Sunday , June   16, 2019
Sunday , June   16, 2019

കേരളം-ഗുജറാത്ത്  ക്വാര്‍ട്ടര്‍ വയനാട്ടില്‍

നഷ്ടപ്പെട്ടുവെന്ന് കരുതിയ നോക്കൗട്ട് ബെര്‍ത്ത് നാടകീയ ജയത്തിലൂടെ എത്തിപ്പിടിച്ച കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറില്‍ ഗുജറാത്തിനെ നേരിടും. വയനാടിലായിരിക്കും മത്സരം. എലീറ്റ് ഗ്രൂപ്പ് എയിലും ബിയിലും നിന്ന് അഞ്ച് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുമെന്നിരിക്കെ കേരളത്തിന് നാലാം സ്ഥാനമായിരുന്നു. അവസാന ഘട്ടത്തില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വികള്‍ കേരളത്തിന്റെ പാളം തെറ്റിച്ചിരുന്നു. ഗ്രൂപ്പ് ബി-യില്‍ കേരളം ഒന്നാം സ്ഥാനത്തെത്തി (എട്ട് കളിയില്‍ 26 പോയന്റ്). ഗ്രൂപ്പ് എ-യില്‍ മൂന്ന് ടീമുകള്‍ കേരളത്തിന് മുന്നിലെത്തി -നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ (29), സൗരാഷ്ട്ര (29), കര്‍ണാടക (27) ടീമുകള്‍. പൂജ്യം റണ്‍സിന് ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 35 ന് ഓളൗട്ടായ മധ്യപ്രദേശിനെ മറികടന്ന് ഗുജറാത്ത് അവസാന ബെര്‍ത്ത് സ്വന്തമാക്കി. ബറോഡയെ റണ്‍ കോഷ്യന്റിലാണ് കേരളവും ഗുജറാത്തും മറികടന്നത്.
ഗ്രൂപ്പ് സി-യില്‍ നിന്ന് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ഉത്തരാഖണ്ഡ് ടീമുകളും ക്വാര്‍ട്ടറിലെത്തി. 
വിനൂപ് മനോഹരനെ ഓപണറായി ഇറക്കാനുള്ള ചൂതാട്ടം വിജയിച്ചതോടെയാണ് കേരളം നാടകീയമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ നോക്കൗട്ടില്‍ ഇടംപിടിച്ചത്. അവസാന ലീഗ് മത്സരം അന്തിമ ദിനത്തിലേക്ക് കടന്നപ്പോള്‍ ഹിമാചലിന്റെ ജയമോ സമനിലയോ മാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തലേന്നത്തെ എട്ടിന് 285 ല്‍ ഡിക്ലയര്‍ ചെയ്ത ആതിഥേയര്‍ 297 റണ്‍സിന്റെ ലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. പുറത്താവല്‍ ഉറപ്പിച്ച കേരളത്തിന് ഒന്നും നഷ്ടപ്പെടാനില്ലായിരുന്നു. 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യം കണ്ടു.
11 ബൗണ്ടറിയോടെയാണ് വിനൂപ് (96) കുതിച്ചത്. ക്യാപ്റ്റന്‍ സചിന്‍ ബേബി (92), സഞ്ജു സാംസണ്‍ (53 പന്തില്‍ 61 നോട്ടൗട്ട്) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 
ആദ്യ ഇന്നിംഗ്‌സിലെ സെഞ്ചൂറിയന്‍ പി. രാഹുലിനെ (14) നഷ്ടപ്പെട്ട ശേഷം സിജോമോന്‍ ജോസഫും (23) വിനൂപുമാണ് 73 റണ്‍സോടെ ചെയ്‌സിന് അടിത്തറയിട്ടത്. ക്രീസ് വിട്ടിറങ്ങി ബൗളര്‍മാരുടെ താളം തെറ്റിച്ച വിനൂപിനെ 54 ലുള്ളപ്പോള്‍ എതിര്‍ ക്യാപ്റ്റന്‍ പ്രശാന്ത് ചോപ്ര കൈവിട്ടു. അതൊഴിച്ചാല്‍ പിഴവറ്റ ഇന്നിംഗ്‌സ് കളിച്ച ഓപണര്‍ ഒടുവില്‍ മായാങ്ക് ദാഗറിനെ നേരിടുമ്പോള്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. അങ്കുഷ് ബയ്ന്‍സ് സ്റ്റമ്പ് ചെയ്തു. മുഹമ്മദ് അസ്ഹറുദ്ദീനെ അക്കൗണ്ട് തുറക്കും മുമ്പെ പുറത്താക്കി പ്രശാന്ത് കളി ഹിമാചലിന്റെ വഴിയിലേക്ക് തിരിക്കാന്‍ ശ്രമിച്ചു. പഴുതനുവദിക്കാതെ കേരളത്തെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച ഹിമാചല്‍ സ്പിന്നര്‍മാര്‍ക്കെതിരെ പ്രത്യാക്രമണം അഴിച്ചുവിട്ട് സചിന്‍ ബേബിയാണ് വീണ്ടും കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. 
സ്‌കോര്‍: ഹിമാചല്‍ 297, എട്ടിന് 285 ഡിക്ല., കേരളം 286, അഞ്ചിന് 299.

ക്വാര്‍ട്ടര്‍ ഫൈനല്‍
വിദര്‍ഭ-ഉത്തരാഖണ്ഡ്
സൗരാഷ്ട്ര-ഉത്തര്‍പ്രദേശ്
കര്‍ണാടക-രാജസ്ഥാന്‍
കേരളം-ഗുജറാത്ത്

 

Latest News