Tuesday , April   23, 2019
Tuesday , April   23, 2019

ഹമീദ് മധ്യനിരയിലെ മഹാരഥൻ

ഇന്ത്യൻ ടീമെന്നു വിളിക്കാവുന്ന ബംഗാൾ നിരയെ തോൽപിച്ച് കേരളത്തിന് ബി.സി. റോയി ട്രോഫി നേടിത്തന്ന നായകനായിരുന്നു പനക്കാട്ട് അബ്ദുൽഹമീദ്. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടി.എ ജാഫറിനൊപ്പം മധ്യനിര ഭരിച്ചു. 1977 ൽ കേരളം ആദ്യമായി സംസ്ഥാനത്തിന് പുറത്ത് സന്തോഷ് ട്രോഫി സെമി ഫൈനലിലെത്തിയപ്പോൾ ക്യാപ്റ്റനായിരുന്നു. അബ്ദുൽഹമീദ് ഉൾപ്പെടെ അഞ്ചു പേരായിരുന്നു ടൈറ്റാനിയം ടീം രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്നത്. ടീം ഏറ്റവുമധികം ട്രോഫികൾ നേടിയ 1977 ൽ ക്യാപ്റ്റനായിരുന്നു. കേരളാ ഫുട്‌ബോൾ മറക്കാൻ പാടില്ലാത്ത പേരാണ് ഈ കണ്ണൂർക്കാരന്റേത്....

കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയത് 1973 ലാണ്. എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ കണ്ണൂർക്കാരനായ ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിൽ റെയിൽവേസിനെ ഫൈനലിൽ തോൽപിച്ചത് കേരളാ ഫുട്‌ബോളിലെ വഴിത്തിരിവായിരുന്നു. അന്ന് ടി.എ ജാഫറിനൊപ്പം ടീമിന്റെ മധ്യനിര ഭരിച്ചത് പനക്കാട്ട് അബ്ദുൽഹമീദായിരുന്നു. മണിയും ജാഫറും എന്നു പറഞ്ഞാൽ കേരളാ ഫുട്‌ബോൾ ഇന്നും രോമാഞ്ചമണിയും. അബ്ദുൽഹമീദ് 1977 ൽ കൊൽക്കത്തയിൽ കേരളത്തെ നയിച്ചു. ടൈറ്റാനിയത്തിന്റെ സുവർണകാലഘട്ടത്തിൽ ക്യാപ്റ്റനും മാനേജറുമായി. എന്നിട്ടും ഈ കണ്ണൂർ സ്വദേശി വിസ്മരിക്കപ്പെട്ടു. അർഹിച്ച വിടവാങ്ങൽ പോലും നൽകാതെ സർക്കാർ ഈ കളിക്കാരനെ അവഗണിച്ചു. അബ്ദുൽഹമീദുമായി ഒരു കൂടിക്കാഴ്ച...

-ഇന്ത്യയിലെ മികച്ച ഹാഫ്ബാക്കുമാരിലൊരാളായിരുന്നു. എന്നിട്ടും എന്തുകൊണ്ട് ഇന്ത്യൻ കുപ്പായമിട്ടില്ല?
പല തവണ ഇന്ത്യൻ ടീമിലെ സ്ഥാനം വഴുതിപ്പോവുകയായിരുന്നു. കൊല്ലത്ത് നടന്ന ബി.സി റോയ് ട്രോഫിയിൽ അതിശക്തരായ ബംഗാൾ ടീമിനെ തോൽപിച്ച് ചാമ്പ്യന്മാരായ കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഞാൻ. ആ ടീമിലെ നിരവധി പേർ ഇന്ത്യൻ ടീമിലെത്തേണ്ടതായിരുന്നു. എന്നാൽ സെലക്ടറായിരുന്ന ബാലകൃഷ്ണൻ സാർ സെലക്ഷൻ മീറ്റിംഗിന് പോയില്ല. അന്നത്തെ പട്യാല ക്യാമ്പിൽ സെലക്ടർമാർക്ക് ചായ ഉണ്ടാക്കിക്കൊടുത്തവരും നാഷനൽസിൽ കളിക്കാത്തവരും വരെ ഇന്ത്യൻ ടീമിലെത്തി. അന്ന് കേരളത്തോട് ഫൈനലിൽ തോറ്റ ബംഗാൾ ടീമിലെ പലരും പിന്നീട് ഇന്ത്യൻ ടീമിന്റെ നെടുന്തൂണുകളായി. രണ്ടാമത്തേത് 1977 ലായിരുന്നു. പല കോച്ചുമാരും അന്ന് ഞാൻ ഇന്ത്യൻ ടീമിലെത്തുമെന്ന് പറഞ്ഞിരുന്നു. ജർമനിയിൽ നിന്ന് ഒരു ടീം ഇന്ത്യ സന്ദർശിക്കാനെത്തിയപ്പോൾ ദേശീയ കോച്ച് ജി.എം.എച്ച് ബാഷ നേരിട്ട് വിളിച്ച് കളിപ്പിച്ചു. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ആവശ്യപ്പെട്ടു. ആ നിർദേശം ഗൗരവത്തിലെടുത്തില്ലെന്നത് കരിയറിൽ ഞാൻ കാണിച്ച ഏറ്റവും വലിയ അബദ്ധമായിരുന്നു. ടീമിൽ സ്ഥാനം ഉറപ്പായിട്ടും ഇന്ത്യൻ യൂനിവേഴ്‌സിറ്റീസ് ക്യാമ്പിന് പോകാതിരുന്നതും വലിയ നഷ്ടമായി തോന്നുന്നു. ടൈറ്റാനിയം നിരവധി ട്രോഫികൾ നേടിയ കാലത്ത് ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യൻ ടീമിൽ എനിക്ക് സ്ഥാനം കിട്ടേണ്ടതായിരുന്നു.

-നിരവധി വർഷങ്ങൾ സന്തോഷ് ട്രോഫി കളിച്ചു, കൊൽക്കത്തയിൽ സെമി ഫൈനലിലെത്തിയ കേരളത്തെ നയിച്ചു. സന്തോഷ് ട്രോഫി ഓർമകൾ?
കേരളം ആദ്യമായി നാടിനു പുറത്ത് സെമി ഫൈനലിലെത്തിയത് 1977 ലാണ്. സേവ്യർ പയസും നജീബും നജ്മുദ്ദീനുമൊക്കെയുൾപ്പെട്ട ആ ടീമിന്റെ നായകനായിരുന്നു. അന്ന് സേവ്യർ പയസ് ഉൾപ്പെടെ ഞങ്ങൾ അഞ്ചു പേരെ ഈസ്റ്റ് ബംഗാൾ ക്ഷണിച്ചു. വിഖ്യാത ഗോൾകീപ്പർ പീറ്റർ തങ്കരാജ് നേരിട്ടു വന്നാണ് വിളിച്ചത്. ഫുട്‌ബോളിൽ നിന്ന് വലിയ ജീവിതസുരക്ഷയൊന്നും ലഭിക്കാതിരുന്ന അക്കാലത്ത് ടൈറ്റാനിയത്തിലെ ജോലിക്കാണ് ഞങ്ങൾ രണ്ടു പേർ പ്രാധാന്യം കൊടുത്തത്. പിന്നീട് തിരുവനന്തപുരത്തേക്ക് അവർ പ്രതിനിധികളെ അയച്ചിട്ടും ഞാൻ ഓഫർ സ്വീകരിച്ചില്ല. അത് വലിയൊരു നഷ്ടമായിരുന്നു. 1975 ലെ കോഴിക്കോട് സന്തോഷ് ട്രോഫിയും മറക്കാനാവില്ല. അന്ന് കോച്ച് സൈമൺ സുന്ദർരാജായിരുന്നു. ആദ്യ രണ്ടു കളിയിലും ഞാൻ ഗോളടിച്ചു. അതോടെ ചവിട്ടു കൊണ്ട് അനങ്ങാൻ പറ്റാത്ത അവസ്ഥയി. പക്ഷെ കോച്ചിന് എന്നെ കൡപ്പിച്ചേ പറ്റൂ. ശരീരം മുഴുവൻ പ്ലാസ്റ്റർ ചുറ്റിയാണ് കളിക്കാനിറങ്ങിയത്. ഓടാൻ പറ്റാത്തതിനാൽ ഹോട്ടലിലെ സ്റ്റെപ്പുകൾ കയറിയിറങ്ങിയാണ് മത്സരത്തിന് വാംഅപ് ചെയ്തത്.  

-ടൈറ്റാനിയത്തിലെ ഓർമകൾ?
1977 ലാണ് ടൈറ്റാനിയം ഏറ്റവുമധികം ട്രോഫി നേടിയത്. ശ്രീലങ്കയിൽ ഉൾപ്പെടെ ടീം ചാമ്പ്യന്മാരായി. ആ കൊല്ലം നായകനായിരുന്നു ഞാൻ. പിന്നീട് കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കുന്നത് 1994 ലാണ്. അന്ന് മാനേജറുമായിരുന്നു. ടൈറ്റാനിയം ഇന്ത്യൻ ഫുട്‌ബോളിലെ ഒരു അദ്ഭുതമാണ്. ഗ്രൗണ്ടില്ലാത്ത ഒരു ടീം അര നൂറ്റാണ്ടിലേറെ നിലനിൽക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. വളരെ പ്രയാസപ്പെട്ടും ഒരുപാട് യാത്ര ചെയ്തുമൊക്കെയാണ് ടൈറ്റാനിയം കളിക്കാർ പരിശീലനം നടത്തുന്നത്. തീരദേശത്തായിരുന്നു കമ്പനി എന്നതിനാൽ കളിക്കാനും താമസസൗകര്യത്തിനുമൊക്കെ പ്രയാസമായിരുന്നു. മുൻകാലത്ത് ചുളുവിലക്ക് പല സ്ഥലങ്ങളിലും കളിക്കളങ്ങൾ കിട്ടാനുണ്ടായിരുന്നു. ടൈറ്റാനിയമാവട്ടെ കേരളത്തിൽ ഏറ്റവും ലാഭത്തിലുള്ള കമ്പനിയുമായിരുന്നു. ആരെങ്കിലും മനസ്സ് വെച്ചിരുന്നുവെങ്കിൽ ഒരു ഗ്രൗണ്ട് സ്വന്തമാക്കുക പ്രയാസമായിരുന്നില്ല. 

-അക്കാലത്ത് കേരളത്തിലെ മികച്ച കളിക്കാരനായിട്ടും എന്തുകൊണ്ടാണ് ടൈറ്റാനിയത്തിൽ തന്നെ നിന്നുപോയത്?
പഠിക്കുന്ന കാലത്ത് മഹീന്ദ്രയിൽ കളിക്കാൻ അവസരം കിട്ടിയിരുന്നു. ഇന്റർ സ്റ്റേറ്റ് ട്രാൻസ്ഫർ നേടി ബോംബെയിൽ പോവുകയും ചെയ്തു. ഒരുപാട് കണ്ണൂർക്കാർ അന്ന് മഹീന്ദ്ര ടീമിലുണ്ടായിരുന്നു. കണ്ണൂർക്കാരനായ രാഘവനായിരുന്നു കോച്ച്. ബോംബെയിലെ ടാറ്റാ ടീമിന്റെ മാനേജറും കണ്ണൂർക്കാരനായിരുന്നു, രാജൻ. മഹീന്ദ്രയിലെ കണ്ണൂർക്കാർ മുഴുവൻ ടാറ്റയിലേക്ക് പോകാൻ നിൽക്കുന്ന സമയത്താണ് ഞാൻ ബോംബെയിലെത്തുന്നത്. ഞാനും പോകുമെന്ന് കരുതിയ മഹീന്ദ്ര എനിക്ക് കരാർ തന്നില്ല.
ബാങ്ക് ടീമുകളിലൊക്കെ അക്കാലത്ത അനായാസം അവസരം കിട്ടുമായിരുന്നു. ഈ കാലത്താണ് ടൈറ്റാനിയം ടീം രൂപം കൊള്ളുന്നത്. കണ്ണൂർക്കാരായ മറ്റു കളിക്കാർക്കൊപ്പം ഞാനും ടൈറ്റാനിയത്തിലേക്ക് വന്നു. പിന്നീട് ജോലി സുരക്ഷ കരുതി കൽക്കത്ത ക്ലബ്ബുകളുടെയുൾപ്പെടെ ക്ഷണം നിരസിച്ചു. 

ടൈറ്റാനിയത്തിൽ മാനേജറെന്ന നിലയിലും വൻ വിജയമായിരുന്നു. ഇപ്പോഴും കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. എന്തുകൊണ്ട് കോച്ചിംഗിൽ മുന്നോട്ടുപോയില്ല?
സർട്ടിഫിക്കറ്റുള്ള കോച്ചല്ല ഞാൻ. എൻ.ഐ.എസിൽ പരിശീലനത്തിന് ടൈറ്റാനിയം എന്നെ തെരഞ്ഞെടുത്തിരുന്നു. അക്കാലത്ത് പരിശീലനത്തിന് പോവാൻ ലീവ് തരില്ല. ശമ്പളം ഒഴിവാക്കി വേണം പോവാൻ. ഇന്ന് അതല്ല സ്ഥിതി. ഐ.എം. വിജയനെ പോലുള്ളവർ ഇന്ത്യയിലെ പല ഭാഗത്തും കളിച്ച് തിരിച്ചുവന്നപ്പോഴും സർവീസിൽ തിരിച്ചെടുത്തു. ദൈവം തന്ന അനുഗ്രഹം മറ്റുള്ളവർക്ക് പകർന്നു നൽകണമെന്ന് കരുതുന്നയാളാണ് ഞാൻ. അതിനാൽ ഇപ്പോഴും കുട്ടികൾക്ക് കളി പറഞ്ഞു കൊടുക്കുന്നു. അതിനായി വിലപേശാനോ പണം വാങ്ങാനോ മുതിർന്നിട്ടില്ല.

-അക്കാലത്ത് സൗകര്യങ്ങളും നേട്ടങ്ങളും പരിമിതമായിരുന്നു?
1973 ൽ കേരളം സന്തോഷ് ട്രോഫി നേടിയത് വലിയ സംഭവമായിരുന്നു. സംസ്ഥാനത്ത് അന്ന് അവധി പ്രഖ്യാപിച്ചാണ് ആഘോഷിച്ചത്. എന്നാൽ കളിക്കാർക്ക് ഒന്നും തന്നില്ല. ടൂർണമെന്റ് കേരളത്തിലായിരുന്നു. ലാഭത്തിന്റെ വലിയ ശതമാനം അഖിലേന്ത്യാ ഫെഡറേഷന് നൽകണമായിരുന്നു. അതൊഴിവാക്കാൻ ഭാരവാഹികൾ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര സംഘടിപ്പിച്ചു. വാഗ്ദാനങ്ങൾ മാത്രമാണ് കളിക്കാർക്ക് കിട്ടിയത്. അക്കാലത്ത് ഒരുപാട് ടൂർണമെന്റുകളുണ്ടായിരുന്നു.  റോവേഴ്‌സ് കപ്പിനായി ബോംബെയിലും ഡ്യൂറന്റ് കപ്പിനായി ദൽഹിയിലേക്കുമൊക്കെ യാത്ര ചെയ്തത് ഓർക്കുന്നു. മാനേജർമാർ ഫസ്റ്റ് ക്ലാസിൽ കയറും. കളിക്കാരോട് എങ്ങനെയും കയറിക്കോളാൻ പറയും. റിസർവേഷനൊന്നും ഉണ്ടാകില്ല. രണ്ടും മൂന്നും ദിവസം നിന്ന് യാത്ര ചെയ്തിട്ടുണ്ട്. കളികൾ വരുമ്പോൾ മാനേജർമാർ കുടുംബത്തോടെ കളി കാണും. കളിക്കാർക്ക് ടിക്കറ്റ് പോലും നൽകില്ല. വൈദ്യ സഹായമോ പരിശീലനത്തിനുള്ള സജ്ജീകരണമോ ഒന്നുമുണ്ടാവില്ല. ഇന്നത്തെ കളിക്കാരൊക്കെ അങ്ങനെ സഹകരിക്കുമോ? എന്നാൽ അന്നത്തെ പ്രധാന നേട്ടം നിരവധി ഗ്രൗണ്ടുകളുണ്ടായിരുന്നു എന്നതാണ്.
പഴയകാല കളിക്കാരെ പരിശോധിച്ചാൽ ഓരോ കളിക്കാരനും വ്യത്യസ്തമായ, ശ്രദ്ധിക്കപ്പെടുന്ന കഴിവുകളുണ്ടാവും. ഡ്രിബഌംഗിലോ സ്‌കില്ലിലോ ഒക്കെ. എന്നാൽ ഇന്നത്തെ കളിക്കാരിൽ അങ്ങനെ വേറിട്ടുനിൽക്കുന്നവർ കുറവാണ്. പരിശീലന സൗകര്യങ്ങളുടെ മികവിലും നല്ല ഗെയ്ഡൻസ് കിട്ടുന്നതിനാലുമാണ് പലരും മെച്ചപ്പെട്ടു വരുന്നത്. ഇന്ദർ സിംഗിനെയും മഖൻ സിംഗിനെയും ഹബീബിനെയും ഗൗതം സർക്കാരിനെയും പോലുള്ള കളിക്കാരെയൊന്നും മറക്കാനാവില്ല. കളിയിൽ മാത്രമല്ല അവരുടെ അച്ചടക്കവും അപാരമായിരുന്നു. ഇന്ദർ സിംഗിനെ കാണുന്നതു തന്നെ മറ്റു കളിക്കാർക്ക് പാഠമാണ്. അതിനാലാണ് അദ്ദേഹം കളി നിർത്തിയപ്പോൾ ജെ.സി.ടി മിൽസ് കുറേ കാലം കോച്ചെന്ന പേരിൽ അദ്ദേഹത്തെ വെറുതെ കൊണ്ടുനടന്നത്. കൂടെ കളിച്ചവരിൽ നജ്മുദ്ദീനും എൻ.ജെ ജോസും ഇന്റർനാഷനൽ നിലവാരത്തിൽ കളിച്ചവരാണ്. 

-ടൈറ്റാനിയത്തിലെ വിടവാങ്ങൽ ആഹ്ലാദകരമായിരുന്നില്ല? 
കളിക്കാരനെന്ന നിലയിൽ മാത്രമല്ല ജോലിയിലും ആത്മാർഥത സൂക്ഷിച്ചവരാണ് ഞങ്ങൾ. എന്നിട്ടും കാര്യമായ പെൻഷനോ മറ്റാനുകൂല്യങ്ങളോ ഒന്നും ലഭിച്ചില്ല. വളണ്ടറി റിട്ടയർമെന്റ് സ്‌കീം പ്രകാരം വിരമിക്കാൻ സമ്മതപത്രം ഒപ്പിട്ടു കൊടുത്തു. കുടുംബത്തെ നാട്ടിലയക്കുക വരെ ചെയ്തു. എന്നാൽ എന്റെ ഊഴമെത്തിയപ്പോഴേക്കും ഭരണം മാറി. പുതിയ മന്ത്രിസഭ ആ സ്‌കീം റദ്ദാക്കി. സർക്കാരിന്റെ വാഗ്ദാനം സ്വീകരിച്ച ഞങ്ങൾ പെരുവഴിയിലായി. ട്രേഡ് യൂനിയൻ സമ്മേളനങ്ങളിൽ തൊഴിലാളി ക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നയാളായിരുന്നു അന്നത്തെ വ്യവസായ മന്ത്രി. സർക്കാരിന്റെ വാഗ്ദാനമനുസരിച്ച് വിരമിക്കാനൊരുങ്ങുകയും മക്കളെ നാട്ടിലെ സ്‌കൂളിൽ വരെ ചേർക്കുകയും ചെയ്ത ഞങ്ങളോട് വാഗ്ദാനം പാലിക്കണമെന്ന നിരന്തരമായ അഭ്യർഥന അദ്ദേഹം കേട്ടില്ലെന്നു നടിച്ചു. തൊഴിലാളിയെന്ന നിലയിൽ മാത്രമല്ല കേരളത്തെ ഒരുപാട് കാലം പ്രതിനിധീകരിച്ച ഒരു കളിക്കാരനെന്ന പരിഗണന പോലും തന്നില്ല. ഒടുവിൽ രാജി വെച്ച് ഇറങ്ങി വരേണ്ടി വന്നു. 

-ഫുട്‌ബോൾ രക്തത്തിലുണ്ടായിരുന്നു. ജ്യേഷ്ഠൻ അബ്ദുൽ ഖാദറും യൂനിവേഴ്‌സിറ്റി ടീമിലുണ്ടായിരുന്നു. അനുജന്മാരായ അ്ബ്ദുൽ സലാം ഇന്ത്യൻ യൂനിവേഴ്‌സിറ്റീസിന്റെയും അബ്ദുല്ലത്വീഫ് ജൂനിയർ കേരളയുടെയും താരങ്ങളായിരുന്നു?
കണ്ണൂർ ബ്രദേഴ്‌സ് ക്ലബ്ബിലെ പരിശീലനം കണ്ടാണ് ഞങ്ങൾ വളർന്നത്. കോട്ട മൈതാനത്തിന്റെ മുന്നിലായിരുന്നു വീട്. ബ്രദേഴ്‌സ് ക്ലബ് രൂപീകരിച്ചവരിൽ എളാപ്പയും മറ്റുമുണ്ടായിരുന്നു. ബ്രദേഴ്‌സിന്റെ കോച്ച് ചട്ട വാസുവേട്ടൻ കളിക്കാരെ കിക്ക് പഠിപ്പിക്കുന്നത് ഗോൾവലക്കു പുറത്തു നിന്ന് കാണുകയും പുറത്തുപോവുന്ന പന്തെടുത്ത് അതേ രീതിയിൽ അടിച്ചുമാണ് കളി പഠിച്ചത്. മുനിസിപ്പിൽ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ഫുട്‌ബോളും ഹോക്കിയും കളിച്ചു. മാതൃഭൂമി ട്രോഫി നേടിയ ബ്രദേഴ്‌സ് ടീമിൽ അംഗമായിരുന്നു. എസ്.എൻ കോളേജിൽ പ്രി ഡിഗ്രിക്കു പഠിക്കുമ്പോഴാണ് യൂനിവേഴ്‌സിറ്റി ടീമിലെത്തിയത്.  ഇന്റർ യൂനിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ ബെസ്റ്റ് ഹാഫ് ബാക്കായി. അതോടെ കേരളാ ടീമിലെത്തി. 

-ഏറ്റവുമധികം സ്വാധീനിച്ച കോച്ചുമാർ?
ബ്രദേഴ്‌സ് ക്ലബ്ബിലെ വാസുവേട്ടൻ കളിയുടെ അടിസ്ഥാനങ്ങൾ പഠിപ്പിച്ച ധിഷണശാലിയായിരുന്നു. ടൈറ്റാനിയത്തിലെ കോച്ചായിരുന്ന ഒളിംപ്യൻ കിട്ടു സാറാണ് ഇന്ത്യയിൽ ആദ്യമായി ഫ്രീകിക്കുകൾക്ക് പ്രാധാന്യം നൽകിയതെന്ന് തോന്നുന്നു. കാലത്തിന് മുമ്പെ സഞ്ചരിച്ച കോച്ചായിരുന്നു അദ്ദേഹം. സൈമൺ സുന്ദർരാജ് ഗെയിം പ്ലാനുകൾ വളരെ വ്യക്തമായി കളിക്കാരെ പറഞ്ഞുമനസ്സിലാക്കുന്നതിൽ വിദഗ്ധനായിരുന്നു. 
യൂനിവേഴ്‌സിറ്റി കോച്ചായിരുന്ന സി.പി.എം ഉസ്മാൻ കോയയെ മറക്കാനാവില്ല. ഇത്രയധികം കളിക്കാർ ഇപ്പോഴും ആദരവോടെ ഓർക്കുന്ന മറ്റൊരു കോച്ചുണ്ടാവില്ല.
 

Latest News