Sunday , June   16, 2019
Sunday , June   16, 2019

അംഗീകാരം അകലെ; പാലക്കാട് മെഡി. കോളേജ്  വിദ്യാർഥികൾ പരീക്ഷക്ക് ഒരുങ്ങുന്നു

പാലക്കാട് - അംഗീകാരത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ അവസാന വർഷ പരീക്ഷക്ക് ഒരുങ്ങുന്നു. ഫെബ്രുവരി ഒന്നിന് പരീക്ഷ തുടങ്ങാനിരിക്കേ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(എം.സി.ഐ) യുടെ വിദഗ്ധ സംഘം ഈ മാസാവസാനം സ്ഥാപനത്തിൽ പരിശോധന നടത്താനെത്തുന്നുണ്ട്. നേരത്തേ നടന്ന പരിശോധനകളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് എം.സി.ഐ കണ്ടെത്തിയിരുന്നു. 
ഇക്കഴിഞ്ഞ അധ്യയന വർഷം പുതിയ ബാച്ചിന് അനുമതി നിഷേധിച്ചുകൊണ്ടാണ് രാജ്യത്തെ മെഡിക്കൽ കോളേജുകളിലെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിന് നിയോഗിക്കപ്പെട്ട കേന്ദ്ര ഏജൻസി പാലക്കാട് മെഡിക്കൽ കോളേജിനെ ശിക്ഷിച്ചത്. ഒടുവിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെത്തുടർന്ന് പ്രവേശനം നടന്നുവെങ്കിലും സമയബന്ധിതമായി പോരായ്മകൾ പരിഹരിക്കണമെന്ന നിബന്ധന ഏജൻസി മുന്നോട്ടു വെച്ചിരുന്നു. 
പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ഇനി നടക്കാനിരിക്കുന്ന പരിശോധനയിൽ എം.സി.ഐ സംഘം തൃപ്തി രേഖപ്പെടുത്തിയില്ലെങ്കിൽ അവസാന വർഷ പരീക്ഷയെഴുതുന്ന നൂറോളം വിദ്യാർത്ഥികളുടെ രജിസ്‌ട്രേഷനും തുടർപഠനവും അനിശ്ചിതത്വത്തിലാവും. പരീക്ഷയെഴുതി ഉന്നത വിജയം നേടിയാൽ പോലും ബുദ്ധിമുട്ടിലാവുമെന്ന് ചുരുക്കം.
ഇന്ത്യയിൽ തന്നെ പട്ടികജാതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മെഡിക്കൽ കോളേജ് എന്ന ബഹുമതിയുള്ള സ്ഥാപനമാണ് പാലക്കാട്ടേത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ സൗകര്യം ഉപയോഗപ്പെടുത്തി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പ്രവർത്തനം തുടങ്ങിയ മെഡിക്കൽ കോളേജിന് പുതുതായി കെട്ടിടം നിലവിൽ വന്നുവെങ്കിലും യോഗ്യതയുള്ള അധ്യാപകരുടെ സേവനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെ ഉറപ്പു വരുത്താനായിട്ടില്ല. വിവിധ വിഭാഗങ്ങളിലായി പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, റസിഡന്റ് ലക്ചറർ തുടങ്ങിയ തസ്തികകളിൽ 12 പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ലൈബ്രറിയിൽ ഉൾപ്പെടെ ആവശ്യത്തിന് ജീവനക്കാർ ഇല്ല. സ്ഥാപനത്തിന്റെ നടത്തിപ്പിൽ പൊതുവായുള്ള ഏകോപനമില്ലായ്മയും എം.സി.ഐയുടെ രൂക്ഷമായ വിമർശനത്തിന് വിധേയമായ കാര്യമാണ്. ക്ലിനിക്കൽ സൗകര്യമുള്ള ജില്ലാ ആശുപത്രിയുമായി യോജിച്ചുള്ള പ്രവർത്തനം ഉണ്ടാവുന്നില്ലെന്നാണ് കണ്ടെത്തൽ. 
എം.സി.ഐ സംഘത്തിന്റെ നടക്കാനിരിക്കുന്ന സന്ദർശനത്തിനു മുമ്പ് തസ്തികകൾ നികത്താനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ. യോഗ്യതയുള്ള അധ്യാപകർക്കു വേണ്ടി കൂടിക്കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇതെത്ര കണ്ട് വിജയിക്കുമെന്ന കാര്യത്തിൽ അധികൃതർക്ക് തന്നെ ആശങ്കയുണ്ട്. സേവന വേതന വ്യവസ്ഥകളിലെ അവ്യക്തതയാണ് യോഗ്യതയുള്ളവരെ ലഭിക്കുന്നതിനുള്ള പ്രധാന തടസ്സം. മുമ്പ് നടന്ന കൂടിക്കാഴ്ചകളിലൊന്നും തസ്തിക നികത്താൻ കഴിഞ്ഞിരുന്നില്ല. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പ് പട്ടികജാതി വകുപ്പിനു കീഴിലുള്ള മെഡിക്കൽ കോളേജ് വിവാദങ്ങളിൽ കുടുങ്ങുന്നത് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാവും. അത് മുൻകൂട്ടിക്കണ്ടാണ് ബന്ധപ്പെട്ടവരുടെ ഇടപെടൽ.
പാലക്കാട് മെഡിക്കൽ കോളേജ് പട്ടികജാതി വകുപ്പിന്റെ കീഴിൽ നിന്ന് ആരോഗ്യ വകുപ്പിന്റെ കീഴിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കോളേജിന്റെ പ്രവർത്തനത്തിനായി വകുപ്പിന്റെ ഫണ്ടിൽ നിന്ന് പണം കണ്ടെത്തുന്നത് മറ്റു പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പരാതി പട്ടികജാതി വകുപ്പ് മന്ത്രി എ.കെ.ബാലൻ ഉൾപ്പെടെയുള്ളവർക്ക് ഉണ്ട്. സ്ഥാപനം ആരോഗ്യ വകുപ്പിനു കീഴിലേക്ക് മാറ്റുമെന്ന് എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നതാണ്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ സ്ഥാപനത്തിലെ സീറ്റ് സംവരണ നയം തിരുത്തേണ്ടി വരും. 
നിലവിൽ പാലക്കാട് മെഡിക്കൽ കോളേജിലെ അമ്പത് ശതമാനം സീറ്റുകൾ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുകയാണ്. ആരോഗ്യ വകുപ്പിനു കീഴിൽ വരുമ്പോൾ അത് മാറ്റേണ്ടി വരും.

Latest News