Tuesday , April   23, 2019
Tuesday , April   23, 2019

ചാന്ദ്‌നി വീണ്ടുമെത്തുന്നു

ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ചിരുന്ന ചാന്ദ്‌നി തിരിച്ചെത്തുന്നു. കെ.എൽ10 പത്ത്, ഡാർവിന്റെ പരിണാമം, സി.ഐ.എ തുടങ്ങിയ ചിത്രങ്ങളിലെ നായികയായിരുന്ന ചാന്ദ്‌നി തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
പരസ്യചിത്രങ്ങളുടെ സംവിധായകനായിരുന്ന ബിലഹരിയുടെ ആദ്യസംരംഭമായ അള്ള് രാമചന്ദ്രനിലൂടെയാണ് ചാന്ദ്‌നി മലയാള സിനിമയിൽ തിരിച്ചെത്തുന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി. 
അമേരിക്കയിലെ ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ ചാന്ദ്‌നിയുടെ വേരുകൾ ഉത്തര മലബാറിലാണ്. അച്ഛൻ കണ്ണൂരുകാരനും അമ്മ കാസർകോടുകാരിയും. കുട്ടിക്കാലംതൊട്ടേ നൃത്തപഠനം തുടങ്ങിയ ചാന്ദ്‌നി നല്ലൊരു നർത്തകി കൂടിയാണ്. സംഗീതവും അഭ്യസിച്ചിട്ടുണ്ട്.
അള്ള് രാമചന്ദ്രനിൽ ഒരു സാധാരണ വീട്ടമ്മയായ വിജിയുടെ വേഷത്തിലാണ് ചാന്ദ്‌നിയെത്തുന്നത്. ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ വേഷം. സാരിയുടുത്ത് സിന്ദൂരമണിഞ്ഞ് ആരെന്തു പറഞ്ഞാലും അപ്പടി വിശ്വസിക്കുന്ന തനി നാടൻ കഥാപാത്രം.
ഒരുപാടുകാലത്തെ മോഹസാഫല്യം കൂടിയാണിതെന്ന് ചാന്ദ്‌നി പറയുന്നു. കുഞ്ചാക്കോ ബോബന്റെ നായികയായി വേഷമിടണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ ചാക്കോച്ചനാണ് നായകനെന്ന് പറഞ്ഞിരുന്നില്ല. ചിത്രീകരണം തുടങ്ങുന്നതിനു കുറച്ചു ദിവസം മുമ്പാണ് അതറിഞ്ഞത്. ഞങ്ങൾ തമ്മിലുള്ള ആദ്യസീൻ തന്നെ അദ്ദേഹം എന്നോട് ദേഷ്യപ്പെടുന്നതായാണ്. ഷോട്ടിനു തൊട്ടുമുമ്പാണ് അദ്ദേഹത്തെ കാണുന്നത്. പരിചയപ്പെട്ടെങ്കിലും കഥാപാത്രത്തിന്റെ മൂഡിലായിരുന്നതിനാൽ കൂടുതൽ അടുക്കാനായില്ല. അദ്ദേഹത്തിന്റെ വഴക്കു കേട്ടുകൊണ്ട് തുടങ്ങിയെങ്കിലും ഇപ്പോൾ ഞങ്ങൾ തമ്മിൽ നല്ല സഹകരണമാണ്.
സൂര്യാ ടി.വി സംപ്രേഷണം ചെയ്ത ബിഗ് ബ്രെയ്ക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ക്യാമറയ്ക്കു മുന്നിലെത്തുന്നത്. ലാൽജോസ് സാർ വിധികർത്താവായെത്തിയ ആ ഷോയിൽ വിജയിയായി. ഷോയിലെ മികച്ച പ്രകടനമാണ് തമിഴ് സിനിമയിലേയ്ക്ക് അവസരമൊരുക്കിയത്.
അയ്ന്ത് അയ്ന്ത് അയ്ന്ത് എന്ന ചിത്രത്തിൽ  ലിയാനാ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് അവതരിപ്പിച്ചത്. തമിഴിൽ ചാന്ദ്‌നിയായിരുന്നില്ല. മൃതികയെന്ന പേരിലാണ് അറിയപ്പെട്ടത്. അടുത്ത ക്ഷണം തെലുങ്കിൽനിന്നുമായിരുന്നു. ചക്കിലിഗിന്ത എന്ന ചിത്രത്തിൽ അബന്തിക എന്ന ഹിന്ദു പെൺകുട്ടിയായി വേഷമിട്ടു. സുമന്ത് അശ്വിനായിരുന്നു നായകൻ. പുതുമയ്ക്കുവേണ്ടി ഇവിടെയും രഹ്ന എന്ന പേരിലായിരുന്നു അഭിനയിച്ചത്.
തുടർന്നായിരുന്നു മലയാളത്തിലെ പരീക്ഷണം. മുഹ്‌സിൻ പെരാരിയുടെ കെ.എൽ.10 പത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയുടെ വേഷമായിരുന്നു. അതിന് കാരണമായത് ഒരു ഫേസ്ബുക്ക് പോസ്റ്റാണ്. ലാൽജോസ് സാർ നിർമ്മിക്കുന്ന ചിത്രത്തിലേയ്ക്ക് ഒരു നായികയെ വേണമെന്ന്. ലാൽജോസ് സാറിന്റെ പേരു കണ്ടപ്പോൾ മറ്റൊന്നുമാലോചിച്ചില്ല. ഫോട്ടോ അയച്ചുകൊടുത്തു. പിന്നീട് ഒഡീഷൻ കഴിഞ്ഞു. സിനിമയിലെത്തി.
സിനിമ പുറത്തിറങ്ങിയപ്പോൾ നല്ല പ്രതികരണമായിരുന്നു. കോഴിക്കോട്ടുകാരിയായാണ് വേഷമിട്ടത്. അതുകൊണ്ടുതന്നെ ആ ഭാഷയിലായിരുന്നു സംസാരം. തൃശൂർ, എറണാകുളം തുടങ്ങി തെക്കൻ ദേശത്തുള്ളവർക്ക് ചിത്രത്തിലെ സംസാരവും അതിലെ തമാശയുമൊന്നും ആദ്യം മനസ്സിലായില്ല. അവരെല്ലാം വീണ്ടും ചിത്രം കണ്ടാണ് കാര്യങ്ങൾ മനസ്സിലാക്കിയത്.
കണ്ണൂരിലാണ് ജനിച്ചതെങ്കിലും ചാന്ദ്‌നി പഠിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലായിരുന്നു. അഛൻ ശ്രീധരൻ സുരേന്ദ്രനും അമ്മ രജനി സുരേന്ദ്രനും നൽകുന്ന പിന്തുണയാണ് കരുത്ത്. നൃത്തത്തിൽ മാത്രമല്ല, സംഗീതത്തിലും തല്പരയാണ്. നന്നായി പാട്ടുപാടും. റിയാലിറ്റി ഷോയിലെ വിജയത്തിനു പിന്നിൽ  നൃത്തവും സംഗീതവും കൂട്ടിനുള്ളതായിരുന്നു. സിനിമയിലേയ്ക്കുള്ള കടന്നുവരവിനും ഇത് കാരണമായി.
ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്, ദുൽഖർ തുടങ്ങിയവരോടൊപ്പം നായികാവേഷം അവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചാന്ദ്‌നി. മൂന്നുപേരും വ്യത്യസ്തമായ അഭിനയ ശൈലിയുള്ളവരാണ്. ചാക്കോച്ചനാകട്ടെ അവരിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്. ഉണ്ണി മുകുന്ദനുമായുള്ള ആദ്യചിത്രത്തിൽ ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു. ഡാർവിന്റെ പരിണാമത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ചപ്പോൾ അൽപം ഭയമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം എല്ലാവരെയും കംഫർട്ടബിളാക്കി. സി.ഐ.എയിലെത്തിയപ്പോൾ ദുൽഖറും എല്ലാവരോടും വളരെ നന്നായാണ് പെരുമാറിയത്.
പുതിയ ചിത്രത്തിന് ഇത്രയധികം ഇടവേള വന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാണ്. സെമസ്റ്റർ തുടങ്ങിയപ്പോൾ അത് പൂർത്തിയാകുന്നതുവരെ അമേരിക്കയിൽ തന്നെ തങ്ങേണ്ടിവന്നു. ബാച്ചിലർ ഓഫ് സൈക്കോളജിയും ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനും പഠിച്ചു. രണ്ടു ഡിഗ്രി കോഴ്‌സാണത്. ഇപ്പോൾ പഠനം പൂർത്തിയായി. ഇനി സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
ഏഴുവയസ്സു മുതൽ അമേരിക്കയിലാണ് ജീവിതം. അച്ഛൻ സോഫ്റ്റ്‌വെയർ എൻജിനീയറാണ്. വീട്ടിൽ ഞങ്ങൾ മലയാളമാണ് സംസാരിക്കുന്നത്. ഞാനും അനുജൻ ഗോപാലും മലയാളം പഠിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. പഠനവും ജീവിതവും അമേരിക്കയിലായതിനാണ് സിനിമയിൽ സജീവമാകാൻ കഴിയാതിരുന്നത്. ഇനി കേരളത്തിൽതന്നെ താമസിച്ച് കൂടുതൽ സിനിമകളിൽ അഭിനയിക്കണം.
സിനിമാഭിനയത്തോട് വീട്ടുകാർക്ക് യാതൊരു എതിർപ്പുമുണ്ടായിരുന്നില്ല. ഞങ്ങളുടെ ഇഷ്ടത്തിനായിരുന്നു എപ്പോഴും മുൻതൂക്കം. സിനിമയിലേയ്ക്ക് അവസരം വന്നപ്പോഴും എല്ലാവർക്കും സന്തോഷമായിരുന്നു. കാരണം എല്ലാവർക്കും ഇത്തരം ഒരു അവസരം ലഭിക്കണമെന്നില്ല. അതിനാൽ അഭിനയിക്കണമെന്നുതന്നെയായിരുന്നു അവരുടെ അഭിപ്രായം. അഭിനയിച്ച സിനിമ റിലീസ് ചെയ്യുമ്പോൾ എന്നേക്കാൾ ആകാംക്ഷ അച്ഛനും അമ്മയ്ക്കുമായിരുന്നു. അമേരിക്കയിലും മലയാള ചിത്രങ്ങൾ റിലീസ് ചെയ്യാറുണ്ട്. പക്ഷേ, എന്റെ സിനിമകൾ ഞങ്ങൾക്കൊന്നിച്ച് കാണാൻ കഴിഞ്ഞിട്ടില്ല. ആ അവസരത്തിൽ ഞാൻ നാട്ടിലായിരിക്കും.
സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും ഒരു ഗായികയായിത്തീരണം എന്നാഗ്രഹിച്ചിട്ടില്ല. എങ്കിലും അവസരം വന്നാൽ ശ്രമിക്കുകതന്നെ ചെയ്യും. 
അമേരിക്കയിലെ ചില പ്രോഗ്രാമുകളിൽ പാട്ടുകൾ പാടാറുണ്ട്. സിനിമയിൽ പാടാൻ ഇതുവരെ ആരും വിളിച്ചിട്ടില്ല. ഇപ്പോൾ അഭിനയത്തിനാണ് മുൻതൂക്കം നൽകുന്നത്.

Latest News