Wednesday , April   24, 2019
Wednesday , April   24, 2019

വേരുകളിൽ വിരിയുന്ന വിസ്മയങ്ങൾ

രാധാകൃഷ്ണൻ

മരത്തിന്റെ വേരുകൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളിൽ നിന്നും മനോഹരമായ ശിൽപങ്ങൾ തീർക്കുക വഴി വലിയൊരു സത്യവും സാധ്യതയുമാണ് രാധാകൃഷ്ണൻ മുന്നോട്ട് വെക്കുന്നത്. മരം ഒരു വരം എന്ന ആപ്തവാക്യത്തെ അക്ഷരാർഥത്തിൽ അനുഗ്രഹമായി കരുതുന്ന അദ്ദേഹം, അത് സമൂഹത്തിന് മുഴുവൻ വരമായിത്തീരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.  

ആർക്കും ആവശ്യമില്ലാതെ പാഴ്‌വസ്തുവായി കരുതി പതിവായി വലിച്ചെറിയുന്ന മരത്തടികളുടെ വേരുകളിൽ തന്റെ കരവിരുതിന്റെ അസാമാന്യ വൈഭവം കലർത്തുക വഴി വിസ്മയങ്ങൾ തീർക്കുന്ന കലാകാരനാണ് കണ്ണൂർ, അഴിക്കോട്, പൂതപ്പാറയിലെ രാധാകൃഷ്ണൻ പുതിയ പുരയിൽ. കഴിഞ്ഞ 20 വർഷങ്ങളായി മരത്തിന്റെ വേരുകൾ കൊണ്ട് അദ്ദേഹം വൈവിധ്യമാർന്നതും അതേസമയം അമൂല്യവുമായ ഒട്ടനവധി ശിൽപരൂപങ്ങളാണ് കൊത്തിയുണ്ടാക്കിയത്. വേരുകളിൽ രൂപം കൊണ്ട അവയിലൂടെ കണ്ണോടിക്കുമ്പോ ൾ ഒരു മനുഷ്യന്റെ വിരലുകൾക്ക് ഇതൊക്കെ സാധ്യമാകുമോ എന്ന അവിശ്വസനീയത നമ്മേ വന്നു പൊതിയും. പക്ഷേ, അദ്ദേഹത്തിന്റെ പണിശാലയിൽ ചെന്നിരുന്നാൽ മാനും മുയലും മുതലയും നരിയും സിംഹവും ആനയും കുരങ്ങനും ഡിനോസറും ചെമ്മീനും വ്യാളിയും വാഴക്കുലയും നൃത്തം ചെയ്യുന്ന സുന്ദരിയും അക്വേറിയവുമായി വേരുകളിൽ വിസ്മയങ്ങൾ വിരിയുന്നത് നമുക്കു നേരിൽ കാണാം. അപ്പോൾ നമുടെ സംശയങ്ങൾ മാറിക്കിട്ടും എന്നു മാത്രമല്ല ദൈവത്തിന്റെ അതിരു കവിഞ്ഞ അനുഗ്രഹമത്രയും ആ കൈവിരലുകളിൽ കനിഞ്ഞ് കിട്ടിയിട്ടുണ്ട് എന്നു തോന്നുകയും ചെയ്യും.


ആഴ്ചകളും മാസങ്ങളുമെടുത്താണ് അദ്ദേഹം തന്റെ ഓരോ ശിൽപ വും സൃഷ്ടിക്കുന്നത്. അസാധാരണമായ ക്ഷമയും സൂക്ഷ്മതയും ശ്രദ്ധയും ആവശ്യമായ ഒരു തൊഴിലാണ് തന്റേത് എന്ന് രാധാകൃഷ്ണൻ പറയുന്നു. മനസ്സൊന്നു പാളിയാൽ, കണ്ണൊന്നു തെറ്റിയാൽ, ഉളിയുടെ ഉന്നം അണുവിട പിഴച്ചാൽ തീർന്നു എല്ലാം. പണിയുന്ന ശിൽപം അലങ്കോലപ്പെടും. അത്രയും നാളത്തെ അധ്വാനവും സമയവും പണവും എല്ലാം വൃഥാവിലാകുകയും ചെയ്യും. എന്നിട്ടും ഈ തൊഴിൽ തന്റെ പാഷനും പ്രൊഫഷനുമാണ് എന്ന് അഭിമാനത്തോടെ പറയാനാണ് അദ്ദേഹത്തിനിഷ്ടം. ശിൽപങ്ങളോരോന്നും ചെയ്തു പൂർത്തിയാക്കുമ്പോൾ കിട്ടുന്ന സംതൃപ്തിയും ആഹ്ലാദവും തനിക്ക് ജീവിതത്തിൽ മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ല എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 

രാധാകൃഷ്ണൻ നിർമിക്കുന്ന മനംമയക്കുന്ന വേരുശിൽപങ്ങൾക്ക് ആവശ്യക്കാർ അനവധിയാണ്. അവരിൽ വിദേശികളും സ്വദേശികളുമുണ്ട്. തുഛവിലയ്ക്കാണ് പലരും അദ്ദേഹത്തിൽ നിന്നും അവ വാങ്ങിക്കുന്നത്. ജീവിക്കാനുള്ള ഒരു തൊഴിൽ എന്നതിലുപരി അതിനെ വമ്പിച്ച ലാഭം കൊയ്യുന്ന കച്ചവടമായി കാണാൻ അദ്ദേഹം തയാറുമല്ല. അത് താൻ ചെയ്യുന്ന തൊഴിലിനെ വഞ്ചിക്കുന്നതിന് തുല്യമാണ് എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്. രസകരമായ കാര്യം ആ വേരുശിൽപങ്ങളുടെ യഥാർഥ വിലയും മൂല്യവും അറിയുന്ന ചിലർ അദ്ദേഹത്തിന്റെ പക്കൽ നിന്നും അവ ചുളുവിലയ്ക്ക് വാങ്ങി വലിയ വിലയ്ക്ക് മറിച്ചു കൊടുക്കാനും ശ്രമിക്കുന്നുണ്ട് എന്നതാണ്. അതിലും രാധാകൃഷ്ണന് പരാതിയില്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു; അവർ അവരുടേതും എന്നാണ് അതിനുള്ള അദ്ദേഹത്തിന്റെ മറുപടി. 


തേക്കുമരത്തിന്റെ വേരുകളാണ് പ്രധാനമായും അദ്ദേഹം ശിൽപ നിർ മിതിക്ക് ഉപയോഗിക്കുന്നത്. മില്ലുകളിൽ തേക്ക് മരം സുലഭമായി കിട്ടുമെങ്കിലും അതിന്റെ വേരുകൾ കിട്ടുക വളരെയേറെ പ്രയാസകരമാണ്. കാട്ടിലും മലയിലും ശ്രമകരമായ അധ്വാനത്തോടെ അവ തേടിപ്പോകണം. മിക്കപ്പോഴും വേരുകൾ പ്രതിഫലമില്ലാതെ കിട്ടുമെങ്കിലും അത് ദൂര ഇടങ്ങളിൽ നിന്ന് വാഹനങ്ങളിലും മറ്റും കയറ്റി പണിശാലയിൽ എത്തിക്കുക എന്നത് ഏറെ ബുദ്ധിമുട്ടും പണച്ചെലവുള്ളതുമായ ഏർപ്പാടാണ്. 


അതെന്തായാലും തേക്കിന്റെ വേരുകൾ കൂടുതൽ ഈടും ഉറപ്പും തരുന്നു എന്നത് തന്നെയാണ് അവയെ ശിൽപ നിർമിതിക്ക് ആശ്രയിക്കാൻ കാരണം. അതുകൊണ്ടു തന്നെ ശിൽപങ്ങൾ വാങ്ങുന്നവർക്ക് അവ തട്ടിയാലും മുട്ടിയാലും കേടുപാടു വരുമെന്ന ഭയപ്പാടില്ലാതെ ഏത് വിദൂര ഇടങ്ങളിലേക്കും  അനായാസം കൊണ്ടുപോകാം. വർഷങ്ങളെത്ര കഴിഞ്ഞാലും അവ നിറം മങ്ങാതെയും ചുരുങ്ങിപ്പോകാതെയും അടരാതെയും നിലനിൽക്കും. വാങ്ങുന്നവർക്ക് എന്തുകൊണ്ടും അത് മുതൽക്കൂട്ടാകും. തലമുറകളോളം പലരും അത് നിധി പോലെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു. ഈയിടെ ഫിലിപ്പൈൻസിൽ നിന്നുള്ള ദമ്പതികൾ രാധാകൃഷ്ണനെ തേടിയെത്തി. അവർക്ക് വേരിൽ തീർത്ത നൃത്തം ചെയ്യുന്ന സുന്ദരിയുടെ ഒരു പ്രതിമ വേണം. 10 വർഷങ്ങൾക്ക് മുമ്പ് അവരിവിടെ വന്ന് അത്തരമൊന്ന് വാങ്ങിയിരുന്നുവത്രേ. മകൾ കല്യാണം കഴിഞ്ഞു പോയപ്പോൾ അതെടുത്തു കൊണ്ടുപോയി. ആ സ്ഥാനത്ത് വെക്കാനാണ് അവർ ആ പ്രതിമ തന്നെ തേടിയെത്തിയത്!   
കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള പല വമ്പൻ മലയാളികളുടെയും ഭവനങ്ങളിലെ സ്വീകരണ മുറികളിൽ രാധാകൃഷ്ണന്റെ കരവിരുതിൽ രൂപപ്പെട്ട പല വലിപ്പത്തിലും ആകൃതിയിലുമുള്ള വേരു ശിൽപങ്ങൾ ഇന്ന് സ്ഥാനം പിടിച്ചിട്ടുണ്ട്. അബുദാബിയിലും ദുബായിലും ഖത്തറിലുമുള്ള പല രാജകുടുംബാംഗങ്ങളുടെയും 
ബ്രൂണെ സുൽത്താന്റെ കൊട്ടാരത്തിലും ലോകത്തിലെ നിരവധി ഇന്ത്യൻ എംബസികളിലും അദ്ദേഹത്തിന്റെ പലതരം ശിൽപങ്ങൾ അലങ്കാരങ്ങളായി എത്തിയിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. പക്ഷേ അത് പലതും താനറിഞ്ഞിട്ടില്ലെന്ന് രാധാകൃഷ്ണൻ. പലരിൽ നിന്നും കേട്ടറിയുമ്പോൾ അദ്ഭുതപ്പെട്ടു പോകും. 


തേക്കിന് പുറമെ പ്ലാവിന്റെ വേരുകളും അദ്ദേഹം ശിൽപ നിർമാണത്തിനായി ഉപയോഗിച്ചു വരുന്നു. ആരെങ്കിലും പ്രത്യേകമായി ആവശ്യപ്പെട്ടാലേ പ്ലാവിന്റെ വേരു കൊണ്ടുള്ള ശിൽപങ്ങൾ ഉണ്ടാക്കാറുള്ളൂ. തേക്കിൻ വേരുകളോളം ഈടും ഉറപ്പും നൽകില്ലെങ്കിലും പ്ലാവിന്റെ വേരുകളും ശിൽപ നിർമാണത്തിന് ഉപയോഗിക്കുന്നതിൽ അപാകതയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ തനിക്കേറെ സൗകര്യവും സംതൃപ്തിയും ലഭിക്കുന്നത് തേക്കിന്റെ വേരുകളിൽ പണിയെടുക്കുമ്പോൾ മാത്രമാണ് എന്നദ്ദേഹം തുറന്നു പറയുകയും ചെയ്യുന്നു. 
വേണമെങ്കിൽ മോശമായ ഏതു മരത്തിന്റെ വേരുകളിലും ഒരു നല്ല ശിൽപിക്ക് ശിൽപങ്ങളുണ്ടാക്കാൻ സാധിക്കും. പെയിന്റോ വാർണീഷോ പൂശിയാൽ ഒറ്റനോട്ടത്തിൽ ശിൽപങ്ങൾ ഏതു മരത്തിലാണ് ഉണ്ടാക്കിയത് എന്ന് ആർക്കും പിടികിട്ടില്ല. വാങ്ങുന്നവരെ അങ്ങനെ സമർഥമായി പറ്റിക്കാം. അങ്ങനെ കബളിപ്പിക്കുന്നവർ ഈ മേഖലയിൽ ധാരാളമുണ്ട് എന്നും അദ്ദേഹത്തനറിയാം. എന്നാൽ മരപ്പണി തന്റെ കുലത്തൊഴിലാണെന്നും അതുപയോഗിച്ച് തട്ടിപ്പും വെട്ടിപ്പും നടത്താൻ താൻ ഒരുക്കമല്ലെന്നും സത്യസന്ധമായി പറഞ്ഞുകൊണ്ട് ഈ രംഗത്ത് വ്യത്യസ്തനാവുകയാണ് രാധാകൃഷ്ണൻ.
പാരമ്പര്യമായി മരപ്പണിക്കാരാണ് രാധാകൃഷ്ണന്റെ കുടുംബം. തച്ചുശാസ്ത്രത്തിൽ അഗ്രഗണ്യർ. അച്ഛനും അപ്പൂപ്പൻമാരും മരങ്ങളിൽ മായാജാലം തീർക്കുന്ന പ്രഗത്ഭരായ കൊത്തു വേലക്കാരായിരുന്നു. ആ കഴിവുകൾ അവഗണിക്കാനാവാത്ത വരം പോലെ തനിക്കും പകർന്നു കിട്ടിയതാണ് എന്ന് രാധാകൃഷ്ണൻ വിശ്വസിക്കുന്നു. അതിന് കാരണമുണ്ട്. 
സ്‌കൂൾ പഠനം കഴിഞ്ഞപ്പോൾ കണ്ണൂരിലെ ഗീതാഞ്ജലി ഫൈൻ ആർട്ട്‌സ് സ്‌കൂളിൽ ചിത്രകലാ പഠനത്തിനായാണ് അദ്ദേഹം ആദ്യം പോയത്. രണ്ടു വർഷം അവിടെ പഠിച്ചെങ്കിലും അതല്ല തന്റെ രംഗം എന്നദ്ദേഹം വേഗത്തിൽ തിരിച്ചറിഞ്ഞു. മരത്തിലെ കൊത്തു വേലകളിലേക്ക് അപ്പോഴേക്കും അദ്ദേഹത്തിന് കമ്പം കയറിക്കഴിഞ്ഞിരുന്നു. അത് താൻ പോലും അറിയാതെ തന്നിലേക്ക് ആഞ്ഞെത്തിയ ആസക്തിയാണ് എന്നദ്ദേഹം പറയുന്നു.


ഫൈൻ ആർട്‌സ് സ്‌കൂളിലെ പഠനം കഴിഞ്ഞിറങ്ങിയ ഉടനെ നേരെ ചെന്നത് അഴീക്കോട്ടെ പുരുഷോത്തമ്മൻ എന്ന കൊത്തുപണി വിദഗ്ധന്റെ ശിഷ്യത്വം സ്വീകരിക്കാനാണ്. തന്നിലെ കൊത്തു വേലക്കാരനെ രാകി മിനുക്കി മിടുക്കനാക്കിയത് അദ്ദേഹമാണ് എന്ന,് ഇന്നും രാധാകൃഷ്ണൻ നന്ദിയോടെ സ്മരിക്കുന്നു. ചിത്രകലാ പഠനകാലത്തെ പരിശീലനങ്ങൾ വേരുകളിൽ അപൂർവ ഡിസൈനുകൾ സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിന് നൽകി. അതുകൊണ്ടു തന്നെ രണ്ടു വർഷത്തെ ചിത്രകലാ പഠനം വെറുതെയായില്ല എന്ന് രാധാകൃഷ്ണൻ വിലയിരുത്തുകയും ചെയ്യുന്നു.
തേക്കിൻ വേരുകളിൽ തനിക്ക് ചെയ്യാൻ കഴിയാത്ത കൊത്തുവേലകളൊന്നുമില്ല എന്നാണ് രാധാകൃഷ്ണന്റെ വിശ്വാസം. അത് അഹങ്കാരമല്ല, മറിച്ച് ഇക്കാലമത്രയുമുള്ള പ്രവൃത്തി പരിചയം കൊണ്ട് നേടിയെടുത്ത ആത്മവിശ്വാസമാണ്. ആ മാന്ത്രിക വിരലുകളിൽ നിന്നും പുറത്തുവരുന്ന ശിൽപങ്ങൾക്ക് വല്ലാത്ത ഭംഗിയും യാഥാർഥ്യവുമായി അസാധാരണമായ രൂപ സാദൃശ്യവുമുണ്ട് എന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. മോഹവില കൊടുത്ത് ആരും അവ അറിയാതെ വാങ്ങിപ്പോകും. പക്ഷേ കലയെ കച്ചവടമാക്കി മാറ്റാൻ രാധാകൃഷ്ണന് ഒട്ടും താൽപര്യമില്ല. 


കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലായി നിരവധി സ്ഥലങ്ങളിൽ അദ്ദേഹം തന്റെ ശിൽപങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. പ്രദർശനങ്ങൾ അനേകം പേരെ ആകർഷിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം കൊൽക്കത്തയിൽ അദ്ദേഹം ഒരാഴ്ചത്തെ ശിൽപ പ്രദർശനവും വിൽപനയും സംഘടിപ്പിച്ചിരുന്നു. 60 ശിൽപങ്ങളുണ്ടായിരുന്ന പ്രദർശനത്തിൽ 4 ദിവസങ്ങൾ കൊണ്ട് മിക്കതും വിറ്റു പോയി എന്ന അത്ഭുതവും സംഭവിച്ചു. ഈ വർഷം ബംഗളൂരുവിലും ചെന്നൈയിലുമായി രണ്ട് പ്രദർശനങ്ങൾ നടത്താനുള്ള തയാറെടുപ്പുകളിലാണ് അദ്ദേഹമിപ്പോൾ. ഒപ്പം തന്നെ ദുബായിലും ബഹ്‌റൈിനിലും സിങ്കപ്പൂരിലും കൂടി പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ അവിടങ്ങളിലെ ചില സംഘടനകൾ മുന്നോട്ടു വന്നിട്ടുണ്ട്. അതിനൊക്കെയായി കൂടുതൽ ശിൽപങ്ങൾ തയാറാക്കുന്ന തിരക്കിലാണദ്ദേഹം. അപ്പോഴും ഒരു സഹായിയെ വെക്കാതെ എല്ലാം ഒറ്റയ്ക്കു ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം. ചെയ്യുന്ന ഓരോ കൊത്തുവേലയിലും തന്റേതു മാത്രമായ ഒരു കൈമുദ്രയും പൂർണതയും പതിയണമെന്ന നിഷ്‌കർഷ അദ്ദേഹത്തിനുണ്ട് എന്നതു തന്നെ കാരണം. എല്ലാറ്റിനും മാനസിക പിന്തുണ നൽകിക്കൊണ്ട് ഭാര്യ പ്രതിഭയും മക്കൾ ഗൗരീകൃഷ്ണയും വാണീകൃഷ്ണയും ഒപ്പമുണ്ട്.