Monday , February   18, 2019
Monday , February   18, 2019

കുവൈത്തില്‍ കഫാല വ്യവസ്ഥ ഉടന്‍ നിര്‍ത്തലാക്കിയേക്കും

കുവൈത്ത് സിറ്റി- രാജ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ നിര്‍ത്തലാക്കാന്‍ നീക്കം. വിദേശികള്‍ക്ക് കുവൈത്തില്‍ ജോലി ചെയ്യണമെങ്കില്‍ ഏതെങ്കിലും കഫീലിന് കീഴില്‍ മാത്രമേ സാധ്യമാകു എന്ന അവസ്ഥക്കാണ് മാറ്റം വരാന്‍ പോകുന്നത്. ഇക്കാര്യം അന്തിമമായി തീരുമാനിക്കാന്‍ സാമ്പത്തിക വികസന സഹമന്ത്രി മറിയം അല്‍ അഖീലിന്റെ നേതൃത്വത്തില്‍ മന്ത്രി തല സമിതി യോഗം ചേരും.

ജനസംഖ്യയിലേയും തൊഴില്‍ വിപണിയിലേയും അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കഫാല വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് കുവൈത്തിലെ മനുഷ്യാവകാശ സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയാണ്. കഫാല സംവിധാനം അടിമ ജോലിയെ മറ്റൊരു വിധത്തില്‍ പുനരാനയിക്കുകയാണെന്നാണ് അവരുടെ വിമര്‍ശം.

വിസ കടത്ത് തടയാനുള്ള മറ്റ് മാര്‍ഗങ്ങളെല്ലാം പരാജയപ്പെട്ടിരിക്കെ കഫാല സംവിധാനം റദ്ദാക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിന് അനുകൂല മനസ്സാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കഫാല വ്യവസ്ഥ റദ്ദാക്കുന്നത്  രാജ്യാന്തര തൊഴില്‍ സംഘടനയിലും അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകളിലും കുവൈത്തിന്റെ സ്ഥാനം ഉയരാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ കരുതുന്നുണ്ട്.

കഫാല സംവിധാനം ഇല്ലാതായാല്‍ പകരം വരുന്നത്, സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്ന വിധത്തിലുള്ളതായിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സ്വകാര്യ മേഖലയിലെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളില്‍നിന്നടക്കം വിദേശികളെ ഒഴിവാക്കാന്‍ നീക്കമുണ്ടാകും. അഞ്ചു വര്‍ഷത്തിനകം പൊതുമേഖലയില്‍നിന്ന് വിദേശികളെ പൂര്‍ണമായി ഒഴിവാക്കി കുവൈത്തികളെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

Latest News