച്ച് ഒരു ട്രക്കിൽ കേറിപ്പറ്റി ലാഹോറിലെത്തി. ഇസ്‌ലാമാബാദും, കറാച്ചിയും, മുൽത്താനും, സഖറും, കുഹേട്ടയുമൊക്കെ കറങ്ങി. പാക്ക് മണ്ണിലെ സഞ്ചാരത്തിനിടയിൽ മൊയ്തു ചെന്ന്‌പെട്ടത് കാരാഗൃഹത്തിലാണ്. ആദ്യത്തെ കാരാഗൃഹ വാസം. നിവർന്ന് നിൽക്കാൻ കഴിയാത്ത ജയിൽ മുറിയിൽ രണ്ടാഴ്ചത്തെ വാസം. നാടോടിയാണെന്ന് പോലീസുകാർക്ക് ബോധ്യപ്പെട്ടതോടെ, ഇന്ത്യയിലേക്ക് തന്നെ തിരിച്ച് പോകാൻ നിർദ്ദേശിച്ച് കൊണ്ട് ജയിൽ മോചനം നൽകി. അനുസരണയുള്ള കുട്ടിയെ പോലെ മൊയ്തു തലകുലുക്കി അവിടം വിട്ടിറങ്ങി. നിയമം അത്രതന്നെ കർക്കശമായിരുന്നില്ല അന്ന്. ജയിൽ മോചിതനായ മൊയ്തു ജന്മനാടിനെക്കുറിച്ചല്ല ചിന്തിച്ചത്. രാജ്യാന്തരങ്ങളിലേക്കുള്ള പലായനമായിരുന്നു അയാളുടെ മനസ്സിൽ. തുടർന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകളിൽ ഉൾപ്പെടുന്ന 43 രാജ്യങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ അസാധാരണമായ സഞ്ചാരത്തിന് ഇവിടെ നിന്ന് തുടക്കം. സോവിയറ്റ് റഷ്യയിലെ ഒട്ടുമിക്ക പ്രവിശ്യകളും സന്ദർശിച്ചു. ഫ്രാൻസ്, ജർമനി, സ്വിറ്റ്‌സർലാന്റ്, ബെൽജിയം അങ്ങനെ മൊയ്തു കറങ്ങിത്തിരിഞ്ഞിടമെല്ലാം ഭൂഗോളത്തിൽ തിരിച്ചു കാണിക്കാൻ ഏറെയുണ്ട്. കുന്നുകളും, പർവതങ്ങളും, മരുഭൂമികളും, നദികളും, കടലിടുക്കുകളും താണ്ടിയെത്തിയ വിവിധ രാജ്യങ്ങളിലെ അപൂർവ്വ ചരിത്ര വസ്തുക്കളും പലപ്പോഴായി മൊയ്തു ശേഖരിച്ചിരുന്നു.

ലോകഭാഷയുമായി മുന്നോട്ട്
ദേശാടനപ്പക്ഷികൾക്ക് പോലും ഋതുക്കളുടെ നിയതമായ യാത്രാവൃത്തമുണ്ട്. പ്രകൃതിയുടെ വിളിയറിഞ്ഞ് ഒരു പ്രത്യേക വേളകളിലാണ് ദേശാടനപ്പക്ഷികളുടെ പലായനം. എന്നാൽ മൊയ്തു എന്ന 'ഫക്കീറി'ന്റ സഞ്ചാരം അങ്ങനെയൊന്നുമായിരുന്നില്ല. ഭൂമിയിൽ മനുഷ്യൻ സൃഷ്ടിച്ച അതിർ വരമ്പുകൾക്കപ്പുറത്തേക്ക്, ഔദ്യോഗിക രേഖകളുടെ അനുമതിയേതുമില്ലാതെ മൊയ്തു യാത്ര തുടരുകയായിരുന്നു. പട്ടണങ്ങളും കാടും പുഴയും മരുഭൂമിയും താണ്ടിയുള്ള യാത്ര. പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാൻ മരുഭൂ വഴി അഫ്ഗാനിസ്ഥാനിലെത്തി. കാണ്ഡഹാറും, കാബൂളും, മസാറെ ഷരീഫും കണ്ടു. പിന്നെ പാമീർ മലമ്പാത വഴി കിർഗിസ്ഥാനിലത്തെി. ഭാഷ  മൊയ്തുവിന് ഒരു പ്രശ്‌നമേ ആയില്ല. 'ലോകഭാഷ' അഥവാ ആംഗ്യഭാഷയുമായി ചെന്നിടത്തൊക്കെ മൊയ്തു സംവദിച്ചു. ദേശവും ഭാഷയും മാറിയാലും പട്ടിണിയുടെ നിറവും ഭാവവും രുചിയും ഒന്ന് തന്നെയാണെന്ന് അതിവേഗം തിരിച്ചറിഞ്ഞു. ഭാഷയും ജാതിയും ഭിന്നമല്ലാത്ത പട്ടിണിയിൽ ആംഗ്യഭാഷയിലൂടെ സഹജീവികളോട് സംവദിച്ചപ്പോൾ ഏതൊക്കെയോ കനിവിന്റെ കൈകൾ അന്നം നൽകി. 
ദേശം മാറുന്നതിനോടൊപ്പം മൊയ്തുവും വേഷങ്ങൾ മാറിയണിഞ്ഞു. തെരുവിലും, ജയിലിലും, നക്ഷത്ര ഹോട്ടലുകളിലും അന്തിയുറങ്ങി. ടൂറിസ്റ്റ് ഗൈഡും, പത്രപ്രവർത്തകനും, സൈനികനുമൊക്കെയായി പല തരം വേഷപ്പകർച്ചയും നടത്തി. പല വേഷങ്ങളിൽ ഒരു മൊയ്തു. ഉണ്ണാതെയും ഉറങ്ങാതെയും നാട് കണ്ടാണ് വയറ് നിറച്ചത്. പലയിടത്തും കൂട്ടുകാരുണ്ടായി. അവരുടെ നേരും നൊമ്പരവും, സംസ്‌കാരവും തിരിച്ചറിഞ്ഞു. ഏഴു വർഷം ഇന്ത്യാ മഹാരാജ്യത്തിന്റെ മുക്കിലും മൂലയിലുമായി ചുറ്റിക്കറങ്ങിയ അനുഭവങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു പുറം ലോകത്തെ അനുഭവ സാക്ഷ്യങ്ങൾ. യുദ്ധവും, സമാധാനവും, സമ്പത്തും, ദാരിദ്ര്യവും, ജീവിതവും, മരണവും എല്ലാമെല്ലാം മൊയ്തു നേർക്കുനേർ കണ്ടു. കിർഗിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബകിസ്ഥാൻ, ചൈന, മംഗോളിയ, കൊറിയ, ജപ്പാൻ അങ്ങനെ ഒട്ടനവധി ദേശങ്ങൾ. ഗ്രാമവും, പട്ടണവുമായി പല നാടുകൾ. പല തരം മനുഷ്യർ. കള്ളവണ്ടി കേറിയും, നടന്നുമുള്ള രേഖാരഹിത യാത്രകൾ. എവിടെയാണോ എത്തിപ്പെടുന്നത് അവിടെ അവരോട് കൂടെ അവരിൽ ഒരാളായി മാറി. ഭക്ഷണവും, അന്തിയുറക്കവുമെല്ലാം അങ്ങനെ തന്നെ. വീണിടം വിഷ്ണുലോകം എന്ന കെമിസ്ട്രി.  ചിലയിടത്ത് ദിവസങ്ങൾ. മറ്റ് ചിലയിടത്ത് മാസങ്ങൾ. ജീവിതത്തിന്റെ തിക്താനുഭവങ്ങൾ അനുഭവഭേദ്യമായപ്പോൾ പലതും നേരിടാൻ പഠിച്ചു. പലരേയും സഹായിക്കാനും പഠിച്ചു.  കാടും, പട്ടണവും, മരുഭൂമിയും, മഞ്ഞ്മലകളും, പുഴകളും താണ്ടി രേഖകളേതുമില്ലാതെ ലോകം ചുറ്റുന്നതിനിടയിൽ ചെന്നെത്തിയ മിക്കരാജ്യങ്ങളിലെ തടവറകളിലും മൊയ്തു അകപ്പെട്ടു. പല രാജ്യങ്ങളിലും ചാരൻ എന്നു മുദ്രയടിച്ചാണ് ജയിലിലട്ടത്. എങ്കിലും താമസിയാതെ മോചനവും കിട്ടും. അങ്ങനെ ഭാഗ്യങ്ങളിൽ വിശ്വസിക്കാനും മൊയ്തു നിർബന്ധിതനായി. അതിർത്തി സേനയുടെ കണ്ണ് വെട്ടിച്ച് നുഴഞ്ഞ് കേറി മരണ ഗന്ധം വമിക്കുന്ന മണൽക്കാടുകളിലൂടെ ദിവസങ്ങളോളം ദിക്കറിയാതെ അലക്ഷ്യമായി അലഞ്ഞു. 


പത്രപ്രവർത്തകൻ, പട്ടാളക്കാരൻ
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഷാ രാജാവിന്റെ കൊട്ടാരം ആസ്വദിച്ച് നിൽക്കവെയാണ് പട്ടാളം പിടികൂടുന്നത്. മൂന്നാല് ദിവസത്തിന് ശേഷമാണ് താൻ കൊട്ടാരത്തിൽ അടിമയാക്കപ്പെട്ട വിവരം മൊയ്തു അറിഞ്ഞത്. പ്രായം ചെന്ന ഒരാൾ അവിടെ നിന്ന് രക്ഷപ്പെടാനുള്ള വഴി നിർദേശിച്ചു. പുറത്തെത്തിയപ്പോൾ പിന്നീടുള്ള മോഹം ദുബായ് ആയിരുന്നു. ചരക്ക് കേറ്റിയ പായ്ക്കപ്പലിലായിരുന്നു അങ്ങോട്ടുള്ള യാത്ര. കാറ്റിലും കോളിലും പായ്ക്കപ്പൽ ആടിയുലഞ്ഞ് തകർന്നു. ജീവിതം അവസാനിച്ചെന്ന് കരുതിയ ഘട്ടം. ചെറുപ്പത്തിൽ ചാലിയാർ പുഴ നീന്തിക്കടന്ന ആത്മധൈര്യത്തിൽ മനഃശക്തി കൈവരിച്ച് കടൽ നീന്തി കരയിലെത്തി. പ്രകൃതിയേയും അതിലെ ജീവസ്പന്ദനങ്ങളേയും തൊട്ടറിഞ്ഞ് കടൽ തീരങ്ങളിലൂടെ ചുറ്റിത്തിരിഞ്ഞ് ഇറാനിൽ തന്നെ തിരിച്ചെത്തി.
ആഭ്യന്തര കലാപത്തിന്റേയും, ഇറാഖുമായുള്ള യുദ്ധത്തിന്റേയുമൊക്കെ കലുഷിതമായ അന്തരീക്ഷമായിരുന്നു ഇറാനിൽ. ഇറാനിലെ പ്രമുഖ വാർത്താ ഏജൻസിയായ 'ഇർന'യുടെ ഓഫീസിൽ ചെറിയ ജോലി തരപ്പെട്ടു. അങ്ങനെ പത്രപ്രവർത്തകന്റെ റോൾ. അന്ന് പ്രായം 20. കുറച്ച് കാലം അങ്ങനെ കഴിഞ്ഞു കൂടി.
പിന്നീട് ബഗ്ദാദിലേക്ക് യാത്ര തിരിക്കവെ അബദാനിൽ വെച്ച് ഇറാൻ പട്ടാളം പിടികൂടി. ഇസ്ഫഹാനിലെ പട്ടാള ക്യാമ്പിലാണ് തടവിലിട്ടത്. ഇറാഖിനെതിരെയുള്ള ഇറാൻ യുദ്ധം കൊടുമ്പിരി കൊണ്ട കാലമായിരുന്നു അത്. പട്ടാള ക്യാമ്പിൽ തടവിൽ കഴിയുന്നതിനിടെ ഒരിക്കൽ ഖുർആൻ  വായനയിൽ മുഴുകിയിരിക്കുമ്പോൾ, പിന്നിലത്രയും പട്ടാളക്കാർ. മൊയ്തുവിനെ പോലെ അവർക്കാർക്കും തന്നെ അത്ര ഭംഗിയായി ഖുർആൻ ഓതാനറിയില്ലായിരുന്നു. ഇത് പട്ടാളക്കാരെ വല്ലാതെ സ്വാധീനിച്ചു. അതോടെ മൊയ്തു അവരുടെ ഉസ്താദായി. സൈനികരുമായി ചങ്ങാത്തത്തിലായ മൊയ്തു പിന്നീടവരുടെ അടുത്ത സഹായിയുമായി. ജുംബൂരി ഇസ്‌ലാമിക് മിലിട്ടറിയിൽ നിന്ന് സൈനിക പരിശീലനവും ലഭിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇറാൻ-ഇറാഖ് യുദ്ധത്തിൽ ഷെല്ലാക്രമണത്തിൽ മൊയ്തുവിന് പരിക്കേറ്റത്. ക്യാമ്പിൽ ചികിത്സയിൽ കഴിയവേ, അവസരം കാത്തു നിന്ന മൊയ്തു കിട്ടിയ തക്കത്തിന് അവിടെ നിന്നും പതിയെ തടിയൂരി. ഇറാഖായിരുന്നു അടുത്ത ലക്ഷ്യം. ഇറാഖിലെത്താനുള്ള കുറുക്കുവഴി പുഴ നീന്തി മറുകര പറ്റുക എന്നതായിരുന്നു. യൂഫ്രട്ടീസ് നദി മുറിച്ച് കടക്കുന്നതിനായി വീതി കുറഞ്ഞ ഭാഗം നോക്കി നദീ തീരത്തിലൂടെ ഏറെ നടന്നു. നദിയിൽ ചുഴിയുള്ള ഭാഗവും അപകട മേഖലയുമെല്ലാം പ്രദേശവാസിയായ ഒരു വയോധികൻ വിവരിച്ചു കൊടുത്തു. ഇറാഖിലെത്തിയ മൊയ്തു അവിടേയും ജയിലിലകപ്പെട്ടു. വീണ്ടും ജയിൽ ശിക്ഷ. എവിടേയും ദൈന്യമുഖമായിരുന്നു മൊയ്തുവിനുണ്ടായിരുന്നത്. ആ ദൈന്യഭാവത്തിന്റെ അലിവിലാണ് മൊയ്തു പലപ്പോഴും മോചനം നേടിയതും.


ചെങ്കുത്തായ ഐസ് മലകൾ കേറിയിറങ്ങി പിന്നീടെത്തിയത് തുർക്കിയിൽ. തുർക്കിയോടാണ് മൊയ്തുവിന് ഏറെ വൈകാരികതയുള്ളതും. തുർക്കിയിലെ അദാനാ പട്ടണം സുന്ദരിയെ പോലെയാണ്. തന്റെ സാഹസിക സഞ്ചാരത്തിനിടയിൽ മൊയ്തു കൂടുതൽ തങ്ങിയതും തുർക്കിയിൽ തന്നെ. അകാലത്തിൽ മരണപ്പെട്ട മകന്റെ അതേ ഛായയുള്ള മൊയ്തുവിനെ കണ്ട് കരയുകയും, മോഹാലസ്യപ്പെട്ട് വീഴുകയും ചെയ്ത ഒരമ്മയും, കുടുംബവും മൊയ്തുവിന് സ്‌നേഹത്തിന്റെ അപരിചിത പാഠങ്ങളാണ് പകർന്ന് നൽകിയത്. ആ മകന്റെ തിരിച്ചറിയൽ രേഖയും, ഡ്രസ്സും ആ കുടുംബം മൊയ്തുവിന് നൽകിയപ്പോൾ ആ കുടുംബത്തിലെ 'മകനാ' യി മാറാൻ മൊയ്തു നിർബന്ധിതനുമായി. വഴി പോക്കനാണെന്നറിഞ്ഞിട്ടും സ്‌നേഹം കൊണ്ട് വീർപ്പു മുട്ടിച്ച ആ കുടുംബത്തിന്റെ ചിത്രം ഇന്നും മെയ്തു മനസ്സിൽ സൂക്ഷിക്കുന്നു. തുർക്കി ഭാഷയും സംസ്‌കാരവും പഠിച്ചപ്പോൾ അനുഭവങ്ങൾ കൊണ്ട് തുർക്കി എന്ന രാജ്യം മൊയ്തുവിന്റെ ജീവിതത്തിന്റെ ഭാഗവുമായി. യാത്രകൾ പിന്നേയും തുടരുകയായിരുന്നു. തുർക്കിയിലെ ദോഗുബയാസിൽ പട്ടണത്തിൽ നിന്ന് ജിസ്‌റെ പട്ടണത്തിലേക്ക് പോകുന്ന ട്രെയിനിൽ കേറിപ്പറ്റി. സിറിയയിലൂടെ കടന്ന് പോകുന്ന തീവണ്ടി ഏതോ ഭാഗത്ത് വേഗത കുറഞ്ഞതോടെ തീവണ്ടിയിൽ നിന്ന് പുറത്തേക്ക് ചാടി. കാര്യം ഉദ്ദേശിച്ച പോലെയായിരുന്നില്ല. കൈയ്യിന്റെ എല്ല് പൊട്ടി. അതിന്റെ വേദനയും സഹിച്ചായിരുന്നു പിന്നീടുള്ള അലച്ചിൽ. റഷ്യ, ചെച്‌നിയ, ഉക്രൈൻ, ലിബിയ, അൾജീരിയ, ടുണീഷ്യ ഒക്കെ കഴിഞ്ഞ് സാംസ്‌കാരികത്തനിമ കൊണ്ട് ചരിത്രത്തിലിടം നേടിയ ഈജിപ്തിലെത്തി. അവിടേയും കറങ്ങി കുറച്ച് കാലം. സിറിയ വഴി വീണ്ടും ഇറാഖിലെത്തി. ജോർദ്ദാൻ നദി നീന്തിക്കടന്ന് ഫലസ്തീനിൽ. തുർക്കി, സിറിയ, ജോർദ്ദാൻ എന്നിവിടങ്ങളിൽ ടൂറിസ്റ്റ് ഗൈഡിന്റേയും, കാലിഗ്രാഫിക് കലാകാരന്റേയും വേഷങ്ങളും ആടി. മൊയ്തു ചെന്ന് പറ്റിയിടത്തെല്ലാം അയാളുടെ ജീവിതത്തിനു വ്യത്യസ്ത നിറവും ഭാവവും പകർന്ന സംഭവങ്ങൾ ഏറെയായിരുന്നു. 

 

പ്രേമ ചഷകങ്ങൾ
ഒരുപാട് ദേശങ്ങളും, വഴികളും പിന്നിട്ടതാണ് മൊയ്തുവിന്റെ ജീവിതം. ഏതൊക്കെയോ സാഗരങ്ങളുടെ നീല മൗനങ്ങളും, രൗദ്രഭാവങ്ങളും അനുഭവിച്ചറിഞ്ഞു. നാടോടി ജീവിതത്തിൽ ചെയ്ത തൊഴിലുകളും, കെട്ടിയാടിയ വേഷങ്ങളും, സ്വായത്തമാക്കിയ ഭാഷകളും, വേദങ്ങളും, വിദ്യകളും അനവധി. ഒന്നര പതിറ്റാണ്ട് കാലം ലോകം അലയുന്നതിനിടെ ചിലയിടത്ത് നിന്നെല്ലാം ഏതൊക്കെയോ ഹൂറികൾ മൊയ്തുവിന് അനുരാഗപ്പൂക്കൾ വെച്ച് നീട്ടിയിരുന്നു. പ്രണയത്തിന്റേയും, വിരഹത്തിന്റേയും നീറ്റലും മൊയ്തുവിനുണ്ടായി. ഇറാൻ പട്ടാളക്യാമ്പിൽ കഴിയുന്നതിനിടെ വനിതാ സൈനിക മെഹർനൂശിന് മൊയ്തുവിനോട് കടുത്ത പ്രണയമായിരുന്നു. വിലയേറിയ വജ്രമോതിരവും മെഹർനൂശ് മൊയ്തുവിന്റെ വിരലിൽ അണിഞ്ഞിരുന്നു. മെഹറിനെ വിരഹിയാക്കിയാണ് മൊയ്തു പട്ടാള ക്യാമ്പിലെ മുൾവേലി ചാടിക്കടന്നത്. മെഹറണിഞ്ഞ മോതിരം തുർക്കിയിൽ വിൽപ്പനയും നടത്തി. പാക്കിസ്ഥാനി ഹൂറി ഫിദയും, തുർക്കിക്കാരി ഗോക്‌ചെന്നയെന്ന അതി വെളുമ്പി സുന്ദരിയും, റഷ്യയിൽ വെച്ച് മൊയ്തുവിനെ പ്രണയിച്ച സൈറൂസിയെന്ന മെലിഞ്ഞ സുന്ദരിയുടേയും വിശുദ്ധ പ്രണയ കഥയിലെ നായകനായ മൊയ്തു അവരുടെയെല്ലാം പ്രണയ ചഷകങ്ങളും കാമനകളും നിരാകരിച്ച് ദേശം മാറുകയായിരുന്നു. പ്രണയിനികളുടെ ഓർമ്മകൾക്കെല്ലാം മൊയ്തു ഒരു പേരിട്ടു. 'ദർദെ ജുദാഈ' (ഒരു സഞ്ചാരിയുടെ പ്രണയാനുഭവങ്ങൾ) എന്ന പുസ്തകത്തിന് പുറമെ തന്റെ സഞ്ചാര വഴികളെക്കുറിച്ചും, നാടോടി ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ലിവിങ് ഓൺ ദ എഡ്ജ്, ദൂർ കെ മുസാഫിർ, ചരിത്ര ഭൂമികളിലൂടെ, തുർക്കിയാത്ര എന്നീ സഞ്ചാരകൃതികളും മൊയ്തു രചിച്ചിട്ടുണ്ട്.


1969-ൽ തുടങ്ങിയ മൊയ്തുവിന്റെ നാടോടി ജീവിതത്തിന് വിരാമമിടുന്നത് 1984-ൽ. തുർക്കി-ഇറാൻ-പാക്കിസ്ഥാൻ വഴി ഇന്ത്യയിലേക്ക് മടക്കം. അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളും പേറി തിരിച്ച് കിഴിശ്ശേരിയിലെത്തുമ്പോൾ പോക്കറ്റിലുണ്ടായിരുന്നത് പത്തു പൈസയുടെ നാല് നാണയ തുട്ടുകൾ. നാട്ടിലെത്തിയ മൊയ്തുവിനെ വീട്ടുകാർ കല്യാണം കഴിപ്പിച്ചു. സഫിയയാണ് ഭാര്യ. രണ്ട് മക്കൾ: നാദിർഷാൻ, സജ്‌ന. ഭാര്യക്കും മക്കൾക്കും മൊയ്തുവിന്റെ യാത്രാ പിരാന്തും, പുരാവസ്തുക്കളുടെ പെറുക്കി കൂട്ടലുമൊന്നും ഒട്ടും പിടിച്ചിരുന്നില്ല. വി.ഐ.പികൾ ഉൾപ്പടെ വീട്ടിൽ പലപ്പോഴും സന്ദർശകരെത്താൻ തുടങ്ങിയതോടെ ഭാര്യയും മക്കളും മൊയ്തുവിന്റെ മഹത്വം തിരിച്ചറിഞ്ഞ് തുടങ്ങി. അന്യ നാട്ടിൽനിന്ന് പെറുക്കിക്കൂട്ടി കൊണ്ട് വന്നതെല്ലാം മൊയ്തു സ്വന്തം വീട്ടിൽ ക്രമമായി അടുക്കി വെച്ച് ഒരു കൊച്ചു മ്യൂസിയം തന്നെ തീർത്തിരുന്നു. വീടിന്റെ മുറ്റവും പരിസരവും വള്ളിച്ചെടികളാലും മറ്റും അലങ്കരിച്ച് ഒരു ചെറിയ പാർക്ക് പണിഞ്ഞിട്ടുണ്ട്. വീടിന്റെ സിറ്റൗട്ടിലും അകത്തുമുള്ള ചുമരുകളിലെല്ലാം മൊയ്തു നടന്ന് തീർത്ത വഴികളെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. തന്റെ യാത്രാനുഭവങ്ങൾ ആയിരം നാവുകളുമായി പറഞ്ഞിരുന്ന മൊയ്തു തീർത്തും അവശനാണിന്ന്. സഞ്ചാരമാണ് മൊയ്തുവിന്റെ ബലഹീനത. പക്ഷേ ഇനിയാകില്ല. മൊയ്തുവെന്ന ദേശാടനപ്പക്ഷിയുടെ ചിറകൊടിഞ്ഞിരിക്കുന്നു. ഇദ്ദേഹം സർക്കാരിന് കൈമാറിയ അമൂല്യ വസ്തുക്കൾ നമ്മുടെ മനസ്സിനെ ഏതൊക്കെയോ ദേശങ്ങളിലേക്ക് കൊണ്ട് പോകും. അവിടെയൊക്കെ ഒരു നിഴൽച്ചിത്രമായി നമുക്ക് മൊയ്തുവിനെ കാണാനുമാകും.
 

Latest News