Wednesday , March   27, 2019
Wednesday , March   27, 2019

ആലപ്പാട്ടെ ഖനനം: എതിര്‍പ്പുകള്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെ ആകരുത്‌

ശാസ്ത്രീയമായ ഖനന മാർഗങ്ങൾ ഉപയോഗിക്കാതെ ആരും ഖനനം ചെയ്യേണ്ട. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയിൽ ആകരുത് എതിർപ്പുകൾ. രക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ ഖനനം നടത്താനുള്ള മാർഗങ്ങൾ മദ്രാസ് ഐ.ഐ.ടി പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കണം. മാനുഷികത പരിഗണിക്കാതെ  ലാഭം മാത്രം കണക്കാക്കുന്ന ഒരു വ്യവസായവും വികസന നയവും നമുക്ക് വേണ്ട. ഒപ്പം തന്നെ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയുള്ള ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യവസായങ്ങൾ നിലനിൽക്കുകയും വേണം.  

തെക്കൻ കേരളത്തിലെ തീരമേഖലയിൽ നടത്തുന്ന ധാതുമണൽ ഖനനം സംബന്ധിച്ച് ആ മേഖലയിലെ ജനങ്ങളുടെ ആശങ്കയാണ് ഇപ്പോൾ സജീവ ചർച്ചാ വിഷയം. ഖനനം നടത്തുന്ന പ്രധാന കമ്പനികൾ കേന്ദ്ര പൊതുമേഖലയിലെ ഐ.ആർ.ഇ.എൽ, (ആലപ്പാട് ഉൾപ്പെടെ) സംസ്ഥാന പൊതു മേഖലയിലെ ചവറ കെ.എം.എം.എൽ എന്നിവയാണ്. 
കെ.എം.എം.എൽ ഡയറക്ടർ കെ. രാഘവനുമായി ഇക്കാര്യത്തെ സംബന്ധിച്ച വർത്തമാനങ്ങൾക്കിടയിൽ അദ്ദേഹം പറഞ്ഞ ഒരു പ്രധാന കാര്യം,  ഖനന മേഖലയിലെ തീര പ്രദേശത്തെ മണ്ണൊലിപ്പ് ശാശ്വതമായി തടയുന്നതിനു വേണ്ടി മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ വികസിപ്പിച്ച കൃത്രിമ പുലിമുട്ടുകൾ (തടയണ) ഉപയോഗിക്കുന്നതിനെക്കുറിച്ചാണ്. 
ധാതുമണൽ ഖനനം നടക്കാത്ത പ്രദേശങ്ങളിൽ പോലും വർഷങ്ങളായി കടൽ കര കവർന്നെടുക്കുന്നുണ്ട് എന്നത് വൈപ്പിൽ കര, ചെറായി ഉൾപ്പെടെയുള്ള തീരമേഖലയിലുള്ളവരുടെ അനുഭവം വ്യക്തമാക്കുന്ന റിപ്പോർട്ടുകളും പഠനങ്ങളും വ്യക്തമാക്കുന്നു. 
കടൽ  തിരകൾ തീരത്തേക്ക് വരുന്നത് തീരത്തിന് ലംബമായിട്ടല്ല. പകരം ചെരിഞ്ഞ ദിശയിലാണ് തിരകളുടെ സഞ്ചാരം. ഈ ചലന രീതി  തിരയുടെ ശീഘ്രത  വർധിപ്പിക്കുന്നതായി ഗവേഷകർ പറയുന്നു. അതുകൊണ്ടാണ് തീരത്തെ മണ്ണ് അതിവേഗം കടലിലേക്ക് ഒലിച്ചുപോകുന്നത്. 
നിലവിൽ വലിയ പാറക്കല്ലുകൾ ഉപയോഗിച്ച് കടൽ ഭിത്തികൾ കെട്ടിയാണ് കാലാകാലങ്ങളായി തീര സംരംക്ഷണം നടത്തുന്നത്. എന്നാൽ ഇത് ഒട്ടും ശാസ്ത്രീയമല്ലെന്നാണ് മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകർ പറയുന്നത്. കോടിക്കണക്കിന് രൂപ മുടക്കി നിർമിക്കുന്ന കടൽ ഭിത്തി ഒരു വർഷം പോലും നിലനിൽക്കാത്തത് ഉദാഹരണം. തിരകളുടെ വിചിത്രമായ സഞ്ചാര ദിശ മൂലം കൽക്കെട്ടിനിടയിലെ മണ്ണ് ചോർന്നുപോകുന്നതാണ് എത്ര വലിയ കടൽ ഭിത്തിയും നിലം പതിക്കുന്നതിനു കാരണം. ഇത് പൂർണമായി പരിഹരിക്കാൻ തിരകളുടെ സഞ്ചാര ദിശയ്ക്കും വേഗത്തിനും അനുസൃതമായി ശാസ്ത്രീയമായി തയാറാക്കുന്ന പ്രത്യേക ഡിസൈൻ ഉള്ള കൃത്രിമ പുലിമുട്ടുകൾ തീരത്ത് സ്ഥാപിക്കുകയാണ് വേണ്ടത്. ഇവ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ മണൽ ഖനനം കൂടി നടത്തിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. അതാണ് ആലപ്പാട്ടും മറ്റും സംഭവിക്കുന്നത്. കേരളത്തിൽ കായംകുളം മുതൽ തിരുവനന്തപുരം ജില്ലയുടെ അതിർത്തി വരെയുള്ള കടൽ മേഖലയിൽ ഏതാണ്ട് 100 ൽപരം വർഷങ്ങൾ ഖനനം ചെയ്താലും തീരാത്ത അത്ര ധാതുമണൽ സമ്പത്ത് ഉണ്ടെന്നാണ് ഈ കമ്പനികളുടെ പഠനം വ്യക്തമാക്കുന്നത്. 
അതായത് തീരത്ത് ഖനനം ചെയ്യാതെ തന്നെ കടലിൽ നിന്ന് തിരമാല മണൽ രൂപത്തിൽ ധാതുക്കൾ തീരത്ത് എത്തിച്ചുകൊണ്ടിരിക്കുന്നു. ഇവ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അവശ്യ സാമ്പത്തിക സാങ്കേതിക ശാസ്ത്ര മേഖലകളിലെല്ലാം വികസനവും നേട്ടവുമുണ്ടാക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇവ ഖനനം ചെയ്യപ്പെടാതെ പോകുന്നത് രാജ്യത്തിന്റെ വികസനത്തെ വലിയ തോതിൽ പിന്നോട്ടടിക്കും. 
എന്നാൽ പ്രദേശവാസികളായ ജനങ്ങൾക്കോ അവിടെത്തെ പ്രകൃതിക്കോ പരിസ്ഥിതിക്കോ ഒരു ഉറുമ്പിനോ പോലും ഇതു മൂലം ആപത്തോ ആശങ്കയോ വരാനും പാടില്ല. അതിന് മദ്രാസ് ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങൾ മുന്നോട്ടു വെയ്ക്കുന്ന ശാസ്ത്രീയ ഖനന മാർഗങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. ഇതിന് എത്ര തുക മുടക്കിയാലും അധികമാകില്ല. കാരണം അത്രയേറെ സമ്പത്താണ് അറബിക്കടൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. നിർഭാഗ്യവശാൽ ഈ അടുത്ത കാലത്തു മാത്രമാണ് ബന്ധപ്പെട്ട കമ്പനികൾ ശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് ഖനനം നടത്താൻ തുടങ്ങിയത്. 
എന്നാൽ എത്രയോ വർഷങ്ങളായി ഈ മേഖലയിൽ അശാസ്ത്രീയവും അനധികൃതവുമായി സ്വകാര്യ വ്യക്തികളും ഏജൻസികളും കരിമണൽഖനനം നടത്തി വരുന്നു എന്നത് വേണ്ടത്ര ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. സാമ്പത്തിക നേട്ടം കണക്കിലെടുത്ത് ഈ മേഖലയിലെ ചെറിയ വിഭാഗം ജനങ്ങളും രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും മറ്റു തൽപര കക്ഷികളുമെല്ലാം ഇന്നലെ വരെയും ഇപ്പോൾ പോലും അശാസ്ത്രീയമായ കരിമണൽ കടത്തിനെ അനുകൂലിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുകയാണ്. വർഷങ്ങളായുള്ള ഈ പകൽ കൊള്ള മറച്ചു പിടിച്ച് കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ മാത്രം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു കാര്യം പ്രത്യേകമായി അറിയേണ്ടത് എന്തെന്നാൽ അംഗീകൃത കമ്പനികളുടെ ഖനനം മൂലം ഉണ്ടാകുന്ന നഷ്ടത്തിന് പരിഹാരം ഈടാക്കാൻ നിയമങ്ങൾ ജനങ്ങളുടെ സഹായത്തിനെത്തും. എന്നാൽ ഊരും പേരും ലൈസൻസും ഇല്ലാത്ത അനധികൃത കമ്പനികളും സ്വകാര്യ വ്യക്തികളും നടത്തിവരുന്ന മണൽകൊള്ള മൂലമുള്ള ഭീമമായ നഷ്ടം നികത്താൻ ജനങ്ങൾ ആരെ സമീപിക്കും എന്ന ചോദ്യം അവശേഷിക്കുകയാണ്. 
ഇതിന് തടയിടാൻ സർക്കാരും പോലീസും മൈനിംഗ് ആന്റ് ജിയോളജി വകുപ്പും കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ആ മേഖലയിലെ ജനങ്ങളാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത്. 
ശാസ്ത്രീയമായ ഖനന മാർഗങ്ങൾ ഉപയോഗിക്കാതെ ആരും ഖനനം ചെയ്യേണ്ട. എന്നാൽ എലിയെ പേടിച്ച് ഇല്ലം ചുടുന്ന രീതിയിൽ ആകരുത് എതിർപ്പുകൾ. രക്ഷയ്ക്ക് മുൻഗണന നൽകുന്ന രീതിയിൽ ഖനനം നടത്താനുള്ള മാർഗങ്ങൾ മദ്രാസ് ഐ.ഐ.ടി പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പാക്കണം. 
മാനുഷികത പരിഗണിക്കാതെ നൽകാതെ ലാഭം മാത്രം കണക്കാക്കുന്ന ഒരു വ്യവസായവും വികസന നയവും നമുക്ക് വേണ്ട. ഒപ്പം തന്നെ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥയുള്ള ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വ്യവസായങ്ങൾ നിലനിൽക്കുകയും വേണം.