Tuesday , January   22, 2019
Tuesday , January   22, 2019

കോൺട്രാക്ടിംഗ് മേഖലയിലും സൗദിവൽക്കരണം

റിയാദ് - കോൺട്രാക്ടിംഗ് മേഖലയിൽ 80,000 സൗദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് പാർപ്പിടകാര്യ മന്ത്രാലയവുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി വെളിപ്പെടുത്തി. ടെലികോം, ഐ.ടി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺട്രാക്ടിംഗ് മേഖലയിൽ ഉന്നത തസ്തികകൾ അടക്കമുള്ള തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള കരാറിൽ പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലുമായി അടുത്തയാഴ്ച ഒപ്പുവെക്കും. കോൺട്രാക്ടിംഗ് മേഖലയിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരിൽ 40 ശതമാനത്തിലേറെയും വിദേശികളാണ്. 
ആരോഗ്യ മേഖലയിൽ ഉന്നത തസ്തികകൾ അടക്കമുള്ള തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്. സൗദിവൽക്കരണത്തിനുള്ള പുതിയ പദ്ധതികൾ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സഹായിക്കുമെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രി പറഞ്ഞു.
 സ്വകാര്യ മേഖലയിലെ മികച്ച തൊഴിലവസരങ്ങൾ സൗദിവൽക്കരിക്കുന്നതിനാണ് മന്ത്രാലയം ഊന്നൽ നൽകുന്നതെന്നാണ് എൻജിനീയർ അഹ്മദ് അൽറാജ്ഹി വ്യക്തമാക്കിയത്. ടെലികോം, ഐ.ടി മേഖലയിലെ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സൗദി യുവാക്കൾ തെളിയിച്ചിട്ടുണ്ട്. ടെലികോം, ഐ.ടി മേഖലയിലെ എല്ലാ നിലവാരത്തിലുമുള്ള തൊഴിലുകൾ സൗദിവൽക്കരിക്കുന്നതിനാണ് തീരുമാനം. ഈ മേഖലയിലെ ഏതെല്ലാം തൊഴിലുകൾ സൗദിവൽക്കരിക്കാൻ സാധിക്കുമെന്ന് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് നിർണയിച്ചിട്ടുണ്ട്. 
ടെലികോം, ഐ.ടി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിൽ സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് പ്രധാന പങ്കാളിയാണ്. ഈ തൊഴിലുകൾ സൗദിവൽക്കരിക്കാൻ കമ്പനികൾ ആത്മാർഥമായി ശ്രമിക്കണം. ടെലികോം, ഐ.ടി മേഖലാ സ്ഥാപനങ്ങൾക്ക് ആവശ്യമായ മികച്ച തൊഴിലാളികളെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ലഭ്യമാക്കുമെന്നും എൻജിനീയർ അഹ്മദ് അൽറാജ്ഹി പറഞ്ഞു.
 

Latest News