Thursday , April   25, 2019
Thursday , April   25, 2019

രാജ്യദ്രോഹികളെ കണ്ടെത്താന്‍ 24 മണിക്കൂര്‍; ഫേസ്ബുക്കും വാട്‌സാപ്പും സമ്മര്‍ദത്തില്‍

ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ പുതിയ നടപടികള്‍ പ്രഖ്യാപിച്ചിരിക്കെ ഫേസ് ബുക്കും വാട്‌സാപ്പും ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ കടുത്ത സമ്മര്‍ദത്തില്‍. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയേയും ബാധിക്കുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ 24 മണിക്കൂറിനകം നീക്കിയിരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ പുതിയ ഐ.ടി മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കാതെ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് മുന്നോട്ടു പോകാനാവില്ല. കഴിഞ്ഞ വര്‍ഷം മേയില്‍ ഡാറ്റ ചോര്‍ത്തുന്നതിനെതിരെ സ്വകാര്യതയുടെ സംരക്ഷണം മുന്‍ നിര്‍ത്തി യൂറോപ്യന്‍ യൂനിയന്‍ രൂപം നല്‍കിയ ജനറല്‍ ഡാറ്റ പ്രൊട്ടക്്ഷന്‍ റഗുലേഷനോട് (ജിഡിപിആര്‍) സ്വീകരിച്ച അതേ സമീപനം ഇന്ത്യന്‍ നിയമങ്ങളോടും സമൂഹ മാധ്യമങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവരും.

ഒരു ഭാഗത്ത് ഇന്ത്യയിലെ വലിയ വിപണി സാധ്യത മുതലെടുക്കാന്‍ ശ്രമിക്കുന്ന സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ മറുഭാഗത്ത് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതില്‍ പരാജയമാണെന്ന് ഇന്ത്യയിലെ പ്രശസ്ത സൈബര്‍ നിയമ വിദഗ്ധന്‍ പവന്‍ ദുഗ്ഗല്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ശരിയായ ദിശയിലുള്ളതാണെന്നും സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ കൂടിയായ അദ്ദേഹം പറയുന്നു. ഇതുവരെ ഇന്ത്യയിലെ നിയമങ്ങളെ മൃദുവായി കണ്ടിരുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇനി എന്തു ചെയ്യണമെന്ന് കണ്ടറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം സ്വകാര്യതയേയും വാര്‍ത്താവിനിമയ സുരക്ഷയേയും ബാധിക്കുമെന്നാണ് ടെക്‌നോളജി അഭിഭാഷകനും സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ ഡയരക്ടറുമായ പ്രശാന്ത് സുഗതന്‍ ചൂണ്ടിക്കാണിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പ് അടുത്തുവരവെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് എങ്ങനെ തടയാമെന്ന ആലോചന ശക്തമാക്കിയിരിക്കയാണ് രാജ്യത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സമൂഹ മാധ്യമങ്ങള്‍.

ഫേസ് ബുക്കും വാട്‌സാപ്പും ട്വിറ്ററും ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ഇന്ത്യയില്‍ വ്യാജ വാര്‍ത്തകളുടെ പ്രചാരണം തടയാനുള്ള ശ്രമം സജീവമായത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ ഹന്ദുത്വ ശക്തികള്‍ ആളുകളെ തല്ലിക്കൊല്ലുകയും ചെയ്യുന്ന സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിച്ചതിനു പിന്നാലെ ആയിരുന്നു ഇത്. പല ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു പിന്നിലും വാട്‌സാപ്പിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളും അഭ്യൂഹങ്ങളുമായിരുന്നു.

400 ദശലക്ഷം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുള്ള രാജ്യത്തെ വിപണിയെ സോഷ്യല്‍ മീഡിയ കമ്പനികള്‍ വളക്കൂറുള്ള മണ്ണായാണ് കാണുന്നത്. വാങ്ങിയ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഫീച്ചര്‍ ഫോണുകളാണ് മിക്ക ഫോണ്‍ നിര്‍മാതാക്കളും വിപണിയിലിറക്കുന്നത്.

ഇന്ത്യ സുപ്രധാന രാജ്യമാണെന്നും വലിയ സാധ്യതകളാണുള്ളതെന്നും ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സെ പറയുന്നു. ആശയവിനിമയത്തിന് ഊന്നല്‍ നല്‍കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സംസ്‌കാരം കണക്കിലെടുത്താണ് ട്വിറ്റര്‍ ഉപയോഗം കൂടുതല്‍ എളുപ്പമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.
 
ഫേസ്ബുക്കിന് ഇന്ത്യയില്‍ 300 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. അവരുടെ തന്നെ വാട്‌സാപ്പിന് 200 ദശലക്ഷം ഉപയോക്താക്കളും. രണ്ട് സേവനങ്ങളും ഇനിയും വളര്‍ച്ച കൈവരിക്കുമെന്നാണ് ഫേസ്ബുക്ക് കരുതുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇന്ത്യയില്‍തന്നെയുള്ള നൂറു കണക്കിനാളുകളുടെ സാഹയത്തോടെ കര്‍മസേന രൂപീകരിക്കുമന്ന് കമ്പനി കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്ന സ്‌പെഷലിസ്റ്റുകളെ നിയോഗിക്കുമെന്നാണ് ഫേസ് ബുക്ക് പോളിസി വൈസ് പ്രസിഡന്റ്  റിച്ചാര്‍ഡ് അല്ലന്‍ പറഞ്ഞിരുന്നത്.

പ്രസിദ്ധീരിക്കുന്ന പരസ്യത്തിനു പിന്നിലുള്ളവരെ വെളിപ്പെടുത്തുന്ന ഡിസ്‌ക്ലെയിമര്‍ സംവിധാനം ആരഭിക്കുമെന്നും ഫേസ്ബുക്ക് കഴിഞ്ഞ മാസം വ്യക്തമാക്കി. ആരാണ് പരസ്യം നല്‍കിയതെന്നും ഏതൊക്കെ പരസ്യങ്ങളാണെന്നും തിരിച്ചറിയുന്നതിന് ആഡ് ലൈബ്രറിയുണ്ടാകുമെന്നാണ് ഫേസ് ബുക്ക് വാഗ്ദാനം.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട പരസ്യം നല്‍കണമെങ്കില്‍ ആദ്യം ആരാണെന്നും എവിടെയാണെന്നും വ്യക്തമാക്കേണ്ടിവരുമെന്ന് ഫേസ്ബുക്ക് പ്രൊഡക്ട് മാനേജര്‍ സാറ ക്ലാര്‍ക്ക് സ്‌കിഫ് പറഞ്ഞു.
സര്‍ക്കാരിന്റെ സമ്മര്‍ദത്തിനു വഴങ്ങി വ്യാജവാര്‍ത്തകളെ കുറിച്ച് ബോധവല്‍ക്കരിക്കാന്‍ വാട്‌സാപ്പ് കഴിഞ്ഞ വര്‍ഷം ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളിലും പരസ്യങ്ങള്‍ നല്‍കിയിരുന്നു.
ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, തെറ്റായ വിവിരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ നിര്‍മിത ബുദ്ധി(ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) യടക്കം പലവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുമെന്ന് കഴിഞ്ഞ നവംബറില്‍ ദല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ ചര്‍ച്ചയില്‍ ട്വിറ്റര്‍ സി.ഇ.ഒ ജാക് ഡോര്‍സെ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, എന്തൊക്കെ ചുവടുകളാണ് സ്വീകരിക്കുകയെന്ന് വിശദീകരിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ നിര്‍ബന്ധിതമാണ്.