Monday , June   17, 2019
Monday , June   17, 2019

രാജ്യത്തെ കോൺഗ്രസ്  ഇരുട്ടിലടച്ചു -മോഡി

ന്യൂദൽഹി- അയോധ്യ കേസിൽ കുറ്റപ്പെടുത്തിയും രാജ്യത്തെ ഇരുട്ടിലാഴ്ത്തി എന്നാരോപിച്ചും കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ബി.ജെ.പി ദേശീയ കൗൺസിലിന്റെ അവസാന ദിവസം നിങ്ങൾക്ക് ഏതു തരത്തിലുള്ള പ്രധാനമന്ത്രിയെ വേണം എന്നു ചോദിച്ചു കൊണ്ട് യുദ്ധ കാഹളം മുഴക്കിയാണ് മോഡി വേദി വിട്ടത്. പതിനെട്ടു മണിക്കൂറും നിങ്ങൾക്ക് വേണ്ടി ജോലി ചെയ്യുന്ന പ്രധാനമന്ത്രിയെ ആണോ അതോ രാജ്യത്തിന് അനിവാര്യമായ സമയങ്ങളിൽ ശമ്പളത്തോടു കൂടിയ അവധിയെടുക്കുന്ന പ്രധാനമന്ത്രിയെ ആണോ വേണ്ടതെന്നാണ് രാംലീല മൈതാനിയിൽ തടിച്ചുകൂടിയ അണികളോടു മോഡി ചോദിച്ചത്.     
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാൻ വിശാല സഖ്യം രൂപീകരിക്കുന്ന പ്രതിപക്ഷ ശ്രമങ്ങളെ പരാജയപ്പെട്ട പരീക്ഷണം എന്നാണു മോഡി പരിഹസിച്ചത്. മഹാസഖ്യം എന്നത് തന്നെ ഇന്ത്യയുടെ ചരിത്രത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ടതാണ്. പ്രതിപക്ഷം ഒരു നിസ്സഹായ സർക്കാരുണ്ടാക്കാനാണു ശ്രമിക്കുന്നത്. എന്നാൽ, തങ്ങൾ ഒരു ശക്തമായ സർക്കാരിനായാണ് നിലകൊള്ളുന്നതെന്നും മോഡി പറഞ്ഞു. ബി.ജെ.പി വേദിയിൽ പ്രസംഗിക്കാൻ കൂടുതൽ സമയം ചോദിച്ചു വാങ്ങിയാണ് മോഡി പ്രതിപക്ഷത്തിനെ വിമർശനങ്ങൾ കൊണ്ടു മൂടിയത്. 
മുമ്പ് കോൺഗ്രസിനെ എതിർത്തിരുന്നവരെല്ലാം ഇപ്പോൾ ബി.ജെ.പിയെ അകറ്റി നിർത്താനായി അവർക്കു കീഴിൽ തന്നെ അണി നിരക്കുകയാണെന്നാണ് മഹാ സഖ്യത്തെക്കുറിച്ചു മോഡി പറഞ്ഞത്. അയോധ്യ കേസിൽ നിയമ നടപടികൾക്കു തടസം നിൽക്കുന്നത് കോൺഗ്രസാണ്. അയോധ്യ കേസിൽ ഒരു തീർപ്പും ഉണ്ടാകാൻ ആഗ്രഹിക്കാത്ത കോൺഗ്രസ് അവരുടെ അഭിഭാഷകരെ നിയമ നടപടികൾ തടസപ്പെടുത്തുന്നതിനായി സുപ്രീം കോടതിയിലേക്ക് അയക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി. കോൺഗ്രസ് അഭിഭാഷകരെ ഉപയോഗിച്ച് അയോധ്യ കേസ് തടസപ്പെടുത്താനാണ് ശ്രമിക്കുന്നത്. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാനാണ് കോൺഗ്രസ് നീക്കം നടത്തിയത്. എല്ലാ വിഷയങ്ങളിലും രാജ്യ താത്പര്യങ്ങൾക്കു വിരുദ്ധമായാണ് കോൺഗ്രസിന്റെ മനസ് നിൽക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി. 
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളും റിസർവ് ബാങ്ക്, സി.എ.ജി, സി.ബി.ഐ എന്നിവയെല്ലാം ഇപ്പോൾ ശരിയല്ലാതായിരിക്കുന്നു. അവരെ സംബന്ധിച്ച് അവർ മാത്രമാണിപ്പോൾ ശരി. അവരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നവരെല്ലാം തന്നെ തെറ്റുകാരായി മാറിയിരിക്കുന്നു. ഇപ്പോൾ നടക്കുന്ന യുദ്ധം രാജവാഴ്ചയും ഭരണഘടനയും തമ്മിലാണ്. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിവിധ ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് വേട്ടയാടാനാണ് ശ്രമിച്ചത്. അവർ അമിത് ഷായെ ജയിലിൽ അടയ്ക്കുക പോലും ചെയ്തു എന്നും മോഡി രാംലീല മൈതാനത്ത് തടിച്ചുകൂടിയ ബി.ജെ.പിക്കാരോടു പറഞ്ഞു. ജാമ്യം എടുത്തു പുറത്തു നടക്കുന്ന കോൺഗ്രസ് നേതാക്കൾ ഇപ്പോൾ രാജ്യത്തെ നിയമത്തെയോ സംവിധാനങ്ങളെയോ വിശ്വസിക്കുന്നില്ല. ബഹുമാനിക്കുന്നുമില്ലെന്നും മോഡി കൂട്ടിച്ചേർത്തു. 
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്ടർ അഴിമതിക്കേസിൽ ആരെയും വെറുതെ വിടില്ലെന്ന മുന്നറിയിപ്പും മോഡി നൽകി. രാജ്യത്തിന്റെ കാവൽക്കാരൻ ഒന്നും നിർത്താൻ പോകുന്നില്ല, എല്ലാം തുടങ്ങിയിട്ടേ ഉള്ളൂ. ഒരാളെയും വെറുതെ വിടില്ല. വിവാദ ഇടപാടിലെ ഇടനിലക്കാരൻ അന്വേഷണം നേരിടുന്നതിൽ കോൺഗ്രസ് ഭയപ്പെട്ടിരിക്കുകയാണെന്നും മോഡി പറഞ്ഞു. 
മുന്നോക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം ഏർപ്പെടുത്തിയത് തുല്യത ഉറപ്പു വരുത്തുന്നതിനായാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സംവരണം ഏർപ്പെടുത്തിയത് പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കും. തൊഴിലിലും വിദ്യാഭ്യാസ മേഖലയിലും ഏർപ്പെടുത്തിയ സംവരണം രാജ്യത്തെ കൂടുതൽ അഭിവൃദ്ധിയിലേക്കു നയിക്കും. സാമ്പത്തിക സംവരണത്തെക്കുറിച്ചു ജനമനസുകളിൽ ചിലർ തെറ്റിദ്ധാരണ പടർത്താനാണു ശ്രമിക്കുന്നതെന്നും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മോഡി പറഞ്ഞു. യുവാക്കൾക്ക് ശരിയായ മാർഗനിർദേശങ്ങളും സൗകര്യങ്ങളും ലഭിക്കുമ്പോൾ ആരെയും ആശ്രയിക്കേണ്ടതായി വരുന്നില്ലെന്നും മോഡി അവകാശപ്പെട്ടു. 
ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സർക്കാരിന്റെ മേൽ അഴിമതിയുടെ ചെളി പുരളാതിരിക്കുന്നത്. ഈ സർക്കാരിനെതിരേ ഒരു തരത്തിലുള്ള അഴിമതി ആരോപണങ്ങളുമില്ല. മുൻ സർക്കാരിന്റെ പത്തു വർഷത്തെ ഭരണകാലം കുംഭകോണങ്ങളുടെയും അഴിമതിയുടേയും മാത്രമായിരുന്നു. ആ സർക്കാർ രാജ്യത്തെ ഇരുട്ടിലേക്കു തള്ളിവിടാനാണു ശ്രമിച്ചത്. രാജ്യത്തിന് ഏറ്റവും സുപ്രധാനമായ പത്തു വർഷമാണ് അതിലൂടെ നഷ്ടപ്പെട്ടത്. ഒരു സർക്കാരിന് അഴിമതികളിലൂടെയല്ലാതെ ഭരണം നടത്താൻ കഴിയുമെന്നും മുന്നോട്ടു പോകാനാകുമെന്നും തെളിയിച്ചത് ബി.ജെ.പി സർക്കാരാണെന്നും മോഡി അവകാശപ്പെട്ടു.
ഓരോ ബിജെപി പ്രവർത്തന്റെയും ആത്മ സമർപ്പണമാണ് ഓരോ ദിവസത്തെയും ദൃഢമാക്കി മാറ്റുന്നത്. വെറും രണ്ട് എം.പിമാരും രണ്ടു മുറി ഓഫീസ് കെട്ടിടവും മാത്രമുണ്ടായിരുന്ന പാർട്ടി ഇന്ന് ഇത്രയധികം ആളുകളുമായി ഇത്ര വലിയ യോഗം ചേരുന്നുവെന്നും മോഡി പറഞ്ഞു. വാജ്‌പേയി ഇല്ലാത്ത ബി.ജെ.പിയുടെ ആദ്യ ദേശീയ കൗൺസിൽ എന്നു പറഞ്ഞ് അടൽ ബിഹാരി വാജ്‌പേയിയെ അനുസ്മരിച്ചാണ് മോഡി പ്രസംഗം ആരംഭിച്ചത്. 
പ്രതിപക്ഷം രാജ്യത്തെ കർഷകരെ വെറും വോട്ടുബാങ്കുകളായി മാത്രമാണ് കാണുന്നത്. അന്നദാതാക്കളെ വോട്ടു ദാതാക്കളായാണ് അവർ കണ്ടത്. എന്നാൽ, രാജ്യത്തെ കർഷകർക്ക് കാർഷിക വിളകളുടെ താങ്ങുവില വർധിപ്പിക്കാനുള്ള സർക്കാരിന്റെ നിർദേശം വെറും കടലാസിൽ ഒതുങ്ങാൻ മാത്രമുള്ളതല്ലെന്നു നന്നായി അറിയാം. ബി.ജെ.പി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് താങ്ങുവില വർധിപ്പിക്കാനുള്ള നടപടിയെടുത്തതെന്നും മോഡി പറഞ്ഞു. 2022 ആകുമ്പോൾ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കി വർധിപ്പിക്കുന്നതിനായി തങ്ങൾ രാപകൽ യത്‌നിക്കുകയാണ്.  
ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ സി.ബി.ഐക്ക് പ്രവേശനം വിലക്കിയത് ഭയമുള്ളതു കൊണ്ടാണ്. തെറ്റു ചെയ്തിട്ടുള്ളവരാണ് ഇപ്പോൾ ഭയക്കുന്നത്. ഇന്ന് അവർക്ക് സി.ബി.ഐയെ സ്വീകരിക്കാനാകുന്നില്ല. നാളെ അവർ മറ്റൊരു സംവിധാനത്തെയും തള്ളിപ്പറയും. സൈന്യം, പോലീസ്, സുപ്രീം കോടതി, തെരഞ്ഞെടുപ്പു കമ്മീഷൻ, സി.എ.ജി തുടങ്ങിയവയെല്ലാം തെറ്റാണെന്നു പറയും. 2007ൽ ഒരു കോൺഗ്രസ് മന്ത്രി പറഞ്ഞത് മോഡി ജയിലിൽ പോകുമെന്നാണ്. അമിത് ഷായെ അവർ ജയിലിലടച്ചു. എന്നാൽ, സി.ബി.ഐ ഗുജറാത്തിൽ പ്രവേശിക്കാതിരിക്കാൻ തങ്ങൾ ഒരു നിയമവും കൊണ്ടുവന്നില്ല. തങ്ങൾക്ക് നിയമത്തിൽ വിശ്വാസമുണ്ട്. വിവിധ ഏജൻസികൾക്കെതിരേ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർക്കു ഭയമുള്ളത് കൊണ്ടാണ്. 
നാലു വർഷമായി സർക്കാർ സ്ത്രീ ശാക്തീകരണത്തിനുള്ള എല്ലാ നടപടികളും എടുക്കുന്നു. പെൺകുട്ടികളെ രക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂ എന്നത് എതിരാളികൾ പരിഹാസത്തിലെടുക്കുന്നു. എന്നാൽ, തങ്ങൾ ദശകങ്ങളായി സമൂഹത്തിൽ നിലനിന്ന തെറ്റായ വിശ്വാസങ്ങളെ തുടച്ചു നീക്കുകയാണ് ചെയ്തത്.  
മുൻ സർക്കാർ നയങ്ങളുടെയും പദ്ധതികളുടെയും പേര് മാറ്റി അതേപോലെ നടപ്പാക്കുന്നു എന്നാണ് ഈ സർക്കാരിന് നേർക്ക് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന വിമർശനം. എന്നാൽ, മോഡിയുടെ പേര് കൂട്ടിച്ചേർത്ത് ഒരു ജനക്ഷേമ പദ്ധതിയോ നയമോ ഇല്ല. തുടക്കം മുതലേ തന്നെ തങ്ങൾ പഠിച്ചിട്ടുള്ളത് തങ്ങളേക്കാൾ പ്രധാന്യം രാജ്യത്തിനാണെന്നതാണ്. ബി.ജെ.പി ഭരണത്തിൽ രാജ്യത്തെ സാമ്പത്തിക രംഗം അതിസുതാര്യമായി മുന്നേറുകയാണെന്നും മോഡി അവകാശപ്പെട്ടു. 2014ന് മുമ്പ് രാജ്യത്തെ നികുതി ദായകർക്ക് ഒരു വിലയുമില്ലായിരുന്നു. മുൻകാലങ്ങളിൽ രാജ്യത്തെ ബാങ്കുകളിൽ നിന്നു വായ്പ ലഭിക്കാൻ രണ്ടു തരം മാർഗങ്ങളാണുണ്ടായിരുന്നത്. ഒന്ന് സാധാരണ മാർഗവും മറ്റൊന്നു കോൺഗ്രസ് മാർഗവും. തങ്ങൾ അധികാരത്തിൽ എത്തിയതോടെ വായ്പ ലഭ്യമാക്കാനുള്ള കോൺഗ്രസ് മാർഗം നിർത്തലാക്കി എന്നും മോഡി പറഞ്ഞു. കഴിഞ്ഞ 60 വർഷക്കാലത്തിനിടക്ക് 18 ലക്ഷം കോടി രൂപയാണ് വായ്പയായി ബാങ്കുകൾ നൽകിയത്. കോൺഗ്രസ് ഭരണകാലത്തെ ആറു വർഷക്കാലം മാത്രം 34 ലക്ഷം കോടി രൂപ വായ്പ നൽകിയെന്നും മോഡി ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ ഏർപ്പെടുത്തിയ എല്ലാ പദ്ധതികളും പരാജയപ്പെട്ടു. അവർ ഇപ്പോൾ അപമാനവും നുണകളും പ്രചരിപ്പിക്കുകയാണ്. എന്നാൽ, ഇതൊന്നും രാജ്യത്തിന്റെ കാവൽക്കാരനെ (ചൗക്കീദാർ) ബാധിക്കില്ല. കാവൽക്കാരന്റെ ഭയം ഈ രാജ്യത്തിന്റെ ഭരണസംവിധാനം മാറ്റുന്നതിനെക്കുറിച്ചാണ്.
 

Latest News