Monday , June   17, 2019
Monday , June   17, 2019

പള്ളിയില്‍ പോകാന്‍ വിടാതെ പാത്രം കഴുകിച്ചു; ഹില്‍ട്ടണ്‍ ഹോട്ടല്‍ വന്‍തുക നഷ്ടം നല്‍കണം

ഫ്‌ളോറിഡ- ചര്‍ച്ചില്‍ പോകാന്‍ അനുവദിക്കാതെ ഞായറാഴ്ചയും പാത്രം കഴുകിച്ച ജോലിക്കാരിക്ക് ഹില്‍ട്ടണ്‍ ഹോട്ടല്‍ ഉടമ 21.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കയിലെ ഫെഡറല്‍ ജൂറി ഉത്തരവിട്ടു. ഞായറാഴ്ച ജോലിയെടുപ്പിച്ചിതിനാല്‍ ജോലിക്കാരിയുടെ മതവിശ്വാസത്തെ മാനിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
ഹില്‍ട്ടണ്‍ മുന്‍ ജോലിക്കാരിയും മിഷണറി പ്രവര്‍ത്തകയുമായ ജീന്‍ മാരി പിയറിയെന്ന 60 കാരിയാണ് കോടതിയില്‍ പൊരുതി അനുകൂല വിധി സമ്പാദിച്ചത്. മിയമി കൊണാര്‍ഡിലാണ് ഇവര്‍ പത്ത് വര്‍ഷം ജോലി ചെയ്തത്. 2015 ല്‍ ആറു ഞായറാഴ്ചകളില്‍ ചര്‍ച്ചില്‍ പോകാന്‍ അനുവദിതെ ജീന്‍ മാരിയെ ജോലിയെടുപ്പിച്ചതാണ് നിയമയുദ്ധത്തിലെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് 2016 മാര്‍ച്ചില്‍ ഇവരെ കമ്പനി പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവര്‍ എന്തിനാണ് ഞായറാഴ്ച തന്നെ അവധി വേണമെന്ന് വാശി പിടിച്ചിരുന്നതെന്ന് അറിയില്ലെന്നാണ് ഹില്‍ട്ടണ്‍ അധികൃതര്‍ കോടതിയില്‍ ബോധിപ്പിച്ചത്. അപ്പീല്‍ പോകുമെന്നാണ് ഹോട്ടല്‍ കമ്പനി അറിയിച്ചിരിക്കുന്നത്.