Saturday , April   20, 2019
Saturday , April   20, 2019

ശരണ മുദ്രാവാക്യവും പുതയ്ക്കാനൊരു കൊടിയും

നമ്മുടെ സമര മുറകളിൽ കാര്യമായ മാറ്റം വരേണ്ട കാലം എന്നേ കഴിഞ്ഞു! പണിമുടക്കും ഹർത്താലുമൊക്കെ,  വീട്ടിൽ ടി.വി കണ്ടും റമ്മി കളിച്ചും ഇരിക്കുന്ന കാര്യമോർത്താൽ 'മധുരോദാരം' തന്നെ. പക്ഷേ എന്നും കഴിയില്ലല്ലോ. ജനുവരിയിൽ മൂന്നു ഹർത്താൽ എത്തിയപ്പോൾ തന്നെ നമ്മൾ അതു കണ്ടറിഞ്ഞു. ഒരു എതിരാളിയെ കണ്ടെടുത്തു, അല്ലെങ്കിൽ നമ്മൾ തന്നെ കളിമണ്ണുകൊണ്ടു കുഴച്ചെടുത്തു പ്രതിഷ്ഠിച്ച ശേഷം നടത്തുന്ന സമരമാണ് സമരം. എങ്കിലും പാൽപായസമായാലും ദിവസവും കുടിച്ചാൽ ചെടിക്കും.
അതിനൊരു ആശ്വാസമെന്നോണം, ഒരു പുതിയ ശകുനം മുടക്കിന്റെ വിത്ത് പാകിയിരിക്കുന്നു! പ്രധാൻ മന്ത്രി മോഡിജി കൊല്ലത്ത് ബൈപാസ് ഉദ്ഘാടനം ചെയ്യുന്ന വേള. എത്ര കഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം അങ്ങനെയൊരു വേദി സംഘടിപ്പിച്ചെടുത്തതെന്നത് പടച്ചോനു മാത്രമേ അറിയാവൂ; പിന്നെ കൊല്ലം എം.പിയായ പ്രേമചന്ദ്രനും. പിണറായി നോട്ടമിട്ടിരുന്ന ചടങ്ങാണ്. പക്ഷേ, കേന്ദ്ര ഭരണമെന്ന വജ്രായുധം തുണച്ചു. 'കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോകും, അയ്യോ, കാക്കച്ചി കൊത്തിപ്പോകും' എന്ന പഴയ സിനിമാ ഗാനം വന്നു പതിച്ചത് മുഖ്യന്റെ തലയിലായി.
പിണറായിയുടെ അധ്യക്ഷ പ്രസംഗത്തിനു മേമ്പൊടിയായി ശരണം വിളികേട്ടു. ഇനി ഇതൊരു മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ കാലത്ത് എല്ലാ തരം മന്ത്രിമാരുടെയും പിതാക്കന്മാരെ സ്മരിച്ചുകൊണ്ടാണ് മുദ്രാവാക്യങ്ങൾ കേട്ടിരുന്നത്. ഇപ്പോൾ കഷ്ടകാലം ശബരിമല വാസനാണ്. അങ്ങനെയെങ്കിലും പുത്തൻ മുദ്രാവാക്യങ്ങളും സമര മുറകളും ജനിക്കട്ടെ. നൂറു പൂക്കൾ വിരിയട്ടെ എന്നു ചൈനീസ് സഖാവ് പണ്ടു പറഞ്ഞതു പോലെയല്ല. ഭാരതത്തിന്റെ ചരിത്രവും സംസ്‌കാരവും ഉയർത്തിക്കൊണ്ടുവരുന്നവയായിരിക്കണം. പ്രധാൻമന്ത്രിജിക്ക് അക്കാര്യത്തിൽ നിർബന്ധമുണ്ട്. കമ്യൂണിസ്റ്റുകാർ അതിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയും ബൈപാസ് ഉദ്ഘാടന യോഗത്തിൽ മോഡിജി സൂചിപ്പിച്ചു. ചരിത്രവും സംസ്‌കാരവുമനുസരിച്ചാണോ ഉത്തരേന്ത്യയിൽ ഓരോന്നും നടക്കുന്നതും പത്രവാർത്തയാകുന്നതും എന്ന് ആരും ചോദിച്ചില്ല. പുത്തരിയിൽ കല്ലു കടിക്കണ്ട എന്നും കരുതിയാവില്ല, കല്ലുകടി കഴിഞ്ഞാണ് ഉദ്ഘാടന തീയതി ഉറപ്പിച്ചത്. അപ്പോൾ പിന്നെ പേടികൊണ്ടാകാം. ഏതായാലും അര മണിക്കൂർ യോഗത്തിൽ മുക്കാൽ മണിക്കൂർ വിവാദം എന്ന അവസ്ഥയുണ്ടായില്ല; ഭാഗ്യം!

****                       ****                         ****
പണ്ട് ജാംബവാന്റെ കാലത്തേ തുടങ്ങിയതാണ് മുന്നോക്ക സംവരണവാദം എന്നാണ് പെരുന്നയിലെ സുകുമാരൻ നായരുടെ വാക്കുകൾ കേട്ടാൽ തോന്നുക. അങ്ങോർ കേട്ടപാതി കേൾക്കാത്ത പാതി കേന്ദ്ര സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഒന്നും പേടിക്കാനില്ല, അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി പുഷ്പം പോലെ ജയിച്ചുകയറും. മേൽപടി നായർ ഇരു കക്ഷങ്ങളിലുമായി ഒതുക്കി നിർത്തിയിരിക്കുകയാണ് സംസ്ഥാന വോട്ടറന്മാരെ! കഴിഞ്ഞ കൊല്ലം വരെ മിണ്ടാപ്രാണിയായി നടന്ന നായർജി പെട്ടെന്ന് വാളും പരിചയുമായി രംഗത്തിറങ്ങുന്നതിനു കാരണമെന്താണ്? വെള്ളാപ്പള്ളി നടേശ ഗുരുവിന്റെ ശകാരങ്ങളോ? സംഘടനയിൽ തന്നെയുള്ള യുവാക്കളുടെ മുന്നേറ്റമോ?
രണ്ടുമല്ല, ശബരിമലയ്ക്കു പോകുന്നവർക്ക് ഒരു കൈത്താങ്ങു കൊടുത്താൽ, പിന്നീട് എട്ടുകാലി മമ്മൂഞ്ഞിന്റെ റോളിൽ ചുളുവിൽ കടന്നു കയറാം. മലർപ്പൊടി ചുമന്നു നടക്കുന്ന ബ്രാഹ്മണനെപ്പോലെ സ്വപ്‌നമായി കഴിഞ്ഞ ശ്രീധരൻ പിള്ളയും കൂട്ടർക്കും അതൊരു ആശ്വാസവുമാകും. 'നായയ്‌ക്കൊട്ടു കാര്യവുമില്ല, നായയ്ക്കിരിക്കാൻ നേരവുമില്ല' എന്ന മട്ടിൽ അസ്വസ്ഥമായി അങ്ങുമിങ്ങും നടക്കാം. കാഴ്ചക്കാർ നായർജിയാണ് ബി.ജെ.പി മുന്നണിയുടെ 'കിംഗ് മേക്കർ' എന്നു ധരിക്കുകയും ചെയ്യും. പക്ഷേ, നായർജിക്കൊരു വാശിയുണ്ട്, അത് ഒരു വെടിക്കു രണ്ടു പക്ഷിയെന്ന മട്ടിൽ ഏറ്റ ലക്ഷണമാണ്. കെ. സുരേന്ദ്രൻ എന്ന അടിതട മർമ്മജ്ഞനായ സംഘിനേതാവിനെ തിരുവനന്തപുരത്തു മത്സരിപ്പിക്കുകയാണെങ്കിൽ നായർ സൊസൈറ്റി ഒന്നടങ്കം പിന്തുണ നൽകുമത്രേ! കക്ഷി തോൽക്കാൻ ഇനി മറ്റൊന്നും വേണ്ട എന്നതാണ് സത്യം. എങ്കിലും പരിപാവനമായ പെരുന്നയിലെ മന്ദിരത്തിലെ ലൈറ്റില്ലാത്ത ഹാളിൽ വലതുകാൽ വെച്ചു കയറി അശുദ്ധമാക്കിയ ആ സിനിമക്കാരൻ സുരേഷ് ഗോപിക്കു സീറ്റില്ലാതാക്കാൻ കഴിഞ്ഞു. ദൽഹി നായരായ ശശി തരൂരിന് പിന്തുണ കൊടുക്കാതെയും കഴിഞ്ഞു. സുകുമാരൻ നായർ ആരാണ് മോൻ? ഹമ്പേ! 

****  **** ****
കെ. മുരളീധരന് ആരാണ് അഭയം? മുകളിലിരിക്കുന്നവൻ തന്നെ. എന്നുവെച്ചാൽ, ദൈവമാകാം, ദില്ലിയിലെ ഹൈക്കമാന്റുമാകാം. രണ്ടിലൊന്ന് എപ്പോഴും കൂടെയുണ്ട്. പണ്ട് പത്താം ക്ലാസ് പാസാകാൻ വളരെയേറെ ബുദ്ധിമുട്ടിയ വ്യക്തിയാണ്. ഇന്നും ബുദ്ധിമുട്ട് സഹിച്ചു തന്നെ ഓരോ ദിനവും തള്ളിവിടുന്നു. എന്നാലെന്ത്? നർമ മധുരമായ പ്രസ്താവനകൾ കൊണ്ട് അദ്ദേഹം നമ്മെ ആനന്ദ നൃത്തം ചവുട്ടിക്കാറുമുണ്ട്. പക്ഷേ, കമ്യൂണിസ്റ്റുകാർക്ക് ആ ബോധമില്ല. പണ്ടൊന്നും അവർ ചിരിക്കുകയില്ലായിരുന്നു. ദന്തമില്ലായ്മ കൊണ്ടാണെന്നേ മറ്റുള്ളവർ ധരിക്കൂ. പിന്നെപ്പിന്നെ കുറേശ്ശെ മന്ദഹസിച്ചു തുടങ്ങി. ഇപ്പോൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ചിരിക്കാൻ ഒരു മടിയുമില്ല. കെ. മുരളീധരൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനെ കോൺഗ്രസിലേക്കു ക്ഷണിച്ചു. കാപട്യ ലേശമില്ലാത്ത ഒരു ക്ഷണം. പക്ഷേ, പത്മകുമാർ ചെയ്തതോ? ചിരി, ചിരി വീണ്ടും ചിരി. മുരളീധരൻ ഇരിക്കുന്നിടത്തു സുരക്ഷിതനാണെന്ന് ആദ്യം ഉറപ്പിക്കൂ എന്നൊരുപദേശവും!
ഇത്തരം ക്ഷണങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്. സി.പി.ഐയെ മൊത്തവിലയ്ക്ക് കോൺഗ്രസിലേക്കു വരവു വെക്കാനുള്ള ആലോചന പോലും നടന്നിട്ടുണ്ട്. അതുപോട്ടെ, താൻ പിടിച്ച കൊടി തന്നെ മരിക്കുമ്പോൾ പുതച്ചു കിടക്കണമെന്നാണ് ആഗ്രഹമെന്നും ദേവസ്വക്കാരൻ പറഞ്ഞുകളഞ്ഞു! അടുത്ത തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പാർട്ടിയിൽ തന്നെ ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത ഒരു സഖാവാണ് പറഞ്ഞതെന്നോർക്കണം! ശബരിമലയിലെ ഉരുണ്ടുകളിയും ചിരിയും പ്രസിഡന്റ് കാണുന്നില്ല. പക്ഷേ, മുരളീധരൻ കാണുന്നുണ്ട്. അതാണ് പിന്നാലെ കമന്റടിക്കാതെ പുള്ളി രംഗത്തുനിന്നും മാറിയത്. പത്തനംതിട്ട സ്വദേശികളായ ചിലരെങ്കിലും പറയുന്നത് കുമ്മനം ചേട്ടൻ  നാട്ടിലില്ലാത്തതുകൊണ്ടാണ് പത്മകുമാർ ദേവസ്വവും ശബരിമലയുമായി കഴിയുന്നതെന്നാണ്. ചേട്ടനുണ്ടായിരുന്നെങ്കിൽ പ്രസിഡന്റു് പദം വലിച്ചെറിഞ്ഞു അനുജൻ പിന്നാലെ പോകുമായിരുന്നത്രേ! അല്ല, ഇതിനിടയിൽ എത്ര തവണ പത്മകുമാറിന്റെ രാജിവാർത്ത സമൂഹ മാധ്യമങ്ങളിൽ നിരന്നു കണ്ടു? എവിടെയോ എന്തോ പന്തികേടുണ്ട്. അവസാനം പുതച്ചുകിടക്കാനുള്ള കൊടി ഏതാണെന്ന് നിശ്ചയിക്കാൻ വരട്ടെ, സമയമുണ്ടല്ലോ!

****  **** ****
'വീണു കിടന്നാലും കാൽ മേലോട്ടിരുന്നോട്ടെ' എന്ന പ്രമാണക്കാരാണ് മാർക്‌സിസ്റ്റ് പാർട്ടി. അഖിലേന്ത്യാ പണിമുടക്കു ദിവസം സ്റ്റേറ്റ് ബാങ്കിന്റെ സ്റ്റാച്യൂ ബ്രാഞ്ചാപ്പീസ് അടിച്ചു തകർത്തവർ എൻ.ജി.ഒ യൂനിയൻകാരായ മാർക്‌സിസ്റ്റുകാരാണെന്ന് പകൽ പോലെ സത്യം. ഇപ്പോൾ ഓരോരുത്തരായി പോലീസിൽ 'പിടികൊടുത്തു'കൊണ്ടേയിരിക്കുന്നു. ഇങ്ങനെ പോയാൽ ഒരു വർഷമെടുക്കും, മൊത്തം പ്രതികൾക്കും ലോക്കപ്പിൽ കയറാൻ. പാർട്ടി രാഷ്ട്രീയത്തിലേക്കു കടന്നാലോ? കോൺഗ്രസുമായി പ്രാദേശിക സഖ്യം മാത്രമേ ആലോചിക്കുന്നുള്ളൂ എന്ന് യെച്ചൂരി. ബംഗാളിലെ സി.പി.എമ്മുകാർക്കാണെങ്കിൽ എത്രയും വേഗം കോൺഗ്രസുമായി ബാന്ധവം വേണം. അവർ കൈയിൽ രക്തഹാരവുമായി വഴിയരികിൽ ഉറക്കമിളച്ചു കാത്തു നിൽക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടര കഴിഞ്ഞു. ഇന്ദിരാഗാന്ധിയുടെ മാതാവിന്റെ സ്വദേശമായ യു.പിയിലാകട്ടെ, കോൺഗ്രസിനെ ആർക്കും വേണ്ട. രാഹുൽ ഗാന്ധി പറയുന്നതാണ് ബംഗാൾ ബാന്ധവത്തിൽ അന്തിമ തീർപ്പ്. ആദ്യം സ്വന്തം പാർട്ടിയിലെ നേതാക്കളെ ഒന്നിച്ചു നിർത്തിയിട്ടു പോരേ എന്നാണ് മറുചോദ്യം. നല്ല ശക്തിയുള്ള ചങ്ങല അന്വേഷിച്ചു നടക്കുകയാണ് -ഏവരെയും ഒന്നിച്ചു കെട്ടാൻ! പാവം കോൺഗ്രസ്!

Latest News