Monday , June   17, 2019
Monday , June   17, 2019

ചാരവൃത്തി ആരോപണം; ഹുവാവെ  ഡയറക്ടർ പോളണ്ടിൽ അറസ്റ്റിൽ

വാഴ്‌സാ- ചൈനീസ് മൊബൈൽ ഫോൺ ഭീമന്മാരായ ഹുവാവെയുടെ ഡയറക്ടർമാരിൽ ഒരാളെ ചാരവൃത്തി ആരോപിച്ച് പോളണ്ടിൽ അറസ്റ്റ് ചെയ്തു. ഇയാൾക്ക് സഹായം നൽകിയ പോളിഷ് മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അതീവ ഗൗരവമുള്ളതാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പ് പ്രതികരിച്ചു.
ഹുവാവെയുടെ പോളണ്ടിലെ മേധാവിയായ വെയ്ജിംഗ് ഡബ്ല്യു ആണ് അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോളണ്ടിന്റെ താൽപര്യങ്ങൾക്ക് ഹാനികരമാം വിധം സൈബർ മേഖലയിൽ ചൈനക്കു വേണ്ടി പ്രവർത്തിച്ചതിനാണ് അറസ്റ്റെന്ന് പോളിഷ് രഹസ്യാന്വേഷണ ഏജൻസി വക്താവ് സ്റ്റാനിസ്ലാവ് സരിൻ അറിയിച്ചു. പോളണ്ടിലെ രഹസ്യാന്വേഷണ വിഭാഗത്തിൽ സൈബർ സെക്യൂരിറ്റി കൺസൽറ്റന്റായ പയറ്റർ ഡി എന്നയാളാണ് വെയ്ജിംഗിന് സഹായം നൽകിയതിന് അറസ്റ്റിലായ പോളിഷ് ഉദ്യോഗസ്ഥൻ. ഇരുവരുടെയും വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തിയതായും സരിൻ പറഞ്ഞു.
സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽതന്നെ സംശയത്തിന്റെ നിഴലിലുള്ള ഹുവാവെ കമ്പനിക്ക് ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണ് ഈ അറസ്റ്റ്. കഴിഞ്ഞ മാസം കമ്പനി വൈസ് പ്രസിഡന്റും, കമ്പനി ഉടമ റെൻ ഷെങ്‌ഫെയിയുടെ മകളുമായ മെങ് വാൻഷൂവിനെ കാനഡയിൽ അറസ്റ്റ് ചെയ്തത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിരോധനം ലംഘിച്ച് ഇറാനുമായി കമ്പനി ബിസിനസ് ഇടപാടുകൾ നടത്തിയെന്നാരോപിച്ചായിരുന്നു ഹുവാവിയുടെ മുഖ്യ ഫിനാൻസ് ഓഫീസർ കൂടിയായ മെങ്ങിന്റെ അറസ്റ്റ്. അറസ്റ്റിനെതിരെ ചൈന ശക്തിയായി പ്രതിഷേധിക്കുകയും ബീജിംഗിലെ കനേഡിയൻ എംബസി ഉദ്യോഗസ്ഥനെ പിടിച്ചു വെക്കുകയും ചെയ്തു. മെങ്ങിനെ ഒരു കാരണവശാലും അമേരിക്കക്ക് കൈമാറരുതെന്നും ചൈന കാനഡയോട് ആവശ്യപ്പെട്ടു. തുടർന്ന് കാനഡയിലെ കോടതി മെങ്ങിനെ ജാമ്യത്തിൽ വിടുകയായിരുന്നു. 
മുൻ ചൈനീസ് സൈനിക ഓഫീസറായ റെൻ ഷെങ്‌ഫെയി സ്ഥാപിച്ച ഹുവാവെ കമ്പനി ചുരുങ്ങിയ വർഷങ്ങൾ കൊണ്ടാണ് ആഗോള മൊബൈൽ വിപണിയിൽ രണ്ടാം സ്ഥാനക്കാരായി വളർന്നത്. എന്നാൽ ഈ വളർച്ച അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും സംശയത്തോടെയാണ് കാണുന്നത്. റെന്നിന് പിന്നിൽ ചൈനീസ് സർക്കാർ തന്നെയാണെന്നും, മൊബൈൽ ഫോൺ വിപണിയുടെ മറവിൽ ലോകത്തെങ്ങുമുള്ള സൈബർ ശൃംഖലകളിൽ നുഴഞ്ഞു കയറുകയാണ് ചൈനയുടെ പരിപാടിയെന്നുമാണ് അവർ സംശയിക്കുന്നത്. ഇതേത്തുടർന്ന് അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഹുവാവിയുടെ അതിവേഗ 5ജി ഇന്റർനെറ്റ് നെറ്റ്‌വർക്ക് തങ്ങളുടെ രാജ്യങ്ങളിൽ സ്ഥാപിക്കുന്നത് വിലക്കിയിരിക്കുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായ ബി.ടി തങ്ങളുടെ ശൃംഖലയിലുള്ള എല്ലാ ഹുവാവി ഉപകരണങ്ങളും നീക്കം ചെയ്യുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ന്യൂസിലാൻഡ്, ചെക്ക് റിപ്പബ്ലിക്ക് തുടങ്ങിയ രാജ്യങ്ങളും ഹുവാവിക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest News