Saturday , April   20, 2019
Saturday , April   20, 2019

സമൂഹ മാധ്യമം വെള്ളരിക്കാ പട്ടണമല്ല; മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ് മാതൃകയാക്കണം

പാർട്ടിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന കെ. പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സ്വന്തം പാർട്ടിക്കാർക്ക് നൽകിയ മുന്നറിയിപ്പ് മറ്റു സംഘടനകൾക്കും മാതൃകയാക്കാവുന്നതാണ്. കാരണം അത്ര കണ്ട് തരംതാണുപോയിരിക്കുന്നു ഈ രംഗം.  എതിർപക്ഷത്തുള്ള വരെയും, തനിക്ക് ഇഷ്ടമില്ലാത്ത എല്ലാറ്റിനെയും എന്ത് തരം മലിന  വാക്കുകൾ  കൊണ്ടും നേരിടാം എന്ന പൊതുബോധമാണ് സാമൂഹ്യ മാധ്യമ മേഖലയെ നയിക്കുന്നത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എതിർ പാർട്ടിക്കാരിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന തെറി വാക്കുകളുടെ കാഠിന്യം ക്രോഡീകരിച്ച് തന്റെ മുഖ പുസ്തകത്തിലിട്ടത് പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവിയും വി.എസ്. അച്യുതാനന്ദന്റെ  മുൻ സഹചാരിയുമായ  കെ.എം. ഷാജഹാനാണ് .  ''പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ പോസ്റ്റിന്റെ തുടക്കത്തിലെ ചില പരാമർശങ്ങൾ വായിക്കരുത് എന്നപേക്ഷ.
നവോത്ഥാന നായകനായ പിണറായി വിജയന്റെ വത്സല ശിഷ്യന്മാരായ സി.പി .എമ്മുകാർ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ച് സാമൂഹ്യ മാധ്യമത്തിൽ നടത്തിയിരിക്കുന്ന പരാമർശങ്ങളുടെ ചില സാമ്പിളുകളാണ് ഇനി കൊടുത്തിരിക്കുന്നത്   എന്ന ആമുഖത്തോടെ ഷാജഹാൻ എടുത്തുദ്ധരിച്ച ചെന്നിത്തല വിരുദ്ധ പരാമർശങ്ങൾ പുനഃപ്രസിദ്ധീകരിക്കാൻ അൽപമെങ്കിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന, നിയമ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്തെയും മാധ്യമങ്ങൾക്ക് സാധിക്കില്ല. പിന്നെയെങ്ങനെയാണ് ഇതുപോലുള്ള അരുതായ്മകൾ ഒരു തടസ്സവുമില്ലാതെ തുടരുന്നത്? അതിന് ഒരുത്തരമേയുള്ളൂ -ആരും പരാതിപ്പെടാത്തതിനാൽ. പരാതിപ്പെട്ടാൽ കേസാകും. അതിനുള്ള തെളിവുകൾ നിരവധി. മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച സോഷ്യൽ മീഡിയാ  മനോരോഗികളെ ഏത് വിധത്തിലാണ് കേരളത്തിന്റെ പോലീസ് സംവിധാനം കൈകാര്യം ചെയ്തതെന്ന് നാടിന് ബോധ്യപ്പെട്ടതാണ്. പിണറായി വിജയനെ അവഹേളിച്ചാൽ വേദനിക്കുന്ന അനുയായികൾ ആ പാർട്ടിയിൽ ഉള്ളതുകൊണ്ടാണ് ആ നിലക്കുള്ള പരാതികളും പോലീസ് നടപടിയും. ഇപ്പോഴിതാ ഷാജഹാനെ പോലുള്ളവരുടെ  നിലപാട് പ്രകോപനമായതിനാലാകാം രമേശ് ചെന്നിത്തലയുടെ ഓഫീസും ഉണർന്നിരിക്കുന്നു.
പ്രതിപക്ഷ നേതാവിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ  അപകീർത്തികരമായ  സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ  നടപടി ആവശ്യപ്പെട്ട്  ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയതായി ഔദ്യോഗിക അറിയിപ്പ് വന്നു കഴിഞ്ഞു. 
ചെന്നിത്തലയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയും അപകീർത്തികരമായ   സന്ദേശങ്ങൾ  പ്രചരിപ്പിച്ചവർക്കെതിരെ  നിയമ നടപടി സ്വീകരിക്കണമെന്നതാണ് പരാതിയിലെ ആവശ്യമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ നിന്നറിയിച്ചത്.  പ്രസ്തുത പരാതിക്കാധാരമായ പല ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും പ്രതിപക്ഷ നേതാവിന്റെ ചിത്രം മോർഫ് ചെയ്താണ് ഉൾപ്പെടുത്തിയതെന്ന് പരാതിയിലുണ്ട്.  മാത്രമല്ല, അത്യന്തം പ്രകോപനപരവും സാമുദായിക സ്പർധ വളർത്തുന്ന രീതിയിലുമുള്ള കമന്റുകളുമാണ് പല പോസ്റ്റുകളിലും ഉള്ളതെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.  
അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ പരത്തുന്നതും അങ്ങേയറ്റം നിയമ വിരുദ്ധവുമായ ഇത്തരം പോസ്റ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുള്ള സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ  നേതാവിന്റെ ഓഫീസ് പരാതി നൽകിയത്.
'മുഖ്യമന്ത്രിയെ പോലെ തന്നെ ഉന്നതമായ ഒരു ഭരണഘടനാ സ്ഥാപനമാണ് പ്രതിപക്ഷ നേതാവിന്റേതും. മുഖ്യമന്ത്രിയെ സാമൂഹ്യ മാധ്യമത്തിൽ അധിപേക്ഷിച്ചതിനെതിരെ സസ്‌പെൻഷൻ, അറസ്റ്റ് എന്നിവ റിപ്പോർട്ട് ചെയ്യാത്ത ദിവസങ്ങളില്ല.
എന്നാൽ പ്രതിപക്ഷ നേതാവിനെ സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിനെതിരെ ഒരാൾക്കെതിരെ പോലും നടപടിയെടുത്തതായി മാധ്യമങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല.
അതുകൊണ്ട് നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവുമായ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവിനെതിരെ പോലും കേട്ടാലറക്കുന്ന പുളിച്ച പച്ചത്തെറിയും അസഭ്യങ്ങളും ജാതി അധിക്ഷേപവും നടത്തുന്ന നിങ്ങളുടെ ശിഷ്യന്മാരായ സി.പി.എമ്മുകാരെ ആദ്യം സഭ്യമായ ഭാഷയും മര്യാദയോടെയുള്ള പെരുമാറ്റവും എന്തെന്ന് പഠിപ്പിക്കൂ! എന്നിട്ടാവാം നവോത്ഥാനം, ഭരണഘടന സംരക്ഷിക്കൽ, ലിംഗനീതി,
സ്ത്രീപുരുഷ സമത്വം എന്നിവക്കായുള്ള തീക്ഷ്ണമായ പോരാട്ടം'. ഇതാണ് ഷാജഹാന്റെ പോസ്റ്റിലെ  കടുത്ത സി.പി.എം വിമർശം ഉൾക്കൊള്ളുന്ന ആവശ്യം. ഒരു മുൻ സി.പി.എമ്മുകാരനിൽ  നിന്ന് ഈ വിധത്തിൽ ആവശ്യമുയർന്നപ്പോഴെങ്കിലും  പ്രതിപക്ഷ നേതാവിന്റെ ഓഫീസ്  പരാതി കൊടുക്കാൻ തയാറായത് നന്നായി. ചെന്നിത്തലക്കെതിരെ അമാന്യമായ പോസ്റ്റിട്ടവരിൽ സി.പി.എമ്മിന്റെ മുന്നണിപ്പോരാളികളായ നവ മാധ്യമക്കാരും ഉൾപ്പെടുന്നുണ്ട്. ഇവർക്കെതിരെയൊക്കെ കേസെടുക്കാനും നടപടി സ്വീകരിക്കാനുമൊക്കെ സാധിക്കുമോ? കഴിഞ്ഞാൽ ഈ രംഗം കുറെയൊക്കെ ശുദ്ധമാകും. 
ഹിന്ദു വിശ്വാസി സമൂഹത്തെ അവഹേളിക്കുന്ന തരത്തിൽ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട പ്രമുഖ സിനിമാ സംവിധായകനായ പ്രിയനന്ദനെതിരെ പരാതി പോയപ്പോൾ ബന്ധപ്പെട്ട പോസ്റ്റ് തൽക്ഷണം പിൻവലിക്കേണ്ടി വന്നത് ഇക്കഴിഞ്ഞ ദിവസമാണ്.  സൈബർ ലോകം വെള്ളരിക്കാ പട്ടണമല്ലെന്നും കർശനമായ നിയമ വ്യവസ്ഥകളുള്ള ഇടമാണെന്നും  ആളുകൾക്ക് ബോധ്യം വന്നാൽ  അരുതായ്മകളിൽ മുഴുകുന്നവർ   സ്വയം മാറി പോയിക്കൊള്ളും.
എല്ലാ കക്ഷിക്കാരും സമൂഹവും യോജിച്ചു നിന്നാൽ സൈബർ ഞരമ്പു രോഗികൾ ഒന്നുമല്ലെന്ന് മുഖ്യമന്ത്രിക്കെതിരെ വന്ന പരാതികളിലെ  നടപടി തെളിയിച്ചു തരുന്നുണ്ട്. 
കോൺഗ്രസുകാർ  പരസ്പരം സമൂഹ മാധ്യമം യുദ്ധ ഇടമാക്കുന്നതിനെ നേരിടാനാണ് ആ പാർട്ടി പുതിയ സംവിധാനമേർപ്പെടുത്തിയിരിക്കുന്നത്. വിഭാഗീയ പ്രവർത്തനങ്ങൾക്കും ഗ്രൂപ്പ് പ്രവർത്തനങ്ങൾക്കും സമൂഹ മാധ്യമങ്ങളെ ഉപയോഗിക്കാൻ പാടില്ല. സൈബർ നിയമങ്ങൾക്ക് വിധേയമായും സഭ്യമായ ഭാഷയിലുമാകണം പ്രതികരണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി തന്റെ അണികളെ ഓർമിപ്പിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായി വല്ലതും ശ്രദ്ധയിൽ പെട്ടാൽ സംസ്ഥാന കോ-ഓഡിനേറ്റർ അനിൽ ആന്റണിയുടെ (എ.കെ. ആന്റണിയുടെ മകൻ) നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. 29 അംഗങ്ങളുൾക്കൊള്ളുന്നതാണ് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയാ സെൽ.  ഇത്തരം സംവിധാനങ്ങൾക്ക്  കണ്ടെത്താൻ പറ്റാത്തതായി സോഷ്യൽ മീഡിയയിൽ ഒന്നുമില്ലെന്ന്  ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും കട്ട് ആന്റ് പേസ്റ്റ് മാത്രം ചെയ്യാനറിയുന്ന അൽപജ്ഞാനികളാണ്  ഓർക്കേണ്ടത്.  

Latest News