Sunday , June   16, 2019
Sunday , June   16, 2019

ആശുപത്രി കിടക്കയിലും സ്‌നേഹവും കരുതലും പങ്കിട്ട് സൈനികർ

മൈൻ സ്‌ഫോടനത്തിൽ ഇരു കാലുകളും നഷ്ടപ്പെട്ട് റിയാദ് സായുധ സേനാ ആശുപത്രിയിൽ കഴിയുന്ന സൈനികൻ ഇബ്രാഹിം അൽസഹ്‌റാനി മൈൻ പൊട്ടിത്തെറിച്ച് ഇരു കൈകളും നഷ്ടപ്പെട്ട ജാറല്ല അൽഅംരിക്ക് ചായ നൽകുന്നു. ഇബ്രാഹിം അൽസഹ്‌റാനിയും ജാറല്ല അൽഅംരിയും പ്രാദേശിക മാധ്യമ പ്രവർത്തകനൊപ്പം 

റിയാദ് - ആശുപത്രി വാസത്തിനിടെയും സ്‌നേഹവും കരുതലും പങ്കിട്ട് കഴിയുകയാണ് സൗദി സൈനികരായ ജാറല്ല അലി അൽഅംരിയും ഇബ്രാഹിം ബാദി അൽസഹ്‌റാനിയും. റിയാദ് സായുധസേനാ ആശുപത്രിയിലാണ് ഇരുവരും കഴിയുന്നത്. ഇബ്രാഹിം അൽസഹ്‌റാനിയുടെ ഇരു കാലുകളും ജാറല്ല അൽഅംരിയുടെ ഇരു കൈകളും മൈൻ സ്‌ഫോടനത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്. യെമൻ അതിർത്തിയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ ഹൂത്തികൾ കുഴിച്ചിട്ട മൈനുകൾ പൊട്ടിത്തെറിച്ചാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. 
യെമൻ സംഘർഷത്തിൽ ഇവരെ പോലെ നിരവധി സൈനികർക്കാണ് പരിക്കേറ്റിരിക്കുന്നത്. നിരവധി പേർ വീരമൃത്യു വരിച്ചു. പലർക്കും അംഗവൈകല്യം നേരിട്ടു. ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രാജ്യം കാക്കുന്നതിനിടെ സ്വന്തം അവയവങ്ങൾ തങ്ങൾക്ക് നഷ്ടപ്പെടുകയായിരുന്നെന്ന് ഈ സൈനികരുടെ ജീവിതം നമ്മോട് പറയുന്നു. 
യെമൻ അതിർത്തിക്കു സമീപം ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിനിടെ മൈൻ സ്‌ഫോടനത്തിൽ പെട്ട് തന്റെ ഇരു കൈകളും നഷ്ടപ്പെടുകയായിരുന്നെന്ന് ജാറല്ല അൽഅംരി പറഞ്ഞു. സ്‌ഫോടനത്തിൽ പരിക്കേറ്റ തന്റെ വലതു കണ്ണിന് രണ്ടു ദിവസം മുമ്പ് ശസ്ത്രക്രിയ നടത്തി. മൈൻ സ്‌ഫോടനത്തിൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്. തനിക്കൊപ്പം ഇതേ വാർഡിൽ ചികിത്സയിൽ കഴിയുന്ന സഹപ്രവർത്തകൻ ഇബ്രാഹിം അൽസഹ്‌റാനി കഴിഞ്ഞ ദിവസം തനിക്ക് ചായ നൽകുന്നതിന്റെ ദൃശ്യം സന്ദർശകരിൽ ഒരാൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ ഫോട്ടോ വൈറലാകുമെന്ന് തങ്ങൾ പ്രതീക്ഷിച്ചതല്ല. ദക്ഷിണ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സഹപ്രവർത്തകരെ കാണാൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രയാസം. പരിക്കുകൾ ഭേദമായി അതിർത്തിയിൽ തിരിച്ചെത്തി ശത്രുവിനോട് പോരടിച്ച് വീരമൃത്യു വരിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും ജാറല്ല അൽഅംരി പറഞ്ഞു. 
യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഇബ്രാഹിം അൽസഹ്‌റാനി പറഞ്ഞു. നിരവധി കലാകാരന്മാർ സൈനിക വേഷത്തിലുള്ള തന്റെ ചിത്രങ്ങൾ വരച്ച് തനിക്ക് സമ്മാനിച്ചിട്ടുണ്ട്. ചിലർ കവിതകൾ ആലേഖനം ചെയ്ത ഷീൽഡുകളും മറ്റു ഉപഹാരങ്ങളും സമ്മാനിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും സൗദി പൗരന്മാരും തങ്ങളെ ആശുപത്രിയിൽ സന്ദർശിക്കുന്നുണ്ട്. സ്‌ഫോടനത്തിൽ കൈകൾ നഷ്ടപ്പെട്ട ജാറല്ല അൽഅംരിക്ക് ആശുപത്രിവാസത്തിനിടെ തന്നാലാകുന്ന സഹായങ്ങൾ താൻ ചെയ്തു കൊടുക്കുന്നുണ്ടെന്നും ഇബ്രാഹിം അൽസഹ്‌റാനി പറഞ്ഞു. 
രാജ്യരക്ഷ കാക്കുന്നതിന് സേവനമനുഷ്ഠിക്കുന്ന സൈനികരോട് സമൂഹം കാണിക്കുന്ന സ്‌നേഹവും ആദരവും വിലമതിക്കുന്നതായി ഇബ്രാഹിം അൽസഹ്‌റാനിയുടെ സഹോദരൻ റാശിദ് ബാദി അൽസഹ്‌റാനി പറഞ്ഞു. സഹോദരന്റെ വീരോചിത കൃത്യത്തിലും ഉയർന്ന മനോവീര്യത്തിലും തങ്ങൾ അഭിമാനിക്കുന്നതായും റാശിദ് അൽസഹ്‌റാനി പറഞ്ഞു. 
 

Tags

Latest News