Wednesday , March   20, 2019
Wednesday , March   20, 2019

തോമസിന് ഇനി പരസഹായമില്ലാതെ നടക്കാം

പുതുതായി വെച്ച കൃത്രിമക്കാലുമായി തോമസ്. സമീപത്ത് പിതാവ് ദേവസിയും അമ്മ ആനിയും.

കാലടി- തോമസിന് ഇനി പരസഹായമില്ലാതെ നടക്കാം. മലയാറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന മേലേക്കുടി വീട്ടിൽ തോമസിന്റെ (20) അപകടത്തെ തുടർന്ന് മുറിച്ച് മാറ്റിയ കാലിന് പകരം കൃത്രിമ കാൽവെച്ച് നൽകിയിരിക്കുകയാണ് പേര് പുറത്ത് പറയാനാഗ്രഹിക്കാത്ത വൈക്കം സ്വദേശി. വ്യത്യസ്ത അപകടങ്ങളെ തുടന്ന് ഓരോ കാലുകൾ നഷ്ടപ്പെട്ട തോമസിന്റെയും, പിതാവ് ദേവസി(60)യുടെയും ദുരവസ്ഥ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തോമസിന് കൃത്രിമ കാൽ വെച്ച് നൽകിയത്. ദേവസിയുടെ കൃത്രിമ കാലിന്റെ കേടുപാടുകൾ മാറ്റി നൽകുകയും ചെയ്തു. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ സുമനസുകളുടെയും മറ്റും സഹായത്തോടെ നൽകി. ബാക്കി തുകയും, നിർമാണ ചെലവും വൈക്കം സ്വദേശിയാണ് വഹിച്ചത്. കൂട്ടുകാരുടെ സഹായം കൊണ്ടാണ് തോമസിന് വീട്ടിൽ നിന്ന് പുറത്തിറങ്ങാനും മറ്റും കഴിഞ്ഞിരുന്നത്. ഇനി പരസഹായമില്ലാതെ എവിടെയും സഞ്ചരിക്കാം അതിന്റെ സന്തോഷത്തിലാണ് തോമസ്. നെടുമ്പാശേരി വിമാനത്താവളത്തിലെ യൂട്ടിലിറ്റി 
ഹാൻറിലിങ്ങിലെ കരാർ ജീവനക്കാരനായിരുന്നു തോമസ്. കഴിഞ്ഞ ഏപ്രിൽ 30ന് രാത്രി കൺവയർ ബെൽറ്റ് കണക്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. എക്യുപ്മെൻറ് വെഹിക്കിൾ നിയന്ത്രണം വിട്ട് പിറകിലേക്ക് വന്ന് തോമസിനെ ഇടിച്ചിടുകയായിരുന്നു. ബെൽറ്റിനും വാഹനത്തിനും ഇടയിൽ പെട്ട് 
ഇടത് കാൽ ചതഞ്ഞരഞ്ഞു. മുട്ടിന് താഴെ കാൽ മുറിച്ചു മാറ്റി. ഐടിഐ പഠനത്തിന് ശേഷമാണ് വിമാനത്താവളത്തിൽ ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ കരാർ ജോലിക്ക് കയറിയത്. ജോലിയിൽ പ്രവേശിച്ച് ഒന്നര മാസമായപ്പോഴാണ് അപകടം. കമ്പനിയിൽ നിന്നും സഹായമൊന്നും ലഭിച്ചില്ല. അതേസമയം മറ്റു ജീവനക്കാരോട് കമ്പനി പറഞ്ഞത് തോമസിന് നഷ്ടപരിഹാരം നൽകിയെന്നാണ്. നാല് വർഷം മുമ്പ് എറണാകുളം കണ്ടെയ്നർ റോഡിൽ ടാറിങ് കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ്  പിതാവ് ദേവസിക്ക് അപകടം പറ്റിയത്. ദേവസി സഞ്ചരിച്ച ടിപ്പർ നിർത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് വലത് കാൽ മുറിച്ച് മാറ്റേണ്ടി വന്നു. കൈക്കും കാലിനും കമ്പിയിട്ടിരിക്കുകയാണ്. കമ്പി എടുക്കേണ്ട സമയത്താണ് മകൻ അപകടത്തിൽ പെടുന്നത്.
കുറച്ച് നാൾ ലോട്ടറി വിൽപ്പന നടത്തി. പിന്നീട് വയറിൽ മുഴ കണ്ടെത്തി. അസുഖം മൂലം ലോട്ടറി വിൽപ്പനയും നിലച്ചു. ഒരു ജോലി അതാണ് ഇനി തോമസിന്റെ ആഗ്രഹം. മകന് കാൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അമ്മ ആനി. 
 

Latest News