Saturday , April   20, 2019
Saturday , April   20, 2019

കടത്തനാടൻ രാഗമുരളിക

വി.ടി. മുരളി
രാഘവൻ മാഷിനോടൊപ്പം വി.ടി. മുരളിയും കുടുംബവും.
വി.ടി മുരളി യു.ആർ. അനന്തമൂർത്തിക്കൊപ്പം.

We wander for distraction, but we travel for fulfilment - Hilaire Belloc

ഒരു നൂറ്റാണ്ട് മുമ്പ് ശരത്കാലത്തിന്റെ ആദ്യനാളുകളിൽ ഒന്നിൽ ബർമിംഗ്ഹാമിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു കവിയും ചരിത്രകാരനും പ്രഭാഷകനും ആക്റ്റിവിസ്റ്റുമായ ഹിലേറി ബെലോക്. അനശ്വരം എന്നു കരുതിയ തന്റെ ഒരു ലേഖന സമാഹാരം എതിർവശത്തിരിക്കുന്നയാൾ വായിക്കുന്നത് ബെലോകിന്റെ കണ്ണിൽ തടഞ്ഞു. താൻ പ്രശസ്തനാവുന്നെന്നും തന്റെ സൂര്യനുദിക്കുകയാണെന്നും കിനാവ് കണ്ട ബെലോക്ക് സ്വത്വം വെളിപ്പെടുത്താതെ പുസ്തകത്തെക്കുറിച്ച് അഭിപ്രായം ആരായുന്നു. വായനക്കാരന്റെ പ്രതികരണം ബെലോകിന്റെ ഉള്ളിലെ പ്രസരിപ്പ് പാടേ മായ്ച്ചുകളയുന്നു. വായനക്കാരൻ പുസ്തകം സീറ്റിലേക്ക് അലക്ഷ്യമായി എറിയുന്നു. 


തളർന്ന സ്വരത്തിൽ ഒന്നിനും കൊള്ളാത്ത സാധനമെന്ന് വിശേഷിപ്പിക്കുന്നു; രചയിതാവിന്റെ പേര് തെറ്റായി വായിക്കുന്നു; ഒരു ഷില്ലിംഗ് പാഴായി എന്ന് വിലപിക്കുന്നു; എഴുത്തുകാരന്റെ പേര് ഇതുവരെ കേട്ടിട്ടില്ലെന്നും ഇനി കേൾക്കാൻ താൽപര്യമില്ലെന്നും പറയുന്നു. നെഞ്ചിടറിച്ച ഈ സംഭവം ഏതാനും വർഷങ്ങൾക്ക് ശേഷം 'A Conversation With A Reader' എന്ന കുറിപ്പിലൂടെ ബെലോക് വായനക്കാരിലെത്തിച്ചു. പിന്നീടൊരിക്കലും യാത്രാമധ്യേ തന്റെ ഒരു വായനക്കാരനെയും കണ്ടിരുന്നില്ലത്രെ ബെലോക്; കണ്ടിരുന്നെങ്കിൽ തന്നെ വായനാനുഭവം ചോദിച്ചറിയുമായിരുന്നില്ലെന്നും ബെലോക് എഴുതുകയുണ്ടായി. 
മലയാളക്കരയിലെ ഒരു കലാകാരനിലും ഇരുൾ പടർത്തിയ അനുഭവം വന്നുചേർന്നത്  യാത്രാമധ്യേയാണ്. വി.ടി. മുരളി തന്റെ അനുഭവം 'തുറന്നുവെച്ച സംഗീത ജാലകങ്ങൾ' എന്ന പുസ്തകത്തിൽ കുറിച്ചിട്ടിട്ടുണ്ട്. 


'കോഴിക്കോട് വിമാനത്താവളത്തിൽ എല്ലാ പരിശോധനയും കഴിഞ്ഞ് വിമാനത്തിൽ കയറാനുള്ള വിളിയും കാത്തിരിക്കുകയാണ് ഞാൻ. എന്റെ തൊട്ടടുത്തിരിക്കുന്ന ആളെ വെറുതെ പരിചയപ്പെട്ടു. മുംബൈയിൽ ബിസിനസ്സുകാരനാണെന്നും  അലിയെന്നാണ് പേരെന്നും  അയാൾ വ്യക്തമാക്കി. ഞാൻ എന്തു ചെയ്യുന്നുവെന്ന് അയാൾ തിരിച്ചും ചോദിച്ചു. ഗൾഫുകാർ എന്നെക്കുറിച്ച് എന്ത് ചോദിച്ചാലും ഞാൻ ആദ്യം 'ഓത്തുപള്ളി' എന്ന പാട്ടിന്റെ കാര്യം പറയും. അതുപാടിയ മുരളിയാണെന്നു പറഞ്ഞാൽ ക്ലീൻ! ആ പാട്ടിന് അത്രയ്ക്ക് പ്രശസ്തി ഗൾഫുനാടുകളിൽ ഉണ്ട്. ആ പാട്ട് കേട്ടിട്ടില്ലെന്നാരും ഇതേവരെ പറഞ്ഞിട്ടില്ല. അങ്ങനെ പറയില്ലെന്ന ധാരണയിൽ ഞാൻ അലിയോടും എന്റെ ഈ മേൽവിലാസം വെളിപ്പെടുത്തി. 
അയാൾ പറഞ്ഞു: 'സോറി, ഞാൻ പാട്ടുകേൾക്കാറില്ല. നിങ്ങൾക്കൊന്നും തോന്നരുത്!'
ഞാൻ ആകെ ക്ഷീണിച്ചുപോയി. അയാളിൽ നിന്നും വലിയ സ്വീകരണം കിട്ടുമെന്നായിരുന്നു എന്റെ പ്രതീക്ഷ. സത്യത്തിൽ ആദ്യമെനിക്ക് ചെറിയൊരു ജാള്യത തോന്നിയെങ്കിലും പിന്നീടാലോചിച്ചപ്പോൾ വലിയ രസം തോന്നി. 
'എനിക്ക് സംഗീതം ഇഷ്ടമല്ല. അതുതന്നെ.  അലി തുറന്നടിച്ചു' (പേജ് 40) 
സഹയാത്രികൻ ബെലോകിന്റെ സൃഷ്ടിയെ നേരിട്ടാണ് ആക്രമിച്ചത്, എന്നാൽ മുരളിയുടെ വിഹാരലോകത്തോട് മൊത്തത്തിൽ വിമുഖത പറഞ്ഞറിയിക്കുകയായിരുന്നു അലി. ബെലോകിന്റെതിൽ നിന്നും വിഭിന്നമായിരുന്നു മുരളിയുടെ സമീപനം. സംഗീതത്തെ സ്‌നേഹിക്കാത്ത മനസ്സ് തുറന്നു കാണിച്ച അലിയുടെ ആർജവത്തെ വില മതിക്കുന്നുണ്ട് മുരളി; അലിയുമായി സൗഹൃദം വളർത്താനും ഒരു വേള കൊതിച്ചുപോയത്രെ മുരളി. 


'ഓത്തുപള്ളി'യുടെ ഗൃഹാതുരത തുളുമ്പുന്ന ആലാപനമാണ് വി.ടി. മുരളിയെ പിന്നണിഗാനരംഗത്ത് ശ്രദ്ധേയനാക്കിയത്. പാട്ടിന്റെ വഴികളെക്കുറിച്ച് മൗലികമായും സർഗാത്മകമായും ചിന്തിച്ച, പാട്ടിന്റെ വരിയും വാക്കും വക്കും കോണും സൂക്ഷ്മമായി അപഗ്രഥിച്ച എഴുത്തുകാരനുമാണ് മുരളി. 
സംഗീതമനസ്സുകൾ ആഴങ്ങളിലറിഞ്ഞ പാരസ്പര്യമാണ് കെ.രാഘവനും മുരളിയും തമ്മിൽ. കെ. രാഘവന്റെ സംഗീതത്തിൽ തുഴയുടെ താളവും കടലിന്റെ ഇരമ്പവും ആഹ്ലാദത്തോടെ കണ്ടെത്തിയ ശിഷ്യനാണ് മുരളി. സംഗീത ചിന്തകൾക്ക് ആധാരശ്രുതിയായി അനുഭവങ്ങൾ പങ്കുവെക്കുന്നത് മുരളിക്ക് പഥ്യമായ ശീലമാണ്. സാഫല്യത്തിന് വേണ്ടിയാണ് മനുഷ്യൻ യാത്രചെയ്യുന്നത് എന്നെഴുതിയ ഹിലേറി ബെലോകിന്റെയും വി.ടി. മുരളിയുടെയും യാത്രാസ്മൃതിരേഖകളിലെ സമാന്തരം ഇവിടെ കുറിച്ചിരിക്കുന്നു - മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത പഠിതാവിന്റെ പാട്ടുയാത്ര അമ്പതാമാണ്ട് താണ്ടുന്ന വേളയിൽ അദ്ദേഹത്തിന് അഭിവാദ്യമായി. 
(വി.ടി. മുരളിയുടെ പാട്ടുജീവിതത്തിന്റെ അമ്പതാം വാർഷികം 'നീ പാടും പൂമരം' എന്ന പേരിൽ വടകരയിൽ ഈ മാസം 19, 20 തിയ്യതികളിൽ എഫാസ് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നു.) 


 

Latest News