Monday , June   17, 2019
Monday , June   17, 2019

മുന്നോക്ക സംവരണം ജാതി ബ്രാഹ്മണ്യത്തെ  പുനരാനയിക്കാനുള്ള ശ്രമം -എസ്.എസ്.എഫ്

പാലക്കാട് - ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങൾ നടത്തിയ ധീരോദാത്ത സമരങ്ങളുടെ സത്തയെ ചോർത്തിക്കളയുന്ന നടപടിയാണ് മുന്നോക്ക സംവരണമെന്ന് എസ്.എസ്.എഫ് സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. നവോത്ഥാന പരിശ്രമങ്ങളുടെ ഫലമായി പത്തി മടക്കിയ ജാതി ബ്രാഹ്മണ്യത്തെ മേൽക്കോയ്മാ സ്വഭാവത്തോടെ പുനരാനയിക്കാനുള്ള ശ്രമമാണിത്. ഭരണഘടനയോടും അതുയർത്തിപ്പിടിക്കുന്ന കീഴാളപക്ഷ അനുഭാവങ്ങളോടും സംഘപരിവാർ പുലർത്തിവരുന്ന നിഷേധാത്മക സമീപനത്തിന്റെ തുടർച്ചയായാണ് ഈ നിയമത്തെയും കാണേണ്ടത്.
ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക സമത്വത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള ഫലപ്രദമായ പരിഹാര മാർഗം എന്ന നിലയ്ക്കാണ് ജാതിയിൽ താഴ്ന്നവർക്കും മറ്റു പിന്നോക്ക വിഭാഗങ്ങൾക്കും സംവരണം ഏർപ്പെടുത്തിയത്. സാമ്പത്തികമായ വളർച്ച കൊണ്ട് സാമൂഹിക അസമത്വം പരിഹരിക്കാൻ കഴിയില്ലെന്ന ഭരണഘടനാ ശിൽപികളുടെ മനോഗതം തിരുത്തിയെഴുതാനാണു സംഘ്പരിവാർ ശ്രമിക്കുന്നത്. സംവരണത്തിന്റെ മുന്നുപാധിയായി സാമ്പത്തിക പരാധീനതയെ അവതരിപ്പിക്കുന്നതിലൂടെ ഫലത്തിൽ ദാരിദ്ര്യ നിർമാർജന പദ്ധതിയായി അത് മാറുകയാണ്. ഇതാകട്ടെ രാജ്യത്തെ 80 ശതമാനം വരുന്ന അധഃസ്ഥിതരുടെ താൽപര്യങ്ങൾ ഹനിക്കുന്നതും ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.
ജനസംഖ്യയിലെ 20 ശതമാനം വരുന്ന സവർണർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ അജണ്ടയാണ്. ഇത് തിരിച്ചറിഞ്ഞു നിലപാട് സ്വീകരിക്കുന്നതിന് പകരം സംഘ്പരിവാറിനൊപ്പം നിന്ന് സവർണ മേധാവിത്വത്തിന് കൈകൊടുക്കുകയാണ് മതേതര പാർട്ടികൾ ചെയ്തിരിക്കുന്നത്. ഇത് കീഴാള ജനതയോടുള്ള വെല്ലുവിളിയും ജനഹിതത്തെ ധിക്കരിക്കലുമാണ്. ബ്രാഹ്മണിക്കൽ മൂല്യബോധങ്ങളിൽ പടുത്തുയർത്തപ്പെട്ട രാഷ്ട്രീയ കക്ഷികൾക്കെതിരെ പുതിയ കീഴാളപക്ഷ രാഷ്ട്രീയം രൂപപ്പെടേണ്ടത് അനിവാര്യമായിരിക്കുന്നു എന്ന് കൗൺസിൽ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസങ്ങളായി നടന്നുവരുന്ന പ്രതിനിധി സമ്മേളനം 2019-20 വർഷത്തേക്കുള്ള ഭാരവാഹികളായി സി.കെ. റാശിദ് ബുഖാരി (പ്രസിഡന്റ്), എ.പി മുഹമ്മദ് അശ്ഹർ പത്തനംതിട്ട (ജനറൽ സെക്രട്ടറി), ഉബൈദുള്ള സഖാഫി (ഫിനാൻസ് സെക്രട്ടറി) എന്നിവരെയും സെക്രട്ടറിമാരായി സി.എൻ. ജഅ്ഫർ സാദിഖ്, എം. അബ്ദുറഹ്മാൻ, കെ.വൈ. നിസാമുദ്ദീൻ ഫാദിലി, മുഹമ്മദ് ശരീഫ് നിസാമി, ഡോ. ശമീറലി, സി.ആർ. കുഞ്ഞുമുഹമ്മദ്, ഹാമിദലി സഖാഫി, മുഹമ്മദ് നിയാസ്, ജാഫർ സ്വാദിഖ് എൻ കാസർകോട്, അനീസ് മുഹമ്മദ് ആലപ്പുഴ എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതിനിധി സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തിൽ റാലി നടന്നു. സമാപന സമ്മേളനം കൊമ്പം കെ.പി. മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ കേരള മുസ് ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. 
സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി, മാരായമംഗലം അബ്ദുൽ റഹ്മാൻ ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി, വണ്ടൂർ അബ്ദുൽ റഹ്മാൻ ഫൈസി, സുലൈമാൻ സഖാഫി മാളിയേക്കൽ, എസ്. ശറഫുദ്ദീൻ, കെ. അബ്ദുൽ കലാം, സ്വാദിഖ് വെളിമുക്ക്, എം.വി. സിദ്ദീഖ് സഖാഫി, എൻ.എം. സ്വാദിഖ് സഖാഫി, എൻ.വി. അബ്ദുറസാഖ് സഖാഫി, എം. അബ്ദുൽ മജീദ്, സി.കെ. റാശിദ് ബുഖാരി, എ.പി. മുഹമ്മദ് അശ്ഹർ, ഇ.വി. അബ്ദുറഹ്മാൻ, ഉമർ മദനി തുടങ്ങിയവർ സംസാരിച്ചു.
 

Latest News