Tuesday , April   23, 2019
Tuesday , April   23, 2019

പ്രധാനമന്ത്രിയുടെ പഴിയും സ്വപ്‌നവും

രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ വന്ന് സംസ്ഥാനത്തെ ഇടത് ജനാധിപത്യ മുന്നണി ഗവണ്മെന്റിനെതിരെ അറപ്പും വെറുപ്പും ശാപവും കോരിയൊഴിച്ച് മടങ്ങുന്നതാണ് കൊല്ലത്തെ എൻ.ഡി.എ പൊതുസമ്മേളനത്തിൽ ചൊവ്വാഴ്ച കണ്ടത്. സാക്ഷരതയും ഉയർന്ന ചരിത്രബോധവുമുള്ള ഒരു ജനതയുടെ മുമ്പിലാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. അത് ബി.ജെ.പിയും പ്രധാനമന്ത്രിതന്നെയും മറന്നുകൂട. ശബരിമല വഷയത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് ഏറ്റവും വലിയ പാപമായി ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 
ശബരിമലയിൽ സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. അക്കാര്യത്തിൽ വീഴ്ചകളോ അവ്യക്തതകളോ അപക്വതയോ പോരായ്മകളോ സംഭവിച്ചിരിക്കാം. അതിലപ്പുറം അറപ്പും വെറുപ്പും ഉളവാക്കുന്നതോ പാപമോ പാതകമോ ശബരിമല പ്രശ്‌നത്തിൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി നിഷ്പക്ഷമതികൾക്ക് ചൂണ്ടിക്കാണിക്കാനില്ല. മറ്റു സംസ്ഥാനങ്ങളിലെന്നപോലെ ഇതിന്റെ പേരിൽ ചോരക്കളങ്ങൾ കേരളത്തിൽ സൃഷ്ടിക്കാനുമായിട്ടില്ല. 
ശബരിമല കാര്യങ്ങൾ നിരീക്ഷിക്കുന്ന കേരള ഹൈക്കോടതിയും സുപ്രീം കോടതി വിധിയെതുടർന്നുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയും എന്തെങ്കിലും സർക്കാർ അതിക്രമങ്ങൾ നടന്നതായി ഇതുവരെ ആരോപിച്ചിട്ടില്ല. പതിവുപോലെ ലക്ഷക്കണക്കിൽ ഭക്തജനങ്ങളും സുപ്രീം കോടതി ഉത്തരവിന്റെ പിൻബലത്തിൽ ചുരുക്കം യുവതികളും മണ്ഡല - മകരവിളക്ക് ദർശനം ഇത്തവണയും പൂർത്തിയാക്കി. പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അറപ്പും വെറുപ്പും തോന്നാവുന്ന ഒന്നും ഹൈക്കോടതിക്ക് രേഖപ്പെടുത്തേണ്ടി വന്നിട്ടില്ല. 
ഇടതുപക്ഷവും കോൺഗ്രസും മാറിമാറി ഭരിച്ച കേരളത്തിൽ നരേന്ദ്ര മോഡി ഭരിച്ച ഗുജറാത്തിലോ ബി.ജെ.പി ഭരിച്ച മറ്റു സംസ്ഥാനങ്ങളിലോ ഉണ്ടായതുപോലുള്ള കലാപങ്ങളോ ചോരപ്പുഴകളോ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ല. ശബരിമല സന്നിധാനത്തിൽ ചോരയൊഴുക്കാൻ മോഡിജിയുടെ പരിവാർ സംഘം ആളെ ഒരുക്കി തമ്പടിച്ചിട്ടും സംസ്ഥാന ഗവണ്മെന്റ് അത് പരാജയപ്പെടുത്തി ക്രമസമാധാനം ഉറപ്പുവരുത്തി.
ശബരിമല സംബന്ധിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി സംസ്ഥാന ഗവണ്മെന്റിനെന്നപോലെ പ്രധാനമന്ത്രിക്കും കേന്ദ്ര സർക്കാറിനും ബാധകമാണ്. എന്നാൽ ശബരിമലയിലും അതു നിലകൊള്ളുന്ന സംസ്ഥാനത്താകെയും ക്രമസമാധാനപാലനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഗവണ്മെന്റിന്റെ ഭരണഘടനാപരമായ പ്രത്യേക ബാധ്യതയും. അത് നടപ്പാക്കുന്നു എന്ന 'പാപം' മാത്രമാണ് ഇടതുപക്ഷ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തായാലും കേന്ദ്രത്തിലായാലും സർക്കാർ ഭൗതികതയോ ആദ്ധ്യാത്മികതയോ, പാപമോ പുണ്യമോ നോക്കിയല്ല ഇന്ത്യയിൽ പ്രവർത്തിച്ചുവന്നതും പ്രവർത്തിക്കേണ്ടതും. നമ്മുടെ ജനാധിപത്യ- മതനിരപേക്ഷ ഭരണഘടന അനുസരിച്ചുമാത്രമാണ്. 
ഏതാണ്ട് നാലര വർഷത്തിലേറെയായി മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയും അദ്ദേഹത്തിന്റെ പാർട്ടി ഭരിക്കുന്ന സംസ്ഥാന സർക്കാറുകളും ഭരണഘടന മറന്ന് പുണ്യവും മരണാനന്തര സ്വർഗവും ഉറപ്പുവരുത്തുന്ന ഭരണ രീതിയാണ് നടപ്പാക്കി കാണുന്നത്.
ഇതിനെതിരായ രോഷം ജനങ്ങളിൽ വ്യാപകമാവുകയും രാഷ്ട്രീയ പാർട്ടികൾ അത് ഏറ്റെടുക്കുകയും ചെയ്യുകയാണ്. കാലങ്ങളായി ഭരിച്ചുവന്ന മൂന്ന് സംസ്ഥാനങ്ങൾ ഇതേതുടർന്ന് ബി.ജെ.പിക്ക് നഷ്ടപ്പെട്ടു.  അതിന്റെ തുടർച്ചയിലാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് ഇവിടുത്തെ സർക്കാർ ചെയ്യുന്ന പാപം കണ്ടെത്തുന്നതും അത് ചരിത്രത്തിൽ ഇടം നേടണമെന്ന് ശുപാർശ ചെയ്യുന്നതും. 
സുപ്രീം കോടതി വിധി നടപ്പാക്കുന്നതല്ല കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള യഥാർത്ഥ പ്രശ്‌നം. ബി.ജെ.പി തന്നെ ശബരിമല പ്രശ്‌നത്തിൽ ഒരു രാഷ്ട്രീയ അജണ്ട ഒളിപ്പിച്ചു മുന്നോട്ടുവെക്കുകയും യുവതികൾക്കുകൂടി ശബരിമലയിൽ പ്രവേശം അനുവദിക്കുന്നത് സംഘടിതമായും ബലം പ്രയോഗിച്ചും തടയാൻ ശ്രമിക്കുകയുമാണ്. സുപ്രീം കോടതി വിധിയെയും ഭരണഘടനയെയും വെല്ലുവിളിച്ച്   ക്രമസമാധാന പ്രശ്‌നമാക്കി വളർത്തുന്നു.  
അത് തടയുന്നതിനെയാണ് ആരും വിചാരിക്കാത്തത്ര അറപ്പും വെറുപ്പും ഉണ്ടാക്കുന്ന നിലപാടായി പ്രധാനമന്ത്രിയെപോലെ ഒരാൾ കുറ്റപ്പെടുത്തുന്നത്. സുപ്രീം കോടതി വിധിയും വിശ്വാസികളും തമ്മിലാണ് പ്രശ്‌നമെങ്കിൽ അതിൽ ഇടപെട്ട് നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്താൻ ഭരണഘടനാ ഉത്തരവാദിത്വമുള്ള ആളാണ് പ്രധാനമന്ത്രി. മറിച്ച് തന്റെ പാർട്ടിക്കാരുടെ നേതൃത്വത്തിൽ ഈ വിഷയത്തെ രാഷ്ട്രീയ അജണ്ടയും അനിശ്ചിതകാല പ്രക്ഷോഭവുമാക്കി മാറ്റിയതിനെ അദ്ദേഹം ന്യായീകരിക്കുന്നു. ഭരണഘടനാ ബാധ്യത നിർവ്വഹിക്കാൻ പാടുപെടുന്ന സംസ്ഥാന ഗവണ്മെന്റിനെ അധിക്ഷേപിക്കുന്നു. പ്രധാനമന്ത്രിയെന്ന നിലയ്ക്കല്ല എൻ.ഡി.എയുടെ രാഷ്ട്രീയാധികാരി എന്ന നിലയിലാണ് കൊല്ലത്ത് മോഡി പ്രസംഗിച്ചതെന്ന് വ്യക്തം. 
പാപം ചെയ്തതിന്റെ പേരിൽ ചരിത്രത്തിൽ കേരള സർക്കാറിനെ പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ഇക്കാര്യത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചുകഴിഞ്ഞ രണ്ട് സംസ്ഥാനങ്ങളെങ്കിലുമുണ്ട്. അവരെപ്പറ്റി മോഡിയോട് കേരളീയർക്കു പറയേണ്ടിവരും. ഒന്ന്, നരേന്ദ്ര മോഡി  രാഷ്ട്രീയത്തിൽ ഇടം നേടുന്നതിന് ഒരു പതിറ്റാണ്ടുമുമ്പാണ് ബാബ്‌റി മസ്ജിദ് ബി.ജെ.പി - പരിവാർ സംഘം തകർത്തത്. പ്രശസ്ത ബ്രിട്ടീഷ് പത്രമായ 'ഗാർഡിയ'ന്റെ ദൽഹി ലേഖകൻ ഡെറക് ബ്രൗൺ അന്ന് ലോകത്തോടു പറഞ്ഞതിങ്ങനെ: 'അക്രമരാഹിത്യത്തിന്റെ പാരമ്പര്യത്തിൽ ആണ്ടുകിടന്നിരുന്ന ഒരു രാജ്യത്ത് അങ്ങോളമിങ്ങോളം ചോരത്തിരമാലകൾ ആഞ്ഞടിപ്പിച്ച രാഷ്ട്രീയ കൗശല' മാണ് ബാബ്‌റി മസ്ജിദ് തകർക്കലിൽ സംഭവിച്ചത്. ആ കൗശലം കാട്ടിയത് മോഡിയുടെ മുൻഗാമി കല്ല്യാൺസിംഗിന്റെ നേതൃത്വത്തിലുള്ള ഉത്തർ പ്രദേശിലെ ബി.ജെ.പി സർക്കാറായിരുന്നു. തർക്കവിഷയമായ ബാബ്‌റി മസ്ജിദിന് പോറൽപോലും ഏൽപ്പിക്കരുതെന്നും അക്രമം തടയാൻ കേന്ദ്രവും സംസ്ഥാനവും പൊലീസിനെ ഉപയോഗിക്കണമെന്നും സുപ്രീം കോടതി കർശനമായി നിർദ്ദേശിച്ചിട്ടും അദ്വാനിയടക്കമുള്ള ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിൽ പള്ളി തകർത്തു.  അല്ലാഹുവിൽ വിശ്വസിച്ചിരുന്ന, ധാർമ്മികതയിലും ആത്മീയതയിലും അടിത്തറയിട്ട ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്ന, വിഭജനം നടന്നിട്ടും ഇന്ത്യയുടെ മണ്ണിൽ തുടരാൻ തീരുമാനിച്ച, ഒരു ജനവിഭാഗത്തെ രാജ്യമാകെ വേട്ടയാടി കൊല്ലുന്നതാണ് പള്ളി തകർത്തതിനെതുടർന്ന് ഉണ്ടായത്. തുടർന്ന് രൂപംകൊണ്ട മുസ്‌ലിം തീവ്രവാദത്തിന്റെ ഭീഷണി. അതിന്റെയൊക്കെ പാപം ചരിത്രത്തിൽ ഇപ്പോഴും ചോരക്കണ്ണുരുട്ടി തുറിച്ചുനോക്കുന്നത് പ്രധാനമന്ത്രി കാണാതെപോകുന്നു.
2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയുടെ ഭരണത്തിലാണ് ഒരു വർഷം തികയുംമുമ്പ് ഗോധ്രാ സംഭവവും തുടർന്ന് സംസ്ഥാനത്താകെ രണ്ടായിരത്തിലേറെ മുസ്‌ലിംകളെ ആക്രമിച്ചു കൊലയും കൊള്ളയും തീവെപ്പും നടത്തിയത്. 'മതപരമായ തുല്യതയുടെ കാര്യത്തിൽ ഇന്ത്യയുടെ പ്രശസ്തിക്കുമേൽ ഏറ്റ കറുത്ത പാടാണെ'ന്നായിരുന്നു ഭരണകൂട പിന്തുണയോടെ നടന്ന ഈ കൂട്ടക്കൊലകളെ  അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സ്ഥാപനം വിശേഷിപ്പിച്ചത്.                                                                                                                                                                                                                            ഈ മനുഷ്യക്കുരുതിയുടെ പേരിൽ മുഖ്യമന്ത്രി മോഡിക്ക് അമേരിക്കൻ സന്ദർശനത്തിനുള്ള വിസ അമേരിക്ക അന്ന് നിരസിച്ചു. അതെങ്കിലും പ്രധാനമന്ത്രിക്ക് മറക്കാനാകില്ല.  
മോഡിയുടെ ഭരണത്തിൻകീഴിൽ പൊലീസ് മനുഷ്യ കശാപ്പുകാർക്കൊപ്പം ചേർന്നു. സുപ്രീം കോടതിയുടെ ഉത്തരവുകൾപോലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറായില്ല. ഒടുവിൽ മനുഷ്യാവകാശ പോരാളികളും ഉന്നത നീതിപീഠവും ഇരകളും ഹതഭാഗ്യരായ മുസ്‌ലിം പൗരന്മാർക്ക് നീതിവാങ്ങിക്കൊടുക്കാനുള്ള കൂട്ടായ പോരാട്ടം നടത്തേണ്ടിവന്നു. ഇന്നും അതു തുടരുന്നു.  
കേരളത്തിലെ ആദ്യ സർക്കാർ കമ്മ്യൂണിസ്റ്റു പാർട്ടിയുടേതായിരുന്നെന്നും കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റു പാർട്ടിയുടെയും നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ് കേരളത്തിൽ ഇതുവരെ തുടർന്നുവന്നതെന്ന ചരിത്രവും പ്രധാനമന്ത്രിയെ ഓർമ്മപ്പെടുത്തേണ്ടിവരുന്നു. ശബരിമലയും ശ്രീ അയ്യപ്പനും ശരണമന്ത്രവും വിശ്വാസികളും അവരുടെ ശബരിമല ദർശനവും ഇവിടെ അന്യൂനം തുടർന്നുവന്നതാണ്.  
ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണ് എന്നുകണ്ട് ശബരിമലയിൽ യുവതികൾക്ക് പ്രവേശം നിഷേധിക്കുന്ന 92-ലെ കേരള ഹൈക്കോടതി വിധി റദ്ദാക്കിയത് സുപ്രീം കോടതിയാണ്. ഭരണഘടനയിലെ 17-ാം അനുച്ഛേദത്തിൽ വിവരിക്കുന്ന അയിത്തത്തിന്റെ പരിധിയിൽ വരുന്നതാണ് ആർത്തവത്തിന്റെ പേരിൽ യുവതികളെ നികൃഷ്ടമായി മാറ്റിനിർത്തുന്നത് എന്നതുകൊണ്ട്. വിധിക്കെതിരെ സുപ്രീം കോടതിയിൽതന്നെ വന്ന ഹരജികളിൽ ഇനിയും വാദം കേൾക്കാനിരിക്കുന്നു. തീരുമാനം വരുംവരെ നിയമം കയ്യിലെടുക്കാൻ ബി.ജെ.പിക്കോ മറ്റാർക്കെങ്കിലുമോ അവകാശമില്ല. 
ഈ അവസരം ഉപയോഗിച്ച് കമ്മ്യൂണിസ്റ്റുകാരിൽനിന്ന് ഭരണവും കേരളവും മോചിപ്പിച്ച് സ്വന്തമാക്കാൻ ബി.ജെ.പി ഇറങ്ങിത്തിരിച്ചതാണ് കേരളത്തെ സംഘർഷ ഭരിതമാക്കിയത്. അതിനെ ന്യായീകരിക്കാൻ ബി.ജെ.പി നേതാവെന്ന നിലയിൽ മോഡിക്ക് മനസ്സ് ദാഹിക്കാം.   സത്യപ്രതിജ്ഞയോടും ഭരണഘടനയോടും കൂറു പ്രഖ്യാപിച്ച പ്രധാനമന്ത്രി എന്ന നിലയിൽ അങ്ങനെ ചെയ്തുകൂട. 
കേരളീയരുടെ രാഷ്ട്രീയ മന:ശാസ്ത്രം 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലും പിന്നീടും ജനങ്ങൾ പലവട്ടം തെളിയിച്ചുപോന്നതാണ്. 2019ലെ ലോക്‌സഭാ ജനവിധി വരുംവരെ പ്രധാനമന്ത്രി മോഡിയും എൻ.ഡി.എയും സഹിഷ്ണുതയും ജനാധിപത്യ മര്യാദയും പുലർത്തുന്നതാണ് നല്ലത്. സംസ്ഥാനം ഭരിക്കുന്നവർക്കും  പ്രതിപക്ഷത്തിരിക്കുന്നവർക്കും ഇത് ബാധകവുമാണ്.  കേരളം എന്നും ജനാധിപത്യത്തിന്റെ പരീക്ഷണശാലയാണ് എന്നതുതന്നെ കാരണം.
കോൺഗ്രസിൽനിന്നും ഇടത് പാർട്ടികളിൽനിന്നും രാജ്യത്തിന് ലഭിച്ചിട്ടില്ലാത്ത വികസന മാതൃകയാണ് തന്റെ ഒറ്റമൂലി എന്നും അതിന്റെ ആകർഷണത്തിൽ ശൂന്യതയിൽനിന്ന് കേരളത്തിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞുപോയത്. ഒന്നര പതിറ്റാണ്ടായി അധികാരത്തിലിരുന്ന കോട്ടകൊത്തളങ്ങൾ ബി.ജെ.പിയിൽനിന്നുതന്നെ ജനങ്ങൾ തിരിച്ചുപിടിച്ച അനുഭവത്തിന്റെ ചൂട് മാറുംമുമ്പാണ് മോഡിജി കേരളത്തിൽവന്നത്. പുതുക്കം മാറി ജനങ്ങൾ വലിച്ചെറിഞ്ഞുതുടങ്ങിയ ആ വികസന മാതൃക കേരളത്തിൽ ചെലവാകുമെന്നാണോ. 
ആരാധനാ സ്വാതന്ത്ര്യം എന്നതുപോലെയോ അതിലും എത്രയോ മടങ്ങോ പ്രധാനമാണ് വികസന സ്വാതന്ത്ര്യം. അമർത്യാ സെൻ ആവർത്തിക്കുന്നതുപോലെ, എല്ലാ വിഭാഗം മനുഷ്യരുടെയും നിലവിലുള്ള സ്വാതന്ത്ര്യത്തെ കൂടുതൽ വിപുലീകരിക്കുന്നതായിരിക്കണം വികസനം. മുൻകാല ഭരണങ്ങളിൽനിന്നു വ്യത്യസ്തമായി മോഡി ഭരണത്തിൽ വിവിധ വിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യങ്ങൾ എടുത്തുകളയുന്നതും ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി തടങ്കലിൽ തള്ളുന്നതുമാണ് രാജ്യം കണ്ടത്. അത്തരമൊരു ഭരണം കേരളം കൈനീട്ടി സ്വീകരിക്കുമെന്ന് ദയവായി ആരും തെറ്റിദ്ധരിക്കരുത്.

Latest News