Saturday , April   20, 2019
Saturday , April   20, 2019

കർണാടകയിലെ പ്രശ്‌നങ്ങൾക്ക് ഇടവേള

ഇന്ത്യയിൽ ഭരണ മാറ്റത്തിന്റെ സൂചന നൽകിയ ആദ്യ തെരഞ്ഞെടുപ്പ് ഫലങ്ങളിലൊന്നാണ് കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിലെ സമ്പന്ന സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് സവിശേഷതകളേറെയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പിയായിട്ടും ഇലക്ഷന് ശേഷമുണ്ടാക്കിയ സഖ്യത്തിലൂടെയാണ് ജനതാദൾ - കോൺഗ്രസ് മന്ത്രിസഭ അധികാരമേറ്റത്. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ തന്ത്രങ്ങൾ നിഷ്പ്രഭമാക്കിയാണ് അധികാരമേറ്റതെന്ന സവിശേഷത കൂടിയുണ്ട്. ഭരണ സ്ഥിരതയില്ലായ്മയ്ക്ക് പണ്ടേ കുപ്രസിദ്ധമാണ് കർണാടക. മുൻ ഭരണത്തിൽ മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. 2013 മേയിലാണ്  സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അഞ്ച് വർഷം പൂർത്തിയാക്കിയാണ് അദ്ദേഹം പടിയിറങ്ങിയത്. ഇത് ഒരു ചരിത്ര നേട്ടമാണ്. നാൽപത് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഭരണ കാലാവധിയായ അഞ്ച് വർഷം പൂർത്തിയാക്കിയത്. 1972-1977 വരെ ഭരണ കാലാവധി പൂർത്തിയാക്കിയ ഡി. ദേവരാജാണ് ഇതിന് മുമ്പ് അവസാനമായി അഞ്ച് വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി. സിദ്ധരാമയ്യയെ പോലെ തന്നെ മൈസൂരുവിൽ നിന്നാണ് അദ്ദേഹവും നിയമസഭയിലെത്തിയത്. 1980 ന് ശേഷം ആർക്കും അഞ്ച് വർഷം പൂർത്തിയാക്കാൻ സാധിച്ചില്ല. കർണാടകയിൽ 19 സർക്കാരും നാല് തവണ പ്രസിഡന്റ് ഭരണവുമായിരുന്നു.  
കർണാടകയിലെ ഒളിവിലായിരുന്ന കോൺഗ്രസ് എം.എൽ.എമാർ തിരിച്ചെത്തിയതാണ് ഓപറേഷൻ ലോട്ടസിന് വിഘാതമായത്. ബി.ജെ.പിയുടെ കസ്റ്റഡിയിൽ നിന്ന് തിരിച്ചെത്തിക്കാൻ പ്രലോഭനങ്ങൾ ഏറെ വേണ്ടിവന്നുവെന്നാണ് ശ്രുതി. നാമമാത്ര ഭൂരിപക്ഷത്തിൽ മുന്നോട്ട് പോകുന്ന സർക്കാരിന് സമാന പ്രതിസന്ധികൾ ഇനിയും വന്നു കൂടായ്കയില്ല. തിരിച്ചെത്തിയവരെ മന്ത്രിയാക്കുമെന്നും അതല്ല, ആഡംബര കാറുകൾ സമ്മാനമായി നൽകുമെന്നെല്ലാം പറഞ്ഞു കേൾക്കുന്നു. 
ചൊവ്വാഴ്ച വൈകിട്ടോടെ രണ്ട്  സ്വതന്ത്ര എം.എൽ.എമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെയാണ് അനിശ്ചിതത്വ നാടകങ്ങൾ ആരംഭിച്ചത്. 
സ്വതന്ത്ര എം.എൽ.എമാരായ എച്ച്. നാഗേഷും ആർ ശങ്കറുമാണ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത്. ഇതോടെ ബി.ജെ.പിയുടെ ഓപറേഷൻ താമര ഫലിക്കുകയാണെന്ന പ്രതീക്ഷ താമര ക്യാമ്പിനുണ്ടായി.  ബുധനാഴ്ച രാവിലെയോടെ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ കൂടി സംസ്ഥാനത്ത് നിന്ന് അപ്രത്യക്ഷരായി. കോൺഗ്രസ് ക്യാമ്പിലെ ഏഴ് എം.എൽ.എമാർ ബി.ജെ.പിയിൽ എത്തിയെന്നും ഇവരെല്ലാവരും മുംബൈയിലെ റിസോർട്ടിൽ ബി.ജെ.പി നേതാക്കൾക്കൊപ്പം തുടരുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എം.എൽ.എമാരെ മടക്കിക്കൊണ്ടുവരാൻ മന്ത്രി ഡി.കെ. ശിവകുമാർ മുംബൈയിലേക്ക് തിരിച്ചിരുന്നു. അതിന് ശേഷമാണ് കോൺഗ്രസ് എം.എൽ.എ ഭീമാ നായിക് തിരിച്ചെത്തിയത്. താൻ ഗോവയിലായിരുന്നുവെന്നാണ് എം.എൽ.എയുടെ വിശദീകരണം. 
പാവത്തിന് നേതാക്കളുമായി മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചതുമില്ല. ജനുവരി 23 ന് കർണാടയിൽ ബി.ജെ.പി അധികാരത്തിൽ ഏറുമെന്ന് 
യെദിയൂരപ്പ ആവർത്തിക്കുന്നതിനിടെയാണ് ഈ തിരിച്ചു വരവെന്നതും ശ്രദ്ധേയമാണ്. സർക്കാർ താഴെ വീഴില്ലെന്ന ആത്മവിശ്വാസം എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച തന്നെ പ്രകടിപ്പിച്ചു.  നിലവിൽ 116 പേരുടെ പിന്തുണയാണ് കോൺഗ്രസ്-ജെ.ഡി.എസ് സർക്കാരിനുള്ളത്. കേവല ഭൂരിപക്ഷം നേടാൻ 106 എം.എൽ.എമാരുടെ പിന്തുണയാണ് വേണ്ടത്. 16 എം. എൽ.എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബി.ജെ.പിക്ക് അധികാരം നേടാൻ കഴിയുകയുള്ളൂ. അതിന് ഇനിയും പല നമ്പറുകളും പുറത്തിറക്കേണ്ടി വരും. 
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ദക്ഷിണേന്ത്യയിലേക്കുള്ള വാതിൽ കൂടിയാണ് കർണാടക. ആവനാഴിയിലെ സകല തന്ത്രങ്ങളും പയറ്റാനാണ് നീക്കം. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നും എം.എൽ.എമാരെ അടർത്തിയെടുക്കാൻ ബി.ജെ.പി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതു മുതൽ ശ്രമിച്ചിരുന്നു. 
മോഡി ഭരണം തുടങ്ങിയ ശേഷം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുകയുണ്ടായി. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് വിജയങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പുതുജീവൻ കൈവരിച്ചത്. പരാജയപ്പെട്ട ഉടൻ വാർ റൂം അടച്ചു പൂട്ടി നേതാക്കൾ പറന്നകലുകയെന്നതായിരുന്നു നേരത്തേയുള്ള ശീലം. ഇതിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന്റെ ദേശീയ നേതൃത്വം സട കുടഞ്ഞെഴുന്നേൽക്കുന്നതാണ് ഫലം വന്ന ഉടനെ ബംഗളൂരുവിൽ കണ്ടത്. മലയാളിയായ കെ.സി. വേണുഗോപാൽ എം.പിക്കാണ് കർണാടകയുടെ ചുമതല. പ്രശ്‌ന പരിഹാര ദൗത്യങ്ങൾക്കും ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയത് അദ്ദേഹത്തെയാണ്. 
ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പാണ് കർണാടകയിൽ നടന്നത്. 9500 മുതൽ 10,500 വരെ കോടിയാണ് തെരഞ്ഞെടുപ്പിന് വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾ ഒഴുക്കിയത്. ദൽഹി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസാണ് കണക്ക് തയാറാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഇരട്ടി തുകയാണ് കർണാടകയിൽ ചെലവായിരിക്കുന്നത്. ഇതേ രീതിയിൽ പോയാൽ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അറുപതിനായിരം കോടി വരെ ചെലവ് പ്രതീക്ഷിക്കാമെന്നാണ് കണക്കുകൂട്ടൽ. 
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 30,000 കോടി രൂപയായിരുന്നു ചെലവ്. കർണാടകയിലെ ഫലം ഒരു ചൂണ്ടുപലകയായിരുന്നു. ജനതാദളും കോൺഗ്രസും ഒരുമിച്ച് നിന്നപ്പോൾ ബി.ജെ.പി പൊടിപോലുമില്ല കണ്ടുപിടിക്കാനെന്ന പരുവത്തിലായി. പിന്നീട്  അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് സെമി ഫൈനൽ മത്സരങ്ങൾ നടന്നപ്പോഴും ബി.ജെ.പിക്ക് തിരിച്ചടിയായിരുന്നു. 
രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ഒന്നായി അണിനിരന്നാൽ ബി.ജെ.പിയെ  പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഈ വർഷം ആദ്യം നടന്ന ചില ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ  വ്യക്തമാക്കിയിരുന്നു. അതിനെ ഒന്നു കൂടി അരക്കിട്ടു ഉറപ്പിക്കുന്നതായിരുന്നു  കർണാടകയിലെ ഫലം.  ഗോരഖ്പുരിൽ നിന്നായിരുന്നു പ്രതിപക്ഷ ഐക്യത്തിന്റെ ചൂടിൽ ബി.ജെ.പിക്ക് ആദ്യമായി പൊള്ളലേറ്റത്. 28 വർഷം സംഘപരിവാറിന്റെ കുത്തക മണ്ഡലമായിരുന്ന, 19 വർഷം യോഗി ആദിത്യനാഥ് ലക്ഷങ്ങളുടെ ഭൂരിപപക്ഷത്തിൽ വിജയിച്ച മണ്ഡലം പ്രതിപക്ഷം പിടിച്ചെടുത്തപ്പോൾ ബി.ജെ.പിക്കത് കനത്ത തിരിച്ചടിയായി. സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന പ്രവീൺ കുമാറിനെ ബി.എസ്.പി പരസ്യമായും കോൺഗ്രസ് രഹസ്യമായും പിന്തുണച്ചപ്പോൾ 28 വർഷങ്ങൾക്ക് ശേഷം ആദ്യമായി മണ്ഡലത്തിൽ ബി.ജെ.പി  അടിപതറുന്നതാണ് കണ്ടത്. 
ഓപറേഷൻ ലോട്ടസ് ഇത്തവണ ചീറ്റിപ്പോയി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ രോഗബാധിതനായി ദൽഹി ആശുപത്രിയിൽ ചികിത്സയിലാണ്.
യെദിയൂരപ്പയുടെ കസ്റ്റഡിയിലുള്ള ബി.ജെ.പി എം.എൽ.എമാരെ കാണാനില്ലെന്നും സംസാരമുണ്ട്. ഈ എം.എൽ.എമാരിങ്ങനെ നഴ്‌സറി കുട്ടികളെ പോലെ പെരുമാറാൻ തുടങ്ങിയാൽ ദേശീയ രാഷ്ട്രീയ പാർട്ടികൾ എന്ത് ചെയ്യും? രണ്ട് റൗണ്ട് തോറ്റു കഴിഞ്ഞ ബി.ജെ.പി വെറുതെ ഇരിക്കുമെന്ന് കരുതേണ്ടതില്ല. 
പോർഷ് കാർ വേണ്ടവന് അതും ചെറിയ മാതിരി വിമാനം വേണ്ടവർക്ക് അതും നൽകാൻ ഏർപ്പാടുണ്ടാക്കി അടുത്ത സൂത്രവുമായി അവരെത്തുമെന്നത് തീർച്ചയാണ്. കർണാടകയിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചാൽ മധ്യപ്രദേശിന്റെ കാര്യത്തിൽ കൂടുതൽ വീര്യത്തോടെ കരുനീക്കം നടത്താൻ അവർക്കത് പ്രചോദനമാവും. 
ഹിന്ദി ഹൃദയ ഭൂമിയായ മധ്യപ്രദേശിൽ നീണ്ട  15 വർഷത്തെ ഭരണം നഷ്ടപ്പെട്ടത് ബി.ജെ.പിയുടെ അഭിമാനത്തിനേറ്റ കനത്ത ആഘാതമാണ്. 
230 അംഗ നിയമസഭയിൽ 114 സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെപി നേടിയത് 109 സീറ്റുകളും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം കോൺഗ്രസിന് ലഭിച്ചില്ല. ഇതോടെ ബി.എസ്.പിയുടെ രണ്ട്  എം.എൽ.എമാരെയും എസ്.പിയുടെ ഒരു എം.എൽ.എയെയും നാല് സ്വതന്ത്രരെയും കൂട്ടി സഖ്യകക്ഷി സർക്കാർ രൂപീകരിക്കുകയായിരുന്നു. കോൺഗ്രസിനൊപ്പം നിൽക്കുന്ന ചെറിയ കക്ഷികളെയല്ല ബി.ജെപി നോട്ടമിടുക. കോൺഗ്രസ് എം.എൽ.എമാരെ തന്നെയായിരിക്കും. ഇതു തന്നെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആശങ്കയും. 

Latest News