Wednesday , March   20, 2019
Wednesday , March   20, 2019

വാണിജ്യ വഞ്ചന: വ്യാപാര സ്ഥാപനത്തിന് പിഴ

അൽബാഹ - വാണിജ്യ വഞ്ചനാ കേസിൽ അൽബാഹയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് അൽബാഹ ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം അറിയിച്ചു. പ്ലാസ്റ്റിക് ഉൽപന്നങ്ങളും ശുചീകരണ വസ്തുക്കളും മറ്റും വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന റുക്‌നുസ്സർഖാ എസ്റ്റാബ്ലിഷ്‌മെന്റിനാണ് പിഴ ചുമത്തിയത്. സൗദി പൗരൻ നായിഫ് ബിൻ ഫഹദ് ബിൻ മുസൈഫിർ അൽഉതൈബിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. കാലാവധി തീർന്ന ശുചീകരണ വസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളും വിൽപനക്ക് പ്രദർശിപ്പിച്ച കേസിലാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഉൽപന്നങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി വിധിയുണ്ട്. സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഉടമയുടെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു. 
അൽബാഹയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി തീർന്ന ശുചീകരണ വസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളും കണ്ടെത്തുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കി വാണിജ്യ, നിക്ഷേപ മന്ത്രാലയം നിയമ നടപടികൾക്ക് സ്ഥാപനത്തിനെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. 
വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്തുകയും ചെയ്യും. വാണിജ്യ മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യും. 

Latest News