Wednesday , March   27, 2019
Wednesday , March   27, 2019

നോക്കൗട്ടിലേക്ക് സൗദി

അതിവേഗ നീക്കങ്ങള്‍ കൊണ്ട് ഹരം പിടിപ്പിച്ച കളിയില്‍ ലെബനോനെ 2-0 ന് തോല്‍പിച്ച സൗദി അറേബ്യ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ടിലേക്ക്. ഇന്ന് ഖത്തറിനെ വടക്കന്‍ കൊറിയ തോല്‍പിച്ചില്ലെങ്കില്‍ സൗദിയുടെ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാവും. ഇറാനും ഇറാഖും പ്രി ക്വാര്‍ട്ടറിലെത്തി. ഇറാന്‍ 2-0 ന് വിയറ്റ്‌നാമിനെയും ഇറാഖ് 3-0 ന് യെമനെയും തോല്‍പിച്ചു. ബുധനാഴ്ച നടക്കുന്ന ഇറാന്‍-ഇറാഖ് പോരാട്ടം ഗ്രൂപ്പ് ഡി-യിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. വ്യാഴാഴ്ച സൗദി-ഖത്തര്‍ മത്സരത്തോടെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീല വീഴും. 
പന്ത്രണ്ടാം മിനിറ്റില്‍ ഫഹദ് അല്‍മുവല്ലദിലൂടെയാണ് സൗദി ലീഡ് നേടിയത്. അറുപത്തേഴാം മിനിറ്റില്‍ ഹുസൈന്‍ അല്‍മുഖാവി രണ്ടാം ഗോളടിച്ചു. 1996 നു ശേഷം ആദ്യമായാണ് ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായി ആദ്യ രണ്ടു മത്സരങ്ങള്‍ ജയിക്കുന്നത്. 
ഇറാന്‍ ഏഷ്യന്‍ കപ്പില്‍ തുടര്‍ച്ചയായ ഒമ്പതാം വിജയമാണ് കരസ്ഥമാക്കിയത്. വിയറ്റ്‌നാമിനെതിരായ രണ്ടു ഗോളും സര്‍ദാര്‍ അസ്മൂന്റെ വകയായിരുന്നു. ബോക്‌സിന് പുറത്തുനിന്ന് താഴ്ത്തിപ്പറത്തിയ ഷോട്ടുകളോടെ മുഹന്നദ് അലി കദീമും ബഷര്‍ രിസാന്‍ ബുന്യാനും യെമനെതിരെ ഇറാഖിനെ ആദ്യ പകുതിയില്‍ മുന്നിലെത്തിച്ചു. പകരക്കാരന്‍ അലാ അബ്ബാസ് ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോള്‍ നേടി.