Saturday , April   20, 2019
Saturday , April   20, 2019

ഇന്ത്യയെ രക്ഷിക്കാൻ മോഡിയെ പുറത്താക്കുക

ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയിൽ ഏറ്റവും നിർണായകമാണെന്നു പറയാവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമാവുകയാണ്. പ്രധാന പാർട്ടികളെല്ലാം അനൗപചാരികമായി തെരഞ്ഞെടുപ്പു പ്രചാരണം ആരംഭിച്ചിരിക്കുന്നു. ആരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടു ദിവസത്തിനുള്ളിൽ മുന്നോക്ക സംവരണ ബിൽ പാസാക്കിയത് ബി.ജെ.പിയുടെ പ്രചാരണത്തിന്റെ ഉദ്ഘാടനം തന്നെയാണെന്നു പറയാം. 
പ്രധാനമന്ത്രി മോഡിയും അധ്യക്ഷൻ അമിത് ഷായും അരയും തലയും മുറുക്കി രംഗത്തിറങ്ങി. അതിന്റെ ഭാഗമായി തന്നെയാണ് ചെറിയൊരു ബൈപാസിന്റെ ഉദ്ഘാടനത്തിനായി മോഡി കേരളത്തിലെത്തിയത്. ഒപ്പം രാഷ്ട്രീയ പ്രചാരണ യോഗത്തിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും അദ്ദേഹം എത്തിയതിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല. മറുവശത്ത് ഗൾഫിൽ നിന്നാണ് രാഹുൽ ഗാന്ധി പ്രചാരണമാരംഭിച്ചത്. റഫാൽ വിഷയവും സി.ബി.ഐ തലപ്പത്തെ അസ്വസ്ഥതകളും അയോധ്യാ വിഷയവുമൊക്കെ പരമാർശിച്ചായിരുന്നു അദ്ദേഹം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. 
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയ ഏറ്റവും വലിയ പ്രഖ്യാപനം നടത്തിയത് ഇവരാരുമല്ല. യു.പിയിലെ എസ്.പിയും ബി.എസ്.പിയുമാണ്. തെരഞ്ഞെടുപ്പു സഖ്യവും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണവുമടക്കം പ്രഖ്യാപിച്ച് അവർ ഒരുപാട് മുന്നോട്ടു പോയി. ഇതോടെ ഉത്തർ പ്രദേശിൽ മഹാഭൂരിപക്ഷം സീറ്റുകളും ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായി. കോൺഗ്രസിനു രണ്ടേ രണ്ടു  സീറ്റാണവർ മാറ്റിവെച്ചിരിക്കുന്നത്. എസ്.പി - ബി.എസ്.പിയോട് സൗഹൃദ മത്സരത്തിനാണ് കോൺഗ്രസ് തയാറെടുക്കുന്നത്. കോൺഗ്രസിന്റെ സാന്നിധ്യം എസ്.പി - ബി.എസ്.പി സഖ്യത്തിന്റെ വിജയത്തെ കാര്യമായി ബാധിക്കാനിടയില്ല. സമ്പത്തിക സംവരണ പ്രഖ്യാപനത്തിലൂടെയും ഇവരെ അകറ്റാൻ ബി.ജെ.പിക്കായില്ല. 80 സീറ്റുകളുള്ളതിൽ 57 ഉം ഈ സഖ്യം പിടിച്ചെടുക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് സർവേ. തെരഞ്ഞെടുപ്പിനു ശേഷം ഈ സഖ്യം കോൺഗ്രസിനൊപ്പം നിൽക്കുമെന്നുറപ്പ്. അതേസമയം ബി.ജെ.പി വിരുദ്ധ ശക്തികൾക്ക് ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ മായാവതി പ്രധാനമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം ഉന്നയിക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ദളിത് - പിന്നോക്ക നേതാക്കളൊക്കെ എസ്.പി - ബി.എസ്.പി സഖ്യത്തെ പിന്തുണച്ച് രംഗത്തുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സഖ്യത്തിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.  2014 ൽ ബി.എസ്.പിക്ക് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. എസ്.പിക്ക് വെറും 5 സീറ്റിലാണ് വിജയിക്കാൻ കഴിഞ്ഞത്. എൻ.ഡി.എ 73 സീറ്റിലും വിജയിച്ചിരുന്നു.
ഒരു കാര്യം എല്ലാവരും അംഗീകരിക്കുന്നു. ബി.ജെ.പിക്കെതിരായ ശക്തികൾ പരമാവധി ഏകീകരിക്കുകയാണെങ്കിൽ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം പ്രതിപക്ഷ പാർട്ടികൾക്ക് നടത്താനാകൂ. എന്നാൽ അതിനുള്ള സാധ്യത എത്രത്തോളമെന്ന് ഇപ്പോഴും ഉറപ്പില്ല. സാധ്യത കുറവാണെന്നു തന്നെ അനുമാനിക്കാം.  അടുത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങൾ പ്രതീക്ഷ നൽകുന്നു എങ്കിലും വിശാലമായ ഐക്യം ഇപ്പോഴും യാഥാർത്ഥ്യമല്ല. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന ശ്രമങ്ങളൊക്കെ എത്രത്തോളം വിജയിക്കുമെന്ന കാത്തിരുന്നു കാണണം. നായിഡുവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ 21 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. നേരത്തെ നടന്ന യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ദൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ യോഗത്തിനെത്തിയത് ശ്രദ്ധേയമായി. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, എ.കെ. ആന്റണി, ഗുലാംനബി ആസാദ്, ശരത് പവാർ, സീതാറാം യെച്ചൂരി, പി.കെ. കുഞ്ഞാലിക്കുട്ടി, ജോസ് കെ. മാണി, എൻ.കെ. പ്രേമചന്ദ്രൻ, തേജസ്വി യാദവ്, ഡി. രാജ, ഫാറൂഖ് അബ്ദുല്ല, ദേവഗൗഡ, സുധാകർ റാവു, ടി.ആർ. ബാലു തുടങ്ങിയവരും പങ്കെടുത്തിരുന്നു.  എന്നാൽ പ്രതിപക്ഷ ഐക്യത്തെ എന്തു വില കൊടുത്തും തകർക്കാനാണ് ബി.ജെ.പി നീക്കം. കർണാടകയിലെ മന്ത്രിസഭ മറിച്ചിടാനുള്ള പുതിയ നീക്കം ഒരുദാഹരണം മാത്രം.
അതേസമയം മോഡിയും അമിത് ഷായുമൊക്കെ ഭീതിയിൽ തന്നെയാണ്. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായ ശേഷം എൻ.ഡി.എ സഖ്യം വിട്ടുപോയത് വലുതും ചെറുതുമായ 16 പാർട്ടികളാണെന്ന സത്യം അവരെ ഭയപ്പെടുത്തുന്നുണ്ട്. 
അസം ഗണ പരിഷത്ത്,  ഹരിയാന ജൻഹിത് കോൺഗ്രസ്, മറുമലർച്ചി മുന്നേറ്റ കഴകം, ദേശീയ മുർപോക്ക് ദ്രാവിഡ കഴകം, പട്ടാളി മക്കൾ കച്ചി, ജനസേന പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ബോൾഷവിക്), സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ, സ്വാഭിമാന പക്ഷ്, ഹിന്ദുസ്ഥാൻ അവാം മോർച്ച, നാഗ പീപ്പിൾസ് ഫ്രണ്ട്, തെലുഗുദേശം പാർട്ടി, ഗൂർഖ ജന്മുക്തി മോർഛ, കർണാടക പ്രഗ്‌ന്യാവന്ത ജനതാ പാർട്ടി, രാഷ്ട്രീയ ലോക് സമത പാർട്ടി, വികാസീൽ ഇൻസാൻ പാർട്ടി, ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി തുടങ്ങിയ കക്ഷികളാണ് ഇതിനകം എൻ.ഡി.എയുമായുള്ള സഖ്യം ഉപേക്ഷിച്ചത്. വലിയ പാർട്ടികളല്ലെങ്കിലും ഈ പാർട്ടികളുടെ വിട്ടുപോകൽ ശുഭകരമായല്ല എൻ.ഡി.എ  നേതൃത്വം കാണുന്നത്. അതേസമയം നേതൃത്വത്തെ ചൊല്ലി പ്രതിപക്ഷത്തുണ്ടാകാൻ പോകുന്ന കശപിശയിലാണ് അവരുടെ പ്രതീക്ഷ.   മമത ബാനർജിയും മായാവതിയും ചന്ദ്രബാബു നായിഡുവും വന്ദ്യ വയോധികനായ ദേവഗൗഡ  പോലും പ്രധാനമന്ത്രിക്കുപ്പായം സ്വപ്‌നം കാണുന്നവരാണെന്ന് അവർക്കറിയാം. 
തെലങ്കാനയിലെ വിജയത്തിന് ശേഷം ടി.ആർ.എസ് ആകട്ടെ വലിയ ആവേശത്തിലാണ്. കോൺഗ്രസില്ലാത്ത ഒരു മുന്നണി എന്നതിലാണ് അവർ ഉറച്ചുനിൽക്കുന്നത്. മായാവതി, മമതാ ബാനർജി, അഖിലേഷ് യാദവ് എന്നിവരൊക്കെയുമായി  മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു അടുത്തിടപഴകുന്നുണ്ട്. ഈ നാലു പേർക്കുമുള്ള പ്രത്യേകത കോൺഗ്രസിന്റെ സഹായമില്ലാതെ തങ്ങളുടെ നാടുകളിൽ മുന്നോട്ട് പോകാനാവും എന്നതാണ്. തമിഴ്‌നാട്ടിലും ബി.ജെ.പിയെ പോലെ കോൺഗ്രസിനും വലിയ സ്വാധീനമൊന്നുമില്ലെന്ന് ഇവർക്കെല്ലാമറിയാം. ബിഹാറിൽ ആർ.എൽ.എസ്.പി എന്ന കക്ഷി ആർ.ജെ.ഡി സഖ്യത്തിൽ ചേർന്നതാണ് ഒരു നേട്ടമായി കോൺഗ്രസ് പറയുന്നത്. ഈ സംഭവ വികാസങ്ങലെല്ലാം ഉറ്റുനോക്കിയാണ് ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്. അഞ്ചു വർഷത്തെ ഭരണം ബി.ജെ.പിയുടെ ജനപ്രീതിയിൽ വളരെയധികം കുറവുണ്ടാക്കിയെന്നു വ്യക്തമാണ്. 925 ൽ രൂപീകരിക്കുമ്പോൾ 100 വർഷത്തിനുള്ളിൽ ഇന്ത്യ ഹിന്ദു രാഷ്ട്രമെന്നാണ് ആർ.എസ്.എസ് പ്രഖ്യാപിച്ചിട്ടുള്ളത്. ആ വർഗീയ ലക്ഷ്യം തകർക്കേണ്ടത് ജനാധിപത്യ  മതേതര വിശ്വാസികളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ് -പ്രത്യേകിച്ച് അതുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ. അതിനുള്ള അവസാന അവസരമാണ് 2019.

Latest News