Monday , June   17, 2019
Monday , June   17, 2019

സാമ്പത്തിക സംവരണം: എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് - സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരേ എസ്.ഡി.പി.ഐ പ്രക്ഷോഭത്തിലേയ്ക്ക്. സർക്കാർ സർവീസിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക്  10 ശതമാനം സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെയും അതിന് പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടികളുടെയും നടപടി ഭരണഘടനയുടെ അന്തസ്സത്തയെ തകർക്കുന്നതാണ്.
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സാമൂഹിക അസമത്വവും അനീതിയും പരിഹരിക്കുന്നതിനുള്ള തിരുത്തൽ നടപടിയായാണ് ഭരണഘടനയിൽ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തിക ദുരിതം നേരിടുന്നവരുണ്ടെങ്കിൽ അത് പരിഹരിക്കാൻ ബദൽ ക്ഷേമപദ്ധതികൾ ആവിഷ്‌കരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സാമൂഹിക അസമത്വം ബോധ്യപ്പെട്ടതിന്റെയടിസ്ഥാനത്തിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 1993 മുതലാണ് കേന്ദ്ര സർവീസിൽ പിന്നാക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തിയത്. 
മുന്നാക്കജാതിക്ക് 10 ശതമാനം സംവരണം അനുവദിക്കുന്നതിനായി തോത് നിശ്ചയിച്ചതിൻെറ യുക്തി പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഒ.ബി.സി വിഭാഗം 55 ശതമാനമാണ്. പട്ടികജാതിവർഗ വിഭാഗക്കാർ 25 ശതമാനത്തോളം വരും. 
മൊത്തത്തിൽ പട്ടിക, പിന്നാക്കവിഭാഗങ്ങൾ ആകെ ജനസംഖ്യയുടെ 80 ശതമാനമാണ്. ജനസംഖ്യയുടെ 20 ശതമാനം മാത്രം വരുന്ന മുന്നാക്ക സമുദായങ്ങളാണ് അധികാരത്തിൻെറ 80 ശതമാനവും കൈയ്യടക്കി വെച്ചിരിക്കുന്നത്. അവർക്കാണ് വീണ്ടും 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നത്. സാമ്പത്തിക സംവരണത്തിന് നിശ്ചയിച്ച വാർഷിക വരുമാനം എട്ടുലക്ഷം, അഞ്ചേക്കറിൽ താഴെ ഭൂമി, ആയിരം ചതുരശ്രയടി വരെ വിസ്തീർണമുള്ള വീട് തുടങ്ങിയ മാനദണ്ഡപ്രകാരം 80 ശതമാനം മുന്നാക്കക്കാരും സംവരണ പരിധിയിൽ വരും.
പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാവകാശം സംരക്ഷിക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് താൽപ്പര്യമില്ല. സംവരണം നടപ്പാക്കിയിട്ടും നാളിതുവരെ പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പിന്നാക്ക സംവരണം 1993ൽ ഏർപ്പെടുത്തി 25 വർഷത്തിനുശേഷവും ഒ.ബി.സി പ്രാതിനിധ്യം കേന്ദ്ര ഉദ്യോഗ മേഖലയിൽ കേവലം 6.9 ശതമാനം മാത്രമാണ്. കേരളത്തിലും പിന്നാക്ക സമുദായാംഗങ്ങൾക്ക് സംവരണത്തിലൂടെ നീക്കിവച്ച തസ്തികകളിൽ പൂർണമായും എത്താൻ കഴിഞ്ഞിട്ടില്ലെന്ന് 2002ൽ ജസ്റ്റിസ് നരേന്ദ്രൻ കണ്ടെത്തിയിരുന്നു. 
അവർണന് അധികാരം നഷേധിക്കുന്നതിൽ കേന്ദ്രസർക്കാരിനേക്കാൾ ഒരു പടി മുന്നിലാണ് സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള ഇടതു സർക്കാർ. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്കുള്ള (കെ.എ.എസ്) പ്രവേശന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അധികാര ഘടനയിൽനിന്ന് ദളിത്, മുസ്‌ലിം, പിന്നാക്ക സമൂഹങ്ങളെ പരമാവധി മാറ്റിനിർത്താനുള്ള ചട്ടങ്ങളാണ് വരാൻ പോകുന്നത്. നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്, പാലോളി കമ്മീഷൻ റിപ്പോർട്ട് തുടങ്ങിയവയൊന്നും നടപ്പാക്കുന്നതിൽ ഇടതു സർക്കാർ താൽപര്യം കാണിക്കുന്നില്ല.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ ലോക്‌സഭയിൽ അനുകൂലിച്ച് അവർണ ജനതയെ വഞ്ചിച്ച സംസ്ഥാനത്തെ എം.പിമാരുടെ ഓഫീസുകളിലേയ്ക്ക് ജനുവരി 17 ന് ജനകീയ മാർച്ച് നടത്തും.  ഫെബ്രുവരി 5 ന് രാവിലെ 10 ന് സെക്രട്ടറിയേറ്റിനു ചുറ്റും സംവരണ സമുദായങ്ങൾ മതിൽ തീർക്കും. സംവരണ മതിലിന്റെ പ്രചാരണാർഥം സംസ്ഥാനവ്യാപകമായി ജനുവരി 25 മുതൽ 31 വരെ മണ്ഡലംതല വാഹനപ്രചാരണ ജാഥയും ഗൃഹസമ്പർക്ക കാംപയിനും നടത്തും. നരേന്ദ്ര മോഡി ലക്ഷ്യം വെക്കുന്ന സാമൂഹിക വിഭജന അജണ്ടയെയും അതിന് കൂട്ടുനിൽക്കുന്ന രാഷ്ട്രീയകക്ഷികളെയും ചെറുത്തുതോൽപിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണം.

Latest News