Wednesday , April   24, 2019
Wednesday , April   24, 2019

ആചാരം, ആചാര ലംഘനം.. പിന്നെ നവോത്ഥാനം 

പണ്ട് മാമുക്കോയ ബേപ്പൂർ കടപ്പുറത്ത് നിന്ന് ശ്രീനിവാസനേയും ലാലേട്ടനേയും ദുബായി കടപ്പുറത്തേക്ക് ഒരു ഉരുവിൽ കയറ്റി വിട്ടിരുന്നു. യഥാർഥത്തിൽ കാലിഫോർണിയയിലേക്ക് ചരക്കുമായി പോകുന്ന ജലവാഹനമായിരുന്നു അത്. മലയാളി യുവാക്കൾക്ക് വേണ്ടി ദുഫായിൽ ഒരു സ്റ്റോപ്പ് ഓവർ മൂപ്പർ അറേഞ്ച് ചെയ്തതാണ്. ഇത് നാടോടിക്കാറ്റിലെ രംഗമായി മലയാളികളുടെ മനസ്സിലുണ്ട്. ചെന്നൈ ആയി മാറിയ മദിരാശിയിലെത്തിയ ലാലേട്ടൻ പാരീസിലേക്ക് പോകുന്ന ചേരൻ ബസ് നോക്കി അന്തം വിട്ട് നിൽക്കുന്ന രംഗമൊക്കെ മറക്കുന്നതെങ്ങിനെ? മലയാളികളുടെ ഗൾഫ് പ്രവാസത്തിന് അര നൂറ്റാണ്ടിലേറെ പ്രായമായി. ആഴ്ചകളോളം പട്ടിണി കിടന്ന് ഉരുവിൽ സാഹസികമായി ഇക്കര എത്തിയവരിൽ അപൂർവം ചിലർ വിദ്യാഭ്യാസമില്ലെങ്കിലും അതിസമ്പന്നരായി മാറിയെന്ന് കേട്ടിട്ടുണ്ട്. എവിടെയും അങ്ങിനെയാണല്ലോ. ആദ്യം എത്തുന്ന ഭാഗ്യവാന്മാർക്കാണല്ലോ സ്‌കോപ്പ് കൂടുതൽ. കൊച്ചി മുനമ്പത്ത് നിന്ന് 16,000 ലിറ്റർ ഇന്ധന ശേഖരവുമായി പുറപ്പെട്ട ബോട്ടിനെ കുറിച്ചുള്ള വാർത്തകളാണ് മലയാള ദൃശ്യ മാധ്യമങ്ങളിൽ നിറഞ്ഞത്. 43 അംഗ സംഘം ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോർട്ടുകളിലും ഹോട്ടലുകളിലുമായിരുന്നു വാസം.  ഭീകര സംഘങ്ങളാണോ, രാജ്യദ്രോഹമാണോ ഇവരുടെ അജണ്ട എന്നിത്യാദി പതിവ് അന്വേഷണങ്ങളിൽ തുടങ്ങി സംഘത്തിലെ പൂജ എന്ന യുവതി പ്രസവിച്ചത് ആഘോഷിച്ചുവെന്ന് വരെ പരമാർശമുണ്ടായി. ഏഷ്യാനെറ്റായിരുന്നു ഒരു പടി മുന്നിൽ. ഈ സംഘം യാത്ര തിരിച്ചത് ഓസ്‌ട്രേലിയയിലോ ന്യൂസിലാന്റിലോ പൗരത്വം ലഭിക്കാൻ സാധ്യതയുണ്ടെന്ന പ്രലോഭനത്തിൽ കുടുങ്ങിയാണെന്ന നിഗമനവുമുണ്ട്. ആദ്യം സമീപത്തെ ഏതെങ്കിലും ദ്വീപിൽ കയറിക്കൂടുക. വൈകാതെ മുതലാളിത്ത രാജ്യത്തിന്റെ അലിവ് ഉപയോഗപ്പെടുത്തി കയറിക്കൂടുക. കുറച്ചു കാലം നല്ല കുട്ടികളായി ജീവിച്ചാൽ അവർ പൗരത്വം തരും. അതിന് മുമ്പ് ജീവിക്കാൻ പോക്കറ്റ് മണിയും തരും. ശ്രീലങ്കയിൽ നിന്നുള്ളവരാവാൻ സാധ്യതയുണ്ടെന്ന് വന്നതോടെ വാർത്തയുടെ മൂല്യം ചോരുകയും ചെയ്തു. ഈ ഭീകരന്മാർ കൊച്ചിയിൽ തമ്പടിക്കുമ്പോഴും ബോട്ടിൽ പുറപ്പെടുമ്പോഴും സമുദ്രാതിർത്തി കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടവർ എന്ത് ചെയ്യുകയായിരുന്നു ആവോ? 

***    ***    ***

പ്രിയാ വാര്യർ ഇപ്പോൾ എന്തെടുക്കുകയാവും? ഇതേ കുറിച്ച് ആലോചിക്കാൻ ശരാശരി മലയാളിക്ക് നേരമില്ല. ഇന്ത്യയിലെ ദേശീയ ചാനലുകളിൽ പലതും പ്രിയാ വാരിയരുടെ ബോളിവുഡ് എൻട്രി ആഘോഷിക്കുകയാണ്. ടൈംസ് നൗ കാണുമ്പോഴാണ് ഒരു സമാധാനം. എല്ലാ അപ്‌ഡേറ്റും മിസ് ചെയ്യാതെ കൊടുക്കുന്നുണ്ട്. കാണികളുടെ പ്രതികരണമാണ് അതിലും രസകരം. കരീന കപൂറിന്റെ മകൻ തിമൂറിന്റെ വിശേഷങ്ങളും  വേഗം അറിയിക്കൂ എന്ന ആവശ്യവും കൂട്ടത്തിൽ കണ്ടു. മലയാളികൾ അധികം ഇടപെടാത്ത മേഖലയായതിനാലാവും കമന്റുകളിൽ പ്രിയയെ തെറി വിളിക്കുന്നത് കണ്ടില്ല. അത്രയ്ക്ക് ആശ്വാസം. ഇതേ ചാനലിൽ കണ്ട നല്ലൊരു വാർത്ത അമേരിക്കയിൽ ഒരു സ്ത്രീ ആലിംഗനത്തിലൂടെ വൻ തുക സമ്പാദിക്കുന്നതിനെ കുറിച്ചാണ്. റോബിൻ സ്റ്റീൻ മാരി എന്ന വനിതയാണ് പ്രതിവർഷം ആലിംഗനത്തിലൂടെ 40,000 ഡോളർ സമ്പാദിക്കുന്നത്. ഉപഭോക്താക്കളായി സ്ത്രീകളും പുരുഷന്മാരുമുണ്ട്. ആളുകൾ പരസ്പരം കെട്ടിപ്പിടിക്കുമ്പോൾ അവരുടെ ശരീരം ഓക്‌സിറ്റോസിൻ എന്ന ഹോർമോൺ ഉത്പാദിപ്പിക്കുമെന്നും ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിന് സഹായകമാണെന്നും യുവതി പറഞ്ഞു. ഇത് മനസ്സിലാക്കിയാണ് ആവശ്യക്കാർക്ക് ആലിംഗനം വാഗ്ദാനം ചെയ്തു തുടങ്ങിയത്. പരസ്പരം കണ്ടുമുട്ടുമ്പോൾ ആലിംഗനം ചെയ്യുന്ന സമൂഹം ഇതെല്ലാം എപ്പോഴേ തിരിച്ചറിഞ്ഞു? 

***    ***    ***

പത്രങ്ങളുടെ മാസ്റ്റ്‌ഹെഡും ടെലിവിഷൻ ചാനലുകളുടെ ലോഗോയും ദുരുപയോഗം ചെയ്യുന്നത് സർവ സാധാരണമായിരിക്കുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇത് കൂടുതലായും നടക്കുന്നത്. ലോകത്തെ ഞെട്ടിക്കാൻ പോന്ന വാർത്തയുമായാണ് കഴിഞ്ഞ ദിവസം വാഷിംഗ്ടൺ പോസ്റ്റ് പലരും ഷെയർ ചെയ്തത്.  അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഡൊണാൾഡ് ട്രംപ് ഒഴിഞ്ഞു എന്ന തലക്കെട്ട് അമേരിക്കൻ ജനതയെ ശരിക്കും ഞെട്ടിച്ചു. വാർത്ത പുറത്തു വിട്ടതാകട്ടെ അമേരിക്കൻ പത്രങ്ങളിലെ പ്രമുഖൻ വാഷിംഗ്ടൺ പോസ്റ്റും. തലക്കെട്ട് കണ്ട് പലരും കണ്ണുമിഴിച്ചു. ചിലർ സന്തോഷിച്ചു. ആ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു.  
യഥാർത്ഥ വാഷിംഗ്ടൺ പോസ്റ്റിന്റെ ലേ ഔട്ടിലും  വലിപ്പത്തിലും ബ്രോഡ് ഷീറ്റ് മാതൃകയിൽ, ഒറിജിനലെന്ന് തോന്നിക്കുന്ന ടൈറ്റിലിൽ വാർത്ത പുറത്തുവിട്ടത് അമേരിക്കൻ പത്രഭീമന്റെ ഡ്യൂപ്പായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിൽ ഇരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തിൽ വാർത്ത അമേരിക്കൻ ജനതയെ അമ്പരപ്പിക്കാൻ പോന്നതായിരുന്നു എങ്കിലും പത്രത്തിന്റെ തീയതി കണ്ടതോടെയാണ് എല്ലാവർക്കും വ്യാജനാണെന്ന് മനസ്സിലായത്. പത്രത്തിന്റെ തീയതി 2019 മെയ് 1 എന്നായിരുന്നു എഴുതിയിരുന്നത്. ആദ്യ പേജിൽ ലീഡ് സ്‌റ്റോറി ആയിട്ടാണ് ട്രംപിന്റെ വൈറ്റ്ഹൗസ് പടിയിറക്കം സംബന്ധിച്ച് ഭാവനയിൽ രൂപപ്പെടുത്തിയ വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിനൊപ്പം പത്രത്തിന്റെ ഉൾപേജുകളിൽ പൊതുവായ ചില രാഷ്ട്രീയ വാർത്തകളും ഉണ്ടായിരുന്നു. വാഷിംഗ്ടൺ പോസ്റ്റ് വെബ്‌സൈറ്റിന്റെ മാതൃകയിൽ നിർമിച്ച സൈറ്റിൽ ഈ പത്രത്തിന്റെ പിഡിഎഫ് രൂപത്തിലുള്ള മുഴുവൻ രൂപവും ലഭ്യമാക്കിയിരുന്നു. അമേരിക്കക്കാരിൽ ഒരു നല്ല വിഭാഗം കൊതിക്കുന്ന ഈ വ്യാജ വാർത്തയ്ക്കും പത്രത്തിന് പിന്നിൽ തങ്ങളാണെന്ന് വെളിപ്പെടുത്തി 'യെസ് മെൻ' എന്ന സംഘടന രംഗത്തെത്തിയിരുന്നു.  ട്രംപ് ഭരണകൂടത്തോടുള്ള അതൃപ്തിയാണ് ഇതിന് കാരണമെന്ന് സംഘടനയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ട്രംപ് ഭരണത്തിൽ നിരാശയനുഭവിക്കുന്നവർക്ക് ഇത്തിരി നേരമെങ്കിലും സന്തോഷവും പ്രതീക്ഷയും നൽകാനാണ് ഈ പത്രം ഇറക്കിയതെന്നാണ് സംഘത്തിന്റെ വാദം. 

***    ***    ***

കാമുകി വിട്ടു പോയാൽ കടാപ്പുറത്ത് പരീക്കുട്ടിയെ പോലെ ഏകാന്ത പഥികൻ.. പാടി നടക്കലൊക്കെ പണ്ട്. കാലം മാറിയപ്പോൾ ന്യൂജെൻ കാമിനിമാരുടെയും മട്ട് മാറി. നീണ്ടകാലം പ്രണയിച്ച ശേഷം വിവാഹം കഴിഞ്ഞ കാമുകി ഭർത്താവ് ദുബായിലേക്ക് പറന്ന തക്കം നോക്കി മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞ പ്രവാസി ഭർത്താവ് കേക്ക് മുറിച്ച് ഭാര്യയുടെ ഒളിച്ചോട്ടം ആഘോഷിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ദുബായിൽ ജോലിചെയ്യുന്ന വിജേഷാണ് ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കൂട്ടുകാരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. 
ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ജനുവരി ഒന്നിന് വിജേഷ് ദുബായിലേക്ക് തിരിച്ചെത്തിയതോടെ ഭാര്യ മറ്റൊരു കാമുകനോടൊപ്പം കടന്നുകളയുകയായിരുന്നു. 
ജനുവരി 13ന് വീട്ടിൽനിന്ന് ഒളിച്ചോടിയ ഭാര്യ കാമുകനെ വിവാഹം കഴിച്ചതായി വിജേഷിന്റെ സഹോദരിയെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുവതിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നെന്ന് യുവാവും വീട്ടുകാരും തിരിച്ചറിഞ്ഞത്. കാമുകനുമായുള്ള വിവാഹത്തിന്റെ ചിത്രങ്ങളും യുവതി വിജേഷിന്റെ സഹോദരിക്ക് അയച്ചുകൊടുത്തിരുന്നു. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ വിജേഷിന്റെ സുഹൃത്താണ് ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിരിക്കുന്നത്.

***    ***    ***

2017ലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ഗുജറാത്തിനെ ആക്രമിച്ച് കീഴടക്കി കേരളം സെമി ഫെനലിൽ പ്രവേശിച്ചു. കൈരളി പീപ്പിളിൽ രാവിലെ ഇതു സംബന്ധിച്ച ചർച്ചയുമായാണ് തുടക്കം. പ്രമുഖ സ്‌പോർട്‌സ് ലേഖകനും കേരള പത്രപ്രവർത്തക യൂനിയൻ സാരഥിയുമായ കമാൽ വരദൂരും അതിഥികളിലുണ്ട്. കമാലിനോട് അവതാരകന്റെ ചോദ്യമിങ്ങനെ. ഗുജറാത്തിനെ കേരളം തോൽപിക്കുകയാണെങ്കിൽ അതിലൊരു രാഷ്ട്രീയമില്ലേ, ഇറാൻ അമേരിക്കയെ മുട്ടു കുത്തിക്കുന്നതിന് തുല്യമല്ലേ അത്. ഹൗ ഭയങ്കര ഉപമ. ലീഗ് നേതാവ് സാദിഖ് അലി തങ്ങൾ പ്രസംഗത്തിന്റെ ഒഴുക്കിൽ സംഗീതജ്ഞൻ എ.ആർ റഹ്മാന് നൊബേൽ കൊടുത്തത് മീഡിയ വൺ പൊളിട്രിക്‌സ് കളിയാക്കി ആഘോഷിച്ചു. അതേ ചാനലിൽ അമേരിക്കയിലെ ഒരു അന്താരാഷ്ട്ര വിമാനത്താവളം ബോക്‌സർ മുഹമ്മദലിയുടെ പേരിലാണ് അറിയപ്പെടുക എന്ന റിപ്പോർട്ടിൽ ലൂയിസ് വില്ല എയർപോർട്ടെന്നാണ് പറയുന്നത്. ഈ സ്ഥലത്തെ സായിപ്പന്മാർ ലൂവിൽ എന്നും അവിടെ താമസക്കാരായ മലയാളികൾ ലൂയിവില്ല എന്നുമാണ് പറയാറുള്ളത്. ഇംഗഌഷിൽ ചില വാക്കുകൾ ഉച്ചരിക്കുമ്പോൾ എസ് സൈലന്റാവാറുണ്ട്. ശബരിമലയിൽ മകര വിളക്ക് കാലം കഴിഞ്ഞു. ശനിയാഴ്ച ഏഷ്യാനെറ്റ് ന്യൂസിൽ സുപ്രീം കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യത്തെ കുറിച്ച് സന്നിധാനത്ത് നിന്ന് വിശദമായ റിപ്പോർട്ട്. ഇത്തവണ ആകെ എത്തിയത് ഒന്നര കോടി പേരാണ്. കഴിഞ്ഞ വർഷം ഇതേ സീസണിൽ നാല് ലക്ഷം പേരെത്തിയിരുന്നു. യഥാർഥത്തിൽ ഇതിൽ ആഹ്ലാദിക്കുകയല്ലേ വേണ്ടത്. കേരളത്തിലെ വിവാഹ വേദികളിലെ അതിര് കടക്കുന്ന റാഗിംഗിനെ പറ്റി കേരള പോലീസിന്റെ ഫേസ് ബുക്ക് പേജിലെ നിരീക്ഷണമിങ്ങനെ. ഇതൊരു ആചാരമായി മാറും. പിന്നീട് തടയാൻ പുറപ്പെട്ടാൽ ആചാര ലംഘനമാവും. അത് കഴിഞ്ഞ് നവോഥാനവും വരും. വെറുതെയല്ല യു.എസിലെ മൈക്രോ സോഫ്റ്റുകാരൻ കേരള പോലീസിന്റെ ട്രോൾ പഠിക്കാൻ പറന്നെത്തിയത്.