Wednesday , March   20, 2019
Wednesday , March   20, 2019

കള്ളക്കേസില്‍ കുടുക്കി ഭര്‍ത്താവിനെ പീഡിപ്പിക്കുന്നു; പോലീസിനെതിരെ യുവതി

കോട്ടയം- കള്ളക്കേസില്‍ കുടുക്കി ഭര്‍ത്താവിനെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പോലീസിനെതിരെ യുവതി രംഗത്ത്. ഈരാറ്റുപേട്ട വെട്ടിക്കല്‍ സിയാദ് മുഹമ്മദിന്റെ ഭാര്യ സച്ചു മോളാണ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. യുവതി കോട്ടയം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.
ഡിസംബര്‍ 23 ന് വൈകുന്നേരം മുതല്‍ ഭര്‍ത്താവായ സിയാദിനെ കാണാനില്ലായിരുന്നു. മൂന്നു ദിവസം  അന്വേഷിച്ചു . അവസാനം 26 ന് പൊന്‍കുന്നം സ്റ്റേഷനില്‍ സിയാദ് ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തി. സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ ബൈക്ക് മോഷ്ടിച്ചതാണെന്നും നിരോധിത ലഹരി വസ്തുവുമായി (ഹാന്‍സ്) സിയാദിനെ 23 ന് എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തിരുന്നു എന്നും അറിയിച്ചു. തുടര്‍ന്ന് 27ന് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

24ന് പൊന്‍കുന്നം പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുകയും ഭര്‍ത്താവിനെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ എടുത്തു കൊണ്ടുപോവുകയും ചെയ്തു. ഭര്‍ത്താവിന് യാതൊരുവിധ സ്വഭാവദൂഷ്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിച്ചത് തിരിച്ചറിയല്‍ രേഖ മോഷണം നടന്ന വീടിന്റെ പരിസരത്തു നിന്ന് കിട്ടിയതാണെന്നാണ്. ഇത് വീട്ടില്‍ നിന്ന് പോലീസ് എടുത്തു കൊണ്ടുപോയതാണ്. ചെയ്യാത്ത കുറ്റത്തിന് പോലീസ് ഉപദ്രവിച്ചു. മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ പ്രതികരിച്ചു. ഇതോടെ കള്ളക്കേസുകളെല്ലാം കെട്ടിവയ്ക്കാനുളള നീക്കത്തിലായി.

സിയാദ് ഉപയോഗിച്ചിരുന്ന ബൈക്ക് കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന രേഖകളില്ലാത്ത ബൈക്കാണ്. ഇങ്ങനെയുള്ള ബൈക്ക് മോഷ്ടിക്കുന്നതല്ല. ജാമ്യം കിട്ടേണ്ട വകുപ്പുകള്‍ മാത്രമുള്ള കേസിന് വീണ്ടും പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇത് ചെയ്യാത്ത മറ്റ് കേസുകള്‍ കൂടി സിയാദില്‍ ഉള്‍പ്പെടുത്തുമോയെന്ന് ഭയപ്പെടുന്നു. താന്‍ ആറു കുട്ടികളുടെ മാതാവാണ്. യാതൊരു നിവൃത്തിയുമില്ലാത്ത കുടുംബത്തിന്റെ അത്താണിയാണ്. സിയാദിനെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിക്കണം.

കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ്  ക്രൂരമായി മര്‍ദിച്ചുവെന്ന് ഭര്‍ത്താവ് തന്നോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. മെഡിക്കല്‍ സംഘത്തിന് ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ഭര്‍ത്താവിനെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും സച്ചു മോള്‍ ആരോപിച്ചു.

 

 

Latest News