Sunday , June   16, 2019
Sunday , June   16, 2019

കാറ്റിൽ നിന്ന് വൈദ്യുതി: ഫ്രഞ്ച് കമ്പനിക്ക് പദ്ധതി

റിയാദ് - കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രഥമ പദ്ധതിയുടെ കരാർ ഫ്രഞ്ച്, യു.എ.ഇ കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യത്തിന് അനുവദിച്ചതായി സൗദി അറേബ്യ അറിയിച്ചു. 
ഫ്രഞ്ച് വൈദ്യുതി കമ്പനി ഇ.ഡി.എഫ് എനർജീസ് നോവൽസും അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയും (മസ്ദർ) ചേർന്ന് രൂപീകരിച്ച കൺസോർഷ്യത്തിനാണ് ദോമത്തുൽജന്ദൽ പദ്ധതി കരാർ കൈമാറിയിരിക്കുന്നത്. സൗദിയിൽ കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആദ്യ നിലയമാണ് ദോമത്തുൽജന്ദലിലേത്. 
പദ്ധതി കരാർ നേടിയെടുക്കുന്നതിന് അഞ്ചു രാജ്യങ്ങളിലെ മുൻനിര കമ്പനികൾ ഉൾപ്പെട്ട കൺസോർഷ്യങ്ങളിൽ നിന്ന് നാലു ടെണ്ടറുകളാണ് ലഭിച്ചിരുന്നതെന്ന് ഊർജ, വ്യവസായ മന്ത്രാലയത്തിനു കീഴിലെ പുനരുപയോഗ ഊർജ പദ്ധതി വികസന ഓഫീസ് അറിയിച്ചു. ഒരു കിലോവാട്ട് വൈദ്യുതിക്ക് 2.13 സെന്റ് നിരക്ക് നിശ്ചയിച്ചാണ് പദ്ധതി കരാർ ഫ്രഞ്ച്, യു.എ.ഇ കൺസോർഷ്യത്തിന് അനുവദിച്ചത്. യൂറോപ്പിലും മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കയിലും കാറ്റിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതികളിൽ പുതിയ റെക്കോർഡ് ആണ് ഈ കുറഞ്ഞ നിരക്ക്. 50 കോടി ഡോളർ ചെലവിലാണ് ദോമത്തുൽജന്ദൽ പദ്ധതി പൂർത്തിയാക്കുന്നത്. 70,000 ഭവനങ്ങൾക്ക് ആവശ്യമായ സുസ്ഥിര വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് പദ്ധതിക്ക് ശേഷിയുണ്ടാകും. നിർമാണ, പ്രവർത്തന ഘട്ടത്തിൽ പദ്ധതിയിൽ ആയിരത്തോളം പേർക്ക് തൊഴിലവസരങ്ങൾ ലഭിക്കും. പ്രതിവർഷം ശരാശരി 1.4 ടെറാവാട്ട് വൈദ്യുതി ദോമത്തുൽജന്ദൽ നിലയത്തിൽ ഉൽപാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
 

Tags

Latest News