Saturday , April   20, 2019
Saturday , April   20, 2019

യുവത ഇന്ന് ആലപ്പാട്ടേക്ക്

ഒത്തുതീർപ്പു ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം. ഖനനം നിർത്തിവയ്ക്കാൻ കഴിയില്ലെന്നും ഒരു മാസത്തേക്ക് സീ വാഷിംഗ് നിർത്താമെന്നുമുള്ള സർക്കാർ നിലപാട് അംഗീകരിക്കാൻ സമരസമിതി തയ്യാറായില്ല. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിക്കാൻ  വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സീ വാഷിംഗ് നിർത്താമെന്നുമാണ് സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്. തീരമേഖലയുടെയും ആലപ്പാട് പ്രദേശത്തിന്റെയും സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയുമുണ്ടാകുമെന്നും തീരമേഖലയിൽ പുലിമുട്ട് നിർമാണം കാര്യക്ഷമമാക്കുമെന്നും കടൽഭിത്തികൾ ശക്തിപ്പെടുത്തുമെന്നും തീര മേഖല കടലെടുക്കാതിരിക്കാനുള്ള എല്ലാ സുരക്ഷാ നടപടികളുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞെങ്കിലും താൽക്കാലികമായി പോലും ഖനനം നിർത്താൻ തയ്യാറായിട്ടില്ല. ഖനനം തുടർന്നാൽ മാത്രമേ പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇക്ക് പ്രവർത്തിക്കാൻ സാധിക്കൂ എന്നാണ് സർക്കാർ അതിനു കാരണമായി പറയുന്നത്. പതിവുപോലെ പ്രകൃതി തന്ന സമ്പത്താണ് കരിമണൽ എന്നും അതു പരമാവധി ഉപയോഗിക്കണമെന്ന വാചകങ്ങളും മന്ത്രി ആവർത്തിച്ചു. 
അതേസമയം ആലപ്പാട്ടെ ജനങ്ങളുടെ ജീവന് കരിമണലിനേക്കാൾ വിലയുണ്ടെന്നും 240 തൊഴിലാളികളെയും വ്യവസായത്തെയും കുറിച്ചു മാത്രമാണ് മന്ത്രി പറയുന്നതെന്നും സമരസമിതി ആരോപിക്കുന്നു. പൂഴ്ത്തിവച്ചിരിക്കുന്ന നിയമസഭാ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാനും സമിതി നേതാക്കൾ ആവശ്യപ്പെടുന്നു. സമരത്തെ പിന്തുണച്ച് ഇന്ന് (ജനുവരി 19) പ്രഖ്യാപിച്ചിട്ടുള്ള യുവത ആലപ്പാട്ടേക്ക് എന്ന പരിപാടി സർക്കാരിനുള്ള താക്കീതാകുമെന്നാണ് സമിതി അവകാശപ്പെടുന്നത്.
ഒരു ജനാധിപത്യ സംവിധാനത്തിൽ പാലിക്കേണ്ടതായ പ്രാഥമിക ജനാധിപത്യ മര്യാദപോലും പാലിക്കാതെയാണ് ഇ.പി. ജയരാജൻ സമിതിയുമായി ചർച്ചക്കു തയ്യാറായത് എന്നതാണ് വാസ്തവം. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം മാത്രമാണ് ഒരു താൽപ്പര്യവുമില്ലാതെ അദ്ദേഹം സമിതിയെ ചർച്ചക്കു ക്ഷണിച്ചത്. അപ്പോൾ തന്നെ ചർച്ച പരാജയമാകുമെന്ന സൂചനയുണ്ടായിരുന്നു. ഖനനം നിർത്തില്ലെന്ന് ചർച്ചക്കുമുന്നെ അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, വർഗീയ - പ്രാദേശിക വികാരം ഇളക്കി വിടുക എന്ന ലക്ഷ്യത്തോടെ സമരത്തിന് പിന്നിൽ മലപ്പുറത്തുകാരാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തിൽ ഇടതു മുന്നണിക്കകത്തെ അഭിപ്രായ ഭിന്നതകൾപോലും അദ്ദേഹം കണക്കിലെടുത്തിട്ടില്ല. ഇടതു മുന്നണി വിപുലീകരണത്തിനുശേഷം നടന്ന ആദ്യ യോഗത്തിൽ തന്നെ ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. സി.പി.ഐ തന്നെയാണ് ജയരാജന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുവന്നത്. ഖനനം തീരഭൂമിയെ വൻതോതിൽ കവർന്നെടുക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. കരിമണൽ ഖനനം നിർത്തിവയ്ക്കണമെന്നും ജനിച്ച മണ്ണിൽ മരിക്കണമെന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിനു കരിമണലിനെക്കാൾ വിലയുണ്ടെന്നും  ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വി.എസിന്റെ പേര് വിവാദങ്ങളിലേക്ക് അനാവശ്യമായി വലിച്ചിഴക്കരുതെന്നും അദ്ദേഹം ജീവിച്ചു പോക്കോട്ടെയെന്നുമാണ് ആക്ഷേപരൂപത്തിൽ മന്ത്രി പ്രതികരിച്ചത്. ചർച്ച കേവലം പ്രഹസനമായിരുന്നു എന്നു വ്യക്തം.
അതേസമയം, എല്ലാ സമരങ്ങളിലും പതിവുള്ള പോലെ ചുക്കാൻ പിടിക്കുന്നവരെ തേജോവധം ചെയ്യാനുള്ള നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ഏതോ ഉദ്ദേശത്തോടെ പെട്ടന്നുണ്ടാക്കിയ സമരമാണിതെന്നാണ് പ്രധാന ആരോപണം. എന്നാൽ ഖനനത്തോളം പഴക്കമുണ്ട് സമരത്തിനും എന്നതാണ് വസ്തുത. ഇപ്പോൾ കാൽ നൂറ്റാണ്ടായി ഈ മേഖലയിലെ സമരങ്ങൾ അതിശക്തവുമാണ്. 1992ൽ കരിമണൽ ഖനനത്തിനെതിരെ യുവകലാസാഹിതിയുടെ പരിസ്ഥിതി സംരക്ഷണ ജലജാഥയിൽ വെച്ചാണ് കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഏറെ പ്രശസ്തമായ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...' എന്ന ഗാനം എഴുതിയതെന്നതുതന്നെ ഇതിനു നിദാനമാണ്. 1994ൽ കെംപ്ലാസ്റ്റ്, റെന്നിസൺ ഗോൾഡ് ഫീൽഡ് കൺസോർഷ്യം, വെസ്‌ട്രേലിയൻ സാൻഡ്സ് തുടങ്ങിയ കമ്പിനികളെ കൊണ്ടുവന്ന് ആയിരംതെങ്ങ് മിനറൽ കോംപ്ലെക്സ് നിർമ്മിക്കാൻ നടത്തിയ നീക്കത്തെ അതിശക്തമായ സമരം കൊണ്ടാണ് നാട്ടുകാർ പരാജയപ്പെടുത്തിയത്. 
ശാസ്ത്ര സാഹിത്യ പരിഷത്ത് പോലും സമരങ്ങളിൽ സജീവമാണ്. അവർ കരിമണൽ ഖനനത്തിന്റെ അപകടങ്ങൾ വെളിവാക്കുന്ന നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. നിരന്തര പരാതികളുടെ അടിസ്ഥാനത്തിൽ ഒരു വർഷം മുമ്പ് നിയമസഭാ പരിസ്ഥിതി കമ്മിറ്റി എത്തുകയും, റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പഞ്ചായത്ത് കമ്മിറ്റിയും ഇതുമായി ബന്ധപ്പെട്ട് പ്രമേയങ്ങൾ പാസ്സാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം തുടർച്ചയാണ് സേവ് ആലപ്പാട് എന്ന പേരിൽ ഇപ്പോളാരംഭിച്ചിരിക്കുന്ന പോരാട്ടമെന്ന് സമര സമിതി അവകാശപ്പെടുന്നു. സമരത്തിനെതിരെയുള്ള അവസാന അടവായാണ് അത് സ്വകാര്യമേഖലക്കുവേണ്ടിയാണെന്ന ആരോപണം. വായുവും വെള്ളവും പോലും സ്വകാര്യവൽക്കരിക്കുന്നവരാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നതാണ് തമാശ. എല്ലാ ജനകീയ സമരങ്ങൾക്കും നേരെ ഉന്നയിക്കുന്ന അരാഷ്ട്രീയം എന്ന ആരോപണമാണ് മറ്റൊന്ന്. തങ്ങൾമാത്രം ശരിയെന്നു വാദിക്കുന്ന കക്ഷി രാഷ്ട്രീയമാണ് ഇവർക്ക് രാഷ്ട്രീയം. അതിനാലാണ് തങ്ങൾ പ്രതിപക്ഷത്തിരിക്കുമ്പോൾ തെറ്റായ കാര്യങ്ങൾ ഭരണത്തിലെത്തുമ്പോൾ ശരിയാകുന്നത്, മറിച്ചും. അതാണല്ലോ തങ്ങൾ ഭരിക്കുമ്പോൾ ഈ വിഷയത്തിലിടപെടാതിരുന്ന യു.ഡി.എഫ് നേതാക്കൾ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. 
പരിസ്ഥിതി അനുമതി കിട്ടാത്ത ഇടങ്ങളിൽ പോലും ഖനനം നടക്കുന്നതായും സി.ആർ.ഇസഡ് നിയമം പോലും വിലക്കുന്ന സീ വാഷിംഗ് ഖനന രീതി തുടരുന്നു എന്നും ഖനനം പ്രദേശത്തിന്റെ ജൈവ സമ്പത്തിനോ, പരിസ്ഥിതിക്കോ കോട്ടം തട്ടുന്ന രീതിയിൽ ആകരുതെന്ന നിയമവും അട്ടിമറിക്കപ്പെടുന്നു എന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നത് പരിശോധിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. കാവുകളും കണ്ടലും ചതുപ്പും ജലാശയങ്ങളുമെല്ലാം കുഴിച്ചു കഴിഞ്ഞു. കരിമണൽ കുന്നുകൾ ഇല്ലാതാക്കി. പകരം കടൽ ഭിത്തി പണിയാൻ കല്ല് കൊണ്ട് വരുമ്പോൾ പശ്ചിമഘട്ടത്തിന് ഉണ്ടാകുന്ന പരിസ്ഥിതി പ്രത്യാഘാതം വേറെ. ഈ കടൽ ഭിത്തി ഉണ്ടായത് കൊണ്ട് പ്രജനനം നഷ്ടപ്പെട്ട കടൽ ആമകൾ, ചെറുമീനുകൾ, ഞണ്ടുകൾ, തീരം ഇല്ലാതെ ഒഴിഞ്ഞു പോകുന്ന കടൽ കാക്കകൾ, ദേശാടന പക്ഷികൾ എന്നിങ്ങനെ ജൈവ - പരിസ്ഥിതി നഷ്ടത്തിന്റെ കണക്കുകൾ നീളുന്നു. ഇതൊന്നും സർക്കാരിന് നഷ്ടങ്ങളുടെ കണക്കിൽ വരുന്നില്ല. അതിനേക്കാളെല്ലാമുപരി പിറന്ന മണ്ണ് പടിപടിയായി കടലെടുക്കുന്നതിന് ദൃക്‌സാക്ഷികളാകുകയാണ് ആലപ്പാട്ടുകാർ.  പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായി വാഴ്ത്തപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവിതമാണ് ഇതുവഴി തകരുന്നതെന്ന വസ്തുതപോലും പരിഗണിക്കാതെയാണ് ഖനനം തുടരാനുള്ള സർക്കാർ തീരുമാനം. അതിനാൽതന്നെ അതിനെതിരായ ജനകീയ പോരാട്ടവും ശക്തമാകുകയാണ്. അതിന്റെ പ്രഖ്യാപനം കൂടിയാണ് യുവത ആലപ്പാട്ടേക്ക് എന്ന സമരരൂപം. 

Latest News